SignIn
Kerala Kaumudi Online
Friday, 26 April 2024 5.57 PM IST

മഹാമാരിയിലും പേമാരിയിലും നിലംപരിശായി കർഷകൻ

krishi

തുടർച്ചയായ വർഷങ്ങളിലെത്തിയ രണ്ട് പ്രളയങ്ങൾ, പിന്നാലെയെത്തിയ കൊവിഡ് മഹാമാരിയും അടച്ചുപൂട്ടലും. അതിൽ നിന്ന് മെല്ലെ മോചിതരാകാൻ ശ്രമിക്കുമ്പോഴെത്തിയ രണ്ടാം തരംഗവും വീണ്ടുമുള്ള ലോക്ക്ഡൗണും, പിന്നാലെ ഓരോ ചുഴലിക്കാറ്റിനോടുമൊപ്പമെത്തുന്ന മഴയും കെടുതികളും. ഇവയെല്ലാം വിട്ടൊഴിയാതെ വിളകളെ ആക്രമിക്കുന്ന കീടങ്ങളെ പോലെ ഒന്നൊന്നായി കർഷകനെ വേട്ടയാടുകയാണ്. 2018ലെയും 19ലെയും പ്രളയങ്ങളിൽ ആയിരക്കണക്കിന് കോടി രൂപയുടെ വിളനാശമാണ് ഇടുക്കി ജില്ലയിൽ മാത്രമുണ്ടായത്. ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ ഗതിയില്ലാതെ പത്തോളം കർഷകരാണ് ഇക്കാലയളവിൽ ആത്മഹത്യ ചെയ്തത്. തുടർന്ന് കാ‍ർഷിക വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതോടെയാണ് താത്കാലികമായെങ്കിലും ഇതിന് അവസാനമായത്. കൊവിഡ് കാലത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ തൊഴിൽ നഷ്ടപ്പെട്ട യുവാക്കളടക്കം കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. എന്നാൽ അടച്ചുപൂട്ടലിൽ വിപണിയില്ലാതായതോടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനാകാത്ത സ്ഥിതിയിലായി. ഇതിൽ നിന്നെല്ലാം രക്ഷപ്പെട്ട് 2021ൽ പതിയെ പച്ചപിടിച്ചു വരുമ്പോഴാണ് കൊവിഡ് രണ്ടാം തരംഗമെത്തുന്നത്. ഇതോടെ വീണ്ടും കാർഷിക മേഖലയാകെ സ്തംഭനാവസ്ഥയിലായി. ഒപ്പം നാണ്യവിളകളുടെ വിലത്തകർച്ചയും കർഷകരുടെ പ്രതീക്ഷകളൊക്കെ തകർത്തു. ആഭ്യന്തര വിപണികൾക്ക് പൂട്ടുവീണതോടെ നാണ്യവിളകളുടെ കയറ്റുമതി നിലച്ചു. ഇതിനിടെ ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായെത്തിയ കാറ്റിലും മഴയിലും ജില്ലയിൽ 242.72 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. 15,394 കർഷകരുടെ 1,702.53 ഹെക്ടർ കൃഷിയാണ് നശിച്ചത്. കാർഷിക മേഖലയെ ബാധിച്ചിരിക്കുന്ന ഈ കണ്ടകശനി വിട്ടൊഴിയാൻ ഇനിയും എത്രനാൾ കാത്തിരിക്കണമെന്ന് കർഷകർക്ക് അറിയില്ല.


തകർന്നടിഞ്ഞ് ഏലയ്ക്ക വില

കാർഷിക മേഖലയിൽ കൊവിഡ് ഏറ്റവുമധികം 'ബാധിച്ചത് ' ഏലയ്ക്കയെയാണ്. രണ്ടര വർഷങ്ങൾക്ക് ശേഷം സ്‌പൈസസ് ബോർഡിന്റെ ഇ- ലേലത്തിൽ ശരാശരി വില മൂന്നക്കത്തിലേക്ക് കൂപ്പുകുത്തി. ഇപ്പോൾ 800 മുതൽ 950 രൂപയ്ക്കാണ് വിൽപ്പന നടക്കുന്നത്. ആഭ്യന്തര വിപണികൾ സ്തംഭിച്ച് കയറ്റുമതി നിലച്ചതോടെ വില കുത്തനെ കുറഞ്ഞു. ഓഫ് സീസണിലെ 'മാജിക് ' പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് ഇരുട്ടടിയാണ് ഉണ്ടായത്. ഉത്പാദനം വൻതോതിൽ വർദ്ധിച്ചതും കയറ്റുമതി കുറഞ്ഞതുമാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണം.


കുരുമുളകിനും രക്ഷയില്ല

ആഭ്യന്തര വിപണിയിലെ പ്രതിസന്ധി കുരുമുളകിന്റെയും വില കുറച്ചു. കഴിഞ്ഞ മാസം 420 രൂപയിലെത്തിയിരുന്നെങ്കിലും ഒരാഴ്ചയ്ക്കിടെ 370- 380 രൂപയായി വില കുറഞ്ഞു. ന്യൂഡൽഹി, മുംബെയ് വിപണികളിലേക്കുള്ള കയറ്റുമതി കുറഞ്ഞതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണം. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് 270 രൂപയായിരുന്നു വില. എന്നാൽ ഗുണനിലവാരമുള്ള ഹൈറേഞ്ച് കുരുമുളകിന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഡിമാൻഡ് വർദ്ധിച്ചതോടെ കയറ്റുമതി വൻതോതിൽ കൂടി. തുടർന്നാണ് വിലയിലും മുന്നേറ്റമുണ്ടായത്. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും വിപണികളിൽ പ്രതിസന്ധി ഉടലെടുത്തതോടെ വില കുറയുകയായിരുന്നു.


കാപ്പിക്കൃഷി 'ഔട്ട്'

ഒരു പതിറ്റാണ്ടായി കർഷകർക്ക് യാതൊരു മെച്ചവും ലഭിക്കാത്തത് കാപ്പിക്കൃഷിയിൽ നിന്നാണ്. റോബസ്റ്റ കാപ്പിപ്പരിപ്പിന് 112 രൂപയും തൊണ്ടോടുകൂടി 62 രൂപയും അറബി കാപ്പിപ്പരിപ്പിന് 122 രൂപയും തൊണ്ടോകൂടി 78 രൂപയുമാണ് കിലോഗ്രാമിന് വില. ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്തതിനാൽ ഭൂരിഭാഗം കർഷകരും കാപ്പിച്ചെടികൾ വെട്ടിക്കളഞ്ഞ് ഏലംകൃഷിയിലേക്ക് മാറി. കാപ്പിക്കുരു വിളവെടുത്ത് ഉണക്കി വിറ്റാൽ തൊഴിലാളികൾക്ക് നൽകാനുള്ള കൂലി പോലും ലഭിക്കില്ല. ഏഴ് വർഷത്തിലധികമായി കാപ്പിക്കുരു വിലയിൽ വലിയ മാറ്റമില്ല. പരമാവധി 140 രൂപ വരെയാണ് വില ഉയർന്നിട്ടുള്ളത്. ഭൂരിഭാഗം കർഷകരും കാപ്പിക്കൃഷിയിൽ നിന്ന് പിൻവാങ്ങിയതോടെ ഉത്പാദനത്തിൽ 60 ശതമാനത്തോളം കുറവുണ്ടായി.

ചായയ്ക്ക് പഴയ ചൂടില്ല
തേയില കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് പച്ചക്കൊളുന്ത് വില കുത്തനെ ഇടിഞ്ഞു. കിലോഗ്രാമിന് 14.41 രൂപയാണ് ഈ മാസം ടീ ബോർഡ് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനിടെ 16 രൂപയിലധികം കുറഞ്ഞു. ജനുവരിയിൽ 22.56 രൂപയായിരുന്നെങ്കിലും 24 മുതൽ 32 രൂപ വരെ കർഷകർ ലഭിച്ചിരുന്നു. തേയിലക്കൃഷി ഉപജീവനമാക്കിയ 26,000ൽപ്പരം ചെറുകിട കർഷകരാണ് ഇടുക്കിയിലുള്ളത്. 10 മാസം മുമ്പ് പച്ചക്കൊളുന്തിന് 14 രൂപയായിരുന്നു വില. തുടർന്ന് 7 മാസങ്ങൾക്ക് ശേഷം മോഹവിലയായ 30 രൂപ കടന്നതോടെ കർഷകർ ആശ്വാസത്തിലായിരുന്നു. എന്നാൽ 3 മാസത്തിന് ശേഷം ഇപ്പോൾ 50 ശതമാനത്തിലധികമാണ് വില കുറഞ്ഞിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ വിലയിടിവ് തടയാൻ ടീ ബോർഡ് ഇടപെടുന്നില്ലെന്നാണ് കർഷകരുടെ ആക്ഷേപം. വിവിധ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് കർഷകർക്കും സംഘങ്ങൾക്കും ടീ ബോർഡ് നൽകാനുള്ളത് 80 ലക്ഷത്തിലധികമാണ്.

ഇതോടൊപ്പം ഇടയ്ക്കിടെ പെയ്യുന്ന മഴയും അതിശക്തമായ കോടമഞ്ഞും പകൽച്ചൂടും മൂലം തേയിലച്ചെടികൾക്ക് ഫംഗസ് ബാധിച്ചതും വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ആദ്യം ഇലകളിലും പിന്നീട് തണ്ടുകളിലും വേരുകളിലും രോഗബാധയുണ്ടായി ചെടി പൂർണമായി നശിക്കുകയാണ്. തുടർച്ചയായ പ്രളയങ്ങൾക്കും കൊവിഡ് പ്രതിസന്ധിക്കും ശേഷം ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനവും മൂലം കേരളത്തിലെ തേയില ഉത്പാദനം മുൻവർഷങ്ങളെ അപേക്ഷിച്ച് 40 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KRISHI IDUKKI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.