SignIn
Kerala Kaumudi Online
Friday, 26 April 2024 5.35 PM IST

വാഗമൺ ആവർത്തിക്കുമോ ?

padam

പത്തനാപുരം പാടം പഞ്ചായത്തിലെ കശുമാവിൻ തോട്ടത്തിലും തൊട്ടടുത്ത് പത്തനംതിട്ട ജില്ലയിലെ കോന്നി വനമേഖലയിലും സ്ഫോടക വസ്തുക്കളായ ഡിറ്റണേറ്ററുകളും ജലാറ്റിനും കണ്ടെത്തിയ സംഭവം ഭീതി പരത്തിയതിനു പിന്നാലെ ഒട്ടേറെ ആശങ്കകളും ഉയർത്തുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചെങ്കിലും ഇതിനു പിന്നിലെ ശക്തികൾ ആരെന്നതു സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇതിനു പിന്നിൽ തീവ്രവാദ ശക്തികളുണ്ടോ എന്നതിലും വ്യക്തതയില്ല. ആഗോള ഭീകരസംഘടനയായ ഐസിസിന്റെ റിക്രൂട്ടിംഗ് ഗ്രൗണ്ടായി കേരളം മാറിയെന്ന മുൻ ഡി.ജി.പി ലോക്‌നാഥ് ബഹ്റയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സംഭവത്തിന് ഗൗരവം കൈവന്നിട്ടുണ്ട്.

പാടത്ത് സംസ്ഥാന വനംവികസന കോർപ്പറേഷനു കീഴിലുള്ള 25 ഏക്കറോളം പരന്നുകിടക്കുന്ന കശുമാവിൻ തോട്ടത്തിൽ നിന്നാണ് ആദ്യം മൂന്ന് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും വയറും ഫോറസ്റ്റ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. അധികം കാലപ്പഴക്കമില്ലാത്ത ഇവ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ഒരു ഫാക്ടറിയിൽ നിർമ്മിച്ചതാണെന്ന് കണ്ടെത്തി.

കോന്നിയിലും സ്ഫോടക വസ്തുക്കൾ

പാടത്ത് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനു പിന്നാലെ പത്തനംതിട്ട ജില്ലയിലെ കോന്നി വനമേഖലയിൽ അച്ചൻകോവിലാറിനോട് ചേർന്ന ഭാഗത്ത് 96 ജലാറ്റിൻ സ്റ്റിക്കുകൾ കൂടി കണ്ടെത്തിയതോടെ സംഭവത്തിന് ഗൗരവമേറി. തുടർന്ന് പൊലീസ് പരിശോധനയിൽ പാടത്തെ കശുമാവിൻ തോട്ടത്തിലെ കാടിനിടയിൽ നിന്ന് കുറെ പഴയ ഇരുചക്രവാഹനങ്ങളുടെ ഭാഗങ്ങളും കണ്ടെത്തിയത് സംശയം ഇരട്ടിപ്പിച്ചു. ദക്ഷിണ മേഖലാ ഐ.ജി സഞ്ജയ് കുമാർ ഗരുഡിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി വിവരം ശേഖരിച്ച് മടങ്ങി. സംസ്ഥാന പൊലീസിനു കീഴിലെ തീവ്രവാദവിരുദ്ധ സ്ക്വാഡി (എ.ടി.എസ്) നു പുറമെ പത്തനാപുരം സി.ഐ.എൻ.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനുമാണ് അന്വേഷണ ചുമതല.

ആദ്യം റിപ്പോർട്ട് ചെയ്തത്

തമിഴ്നാട് ക്യു ബ്രാഞ്ച് പൊലീസ്

ഇക്കഴിഞ്ഞ ജനുവരിയിൽ പാടം മേഖലയിൽ ഒരു തീവ്രവാദ സംഘടനയുടെ ആയുധ പരിശീലന ക്യാമ്പ് നടത്തിയതായി തമിഴ്നാട് ക്യു ബ്രാഞ്ച് പൊലീസാണ് ആദ്യം കേരള പൊലീസിനെ അറിയിച്ചത്. വർഷങ്ങൾക്ക് മുമ്പ് വാഗമണിൽ നടന്നതിന് സമാനമായ ക്യാമ്പിൽ കേരളത്തിൽ നിന്നുള്ളവർക്കു പുറമെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നായി 300 ഓളം പേർ ജനുവരി 21 ന് നടന്ന ക്യാമ്പിൽ പങ്കെടുത്തിരുന്നതായാണ് ക്യു ബ്രാ‌ഞ്ച് റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ കൊല്ലം നീണ്ടകര കോസ്റ്റൽ സി.ഐ ആയിരുന്ന എം. ഷെരീഫിനെ കേരള പൊലീസ് ചുമതലപ്പെടുത്തി. അദ്ദേഹം പ്രദേശം സന്ദർശിച്ച് പരിശോധന നടത്തിയെങ്കിലും ക്യാമ്പ് നടന്നതിന് തെളിവൊന്നും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട് നൽകി. എന്നാൽ ഇത് ഷെരീഫിനെതിരായ നടപടി എടുക്കുന്നതിലാണ് കലാശിച്ചത്. സ്ഥാനക്കയറ്റം ലഭിച്ച് കൊല്ലം എ.സി.പി യായി ചുമതലയേൽക്കാനിരുന്ന ഷെരീഫിനെ പൊടുന്നനെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. തീവ്രവാദ സംഘടനയ്ക്കനുകൂലമായി പ്രവർത്തിച്ചുവെന്ന ആരോപണമാണ് ഷെരീഫിനെതിരെ ഉയർന്നത്. എന്നാൽ പൊലീസിലെ തന്നെ ചേരിപ്പോരാണ് സ്ഥലം മാറ്റത്തിനു പിന്നിലെന്നും ആരോപിക്കപ്പെടുന്നുണ്ട്. ഏതായാലും ഇതിനു ശേഷമാണ് പാടത്തും കോന്നി വനമേഖലയിലും നിന്ന് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. കോന്നി വനമേഖലയിൽ നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ കാലപ്പഴക്കമുള്ളതാണെന്നും പാറക്വാറിക്കാർ ഉപയോഗ ശൂന്യമായതിനാൽ വനത്തിൽ ഉപേക്ഷിച്ചതാണെന്നും സംശയിക്കുന്നുണ്ട്.

പാടം തന്ത്രപ്രധാന മേഖല

പാടം പഞ്ചായത്ത് എട്ടാംവാർഡിൽ നിന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചത് എസ്.ഡി.പി.ഐ പ്രതിനിധിയാണ്. പാടത്ത് നടന്നതായി പറയപ്പെടുന്ന ക്യാമ്പിനു പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന പ്രചാരണം ശക്തമാണ്. പ്രദേശത്ത് പൊലീസ് നടത്തിയ വിശദ പരിശോധനയിൽ എസ്.ഡി.പി.ഐ യുടെ കൊടിയും കുറെ തൊപ്പികളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതും സംശയം ശക്തമാക്കി. എന്നാൽ പൊലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിൽ സ്ഫോടകവസ്തു ശേഖരത്തിന് ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളതായി തെളിവൊന്നും ലഭിച്ചിട്ടില്ല. പൊലീസിനു പുറമെ വനംവകുപ്പ് ഉദ്യോഗസ്ഥരും കാടിനുള്ളിൽ വിശദ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഡ്രോൺ ഉപയോഗിച്ച് മേഖലയിൽ നടത്തിയ നിരീക്ഷണത്തിൽ ഉൾവനങ്ങളിൽ മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങളും അസ്ഥികളും കണ്ടെത്തിയിരുന്നു. ഇത് നായാട്ടിനെത്തുന്നവർ വേട്ടയാടി ഭക്ഷിച്ച മൃഗങ്ങളുടെ അവശിഷ്ടങ്ങളാകാനുള്ള സാദ്ധ്യതയും അവർ തള്ളിക്കളയുന്നില്ല. കേന്ദ്ര ഇന്റലിജൻസ് ഏജൻസിയും ഇവിടെ അന്വേഷണം നടത്തിയിരുന്നെങ്കിലും ക്യാമ്പ് നടന്നതായോ തീവ്രവാദശക്തികൾ എന്തെങ്കിലും പ്രവർത്തനം നടത്തുന്നതായോ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നാണ് ഐ.ബി യുടെ നിലപാട്. സംസ്ഥാന പൊലീസും എ.ടി.എസും അന്വേഷിക്കുന്നതിനാൽ തത്‌കാലം ഐ.ബി യുടെ ഇടപെടൽ ഉണ്ടാകില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

യുവാവിന്റെ തിരോധാനം

ഒൻപത് മാസം മുമ്പ് പത്തനാപുരം കടശ്ശേരിയിൽ നിന്ന് കാണാതായ രാഹുൽ (17) എന്ന വിദ്യാർത്ഥിയുടെ തിരോധാനം വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്. കൂലിപ്പണിക്കാരനായ രവീന്ദ്രൻ- ലതിക ദമ്പതികളുടെ ഇളയമകനായ രാഹുലിനെ 2020 ആഗസ്റ്റ് 19 ന് രാത്രി മുതലാണ് കാണാതായത്. പൊലീസ് അന്വേഷണത്തിൽ യാതൊരു വിവരവും ലഭിച്ചില്ല. ക്രൈംബ്രാഞ്ച് പൊലീസും അന്വേഷിച്ചിരുന്നു. പത്തനാപുരം പാടം വനമേഖലയുമായി അടുത്തു കിടക്കുന്ന പ്രദേശമാണ് രാഹുലിന്റെ ഗ്രാമമായ കടശ്ശേരി. ഫോട്ടോഗ്രാഫിയിൽ താത്പര്യമുള്ള രാഹുൽ ഇടയ്ക്കിടെ കാടിന്റെയും മൃഗങ്ങളുടെയുമൊക്കെ ചിത്രങ്ങൾ പകർത്താൻ വനത്തിനുള്ളിലേക്ക് പോകുന്ന പതിവുണ്ടായിരുന്നതിനാലാണ് ആദ്യം വീട്ടുകാർക്ക് സംശയം തോന്നാതിരുന്നത്. എന്നാൽ പാടം വനമേഖലയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തുകയും തീവ്രവാദ പരിശീലനം നടന്നുവെന്ന സംശയം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുലിന്റെ തിരോധാനത്തിനു പിന്നിലെ ദുരൂഹതകളും ചർച്ചയാകുന്നത്. വനത്തിനുള്ളിലേക്ക് പോകുന്നതിനിടെ തീവ്രവാദികളുടെ പിടിയിൽപ്പെട്ടതാണെന്നും വിവരം പുറത്തറിയാതിരിക്കാൻ അവർ രാഹുലിനെ അപായപ്പെടുത്തിയതാകുമെന്ന സംശയമാണിപ്പോൾ നിലനില്‌ക്കുന്നത്. രാഹുലിന്റെ മൊബൈൽ ഫോൺ, വസ്ത്രങ്ങൾ എന്നിവ സംബന്ധിച്ച് ഒരു തുമ്പും ലഭിച്ചിട്ടില്ല. രണ്ടുവർഷം മുമ്പ് കുളത്തൂപ്പുഴ- തെന്മല റോഡരികിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവവും ആശങ്ക ഉയർത്തിയിരുന്നു. അതിന്റെ അന്വേഷണം എങ്ങുമെത്താതെ വിസ്മൃതിയിലാകുകയായിരുന്നു. ഇപ്പോഴത്തെ സംഭവത്തിന്റെ ഗതിയും മറ്റൊന്നാകാൻ വഴിയില്ലെന്ന് കരുതുന്നവരാണ് ഏറെയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.