SignIn
Kerala Kaumudi Online
Saturday, 27 April 2024 5.19 AM IST

കാട്ടാക്കടയിലെ ജലസമൃദ്ധി

kk

എസ്.എം. വിജയാനന്ദുമായി മഹാരാഷ്ട്രയിലെ റാലെഗാൻ സിദ്ധി എന്ന ഗ്രാമം കാണാൻ പോയത് 2007ലോ 2008ലോ ആണെന്നു തോന്നുന്നു. ഈ മഴനിഴൽ പ്രദേശം വരൾച്ചകൊണ്ടു മാത്രമല്ല, വിഭവ ദുർവിനിയോഗം കൊണ്ടും ദാരിദ്ര്യത്തിന്റെ ഈറ്റില്ലമായിരുന്നു. കൊടുംവേനലിലാണ് ഞങ്ങൾ പോയത്. ഗ്രാമത്തെച്ചുറ്റിയുള്ള മൊട്ടകുന്നിൻനിരകൾ കടന്നതോടെ ഒരു ഹരിതലോകത്തേക്കാണു ചെന്നെത്തിയത്. വേനൽക്കാലത്തും ഗ്രാമപ്രദേശം മുഴുവൻ ഹരിതാഭമായിരുന്നു. അരുവിയിൽ അപ്പോഴും വെള്ളമുണ്ടായിരുന്നു. കേരളത്തിന്റെ പത്തിലൊന്ന് പോലും മഴ ലഭിക്കാത്ത ഈ പ്രദേശം രണ്ട് പതിറ്റാണ്ടുകൊണ്ട് ഇങ്ങനെ രൂപാന്തരപ്പെടുത്തിയത് അണ്ണാ ഹസാരെയുടെ നേതൃത്വത്തിലാണ്. കൃത്യമായ നീർത്തടാസൂത്രണം. ഈ ഗ്രാമത്തിന്റെ പേരിലാണ് അണ്ണാ ഹസാരെ രാജ്യത്ത് പ്രസിദ്ധനായത്. ഒരു ദിവസം ഞങ്ങൾ അവിടെ തങ്ങി. ഇതുപോലൊരു നീർത്തടമാതൃക കേരളത്തിലും സൃഷ്ടിക്കണമെന്നു ചിന്തിച്ചുകൊണ്ടാണ് അവിടെ നിന്നും മടങ്ങിയത്.


കേരളത്തിലും ഒരു റാലെഗാൻ
സന്ദർശന ശേഷം വർഷങ്ങളെത്ര കഴിഞ്ഞു. ഇപ്പോഴാണ് അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാനാവുമെന്ന് കരുതുന്ന ഒരു നീർത്തടാധിഷ്ഠിത വികസന മാതൃക കേരളത്തിൽ രൂപംകൊള്ളുന്നത്. അതാണ് കാട്ടാക്കട മണ്ഡലത്തിൽ ഐ.ബി. സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതി. തുടക്കമേ ആയിട്ടുള്ളൂ. തുടർച്ചയുണ്ടാകുമെന്ന് ഉറപ്പുണ്ട്. അഞ്ചുവർഷംകൊണ്ട് കേരളത്തിലൊരു റാലെഗാൻ സിദ്ധി സൃഷ്ടിക്കാനാവും.
കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതി ഫലം തന്നുകഴിഞ്ഞു. ഭൂജലവകുപ്പും ദേശീയ ഭൂജലബോർഡും ചേർന്നു ബ്ലോക്ക് അടിസ്ഥാനത്തിൽ ജലസുരക്ഷയുടെ സൂചകം തയ്യാറാക്കുന്നുണ്ട്. ഭൂഗർഭ ജലവിതാനമാണ് മുഖ്യമായി ആധാരമാക്കുന്നത്. അഞ്ച് വർഷം മുമ്പു കേരളത്തിലെ 152 ബ്ലോക്കുകളിൽ 130 എണ്ണം ജലസുരക്ഷിത ബ്ലോക്കുകളായിരുന്നു. അമിത ഭൂഗർഭ ജലവിനിയോഗവും മഴവെള്ളസംഭരണത്തിലുണ്ടായ വീഴ്ചകളും മൂലം ഇത്തരം സുരക്ഷിത ബ്ലോക്കുകളുടെ എണ്ണം 118 ആയി കുറഞ്ഞിരിക്കുകയാണ്. ഇതു സൂചിപ്പിക്കുന്നത് കേരളത്തിലെ ജലചക്രത്തിന്റെ രൂക്ഷമായ തകർച്ചയാണ്. പക്ഷെ കാട്ടാക്കടയിൽ ഭൂഗർഭജലവിതാനം ഉയർന്നു. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ നേമം ബ്ലോക്കിന് സുരക്ഷിത വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം കിട്ടി. ഇത്തരത്തിൽ ജലസുരക്ഷ ഉയർന്ന ഏക ബ്ലോക്ക് നേമമാണ്.


നീർത്തടാസൂത്രണം
ഈ നേട്ടം കൈവരിച്ചത് ശാസ്ത്രീയവും ജനകീയവുമായ
ജലപരിപാലന സമ്പ്രദായം ആവിഷ്‌കരിച്ചതു കൊണ്ടാണ്. കേരള
സംസ്ഥാന ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ ഒരു സംഘം വിദഗ്ദ്ധർ മണ്ഡലത്തിലെ 14 നീർത്തടങ്ങളും വേർതിരിച്ചെടുത്തു. ഇവിടുത്തെ മണ്ണ്, ജലം, ബയോമാസ്, മനുഷ്യനിർമ്മിതികൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. ഇവയെല്ലാം തന്നെ വിവിധ രജിസ്റ്ററുകളിലും സാറ്റലൈറ്റ് മാപ്പുകളിലും ലഭ്യമാണ്. കുറച്ചുകാര്യങ്ങൾക്കു പ്രാഥമികമായി വിവരങ്ങൾ ശേഖരിക്കേണ്ടിവന്നു. ജനകീയമായി ഇവയുടെയെല്ലാം ശരി ഉറപ്പുവരുത്തി. അതിനു ശേഷം ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നീർത്തടാടിസ്ഥാനത്തിൽ ഈ വിവരങ്ങൾ ഭൂപടങ്ങളാക്കി മാറ്റി. ഇവ മുഴുവൻ ഡിജിറ്റലൈസ് ചെയ്തു. ഇത്തരത്തിലുള്ള ഒരു വിവരസഞ്ചയത്തിന്റെ ഗുണമെന്താണ്? നമ്മൾ ഒരു കാര്യം ചെയ്താൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്തെല്ലാമാണെന്നു കമ്പ്യൂട്ടറിൽത്തന്നെ ഗണിച്ചെടുക്കാനാവും. ഉദാഹരണത്തിന് ഒരു അരുവിയിൽ ഏതാനും തടയണകൾ നിർമ്മിച്ചെന്നിരിക്കട്ടെ. ഇതിന്റെ ഫലമായി അരുവിയുടെ തടപ്രദേശങ്ങളിൽ ജലവിതാനത്തിന് എന്തുസംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കാനാവും. മഴക്കുഴി എടുക്കുക, കുളം വെട്ടുക, മരം വച്ചുപിടിപ്പിക്കുക.... ഇങ്ങനെ ഓരോ ഇടപെടലും എന്തെല്ലാം അനന്തരഫലങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പ്യൂട്ടർ ഉപയോഗിച്ച് ഗണിച്ചെടുക്കാനാവും. ഇവയോടൊപ്പം കുടുംബാടിസ്ഥാനത്തിലും സ്ഥാപനാടിസ്ഥാനത്തിലുമുള്ള സാമൂഹ്യസാമ്പത്തിക വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പോർട്ടലും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഓരോ റവന്യൂ
പ്ലോട്ടിലെയും മണ്ണ് - ജല - സസ്യ വിവരങ്ങൾ മാത്രമല്ല, വീടുകളെയും കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ അറിയാനാവും. പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളും സംബന്ധിച്ച വിവരങ്ങളും പോർട്ടലിലുണ്ട്.


മണ്ണുജല സംരക്ഷണം
ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മണ്ണുജല സംരക്ഷണ പ്രവർത്തനങ്ങളിലേക്ക് നീങ്ങിയെന്നതാണു കാട്ടാക്കടയുടെ പ്രത്യേകത. ജലസംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ മണ്ഡലത്തിലെ 68 സ്‌കൂളുകളിലും ജലക്ലബ്ബുകൾ രൂപീകരിച്ചു. ഓരോ വാർഡിലെയും അഞ്ചംഗങ്ങൾ അടങ്ങുന്ന സന്നദ്ധസേനയെ (ജലമിത്രം) തിരഞ്ഞെടുത്ത് ശുചിത്വ മിഷനും യൂത്ത് വെൽഫെയർ ബോർഡും പരിശീലനം നൽകി. ഇവരുടെ സഹായത്തോടെ ബഹുജന അവബോധ പരിപാടികൾ സംഘടിപ്പിച്ചു. നീർത്തടസംരക്ഷണ യാത്രകൾ നടത്തി. കലാജാഥയുടെ പര്യടനവും ഉണ്ടായിരുന്നു. നാഷണൽ സർവീസ് സ്‌കീം ക്യാമ്പുകളും ജല പാർലമെന്റും സംഘടിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മഴക്കുഴികൾ, അരുവികളുടെ പുനരുദ്ധാരണം, തടയണ നിർമ്മിക്കൽ, കിണർ റീചാർജിംഗ്, കൃത്രിമ ഭൂജലപോഷണം, 327 പുതിയ കാർഷിക കുളങ്ങൾ, ക്വാറികൾ ജലസംഭരണികളാക്കൽ, മരം വച്ചുപിടിപ്പിക്കൽ, പച്ചത്തുരുത്ത് നിർമ്മാണം തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ഇവയുടെയെല്ലാം ഫലമായി ഒലിച്ചുപൊയ്‌ക്കൊണ്ടിരുന്ന വെള്ളം പരമാവധി നീർത്തടങ്ങളിൽ തന്നെ സംഭരിക്കുന്നതിനും ഭൂഗർഭത്തിലേക്ക് കിനിഞ്ഞിറങ്ങുന്നതിനും അവസരമൊരുക്കി. അങ്ങനെയാണ് നേമത്തെ ഭൂഗർഭജലവിതാനം ഉയർന്നത്. ഇത്തരത്തിൽ മണ്ണുജല സംരക്ഷണ പ്രവർത്തനങ്ങളുടെ ലക്ഷ്യം കൃഷിയുടെ അഭിവൃദ്ധിയാണ്. തരിശുഭൂമികൾ കൃഷിക്കായി വീണ്ടെടുത്തു. ക്വാറികളിലും കുളങ്ങളിലും മത്സ്യകൃഷി ആരംഭിച്ചു. പ്രവർത്തനങ്ങളുടെയെല്ലാം പ്രത്യേകത തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ജനപങ്കാളിത്തമാണ്. പ്രവർത്തനങ്ങൾ പുതിയ ഫണ്ട് ഉപയോഗിച്ചായിരുന്നില്ല. നിലവിലുള്ള സ്‌കീമുകളെ കൂട്ടിയോജിപ്പിച്ചു കൊണ്ടായിരുന്നു. ജലസമൃദ്ധിയുടെ നാലുവർഷം സംബന്ധിച്ച് ഒരു റിപ്പോർട്ട് 2020ൽ പ്രസിദ്ധീകരിച്ചു. അതിലെ സന്ദേശങ്ങൾ വായിച്ചാൽ തദ്ദേശഭരണം മാത്രമല്ല ജലസേചനം, കൃഷി, ആസൂത്രണം, ഹരിതമിഷൻ, കുടുംബശ്രീ, ശുചിത്വമിഷൻ, തൊഴിലുറപ്പ് തുടങ്ങിയ എത്രയോ ഏജൻസികൾ അവർ ചെയ്ത കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. നീർത്തടാസൂത്രണത്തിലൂടെ ഉയരുന്ന പ്രോജക്ടുകൾ പഞ്ചായത്ത് പദ്ധതിയുടെയും ഭാഗമായി മാറുന്നു.


കാട്ടാക്കട ചങ്ങാതി കൂട്ടം
ഈ പദ്ധതി ഇതിനകം അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
2019 മെയ് മാസത്തിൽ ജനീവയിൽ നടന്ന ലോക പുനർനിർമ്മാണ
സമ്മേളനത്തിന്റെ നാലാം പതിപ്പിൽ സംയോജിത
ജലസംരക്ഷണത്തിന്റെ മികച്ചമാതൃകയായി ജലസമൃദ്ധി
അവതരിപ്പിക്കപ്പെട്ടതു പദ്ധതിക്കു ലഭിച്ച വലിയ
അംഗീകാരമാണ്. ഇതുകൂടാതെ സംസ്ഥാന സർക്കാരിന്റെ അവാർഡ്, ദേശീയതലത്തിൽ സ്‌കോച്ച് അവാർഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും പദ്ധതിക്കു നേടാനായി.
കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതു സംബന്ധിച്ച് എം.എൽ.എ മുൻകൈയെടുത്തു വിദഗ്ദ്ധരുടെ വെബിനാർ നടത്തുകയുണ്ടായി. രണ്ടു ഡസനിലേറെ വിദഗ്ദ്ധർ പങ്കെടുത്തു. ഇനി ചെയ്യേണ്ട കാര്യങ്ങളുടെ രൂപരേഖയും തയ്യാറാക്കി. സമഗ്ര പോർട്ടൽ പൂർത്തിയാക്കണം. നബാർഡ് ഫണ്ട് വാങ്ങി മണ്ണുജല സംരക്ഷണ പ്രവർത്തനങ്ങൾ ചില നീർത്തടങ്ങളിൽ പൂർണമായും നടപ്പാക്കണം. സമ്പൂർണ ശുചിത്വം കൈവരിക്കണം. ജലത്തിന്റെ ലഭ്യത കണക്കിലെടുത്തു വിളവിസ്തൃതി വർദ്ധിപ്പിക്കണം. ബയോമാസ് ആസൂത്രിതമായി ഉയർത്തണം. ഇവയുടെ വിഭവങ്ങൾ
സംസ്‌കരിക്കുന്നതിനുള്ള പുതിയ തൊഴിൽ സംരംഭങ്ങൾക്കു രൂപം
നൽകണം. ഇതിനൊക്കെ വിശദമായ പരിപാടി തയ്യാറാക്കണം.
ജനപ്രതിനിധികളും ജനങ്ങളുമായി സംവദിക്കണം. നടപ്പാക്കുന്നതിനു സഹായിക്കണം. ഇതിനായി 'കാട്ടാക്കട
ചങ്ങാതിക്കൂട്ട'ത്തിന് രൂപം നൽകി. സംവാദത്തിൽ പങ്കെടുത്ത
മുഴുവൻ പേരും മാസത്തിൽ രണ്ടുദിവസം ഇതിനായി സമയം
കണ്ടെത്തും. നിങ്ങൾക്കും പങ്കുചേരാം. താത്‌പര്യമുണ്ടെങ്കിൽ എം.എൽ.എയെയോ ( ഫോൺ : 9446558430) വി.ജി. മനമോഹനെയോ ( ഫോൺ : 9447096115) വിളിക്കുക. ജലസമൃദ്ധിയെക്കുറിച്ചു കൂടുതലറിയാൻ https://jalasamrdhi.com സന്ദർശിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NATTUVICHARAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.