SignIn
Kerala Kaumudi Online
Friday, 26 April 2024 10.07 AM IST

മരണത്തിലെ ജീവിതം; ജീവിതത്തിലെ മരണം

life-and-death

ഈ പംക്തിയിൽ സാധാരണ എഴുതാറുള്ള വിഷയങ്ങളുടെ ഗണത്തിൽ പെടുത്താനാവാത്ത ചില ആശയങ്ങളാണ് ഈ ലക്കത്തിൽ. കഴിഞ്ഞ പത്തുദിവസങ്ങൾക്കുള്ളിൽ പ്രശസ്തരും പ്രതിഭാധനരുമായ നാല് പ്രമുഖരുടെ വിയോഗം നമ്മളറിഞ്ഞു. ഏതാനും ദിവസം മുമ്പ് വരെ പത്തു അക്കങ്ങൾ ഞെക്കിയാൽ മൊബൈലിന്റെ അങ്ങേത്തലയ്ക്കൽ ശബ്ദമായി വന്നിരുന്നവർ ഇന്ന് നിശ്ശബ്ദരും അദൃശ്യരുമായി. മുൻ ചീഫ് സെക്രട്ടറിയും പ്രശസ്തനായ എഴുത്തുകാരനുമായിരുന്ന സി. പി. നായർ, മലയാളിയുടെ നർമ്മബോധത്തെ എത്രയോ കാലം പോഷിപ്പിച്ച പ്രശസ്ത കാർട്ടൂണിസ്‌റ്റ് യേശുദാസൻ, തനതു ആലാപന ശൈലി കൊണ്ട് അനേകം കവിതകൾക്കു നവജീവൻ നൽകിയ വി. കെ. ശശിധരൻ, അനായാസമായ അഭിനയശൈലിയാൽ എന്നും വിസ്മയിപ്പിച്ച സമ്പൂർണ കലാകാരനായ നെടുമുടി വേണു. ഇവരെല്ലാം മൃത്യുവിന്റെ മഞ്ചലേറി അപാരതയിലേക്കു പോയിമറഞ്ഞു. അവരുമായി ചെലവിട്ട സമയങ്ങളൊന്നും ഇനിയൊരിക്കലും ആവർത്തിക്കുകയില്ലല്ലോ എന്ന നഷ്ടബോധം നൊമ്പരപ്പെടുത്തുന്നു.
കലാകാരന്മാർക്ക് പലപ്പോഴും മരണാനന്തര ജീവിതമുണ്ട്. തങ്ങളുടെ സൃഷ്ടികളിലൂടെ അവർ ജീവിക്കും. അതുകൊണ്ടാണ് എനിക്ക് മരണമില്ല ;എന്ന് വയലാർ രാമവർമ്മ പ്രഖ്യാപിച്ചത്. (എന്നിട്ട് നാല്പത്തിയേഴാം വയസിൽ ഈ വസുന്ധരയുപേക്ഷിച്ചു കവി പൊയ്ക്കളഞ്ഞു !) കാലത്തിന്റെ അപാരതയിൽ മറഞ്ഞ ഗായകരുടെ ശബ്ദം നാമിന്നും കേൾക്കുന്നു; ജീവിച്ചിരിപ്പില്ലാത്ത നടീനടന്മാരെ ഇപ്പോഴും പഴയ ചലച്ചിത്രങ്ങളിൽ സജീവരായി കാണുന്നു; മണ്മറഞ്ഞ എഴുത്തുകാർ രചനകളിലൂടെ നമ്മളോട് ഇപ്പോഴും സംവദിച്ചുകൊണ്ടിരിക്കുന്നു. അതത്രെ കലയുടെ ഇന്ദ്രജാലം. നശ്വരനായ മനുഷ്യന്റെ അനശ്വരതയ്ക്കുള്ള ആന്തരിക ചോദനയാണ് കലാസൃഷ്ടിയുടെ അബോധപ്രചോദനം. കഴിഞ്ഞ ദിവസങ്ങളിൽ അറിഞ്ഞ മറ്റുചില കാര്യങ്ങൾ കൂടി ഈ വിയോഗവാർത്തകൾക്കൊപ്പം പരിഗണിക്കണം. ഭാര്യയെ പാമ്പിനെക്കൊണ്ട് കൊത്തിച്ചു കൊന്ന ഭർത്താവിനെ നാം കണ്ടു. മോശയുടെയും യേശു ക്രിസ്തുവിന്റെയും നബി തിരുമേനിയുടെയും വീടിന്റെ തട്ടുമ്പുറം അരിച്ചുപെറുക്കി കിട്ടിയ വസ്തുക്കൾ വിറ്റ് കാശാക്കാമെന്നു നിശ്ചയിച്ചുറപ്പിച്ച, 'തള്ളൽ' ജീവിതോപായവും കബളിപ്പിക്കൽ ജീവനകലയുമാക്കി മാറ്റിയ 'പുരാവസ്തു വിദഗ്ധന്റെ' ഉദ്വേഗജനകമായ കഥയുടെ ചുരുളുകൾ നിവരുന്നതേയുള്ളൂ. പിന്നെയുമുണ്ടല്ലോ സ്വന്തം ബുദ്ധിശക്തിയിലും സാമർത്ഥ്യത്തിലും അഭിരമിച്ചും, അമിതമായ ആത്മവിശ്വാസത്തിൽ സ്വയം മറന്നും പലതും നേടാമെന്ന് കരുതി, ഒടുവിൽ എല്ലാം നഷ്ടപ്പെട്ട ജയിൽജീവികളായി കഴിയുന്ന സ്വപ്നലോക സഞ്ചാരികൾ.
എന്തെല്ലാം കണക്കുകൂട്ടലുകളാണ് തകർന്നു വീണത് ! ഭാര്യയെ കൊലചെയ്ത

ശേഷം കാമുകിയോടൊപ്പം സുഖമായി വാഴാമെന്ന് നിരൂപിച്ചവർ, പ്രണയാഭ്യർത്ഥന നിരസിച്ചതിന് കാമുകിയെ വെടിവച്ചുകൊന്ന കാമുകൻ;. അങ്ങനെ എത്രയെത്ര കുറ്റവാളികൾ! കണക്കുകൂട്ടലുകൾ തെറ്റിപ്പോയ ദുരന്തകഥകൾ. ഓരോ കൊലപാതകവും സാദ്ധ്യമാവുന്നത്, മനസിന് മേൽ മായയുടെ ആവരണം വന്നു മൂടുമ്പോഴാണ്. പ്രകടമായ പഴുതുകൾ പോലും അപ്പോൾ കാണാതെ പോകും. സ്വന്തം ബുദ്ധിശക്തി എത്ര കേമമാണെന്നു അപ്പോൾ തോന്നിപ്പോകും. ആസക്തിയേറുമ്പോൾ മനുഷ്യർ മൂഢരായിത്തീരും. അതിന്റെ ഫലമായി നടത്തപ്പെടുന്ന ദുഷ്‌ചെയ്തികളും, തുടർന്നുള്ള വിചാരണയും, ജയിൽവാസവും ശിക്ഷയും ആ വ്യക്തിയെ മാത്രമല്ല നിരപരാധികളായ അവരുടെ കുടുംബാംഗങ്ങളെ മുഴുവൻ നിത്യസങ്കടത്തിലും അപമാനത്തിലും ആഴ്ത്തിക്കളയുന്നു. കുട്ടികൾ പഠിപ്പു നിറുത്തിക്കളയുന്നു. ജീവിതപങ്കാളി അഗാധമായ നിരാശയിലും വേദനയിലും ശിഷ്ടജീവിതം നയിക്കുന്നു. കുടുംബം ശിഥിലമാകുന്നു. വിട്ടുമാറാത്ത കരിനിഴൽ പോലെ അപമാനം തലമുറകളിലൂടെ പിന്തുടരുന്നു.
ഇങ്ങനെ ആശിച്ചതൊന്നും നേടാതെ സ്വജീവിതം തകർത്തുകളഞ്ഞവരും ഒരുനാൾ മരിക്കും, സൽക്കീർത്തിക്ക് പകരം ദുഷ്‌കീർത്തി മാത്രം ബാക്കിയാവും. മരണത്തിനു ശേഷം അവരെക്കുറിച്ചോർക്കാതിരിക്കാൻ ബന്ധുക്കൾ ശ്രമിക്കും. ജീവിതം പ്രകാശപൂർണമായി ജീവിച്ചുതീർത്തവരെ മറക്കാതിരിക്കാനാണ് മനുഷ്യർക്കിഷ്ടം. മൈതാനമദ്ധ്യത്തിൽ കളിക്കാനിറങ്ങിയവർ ലോങ്ങ് വിസിലിനു മുൻപ് കിട്ടിയ അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്തുകയും ഗോളുകൾ അടിക്കുകയും ചെയ്യുന്നതു പോലെ, ജീവിത മൈതാനത്തു നിശ്ചിത സമയത്തിനുള്ളിൽ യഥാവിധി കളിപൂർത്തിയാക്കി കളമൊഴിഞ്ഞവരെക്കുറിച്ചു ഏവർക്കും അഭിമാനമാണ്.
ജീവിതത്തിൽ ചിലർ വിജയിക്കുകയും ചിലർ വേണ്ടത്ര വിജയിക്കാതിരിക്കുകയും മറ്റു ചിലർ പരാജയപ്പെടുകയും, ഇനിയും ചിലർ അപമാനിതരും അപഹാസ്യരുമായിത്തീരുകയും ചെയ്യുന്നു. എല്ലാവർക്കും കിട്ടിയത് ഒരേ ജീവിതം; സാഹചര്യങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും. ആ ജീവിതങ്ങൾ ഉപയോഗിക്കപ്പെട്ടത് വിരുദ്ധരീതികളിലാണെന്നു മാത്രം.
ഒറ്റുകാരനായ യൂദാസിന്റെ ചിത്രം വരയ്ക്കാൻ മോഡലിനെ കണ്ടെത്താനായി ജയിലുകളിൽ അന്വേഷിച്ചു നടന്ന ചിത്രകാരന്റെ കഥ കേട്ടിട്ടില്ലേ. അവസാനം യൂദാസിന്റെ സ്വഭാവത്തിന് ചേരുന്ന മുഖമുള്ള ഒരു ജയിൽപ്പുള്ളിയെ കണ്ടെത്തി. അപ്പോൾ ജയിൽപ്പുള്ളി പറഞ്ഞുവത്രെ: കുട്ടിയായിരിക്കുമ്പോൾ ഇതുപോലെ ഒരു ചിത്രകാരൻ എന്റെ മുഖം നോക്കി ഉണ്ണിയേശുവിന്റെ ചിത്രം വരച്ചുവെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.' ദൈവപുത്രനായ രക്ഷകന്റെ മുഖഛായയുമായി ജനിച്ച ഒരാൾ
ഒറ്റുകാരനും വെറുക്കപ്പെട്ടവനുമായി പരിണമിച്ചതെന്തുകൊണ്ടാണ്? ഈ
പരിണാമം ഇപ്പോഴും നടക്കുകയല്ലേ?

അനുഗ്രഹമാകേണ്ട ജീവിതം അപമാനവും ശാപവുമായി മാറുന്നതിന്റെ പിന്നിൽ പല കാരണങ്ങൾ കണ്ടേയ്ക്കാം. എങ്കിലും ഒരു പൊതു ഘടകം കണ്ടെത്താം. വികാരങ്ങളും അമിതമായ സുഖാസക്തിയും എപ്പോൾ യുക്തിയെയും വിവേകത്തെയും തമസ്‌കരിക്കുന്നുവോ, അപ്പോഴെല്ലാം ജീവിതത്തിനു താളം തെറ്റുകയും ശരികൾ സ്ഥാനഭൃഷ്ടമാക്കപ്പെടുകയും ചെയ്യും. ആസക്തികൾക്കും, സുഖിക്കണം എന്ന വിചാരത്തിനും മേൽ കർശന ആത്മനിയന്ത്രണം വേണമെന്ന പാഠമാണ് ജീവിതവിജയത്തെ നിർണയിക്കുന്നത്.
എപ്പോൾ വേണമെങ്കിലും ഉടഞ്ഞുപോകാവുന്ന നീർക്കുമിള പോലുള്ള ജീവിതത്തെ സൗന്ദര്യം കൊണ്ടും സ്‌നേഹം കൊണ്ടും നന്മകൊണ്ടും നിറയ്ക്കുന്നവരെക്കുറിച്ചു നാം അഭിമാനിക്കുന്നു. കുറുക്കുവഴികൾ തേടുകയും ആസക്തികൾക്കും ആഗ്രഹങ്ങൾക്കും കടിഞ്ഞാണില്ലാതെയാവുകയും ചെയ്യുന്നവരുടെ ജീവിതങ്ങൾ മറ്റുള്ളവർക്ക് ബാദ്ധ്യതയും കുടുംബാംഗങ്ങൾക്ക് അപമാനവുമായിത്തീരുന്നു. എന്തെല്ലാം നേടിയാലും ഒടുവിൽ നാമെല്ലാം ഒരുപിടി ചാരം മാത്രം. ആ ചാരത്തെ മറ്റുള്ളവർ വന്ദിക്കുമോ നിന്ദിക്കുമോ എന്നതാണ് കാതലായ വ്യത്യാസം. അത് തീരുമാനിക്കുന്നത് വിധിയല്ല; ദൈവമല്ല; ഓരോ വ്യക്തിയുടെയും സ്വതന്ത്രമായ ഇച്ഛ മാത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRAKATHIR, LIFE AND DEATH
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.