അൻപത്തിയാറ് വർഷം പിന്നിട്ട, കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ പ്രതിസന്ധിയുടെ വക്കിലാണ്. ആറുമാസത്തെ ശമ്പള കുടിശ്ശികയാണ് മുടങ്ങിക്കിടക്കുന്നത്. സർക്കാർ ഫണ്ട് യഥാസമയം കിട്ടാതായതോടെ ശമ്പളം ഉൾപ്പെടെയുള്ള മറ്റ് ആനൂകൂല്യങ്ങളൊന്നും തൊഴിലാളികൾക്കും വിരമിച്ച ജീവനക്കാർക്കും ലഭിക്കാത്തത് തിരിച്ചടിയായി. നിലവിൽ ആഭ്യന്തര ഉത്പ്പാദനം വലിയതോതിൽ കുറഞ്ഞതോടെ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാണ്. ശമ്പളം മാസങ്ങളായി മുടങ്ങിയതോടെ വീട്ടുവാടകയും കുട്ടികളുടെ വിദ്യാഭ്യാസവും മറ്റ് ജീവിത ചെലവുകളുമെല്ലാം തൊഴിലാളികൾക്ക് മുന്നിലെ വലിയ വെല്ലുവിളിയായി. സംസ്ഥാനത്തെ 169 ജീവനക്കാരിൽ എഴുപതും ജില്ലയിൽ നിന്നുമാണ്.
തൊഴിലാളികൾ ഇപ്പോൾ പിടിച്ചു നിൽക്കുന്നത് സംസ്ഥാന സർക്കാരിന്റെ സൗജന്യ യൂണിഫോം പദ്ധതിലൂടെ മാത്രമാണ്. എന്നാൽ ഇതും ഏകദേശം നാലു കോടിയോളമാണ് കുടിശ്ശികയുള്ളത്. പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ സമരങ്ങൾ നടത്തുന്നതിന് സ്ഥാപനത്തിലെ സി.ഐ.ടിയു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, എസ്.ടി.യു യൂണിയനുകളുടെ നേതൃത്വത്തിൽ സമരസമിതിയും രൂപീകരിച്ചു. എന്നാൽ സംയുക്ത സമരസമിതിയുടെ നേതൃത്തിൽ കഴിഞ്ഞ ആഴ്‌ച മൂന്നാംഘട്ട സമരം പിന്നിട്ടിട്ടും ഇതുവരെയായി യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. ശമ്പള കുടിശ്ശിക അനുവദിക്കുക, ശമ്പളം കൃത്യസമയത്ത് നൽകുക, സർക്കാർ സാമ്പത്തിക സഹായം അനുവദിക്കുക, വൈവിദ്ധ്യവത്കരണം നടപ്പിലാക്കി സ്ഥാപനത്തെ സംരക്ഷിക്കുക, കേന്ദ്ര റിബേറ്റ് പുനഃസ്ഥാപിക്കുക, കൈത്തറിക്കുള്ള ജി.എസ്.ടി ഒഴിവാക്കുക, ശമ്പളപരിഷ്കരണം നടപ്പിലാക്കുക, വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ അടിയന്തരമായി നൽകുക എന്നീ ആവശ്യങ്ങളാണ് ജീവനക്കാർ ഉന്നയിക്കുന്നത്.
കണ്ണൂർ ഹാൻവീവ് ഹെഡ് ഓഫീസ് പടിക്കൽ ജീവനക്കാരും കുടുംബാഗങ്ങളുമായിരുന്നു സമരം നടത്തിയത്. ഇതിനു മുൻപ് ഫെബ്രുവരിയിൽ കണ്ണൂർ ഹെഡ് ഓഫീസിന് മുന്നിലും സെക്രട്ടറിയേറ്റിന് മുന്നിലും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കൂട്ടധർണ്ണ നടത്തിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് മൂന്നാംഘട്ടസമരത്തിന് ജീവനക്കാർ ഇറങ്ങിയത്. പ്രതിസന്ധികളിൽ നിന്നും പ്രതീക്ഷ നൽകിക്കൊണ്ട് സംസ്ഥാന സർക്കാരിന്റെ സ്കൂൾ യൂണിഫോം പദ്ധതി മേഖലയിൽ പുത്തൻ ഉണർവ് ഉണ്ടാക്കിയെങ്കിലും പുതിയ നെയ്ത്ത് തൊഴിലാളികളുടെ അഭാവവും നൂലിന്റെയും അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവും കേന്ദ്രസർക്കാർ ഏപ്പെടുത്തിയ ജി.എസ്.ടിയുമെല്ലാം പ്രതിസന്ധി പിന്നെയും വർദ്ധിപ്പിച്ചു. വിൽപ്പന ഷോറൂമുകൾ, പ്രൊസസിംഗ് യൂണിറ്റ്, ഡൈ ഹൗസ്, പ്രൊഡക്ഷൻ സെന്ററുകൾ, ഓഫീസുകൾ ഉൾപ്പെടെ സംസ്ഥാനത്താകെയുള്ള ജീവനക്കാരും തൊഴിലളികളും ശമ്പളം യഥാസമയം ലഭിക്കാതെയാണ് ജോലി ചെയ്യുന്നത്. മുൻ വർഷങ്ങളിൽ നാനൂറിലധികം ജീവനക്കാരുണ്ടായിരുന്ന സ്ഥാപനത്തിൽ ഇപ്പോൾ ജീവനക്കാരുടെ എണ്ണം 170 ൽ താഴെ മാത്രമാണ്. നഷ്ടത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ എണ്ണം കുറച്ചാൽ മാത്രമേ ശമ്പള പരിഷ്ക്കരണത്തെ കുറിച്ച് ആലോചിക്കുകയുള്ളുവെന്ന മുൻകാല സർക്കാർ നിലപാട് കാരണം സ്ഥാപനത്തിലെ തസ്തിക വെട്ടിക്കുറക്കാനും ഇതുവഴി വർദ്ധിച്ച അദ്ധ്വാനം ഏറ്റെടുക്കാൻ ജീവനക്കാരും യൂണിയനുകളും തയ്യറാവുകയുമാണ്.
വിരമിച്ച ജീവനക്കാർക്കും
ആനുകൂല്യമില്ല
വിരമിച്ച് നാലോ അഞ്ചോ വർഷമായ ജീവനക്കാർക്ക് പോലും മുഴുവൻ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. പെൻഷനായി കഴിഞ്ഞാൽ യഥാസമയം ആനുകൂല്യം ലഭിക്കണമെന്നിരിക്കെ വിരമിച്ച് രണ്ടും മൂന്നും നാലും വർഷങ്ങൾ കഴിഞ്ഞവർക്ക് ഗ്രാറ്റുവിറ്റി, സറണ്ടർ, പെൻഷൻ, ഡി.എ തുടങ്ങിയവ ഒന്നും നാളിതുവരെയും നൽകിയിട്ടില്ല. 2019 മുതൽ വിരമിച്ചവർക്കുള്ള ആനുകൂല്യം നൽകുന്നില്ല. നാൽപതോളം ജീവനക്കാരുടെ ആനുകൂല്യങ്ങളാണ് മുടങ്ങിയിരിക്കുന്നത്. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഹാൻവീവ് ചെയർമാന് നിവേദനം നൽകിയിരുന്നു. ഇതുപ്രകാരം രണ്ടുമാസത്തിനുള്ളിൽ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പും നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇതിനു പുറമെ സംസ്ഥാനത്ത് നടപ്പിലാക്കിയ മൂന്ന് ശമ്പള പരിഷ്ക്രണങ്ങളും ഹാൻവീവിലെ ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. 2004 ലെ ശമ്പള പരിഷ്ക്കരണമാണ് ഇപ്പോഴും തുടർന്നുവരുന്നത്. അതിനാൽ വിരമിച്ച ജീവനക്കാരിൽ 90ശതമാനം പേർക്കും തുച്ഛമായ തുകയാണ് ആനുകൂല്യമായി ലഭിക്കാനുള്ളത്. ഓരോ മാസവും രണ്ടു വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകുമെന്ന് കോടതിയിൽ ഉറപ്പുനൽകിയിട്ട് ഒരു വർഷമായിട്ടും ഇതുവരെ നടപ്പാക്കിയിട്ടില്ല.
ഉന്നത ഉദ്യോഗസ്ഥന്
മാത്രം വേതനം
ഇതിനിടയിൽ ജീവനക്കാരെ തഴഞ്ഞ് ഉന്നത ഉദ്യോഗസ്ഥന് മാത്രം അഞ്ചുമാസത്തെ വേതനം മുഴുവനായി നൽകിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉയർന്ന ഉദ്യോഗസ്ഥനാണ് ഡിസംബർ മുതൽ കിട്ടാനുള്ള അഞ്ച് മാസത്തെ ശമ്പളം ലഭിച്ചതെന്നാണ് ജീവനക്കാരുടെ ആരോപണം. ജീവനക്കാരിൽ നിരവധി പേർ അവശത അനുഭവിക്കുന്നവരും ജപ്തി ഭീഷണി നേരിടുന്നവരുമാണ്. ഇവരുടെയൊന്നും ദുരിതം കാണാതെയാണ് ഉയർന്ന ഉദ്യോഗസ്ഥനെ മാത്രം പരിഗണിച്ചതെന്നാണ് ആക്ഷേപം. അവശത അനുഭവിക്കുന്ന ജീവനക്കാർക്ക് ആകെ 5000 രൂപ മാത്രമാണ് നൽകിയത്. ജില്ലയിൽ 40 ജീവനക്കാർക്കാണ് അഞ്ചുമാസത്തെ വേതനം ലഭിക്കാനുള്ളത്. സംസ്ഥാനത്ത് 169 ജീവനക്കാർക്കും വേതനം ലഭിക്കാനുണ്ട്. ഇതേ ഉദ്യോഗസ്ഥന് മാത്രം നേരത്തെയും മക്കളുടെ വിദ്യാഭ്യാസ ആവശ്യം തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ച് വേതനം നൽകിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |