SignIn
Kerala Kaumudi Online
Friday, 26 April 2024 7.08 AM IST

കുണ്ടറയിൽ കുലംകുത്തികളുണ്ടോ?

mercykkutty-amma

സി.പി.എമ്മിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വാക്കുണ്ട്. കൊലചെയ്യപ്പെട്ട ടി.പി ചന്ദ്രശേഖരനെ ലക്ഷ്യമിട്ട് അക്കാലത്ത് നടത്തിയ 'കുലംകുത്തി' പ്രയോഗമാണത്. സി.പി.എമ്മിൽ നിന്നുകൊണ്ട് പാർട്ടിയ്ക്കെതിരെ രഹസ്യമായി കുപ്രചാരണം നടത്തുകയും പിന്നിൽനിന്ന് കുത്തുകയും ചെയ്യുന്നവർക്ക് ആകെയുള്ള വിളിപ്പേരാണിത്. കൊല്ലത്തും ഇപ്പോൾ പാർട്ടിയിൽ കുലംകുത്തി പ്രയോഗം അലയടിക്കുകയാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി 99 സീറ്റും നേടി തുടർഭരണം ഉറപ്പാക്കിയെങ്കിലും കൊല്ലത്തെ പാർട്ടി കേന്ദ്രങ്ങൾക്ക് അത് അധികം സന്തോഷത്തിന് വക നൽകുന്നതല്ലെന്നതാണ് കാരണം. 2016 ൽ 11 സീറ്റും കൈവശമിരുന്ന ഇടതുമുന്നണിക്ക് ഇക്കുറി രണ്ട് സീറ്റുകൾ കൈയിൽ നിന്ന് പോയെന്നു മാത്രമല്ല, ജയിച്ച സീറ്റുകളിൽ മിക്കതിലും 2016 ലേതിനെ അപേക്ഷിച്ച് ഭൂരിപക്ഷത്തിൽ വൻ ഇടിവും ഉണ്ടായി. സംസ്ഥാനത്ത് മത്സരിച്ച മന്ത്രിമാരിൽ മറ്റെല്ലാവരും ജയിച്ചു കയറിയപ്പോൾ കൊല്ലം കുണ്ടറയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് വൻ പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു. ഇടതുമുന്നണിക്ക് ജില്ലയിൽ 2016 ൽ ലഭിച്ച വോട്ടുകളെക്കാൾ കുറവാണ് ഇക്കുറി ലഭിച്ചത്. 2016 ൽ 7,96,711 വോട്ടുകൾ ലഭിച്ചിടത്ത് ഇക്കുറി ലഭിച്ചത് 7,42,736 വോട്ടുകളാണ്. പുതിയ വോട്ടർമാർ കൂടിയിട്ടും കാര്യമായ നേട്ടമുണ്ടായില്ല. അതേസമയം യു.ഡി.എഫിന് 2016 ലേതിനെക്കാൾ വോട്ട് കൂടുകയും ചെയ്തു. 2016 ൽ 5,31,189 വോട്ട് ലഭിച്ചെങ്കിൽ ഇക്കുറി അത് 6,41,487 ആയി ഉയർന്നു.

കുലംകുത്തികൾ

കാലുവാരിയോ ?

പുനലൂരിൽ ഒഴികെ വിജയിച്ച ഒൻപതിടത്തും കാര്യമായ വോട്ട് ചോർച്ചയുണ്ടായതായാണ് സി.പി.എം ജില്ലാകമ്മിറ്റി പ്രാഥമിക വിലയിരുത്തൽ നടത്തിയത്. മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പരാജയം സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയായി. പരാജയ കാരണം അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കാൻ തീരുമാനിച്ചെങ്കിലും കൊവിഡ് രൂക്ഷമാകുകയും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ തുടർനടപടികൾ ഉണ്ടായിട്ടില്ല. ഏതായാലും സി.പി.എം വിജയിച്ചിടത്തെല്ലാം പാർട്ടിവോട്ടുകളിൽ കാര്യമായ ചോർച്ചയുണ്ടായെന്നത് പാർട്ടി നേതൃത്വത്തെയും അസ്വസ്ഥമാക്കുന്നുണ്ട്. കുലംകുത്തികൾ ഏത് രീതിയിൽ കാലുവാരാൻ ശ്രമിച്ചു എന്നത് ഒരുപക്ഷേ അന്വേഷണത്തിൽ കണ്ടെത്തിയേക്കാം. കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയുടെ പതനം പ്രീപോൾ, എക്സിറ്റ് പോൾ സർവേകളിൽ പ്രവചിച്ചിരുന്നെങ്കിലും പാർട്ടി അത് കാര്യമാക്കിയിരുന്നില്ല. എന്നാൽ മേഴ്സിക്കുട്ടിയമ്മയുടെ പരാജയത്തിന് പാർട്ടിയിലെ കുലംകുത്തികൾ മാത്രമല്ല, ചില ജാതി സമവാക്യങ്ങൾ കൂടി ഹേതുവായതായാണ് ചില കേന്ദ്രങ്ങളുടെ കണ്ടെത്തൽ. ഒരു ക്രൈസ്തവസഭ തന്നെയാണത്രേ അതിന് ചുക്കാൻ പിടിച്ചതെന്ന വിവരമാണിപ്പോൾ അനൗദ്യോഗികമായി പുറത്തുവരുന്നത്. മേഴ്സിക്കുട്ടിയമ്മ ലത്തീൻ കത്തോലിക്ക വിഭാഗത്തിൽ പെട്ടയാളാണ്. ഈ സഭയ്ക്ക് കുണ്ടറ മണ്ഡലത്തിൽ കഷ്ടിച്ച് 10,000 ഓളം വോട്ടുകൾ മാത്രമാണുള്ളത്. 2010 ലെ മണ്ഡല പുനർ നിർണയപ്രകാരം കുണ്ടറയിൽ മുൻതൂക്കം നായർ സമുദായത്തിനാണ്. എന്നാൽ മറ്റൊരു പ്രമുഖ സഭയ്ക്ക് കുണ്ടറയിൽ 20,000 ത്തോളം വോട്ടുകളുണ്ട്. പത്തനംതിട്ട ജില്ലയിൽ നിന്ന് വിജയിച്ച ഈ സഭാംഗമായ വനിതയ്ക്ക് ഇടതു മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കാൻ നടത്തിയ കരുനീക്കങ്ങളുടെ ഭാഗമാണെന്ന വിവരമാണിപ്പോൾ പുറത്തുവരുന്നത്. എ.ഡി 825 ൽ സ്ഥാപിച്ച പുരാതനമായ പള്ളി ഈ സഭയുടേതായി കുണ്ടറയിലുണ്ട്. ഈ ഇടവകയിൽ തന്നെ 15000 ഓളം സഭാംഗങ്ങളുണ്ട്. ഇതുകൂടാതെ ഏതാനും ചെറിയ പള്ളികൾ കൂടി സഭയുടേതായി കുണ്ടറ മണ്ഡലത്തിലുണ്ട്. ഇതെല്ലാം കൂടിയാണ് 20000 ഓളം വോട്ടുകൾ. കോന്നി ഉപതിരഞ്ഞെടുപ്പ് മുതൽ ആ സഭയുടെ ആവശ്യമാണത്രെ പത്തനംതിട്ട ജില്ലയിലെ വനിതാ എം.എൽ.എയുടെ മന്ത്രി സ്ഥാനം. കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മ വിജയിച്ചാൽ ഒരുപക്ഷെ ഈ വനിതാ നേതാവിന്റെ സഭയുടെ ആവശ്യം നടപ്പാകണമെന്നില്ല. ചെങ്ങന്നൂരിൽ ശക്തമായ സാന്നിദ്ധ്യമുള്ള സഭയുമായി അവിടത്തെ മുൻ എം.എൽ.എ കൂടിയായ പി.സി വിഷ്ണുനാഥിന് നല്ല ബന്ധമാണുള്ളത്. ഈ ബന്ധം കുണ്ടറയിൽ വിഷ്ണുനാഥ് പ്രയോജനപ്പെടുത്തിയതായും അനുമാനിക്കാവുന്നതാണ്. മന്ത്രിയുടെ തോൽവിയെക്കുറിച്ച് സി.പി.എം നടത്തുന്ന അന്വേഷണത്തിൽ ഇത്തരം കണ്ടെത്തലുകളൊന്നും ഉണ്ടാകാനുള്ള സാദ്ധ്യത വിരളമാണ്. കുണ്ടറയിൽ ബി.ജെ.പി വോട്ട് കച്ചവടം നടത്തിയെന്നതാണ് സി.പി.എം ഉന്നയിക്കുന്ന പ്രധാന ആരോപണം. 2016 ൽ അവിടെ ബി.ജെ.പി സ്ഥാനാർത്ഥിക്ക് 20257 വോട്ട് ലഭിച്ചിരുന്നു. ഇക്കുറി ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 6100 വോട്ടാണ്. ബി.ഡി.ജെ.എസ് വോട്ടുകൾ ഇത്തവണ സംസ്ഥാനത്താകെ ഇടതുമുന്നണിക്ക് ലഭിച്ചതായാണ് വിലയിരുത്തൽ. കുണ്ടറയിൽ മാത്രം അതിന് മാറ്റം വരാനുള്ള സാദ്ധ്യത വിരളമാണ്.

കൊവിഡ് കാലത്തെ

നന്മക്കാഴ്ചകൾ

കൊവിഡ് രണ്ടാംതരംഗം സൃഷ്ടിക്കുന്ന ഭീതിയും ആഘാതവും അതിജീവിക്കാൻ നാ‌‌ടെങ്ങും കൈകോർക്കുന്ന കാഴ്ചയാണിപ്പോൾ എങ്ങും. സന്നദ്ധ സംഘടനകളും വ്യക്തികളും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളുമൊക്കെ നാടെങ്ങും ഒരുക്കുന്ന നന്മക്കാഴ്ചകളാണ് മരവിച്ച മനസുകൾക്ക് കുളിർമ്മയേകുന്നത്. ജില്ലയിലെ രണ്ട് നിയുക്ത കോൺഗ്രസ് എം.എൽ.എമാരായ പി.സി വിഷ്ണുനാഥും സി.ആർ മഹേഷും ജനങ്ങൾക്ക് സഹായം എത്തിക്കാൻ കൊവിഡ് ഹെൽപ് ഡസ്ക് രൂപീകരിച്ചാണ് മാതൃകയാകുന്നത്. കൊവിഡ് പോസിറ്റീവാകുന്ന രോഗികൾക്ക് മരുന്നും വൈദ്യസഹായവും ഭക്ഷണവും അടക്കമുള്ള സഹായങ്ങളാണ് അവരുടെ ഓഫീസുകളിൽ ആരംഭിച്ച ഹെൽപ് ഡസ്ക്കിലൂടെ നൽകുന്നത്. അതത് സ്ഥലത്തെ പാർട്ടി വോളണ്ടിയർമാരാണ് ഇത് നടപ്പാക്കുന്നത്. പാവങ്ങൾക്ക് ഭക്ഷണകിറ്റ് എത്തിക്കുകയും കൊവിഡ് നെഗറ്റീവാകുന്നവർക്ക് തുടർന്ന് ലഭിക്കേണ്ട പരിചരണം ഉറപ്പാക്കുകയും ചെയ്യും.

കൊട്ടാരക്കരയിലെ നിയുക്ത എം.എൽ.എ കെ.എൻ ബാലഗോപാൽ കൊവിഡ് രോഗിയെ കൊണ്ടുപോകാൻ വാഹനം ഇല്ലാത്തവ‌ർക്ക് വാഹനം ഉറപ്പാക്കുന്ന നടപടിയുമായാണ് അവിടെ സജീവമായത്. ഈ ആവശ്യത്തിനായി വാഹനം വിട്ടുനൽകാൻ സന്നദ്ധരായവർ മുന്നോട്ട് വരണമെന്ന അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് നിരവധി പേരാണ് വാഹനവുമായി മുന്നോട്ട് വന്നത്.

വ്യക്തികളും തങ്ങളാൽ കഴിയുന്ന സഹായവുമായി സജീവമാണ്. ചാത്തന്നൂർ സ്റ്റാൻഡേർഡ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ എ.സജീവ് സ്വന്തം ഓട്ടോറിക്ഷ തന്നെ കൊവിഡ് ആംബുലൻസാക്കി മാറ്റിയാണ് മാതൃകയാകുന്നത്. പി.പി.ഇ കിറ്റില്ലാതെ രണ്ട് മാസ്‌ക് മാത്രം ധരിച്ചാണ് സജീവ് കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നത്. കൊവിഡ് മഹാമാരി തുടങ്ങിയ ശേഷം സജീവ് ഇതുവരെ 150 ഓളം പേരെയാണ് ഇങ്ങനെ സഹായിച്ചത്. പരവൂർ നഗരസഭയിലെ ഒന്നാം വാർഡ് കൗൺസിലർ ആർ.എസ് വിജയും തന്റെ ഓട്ടോറിക്ഷ ആംബുലൻസാക്കി മാറ്റി സൗജന്യസേവനമാണ് നടത്തുന്നത്. പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ദീർഘദൂര ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഉച്ചഭക്ഷണം വിതരണം നടത്തിയാണ് സേവനത്തിന്റെ ഉദാത്ത മാതൃക കാട്ടുന്നത്. ആംബുലൻസ് ഡ്രൈവ‌ർമാ‌ർക്കും തെരുവിൽ കഴിയുന്ന അനാഥർക്കും അവർ കാരുണ്യഹസ്തം നീട്ടുന്നുണ്ട്. നാടിന്റെ നാനാഭാഗങ്ങളിലും ഇത്തരം സേവനം ഉറപ്പാക്കി വിവിധ സംഘടനകളാണ് സജീവമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. കൊവിഡ് ഭീതിയിലും ഈ നന്മമനസുകളുടെ ഉദാരമനസ്കത പകർന്നു നൽകുന്ന ആശ്വാസം ചെറുതല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MERCYKUTTY AMMA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.