ഏറ്റവും വലിയ സംഘടിത ഭൂമികൈയേറ്റം നടക്കുന്ന സ്ഥലമാണ് അട്ടപ്പാടി. വില്ലേജ് ഓഫീസും പൊലീസും മറ്റു ഭരണസംവിധാനങ്ങളും രാഷ്ട്രീയ മുന്നണികളുമെല്ലാം ഭൂമാഫിയകളുടെ ഭാഗമായതോടെ ഏതുനിമിഷവും കുടിയിറക്കപ്പെട്ടേക്കാമെന്ന ഭീതിയിലാണ് അട്ടപ്പാടിയിലെ ജനത. 1951-ലെ സെൻസസിൽ അട്ടപ്പാടിയിലെ ജനസംഖ്യയുടെ 90.32 ശതമാനം ആദിവാസികളായിരുന്നു. പിന്നീട് അത് 40 ശതമാനമായി കുറഞ്ഞു. അട്ടപ്പാടിയിലെ ഇരുള, കുറുമ്പ, മുദുഗ ഗോത്രങ്ങൾ കാർഷിക വൃത്തിയിലൂടെയാണ് ജീവിച്ചിരുന്നത്. എന്നാൽ, പിന്നീട് ഇവർ സ്വന്തം മണ്ണിൽ അഭയാർത്ഥികളാക്കപ്പെട്ടു. കുടിയേറ്റത്തിന്റെ മറവിൽ നടന്ന സംഘടിത കൈയേറ്റമാണ് ഇതിനുകാരണം.
നിലവിൽ അട്ടപ്പാടിയിൽ രജിസ്‌ട്രേഷൻ വകുപ്പിന്റെ അന്വേഷണം അട്ടിമറിച്ച് ഭൂമി വിൽപ്പന സജീവമാണ്. ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ചുള്ള ഭൂമി വില്പനയെക്കുറിച്ചുള്ള അന്വേഷണത്തെ പ്രഹസനമാക്കിയാണ് വ്യാപകമായ ഭൂമി വില്പന നടക്കുന്നത്. ഭൂപരിഷ്‌കരണ നിയമപ്രകാരം സർക്കാർ ഏറ്റെടുക്കേണ്ട ഏക്കർ കണക്കിന് ഭൂമിയാണ് അട്ടപ്പാടിയിൽ വിറ്റഴിക്കുന്നത്.
റവന്യൂ രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് തകൃതിയായുള്ള ഭൂമി വില്പന എന്നാണ് ആരോപണം. അട്ടപ്പാടിയിൽ ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ഏറ്റെടുക്കേണ്ട ഭൂമി, വൻതോതിൽ വില്പന നടത്തുന്നുവെന്ന് പരാതി ഉയർന്നതോടെയാണ് സംഭവം അന്വേഷിക്കാൻ രജിസ്‌ട്രേഷൻ വകുപ്പ് ഡെപ്യൂട്ടി ഐ.ജിയെ ചുമതലപ്പെടുത്തിയത്.
മണ്ണാർക്കാട് ജന്മിയായിരുന്ന മൂപ്പിൽ നായരുടെ തണ്ടപേരിലുള്ള കോട്ടത്തറ വില്ലേജിലെ ഭൂമിയാണ് കുടുംബാംഗങ്ങൾ വില്പന നടത്തിയത്. ഭൂപരിഷ്‌കരണ നിയമം പാലിക്കാതെയാണ് വില്പനയെന്ന് ആധാരം എഴുത്തുകാരുടെ സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എന്നാൽ അന്വേഷണം പൂർത്തിയാകും മുമ്പേ റവന്യൂ രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥരുടെ ഒത്താശയിൽ ഇതേ തണ്ടപേരിലുള്ള ഭൂമി വില്പന തുടരുകയാണ്.
അഗളി സബ് രജിസ്റ്റാർ ഓഫീസിൽ ഈ വർഷം ഏപ്രിൽ 29ന് 19 ആധാരങ്ങളും മേയ് രണ്ടിന് 22 ആധാരങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുപ്പതോളം ആധാരങ്ങളുടെ രജിസ്‌ട്രേഷൻ കഴിഞ്ഞ ദിവസങ്ങളിലും നടന്നു. കോട്ടത്തറ വില്ലേജിലേ സർവേ നമ്പർ 1819, 762, 524, 404, 1275 എന്നിവയിൽ ഉൾപ്പെട്ട സ്ഥലമാണ് ഇത്തരത്തിൽ വില്പന നടത്തിയിട്ടുള്ളത്. അന്വേഷണം പൂർത്തിയാകും വരെ മൂപ്പിൽ നായരുടെ തണ്ടപ്പേരിലുള്ള ഭൂമി വില്പന മരവിപ്പിക്കാൻ അധികൃതരും തയ്യാറാകുന്നില്ലെന്നതും ഉദ്യോഗസ്ഥരുടെ ഒത്തശയുടെ തെളിവാണ്. ഭൂപരിഷ്‌കരണ നിയമപ്രകാരം ഒരു കുടുംബത്തിന് പരമാവധി 15 ഏക്കർ ഭൂമിയാണ് കൈവശം വെക്കാൻ അവകാശമുള്ളത്. എന്നാൽ മൂപ്പിൽ നായരുടെ കുടുംബത്തിൽപ്പെട്ടവർ അട്ടപ്പാടിയിലെ നൂറ് കണക്കിന് ഏക്കർ ഭൂമിയിൽ അവകാശമുണ്ടെന്നും, ഇതിന് കോടതിയുടെ അനുകൂല ഉത്തരവുണ്ടെന്നും വ്യക്തമാക്കിയാണ് വില്പന നടത്തുന്നത്.
നിയമ ലംഘനം
നടത്തിയിട്ടില്ലെന്ന്
അട്ടപ്പാടി ഭൂമി വിവാദത്തിൽ നിയമലംഘനം നടത്തിയിട്ടില്ലെന്ന അവകാശവാദമായി മൂപ്പിൽ നായർ കുടുംബം. അട്ടപ്പാടിയിൽ എഴുപത് അവകാശികൾക്കായി 2000 ഏക്കർ ഭൂമിയുണ്ടെന്ന് മൂപ്പിൽ നായർ കുടുംബം വ്യക്തമാക്കുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം അനുമതി ലഭിച്ച ഭൂമിയിൽ 570 ഏക്കർ സ്ഥലം മാത്രമാണ് വിൽപ്പന നടത്തിയത്. മറ്റ് സ്ഥലങ്ങളും വിൽപ്പന നടത്താൻ ശ്രമിക്കുമെന്നും കുടുംബം വ്യക്തമാക്കുന്നു.
ഭൂപരിഷ്‌കരണ നിയമപ്രകാരം ഒരു കുടുംബത്തിന് പരമാവധി 15 ഏക്കർ ഭൂമിയാണ് കൈവശം വയ്ക്കാൻ അവകാശമുള്ളത്. എന്നാൽ 2000 ഏക്കർ ഭൂമിയിൽ അവകാശമുണ്ടെന്ന വാദമാണ് മൂപ്പിൽ നായരുടെ കുടുംബത്തിൽപ്പെട്ടവർ ഉയർത്തുന്നത്. ഇതിന് കോടതിയുടെ അനുകൂല ഉത്തരവുണ്ടെന്ന് കാണിച്ചാണ് വില്പന.
അട്ടപ്പാടിയിൽ ഭൂപരിഷ്‌കരണ നിയമപ്രകാരം ഏറ്റെടുക്കേണ്ട ഭൂമി, വൻതോതിൽ വില്പന നടത്തുന്നുവെന്ന് പരാതി ഉയർന്നതോടെയാണ് സംഭവം അന്വേഷിക്കാൻ രജിസ്‌ട്രേഷൻ വകുപ്പ് ഡെപ്യൂട്ടി ഐ.ജിയെ ചുമതലപ്പെടുത്തിയത്. രണ്ടായിരം ഏക്കർ ഭൂമി അട്ടപ്പാടിയിലുണ്ടെന്ന്, മൂപ്പിൽ നായരുടെ കുടുംബം തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഭൂമി വിൽപ്പനയിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.
നോക്കുകുത്തിയായി
ഉദ്യോഗസ്ഥർ
1963ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ (കെ.എൽ.ആർ ആക്ട്) വകുപ്പ് 82 പ്രകാരം ഒരാൾക്ക് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമി വ്യക്തിക്ക് 7.5 (ഏക്കർ) ആണ്. രണ്ടു മുതൽ അഞ്ചുവരെ അംഗങ്ങളുള്ള കുടുംബത്തിന് 15 ഏക്കർ കൈവശം വയ്ക്കാം. അഞ്ചിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബം 20 ഏക്കർ എന്നാണ് നിയമത്തിലെ വ്യവസ്ഥ. നിയമം ലംഘിച്ചാൽ സർക്കാറിന് അധികഭൂമി മിച്ചഭൂമിയായി പിടിച്ചെടുക്കാം. 1970 ജനുവരി ഒന്നു മുതൽ ഭൂപരിഷ്‌കരണ നിയമം പ്രാബല്യത്തിൽ വന്നു. പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വയ്ക്കാനും കൈവശം വെച്ച് അനുഭവിക്കാനും ഒരു വ്യക്തിക്കും നിയമം അനുവദിക്കുന്നില്ല. കെ.എൽ.ആർ നിയമത്തിലെ വകുപ്പ് 85 പ്രകാരം, ഒരു വ്യക്തി പരിധിയിൽ കൂടുതൽ ഭൂമി കൈവശം വയ്ക്കുകയോ കൈവശം വെച്ച് അനുഭവിക്കുകയോ ചെയ്താൽ, അത്തരം ഭൂമി സർക്കാറിന് ഏറ്റെടുക്കാവുന്നതാണ്.
എ.ജി ഉദ്യോഗസ്ഥർ അട്ടപ്പാടി ട്രൈബൽ താലൂക്കിൽ നടത്തിയ ഭൂരേഖകളുടെ സൂക്ഷ്മ പരിശോധനയിൽ അഗളി, കോട്ടത്തറ, ഷോളയൂർ വില്ലേജുകളിലായി 650 ഏക്കറിലധികം സ്ഥലം സർജൻ റിയാലിറ്റീസ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി വാങ്ങിയെന്ന് വ്യക്തമായിരുന്നു. 2006 മുതൽ 2009 വരെയുള്ള കാലയളവിലാണ് കമ്പനി അട്ടപ്പാടിയിൽ ഭൂമി വാങ്ങിയത്. സീസിംഗ് പരിധിയിൽ കൂടുതൽ ഭൂമി വാങ്ങിയിട്ടുണ്ടെങ്കിലും, വിഷയം താലൂക്ക് ലാൻഡ് ബോർഡിനെയോ മറ്റ് റവന്യൂ അധികാരികളെയോ തഹസിൽദാർക്കോ (എൽ.ആർ) റിപ്പോർട്ട് ചെയ്തിട്ടില്ല.
അധിക ഭൂമി കൈവശംവെക്കുന്നതിന്റെ നിയമസാധുത പരിശോധിക്കാനോ മിച്ചഭൂമി ഉണ്ടെങ്കിൽ തിരിച്ചറിയുന്നതിന് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നടപടി സ്വീകരിക്കാനോ അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫീസ് തയ്യാറായില്ല. നിയമലംഘനത്തിനു മുന്നിൽ ചില ഉദ്യോഗസ്ഥർ നോക്കുകുത്തികളായി നിന്നു. ഫലം ആദിവാസികളുടെ ഭൂമി വലിയ തോതിൽ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ടു, അത് ഇപ്പോഴും തുടരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |