SignIn
Kerala Kaumudi Online
Friday, 26 April 2024 11.32 AM IST

ലീഗ് ആരാണെന്ന് മുഖ്യമന്ത്രി പറയും

pinarayi-vijayan

താനാരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താനെന്നോട് ചോദിക്ക് താനാരാണെന്ന്... പ്രമുഖ ഹാസ്യനടൻ കുതിരവട്ടം പപ്പുവിന്റെ വിഖ്യാതമായ ഈ സംഭാഷണം കേട്ട് പൊട്ടിച്ചിരിക്കാത്ത മലയാളിയില്ല. ഈ ചോദ്യം വീണ്ടും ഓർമ്മിപ്പിച്ചു നമ്മുടെ മുഖ്യമന്ത്രി. ഇതിനോട് സമാനമായ ഒരു ചോദ്യമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ലീഗിനോട് ചോദിച്ചത്. ലീഗ് ആരാണെന്ന് ലീഗിന് അറിയില്ലെങ്കിൽ പിണറായി പറയും, ലീഗ് ആരാണെന്നും സി.പി. എം ആരാണെന്നും.

കണ്ണൂർ ജില്ലയിലെ പഴയങ്ങാടി അത്യാവശ്യം ലീഗ് സ്വാധീനമുള്ള പ്രദേശം കൂടിയാണ്. അവിടെനിന്നു തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലീഗിനെതിരെ കൊടുങ്കാറ്റായത്.

സി.പി. എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ആക്രമണം. ആരോഹണ അവരോഹണ ക്രമത്തിൽ തുടർന്നു വരുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസംഗ രീതി. സാർവദേശീയം, ദേശീയം, സംസ്ഥാനം, പ്രാദേശികം എന്ന നിലയിലാണ് അതിന്റെ ക്രമം. സംസ്ഥാനത്ത് എത്തിയതോടെയാണ് അദ്ദേഹം പൊട്ടിത്തെറിച്ചത്. മുസ്ലീം ലീഗ് കോഴിക്കോട്ട് നടത്തിയ വഖഫ്‌ സംരക്ഷണ റാലിയും അവിടെ ഉയർന്ന മുദ്രാവാക്യവും ചില നേതാക്കളുടെ പ്രസംഗങ്ങളുമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ലീഗിനെ എതിർക്കുന്ന കമ്യൂണിസ്റ്റുകാർ കാഫിറുകളെന്നും മതവിരോധികളെന്നുമെല്ലാമുള്ള പഴഞ്ചൻ ഫത്‌വകൾ നേതാക്കൾ ഏറ്റുപാടുകയായിരുന്നു. മുസ്ലീം സമുദായത്തെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി. എമ്മും ഭിന്നിപ്പിക്കുന്നു എന്നതായിരുന്നു നേതാക്കളുടെ പ്രധാന ആരോപണം.
മന്ത്രി പി .എ മുഹമ്മദ്‌ റിയാസിനെതിരെയുള്ള അധിക്ഷേപമായിരുന്നു ഒരു നേതാവ് നടത്തിയത്‌. ലീഗ്‌ വിട്ട്‌ സി.പി.എമ്മിനൊപ്പം പോകുന്നവർ ഇസ്ലാമിൽനിന്നാണ്‌ പോകുന്നതെന്ന കണ്ടെത്തലുമുണ്ടായി. കുട്ടികൾ എസ്‌.എഫ്‌.ഐയിൽ ചേർന്നാൽ സമുദായത്തിനാണ്‌ ക്ഷീണമെന്നും മാർക്‌സിസ്റ്റുകാർ ഇസ്ലാമിന്റെ ശത്രുക്കളെന്നുമെല്ലാം ആക്ഷേപിച്ചു. വഖഫ്‌ വിഷയമാക്കി മതമാണ്‌ പ്രധാന അജൻഡയെന്ന്‌ ലീഗ്‌ തുറന്നു പ്രഖ്യാപിച്ച റാലി സാമൂഹ്യ–-രാഷ്‌ട്രീയ മണ്ഡലത്തിലുണ്ടാക്കുന്ന അപകടം ചെറുതാകില്ല. ആർ.എസ്‌.എസിന്റെ ഹൈന്ദവ അജൻഡയുടെ ബദൽ അവതരിപ്പിക്കയായിരുന്നു ലീഗ്‌.

ഇതിന്റെ ചുവട് പിടിച്ചാണ് മുഖ്യമന്ത്രി ലീഗിനെതിരെ ആഞ്ഞടിച്ചത്. ആദ്യം നിങ്ങളാരെന്ന് വ്യക്തമാക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. നിങ്ങൾ മതസംഘടനയോ രാഷ്ട്രീയ സംഘടനയോ എന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു ചോദ്യം. വഖഫ് ബോർഡ് നിയമന വിഷയത്തിൽ ലീഗ് അവ്യക്തതയും ആശയക്കുഴപ്പവും ഉണ്ടാക്കുന്നുവെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. ലീഗിനെതിരായ മുഖ്യമന്ത്രിയുടെ ആക്രോശം കേട്ട് സി.പി. എം പ്രതിനിധികളും മാദ്ധ്യമപ്രതിനിധികളും അക്ഷരാർത്ഥത്തിൽ ഞെട്ടി.

സമസ്ത, സുന്നി എന്നീ വിഭാഗങ്ങൾക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകി ലീഗിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു മുഖ്യമന്ത്രി.

വഖഫ് ബോർഡ് വിഷയത്തിൽ പിടിവാശിയില്ലെന്നും റിക്രൂട്ട്മെന്റ് തത്ക്കാലമില്ലെന്നും നിലപാട് വ്യക്തമാക്കിയ സർക്കാരിനെതിരെ വികാരം ഇളക്കിവിടുന്ന നിങ്ങൾ ചെയ്യാനുള്ളത് ചെയ്യൂ. ഇതിൽ ലീഗിനോട് പറയാനുള്ളത്, നിങ്ങളാദ്യം നിങ്ങളാരെന്ന് തീരുമാനിക്കണമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതസംഘടനകൾക്ക് വ്യക്തമായ വിഷയത്തിൽ ഇവർക്കത് ഇനിയും ബോദ്ധ്യമായില്ല. ലീഗ് ആരാണ്? ഒരു രാഷ്ട്രീയപാർട്ടിയാണ് എന്ന നില ലീഗ് മറന്നു പോകുകയാണ്. മതസംഘടനകളുമായി വഖഫ് ബോർഡ് നിയമന വിഷയം ചർച്ചചെയ്യും. അതിന് പരിഹാരമുണ്ടാക്കും. ചില മതസംഘടനകൾക്ക് അക്കാര്യത്തിൽ യാതൊരു ആശങ്കയുമില്ല. ഏറ്റവും വലിയ മുസ്ലിം സംഘടനകളായ ജിഫ്രി തങ്ങളുടെ സമസ്തയ്ക്കും അബൂബക്കർ മുസ്ലിയാർക്കും ഇക്കാര്യം നല്ല ബോദ്ധ്യമുണ്ട്. ലീഗിന് മാത്രം ബോദ്ധ്യമില്ലപോലും, നിങ്ങളുടെ ബോദ്ധ്യം ആര് പരിഗണിക്കുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് ചെയ്യാനുള്ളത് ചെയ്യ്. തങ്ങൾക്കത് പ്രശ്‌നമല്ല- പിണറായി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ലീഗ് നേതാവ് ഡോ. എം.കെ. മുനീർ വിമർശനവുമായി രംഗത്ത് വന്നിരുന്നു. തങ്ങൾ രാഷ്ട്രീയ പാർട്ടിയാണെന്നും അതിനു എ.കെ. ജി സെന്ററിൽ നിന്നുള്ള തിട്ടൂരം ലീഗിന് വേണ്ടെന്നുമായിരുന്നു മുനീർ പ്രതികരിച്ചത്. ഇതൊക്കെ കൂട്ടിവായിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. ലീഗിനെ അടിക്കാനുള്ള വടി നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ തന്നെ മുഖ്യമന്ത്രി കൈയിൽ കരുതിയിരുന്നു. ഓരോ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലെയും പ്രസംഗങ്ങളിലെയും പ്രധാന വിഷയം ലീഗ് തന്നെയായിരുന്നു. മുസ്ലീങ്ങളുടെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് ഏറ്റെടുക്കേണ്ടെന്ന തിരഞ്ഞെടുപ്പ് വേളയിലെ മുഖ്യമന്ത്രിയുടെ പ്രസംഗവും ഏറെ വിവാദമായിരുന്നു.

ലീഗിന്റെ മടയിൽ ചെന്നു തന്നെയായിരുന്നു അന്നത്തെ ആക്രമണം. ആ ആക്രമണം ഫലം കണ്ടുവെന്നു വേണം മലപ്പുറത്തെ സി.പി.എമ്മിന്റെ മുന്നേറ്റം തെളിയിക്കുന്നത്. തങ്ങളുടെ കേന്ദ്രങ്ങളിലെല്ലാം ഇടിച്ചു കയറാൻ സി.പി. എമ്മിന് കഴിഞ്ഞതും ലീഗ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR DIARY, MUSLIM LEAGUE AND PINARAYI VIJAYAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.