SignIn
Kerala Kaumudi Online
Thursday, 18 July 2024 6.36 AM IST

അറുതിയില്ലേ, ലയങ്ങളിലെ ആടുജീവിതത്തിന്

layam

മഞ്ഞും മഴയും സഹിച്ച് 12 മണിക്കൂറിലേറെ പണിയെടുത്ത്, കങ്കാണിമാരുടെ ശകാരവും കേട്ട് മടങ്ങുന്ന തൊഴിലാളികൾ തിരികെ വന്ന് തലചായ്ക്കുന്ന തേയില തോട്ടങ്ങളിലെ ലയങ്ങളുടെ ദയനീയാവസ്ഥയ്ക്കും അവരുടെ നരക ജീവിതത്തിനും ഇനിയും മാറ്റമില്ല. നൂറിലേറെ വർഷം പഴക്കമുള്ള ഷീറ്റ് മേഞ്ഞ രണ്ട് മുറി ലയങ്ങളിൽ ആറും ഏഴും പേരടങ്ങിയ കുടുംബമാണ് ദുരിതജീവിതം തള്ളിനീക്കുന്നത്.

ഒരു വരാന്ത, മുറി, പിന്നിൽ അടുക്കള തീർന്നു. ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും കിടക്കുന്നതുമെല്ലാം ഈ രണ്ട് മുറികളിൽ തന്നെ. പല ലയങ്ങൾക്കായി വൃത്തിഹീനമായ ഒരു പൊതു ശുചിമുറി. വർഷങ്ങളായി അറ്റകുറ്റപ്പണി ചെയ്യാത്ത ലയങ്ങളുടെ മേൽക്കൂരകൾ മഴയിൽ മുഴുവൻ ചോരും. നനയാതിരിക്കാൻ അവർ മേൽക്കൂരയ്ക്ക് താഴെ ടാർപോളിൻ വലിച്ചുകെട്ടിയിരിക്കുകയാണ്. കാലപ്പഴക്കം കൊണ്ട് ഭിത്തിയും വാതിലുമെല്ലാം നശിച്ചതിനാൽ രാത്രികാലങ്ങളിൽ ഇഴജന്തുകൾ മുറികളിലേക്ക് കടന്നുവരും. പീരുമേട്ടിലെയടക്കം അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ സ്ഥിതിയാണ് ഏറെ ദയനീയം. 2015ലെ പെമ്പിളൈ ഒരുമൈ സമരത്തെ തുടർന്ന് സർക്കാരും തോട്ടം മാനേജ്‌മെന്റുകളും ലയങ്ങളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിച്ചില്ല. പെട്ടിമുടി ദുരന്തത്തിനുശേഷം മൂന്നാറിലെത്തിയ മുഖ്യമന്ത്രിയടക്കം ലയങ്ങളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. കഴിഞ്ഞ വർഷം ജൂലായിൽ ഏലപ്പാറയിൽ ലയത്തിന് മുകളിൽ മണ്ണിടിഞ്ഞ് തൊഴിലാളി സ്ത്രീ മരിച്ചപ്പോൾ കണക്കിലെടുത്ത് തോട്ടം തൊഴിലാളികളുടെ ലയങ്ങൾ സുരക്ഷിതമാണോയെന്ന് പരിശോധിക്കാനും മാറ്റിപ്പാർപ്പിക്കാനുള്ളവരുടെ കണക്കെടുക്കാനും ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. കഴിഞ്ഞ വർഷം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി പീരുമേട്ടിലെ തേയില തോട്ടങ്ങളിലുള്ള തൊഴിലാളി ലയങ്ങൾ സന്ദർശിച്ചിരുന്നെങ്കിലും ഇതുവരെ കാര്യമായ നടപടികളൊന്നുമുണ്ടായില്ല.

തകർന്ന് വീഴാറായ

രണ്ടായിരത്തോളം ലയങ്ങൾ

പീരുമേട് താലൂക്കിൽ പൂട്ടിയ തോട്ടങ്ങൾ ഉൾപ്പെടെ ചെറുതും വലുതുമായി അൻപത്തിമൂന്നോളം തോട്ടങ്ങളാണുള്ളത്. ഇതിൽ 1658 ലയങ്ങളുൾപ്പെടും. പതിനാലായിരത്തിലധികം തോട്ടം തൊഴിലാളികളാണ് ഇവിടെ തിങ്ങി പാർക്കുന്നത്. പകുതിയിലധികം ഇതര സംസ്ഥാന തൊഴിലാളികളുമാണ്. പീരുമേട് താലൂക്കിൽ വലിയ തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നത് വണ്ടിപ്പെരിയാർ പഞ്ചായത്തിലാണ്. പോബ്സ് ഗ്രൂപ്പിന്റെ ഗ്രാമ്പി, മഞ്ചുമല, പശുമല, തേങ്ങാക്കൽ, നെല്ലിക്കായ്, ഇഞ്ചിക്കാട് എസ്റ്റേറ്റ്, ബഥേൽ പ്ലാന്റേഷന്റെ തങ്കമല, മൗണ്ട്, ശബരിമല, എ.വി.ടി കമ്പനിയുടെ അരണക്കല്ല്, ഹാരിസൺ മലയാളം ലിമിറ്റഡിന്റെ വാളാർഡി, മൂങ്കിലാർ എസ്റ്റേറ്റുകൾ എന്നിവയാണ് പ്രവർത്തിക്കുന്നത്. ഏറ്റവുമധികം പൊട്ടിപ്പൊളിഞ്ഞ് നിലംപൊത്താറായി സ്ഥിതിചെയ്യുന്ന ലയങ്ങളുള്ളത് പോബ്സ് ഗ്രൂപ്പിന്റെ തോട്ടങ്ങളിലും ബഥേൽ പ്ലാന്റേഷന്റെ തോട്ടങ്ങളിലുമാണ്. മാനേജ്‌മെന്റ് ആവട്ടെ അറ്റകുറ്റപ്പണികൾ ചെയ്ത് കൊടുക്കാൻ പോലും തയാറാകുന്നുമില്ല. മഴ ശക്തമായാൽ പല വീടുകളും ചോർന്നൊലിക്കുന്നത് പതിവാണ്. പീരുമേട് താലൂക്കിന്റെ വിവിധ തോട്ടങ്ങളിലായി പൂർണമായും ഭാഗികമായും തകർന്ന ലയങ്ങളുമുണ്ട്. പീരുമേട് താലൂക്കിൽ പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ ലോൺട്രി, എം.എം.ജെ പ്ലാന്റേഷന്റെ ബോണാമി, കോട്ടമല എസ്റ്റേറ്റുകളാണ് 23 വർഷമായി പൂട്ടിക്കിടക്കുന്നത്. ഇവിടെ ജോലിയെടുത്തിരുന്ന തൊഴിലാളികളാണ് കൂടുതലായും ദുരിതമനുഭവിക്കുന്നത്.

ഗ്രാറ്റുവിറ്റിയും കുടിശിക

മൂന്ന് പതിറ്റാണ്ടായി അടഞ്ഞുകിടക്കുന്ന പീരുമേട്ടിലെ തോട്ടങ്ങളിലെ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശിക ഇനിയും ലഭിച്ചിട്ടില്ല. തോട്ടങ്ങൾ അടച്ചുപൂട്ടി ഉടമകൾ സ്ഥലം വിട്ടു പോയതിനെ തുടർന്ന് പ്രതിസന്ധിയിലായ തൊഴിലാളികൾ നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയിട്ടും ആനുകൂല്യങ്ങൾ കിട്ടിയിട്ടില്ല. പൂട്ടിപ്പോയ പീരുമേട് ടീ കമ്പനി, എം.എം.ജെ പ്ലാന്റേഴ്സ്, നിലവിൽ പീരുമേട്ടിൽ പ്രവർത്തിക്കുന്ന ബഥേൽ പ്ലാന്റേഷൻസ്, ലൈഫ് ടൈം, മ്ലാമല എസ്റ്റേറ്റ് തുടങ്ങിയ തോട്ടങ്ങളിലേത് ഉൾപ്പെടെ 1800ലധികം തൊഴിലാളികൾക്കാണ് ഗ്രാറ്റുവിറ്റി കുടിശിക ലഭിക്കാനുള്ളത്. ആനുകൂല്യം നിഷേധിച്ചതിനെതിരെ ഇന്റർനാഷണൽ യൂണിയൻ ഒഫ് ഫുഡ് അഗ്രികൾച്ചറൽ ആൻഡ് അതേഴ്സ് എന്ന സംഘടന സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയതിനെ തുടർന്ന് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാൻ 2006ൽ വിധി വന്നു. ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സർക്കാർ നൽകാനും തോട്ടം ജപ്തിചെയ്ത് മാനേജ്‌മെന്റിൽ നിന്ന് ഈ തുക ഈടാക്കാനുമായിരുന്നു വിധി. എന്നാൽ 2006ലെ വിധി ഒരു സർക്കാരും നടപ്പാക്കിയില്ല. ഇതിനെതിരേ 2012ൽ സംഘടന കോടതി അലക്ഷ്യത്തിന് കോടതിയെ സമീപിക്കുകയും തുടർന്ന് റിട്ട. ജഡ്ജി ജസ്റ്റിസ് അഭയ് മനോഹർ സാപ്രേയയെ ഏകാംഗ കമ്മിഷനായി നിയോഗിച്ചു. കമ്മിഷൻ തൊഴിലാളികളെ നേരിട്ട് കണ്ട് പ്രശ്നങ്ങൾ പഠിച്ച് തെളിവ് ശേഖരിച്ചു. ഇരുപതിലധികം തവണ സിറ്റിംഗ് നടത്തി ജസ്റ്റിസ് എ.എം. സാംപ്രേയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞ ദിവസം തോട്ടം ഉടമകൾ ആറുമാസത്തിനുള്ളിൽ ഗ്രാറ്റുവിറ്റി കുടിശിക നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഉത്തരവ് പ്രകാരം തോട്ടം ഉടമകൾ തൊഴിൽ വകുപ്പിൽ അടയ്‌ക്കേണ്ട തുക, സർക്കാർ അടച്ചതിന് ശേഷം തോട്ടം ഉടമകളുടെ ആസ്തി ജപ്തിചെയ്ത് പണം ഈടാക്കണം. ഈ തുക കോട്ടയം ഡെപ്യൂട്ടി ലേബർ കമ്മിഷണറുടെയും എസ്റ്റേറ്റ് സബ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ തൊഴിലാളികളുടെ അക്കൗണ്ടിൽ നൽകണമെന്നുമാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

വാലാട്ടികളായി യൂണിയനുകൾ

ആദ്യകാലങ്ങളിൽ തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയിരുന്ന തൊഴിലാളി യൂണിയനുകളെല്ലാം ഇന്ന് കമ്പനികളുടെ വാലാട്ടികളാണ്. മുതലാളിമാരുടെ പണം വാങ്ങി തൊഴിലാളികളെ വഞ്ചിക്കുന്നതിൽ രാഷ്ട്രീയ ഭേദമില്ല. തങ്ങൾക്കു വേണ്ടി ആരും ശബ്ദിക്കാനില്ലെന്ന ബോദ്ധ്യമുണ്ടായതോടെയാണ് 2015 സെപ്തംബറിൽ തൊഴിലാളി സ്ത്രീകൾ പെമ്പിളൈ ഒരുമൈ എന്ന പേരിൽ സംഘടിച്ച് ചൂഷണത്തിനെതിരെ ഐതിഹാസിക സമരം നടത്തിയത്. കേരളത്തിന്റെ സമരഭൂപടത്തിലെ അവഗണിക്കാനാവാത്ത ആ പെൺ ചരിതം പക്ഷേ, അധിക നാൾ നീണ്ടു നിന്നില്ല. തങ്ങളെ അപ്രസക്തരാക്കി തൊഴിലാളി സ്ത്രീകൾ നടത്തിയ അവകാശ പോരാട്ടം യൂണിയനുകളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട യൂണിയൻ നേതാക്കളുടെ കുടില ബുദ്ധിയിൽ പെമ്പിളൈ ഒരുമൈ വലിയ താമസമില്ലാതെ ഒരുമ ഇല്ലാത്തവരായി മാറി. തമ്മിലടി സംഘടനയെ ഇല്ലാതാക്കി. അതോടെ സമരകാലത്ത് സർക്കാരും കമ്പനിയും നൽകിയ വാഗ്ദ്ധാനങ്ങളും മൺമറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.