SignIn
Kerala Kaumudi Online
Saturday, 27 April 2024 9.56 AM IST

കുതിരാനിൽ കുതിച്ച്

kuthiran-tunnel

സംസ്ഥാനത്തേക്കുളള ചരക്കുനീക്കം ഭൂരിഭാഗവും നടക്കുന്ന കൊച്ചി - സേലം ദേശീയപാതയിലെ കുതിരാൻ ടണൽ തുറന്നത് വലിയ വികസന വഴിയിലേക്കാണ്. ദക്ഷിണേന്ത്യൻ റോഡുകളിലെ ആദ്യ ഇരട്ടക്കുഴൽ തുരങ്കവും കേരളത്തിലെ ആദ്യ തുരങ്കപാതയുമാണിത്. എന്നാൽ ടണൽ തുറക്കും മുൻപേ വിവാദങ്ങൾക്കും വഴിമരുന്നിടാൻ ശ്രമങ്ങളുണ്ടായി എന്നതാണ് എടുത്തു പറയേണ്ടത്. ആർക്കാണ് ക്രെഡിറ്റ് എന്നതാണ് ചോദ്യം. സംസ്ഥാന സർക്കാരാണ് സജീവമായ ഇടപെടൽ നടത്തി നിർമ്മാണത്തിന് വേഗം കൂട്ടിയതും പെട്ടെന്ന് തുറക്കാൻ നടപടികളെടുത്തതും. എന്നാൽ റോഡ് കേന്ദ്രത്തിന്റേതാണ്. അതുകൊണ്ട് ഉദ്ഘാടനം ചെയ്യാനും പ്രഖ്യാപിക്കാനുമെല്ലാം അവകാശം കേന്ദ്രത്തിനാണെന്ന് വ്യക്തമാക്കിക്കൊണ്ട്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ടണൽ തുറക്കുന്ന വിവരം ട്വീറ്റ് ചെയ്തു.

ഉദ്ഘാടനത്തിനോ റിബൺ മുറിക്കാൻ പോലുമുള്ള അവസരം സംസ്ഥാന സർക്കാരിന് കൊടുക്കാതെയാണ് ശനിയാഴ്ച ഗതാഗതത്തിനായി തുറന്ന്‌ കൊടുത്തത്. അന്ന് ഉച്ചവരെയും കടുത്ത അനിശ്ചിതത്വമായിരുന്നു. വിഷയത്തിന്റെ ഗതിമാറിയത് പൊടുന്നനെയാണ്. പാലക്കാട് ഭാഗത്ത് നിന്നും തൃശൂരിലേക്കുള്ള ടണലാണ് ചടങ്ങുകളില്ലാതെ തുറന്നുകൊടുത്തത്. ആഗസ്റ്റ് ഒന്നിന് തുറക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ദേശീയപാത അതോറിറ്റി പറഞ്ഞിരുന്നത്. ഇതനുസരിച്ച് സംസ്ഥാന സർക്കാരിന്റെ മുഴുവൻ ശ്രദ്ധയും ഇവിടേക്ക് കേന്ദ്രീകരിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസും കെ.രാജനും നിരന്തരം തുരങ്കപ്പാതയിലെത്തി പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. മുൻ കളക്ടർ എസ്.ഷാനവാസും ഇപ്പോഴത്തെ കലക്ടർ ഹരിത വി കുമാറും തങ്ങളുടെ പ്രവർത്തനങ്ങളുടെ പ്രധാന അജൻഡയായി കുതിരാനിൽ ശ്രദ്ധിച്ചു. അങ്ങനെയാണ് രാവും പകലും പ്രവർത്തനം പുരോഗമിച്ചത്. നിർമാണം പൂർത്തിയാക്കിയെന്നും സുരക്ഷിതമാണെന്നും അതോറിറ്റി റിപ്പോർട്ടു നൽകിയതോടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തുരങ്കം ശനിയാഴ്ച തന്നെ തുറക്കുമെന്ന് ട്വീറ്റിലൂടെ പ്രഖ്യാപിച്ചത് തീർത്തും അപ്രതീക്ഷിതമായിരുന്നു. രണ്ടാം ടണൽ തുറക്കാൻ അതിവേഗത്തിൽ നടപടികളിലേക്ക് കടക്കാനാണ് സർക്കാരിന്റെ നീക്കം.

കരിമ്പാറക്കെട്ടുകൾ നിറഞ്ഞ കുതിരാൻമലയിലെ ഗതാഗതകുരുക്കിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. അടിക്കടി പൊട്ടിപ്പൊളിയുന്ന റോഡുകൾ, കിഴുക്കാംതൂക്കായ വളവുകൾ, മഴക്കാലത്തെ മണ്ണിടിച്ചിൽ, അപകടങ്ങൾ, കേടായിക്കിടക്കുന്ന ചരക്കുലോറികൾ, ഗതാഗതക്കുരുക്ക്. ഇതെല്ലാം മറികടന്ന് നാലുകിലോമീറ്ററോളം ദൂരം പിന്നിടണമെങ്കിൽ മണിക്കൂറുകൾ വേണ്ടിവരും.

2004 - 05 കാലത്ത് ഡൽഹിയിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരാണ് ഇരട്ടക്കുഴൽ തുരങ്കം എന്ന ആശയം മുന്നോട്ടു വച്ചത്. 2006ൽ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറായി.

ആറുവരിപാതയ്ക്ക് 2010ൽ കരാർ ഉറപ്പിച്ചു. നിർമ്മാണം ഏറ്റെടുത്ത കെ.എം.സി കമ്പനി തുരങ്കംപണി പ്രഗതി ഗ്രൂപ്പിന് ഉപകരാർ നൽകി. സാമ്പത്തിക പ്രതിസന്ധി, കമ്പനികളുടെ അനാസ്ഥ, മഴ, പ്രളയം, സാങ്കേതിക തടസം തുടങ്ങിയവ കാരണം ഒരു പതിറ്റാണ്ട് കടന്നുപോയി. നിരവധി ജനകീയ, രാഷ്ട്രീയ സമരങ്ങൾക്കും അപകടങ്ങൾക്കും തുടർച്ചയായ ഹൈക്കോടതി പരാമർശങ്ങൾക്കും താക്കീതുകൾക്കും ഒടുവിൽ നിർമ്മാണം ധൃതഗതിയിലായി. പ്രഗതി ഗ്രൂപ്പിനെ ഒഴിവാക്കി, കെ.എം.സി ഗ്രൂപ്പ് പണി പൂർത്തിയാക്കുകയായിരുന്നു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, വി. മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂമന്ത്രിയും സ്ഥലം എം.എൽ.എയുമായ കെ. രാജൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ് തുടങ്ങിയവരെല്ലാം നിരന്തരം ഇടപെട്ടിരുന്നു.

രണ്ടാം ടണലും ഉടൻ

കുതിരാൻ തുരങ്കപാതയുടെ ഒരു ടണൽ തുറന്നതിന് പിന്നാലെ രണ്ടാമത്തെ ടണലും അതിവേഗം പൂർത്തിയാക്കാനുളള ഒരുക്കത്തിലാണ് സർക്കാർ. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ യോഗം ഉടൻ വിളിക്കുന്നുണ്ട്. രണ്ടാം ടണൽ ഭൂരിഭാഗവും പൂർത്തിയായെന്നും ഡിസംബർ അവസാനം വാഹനങ്ങൾ വിടാമെന്നുമാണ് കരാർ കമ്പനിയായ കെ.എം.സി പറയുന്നത്. ഒന്നാം ടണലിന്റെ അവസാനഘട്ടമായ കഴിഞ്ഞ രണ്ട് മാസം 300ഓളം തൊഴിലാളികളാണ് ദിവസവും ഉണ്ടായിരുന്നത്. ഇനിയുളള പണികൾക്കും തൊഴിലാളികളെ കൂട്ടിയേക്കുമെന്നാണ് പറയുന്നത്.

മാതൃകയാകാൻ തൃശൂർ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ ദക്ഷിണേന്ത്യയിലെ പ്രധാന സാമ്പത്തിക-വ്യാപാരകേന്ദ്രം കൂടിയാണെന്ന് അറിയാമല്ലോ. അവിടെയാണ് ഈ ടണൽ തുറക്കുന്നത്. കൊച്ചി-സേലം വ്യാവസായിക ഇടനാഴിയിലേക്കുളള വാതിൽ കൂടിയാണിത്.

ടണലും പുത്തൂർ സുവോളജിക്കൽ പാർക്കുമെല്ലാം സംസ്ഥാനത്തിന് മാതൃകയാവുകയാണ്. തൃശൂരിന്റെ ചരിത്രവും വർത്തമാനവും പരിശോധിച്ചാൽ പിന്നേയും കുറേ മാതൃകകളുണ്ട്. സ്വർണം, വൈരക്കൽ വ്യവസായം, തുണിവ്യവസായം, ചിട്ടി, ബാങ്കിംഗ്, നോൺ-ബാങ്കിംഗ് ബിസിനസുകൾക്ക് പ്രശസ്തമാണ് തൃശൂർ. ഇന്ത്യയിലെ സുവർണനഗരം കൂടിയായ ഇവിടെയാണ്, കേരളത്തിൽ പ്രതിദിനം നിർമ്മിക്കുന്ന സ്വർണാഭരണങ്ങളിൽ ഭൂരിഭാഗവും ഉളളതെന്നാണ് വിലയിരുത്തൽ. മികച്ച സംരംഭകത്വവും സാമ്പത്തിക ശേഷിയുമാണ് തൃശൂരിനെ ഉന്നതിയിലെത്തിച്ചത്. വ്യവസായങ്ങൾ, വ്യാപാരം, ഫിനാൻസിംഗ് എന്നിവയാണ് സമ്പദ്‍ വ്യവസ്ഥയുടെ അടിസ്ഥാനം. തുണിവ്യവസായം, തടി-ഫ‍ർണിച്ചർ, കയർ, മത്സ്യബന്ധന വ്യവസായങ്ങൾ, കൃഷി അടിസ്ഥാനത്തിലുള്ള വ്യവസായങ്ങൾ, ഓട്ടുകമ്പനി തു‌ടങ്ങി തൃശൂരിൽ ഇല്ലാത്ത ബിസിനസുകളില്ല. ചില്ലറ വ്യാപാരം വലിയ ബിസിനസും നഗരത്തിലെ പ്രധാന വരുമാന സ്രോതസുമായി മാറി. ജുവലറി, ടെക്സ്റ്റൈൽ ചില്ലറ വ്യാപാരം, ഗൃഹോപകരണങ്ങളുടെ വിൽപ്പന എന്നിവയെല്ലാം ഇവിടെ സജീവമാണ്. ആഭരണങ്ങളുടേയും ടെക്സ്റ്റൈൽ വ്യവസായത്തിന്റെയും ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞു, തൃശൂർ. വിദ്യാഭ്യാസരംഗത്തും തൃശൂർ, സംസ്ഥാനത്തിന് മാതൃകയാണ്. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയും കാർഷിക സർവകലാശാലയും ഗവ.മെഡിക്കൽ കോളേജും രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളും ഗവ.എൻജിനീയറിംഗ് കോളേജും സ്വാശ്രയ കോളേജുകളുമെല്ലാമായി നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ ജില്ലയിലുണ്ട്. സാഹിത്യ അക്കാഡമി, സംഗീതനാടക അക്കാഡമി, ലളിതകലാ അക്കാഡമി, കലാമണ്ഡലം തുടങ്ങിയവയും സാംസ്കാരികപ്രൗഢി വിളിച്ചോതുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOMBUM THUMBEEM, KUTHIRAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.