
കാർഷികമേഖലയിലെ വിനോദസഞ്ചാര സാദ്ധ്യതകൾ വികസിപ്പിക്കാനും കർഷകർക്ക് അധിക വരുമാനത്തിനുള്ള മാർഗമായി ഉപയോഗപ്പെടുത്താനും ഒരു പദ്ധതി, അതായിരുന്നു കേരള അഗ്രി ടൂറിസം നെറ്റ് വർക്ക്. കേരളത്തിലെത്തുന്ന ആയിരക്കണക്കിന് വിദേശ ടൂറിസ്റ്റുകളും ഒരു ലക്ഷത്തിലധികം ആഭ്യന്തര സഞ്ചാരികളുമാണ് ഓരോ വർഷവും സംസ്ഥാനത്തെ ഫാം ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിർദ്ദേശാനുസരണം മൂന്നുവർഷം മുമ്പ് ആരംഭിച്ച അഗ്രി ടൂറിസം പദ്ധതിയിലൂടെ മുഖംമാറ്റുകയാണ് നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം.
ഫാം ടൂറിസമെന്നാൽ കൃഷിയിടങ്ങളിൽനിന്നു കൃഷി ഒഴിവാക്കി ടുറിസ്റ്റുകൾക്കു സുഖകരമായ താമസവും രുചിവൈവിധ്യമുള്ള ഭക്ഷണവും നൽകുന്ന കേവലം അക്കോമഡേഷൻ യൂണിറ്റുകൾ എന്നൊരു ധാരണയുണ്ട് പല സംരംഭകർക്കും. എന്നാൽ സുഖസൗകര്യങ്ങളെക്കാൾ കൃഷിയനുഭവങ്ങളാണ് സന്ദർശകർക്കുവേണ്ടത്. അതാണ് കേരള അഗ്രി ടൂറിസം നെറ്റ് വർക്കിലൂടെ സാദ്ധ്യമാക്കുന്നത്.
ലോക ടൂറിസത്തിലെ പ്രധാന മാറ്റങ്ങളിൽ ഒന്നാണ് സുസ്ഥിരവും ഉത്തരവാദിത്ത പൂർണവുമായ വിനോദ സഞ്ചാരം. കേരളം ഇക്കാര്യത്തിൽ വളരെ മുൻപേ സഞ്ചരിച്ചു തുടങ്ങി. ഇത്തരം വിനോദസഞ്ചാര പ്രവർത്തനങ്ങളിൽ മുഖ്യമാണ് എക്സ്പീരിയൻസ് ടൂറിസം അഥവാ അനുഭവവേദ്യ വിനോദസഞ്ചാരം. ഇതിന്റെ ഭാഗമായി വില്ലേജ് ലൈഫ് എക്സ്പീരിയൻസ് ടൂർ പാക്കേജുകൾ ഒരുക്കുന്നുണ്ട്. കൃഷിയിടത്തിൽ ജലം എത്തിക്കുന്നതിനുവേണ്ടി കാസർകോട് ജില്ലയിൽ വർഷങ്ങൾക്കു മുൻപു നിർമിക്കപ്പെട്ട സുരങ്കകൾ വിനോദസഞ്ചാരികളുടെ മുഖ്യ ആകർഷണങ്ങളിലൊന്നായി മാറിയത് ഈ പാക്കേജ് യാത്രകളിലൂടെയാണ്. കർഷകർ വർഷങ്ങൾക്കു മുൻപ് സ്വായത്തമാക്കിയ ഒരു അറിവിനെ അവർക്കൊരു വരുമാനമാർഗമാക്കി മാറ്റാൻ ഇതുവഴി സാധിച്ചു. ഇതിനു സമാനമാണ് കോട്ടയത്തെ കുമരകംപോലുള്ള സ്ഥലങ്ങളിലെ കള്ളുചെത്തലും കയറുപിരിയും ഓലമെടയലും തഴപ്പായനെയ്ത്തുമൊക്ക. ഇവ കാണാനും അനുഭവിക്കാനും അവസരമൊരുക്കുന്ന പാക്കേജിനും വൻ സ്വീകാര്യതയാണുള്ളത്. ഇതിൽ പാഡി ഫീൽഡ് വാക്ക് അല്ലെങ്കിൽ വയലിലൂടെയുള്ള നടത്തവും മുഖ്യ ഇനമാണ്. കേരള അഗ്രി ടൂറിസം നെറ്റ് വർക്കിൽ തങ്ങളുടെ കൃഷിയിടം ഉൾപ്പെടുത്താൻ കർഷകർ പുതുതായി നിക്ഷേപം നടത്തേണ്ടിവരുന്നില്ല. കൃഷിയിടങ്ങളിലെ യഥാർത്ഥ അന്തരീക്ഷവും ഒപ്പം ആനന്ദകരമായ ചില അനുഭവങ്ങളും സന്ദർശകനു നൽകിയാൽ മതി. പാലക്കാട് ജില്ലയിലെ ചിതലയിലെ ഒരു പാടശേഖരത്തിൽ മഡ് ഫുട്‌ബോൾ നടത്തിയത് ഇതിന് ഉദാഹരണമാണ്. കേരളത്തിനകത്തും പുറത്തുമുള്ള സഞ്ചാരികൾ മുൻകൂട്ടി ബുക്ക് ചെയ്തുപോലും അവിടെ കാണികളും പങ്കാളികളുമായി. മഡ് ഫുട്‌ബാൾ മാത്രമല്ല, ഞാറുനടീൽ ഉൾപ്പെടെ വിവിധ മത്സരങ്ങളിലും അവർ പങ്കുകൊണ്ടു. ഇത്തരത്തിൽ കൃഷിയിട ടൂറിസത്തിൽ വലിയ സാദ്ധ്യതകൾ പരീക്ഷിക്കുകയാണ് നെല്ലിയാമ്പതിയും.
മുൻ വർഷങ്ങളിൽ തരിശായി കിടന്നിരുന്ന ഭൂമിയും പരിമിതമായ വരുമാനവും മാത്രമുണ്ടായിരുന്ന നെല്ലിയാമ്പതി ഗവൺമെന്റ് ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിന്റെ സ്ഥിതി ഇന്ന് പൂർണമായും മാറിയിരിക്കുന്നു. ഒരുകാലത്ത് പ്രതിസന്ധി നേരിട്ടിരുന്ന ഈ സർക്കാർ ഫാം ഇന്ന് കേരളത്തിലെ അഗ്രി ടൂറിസത്തിന്റെ മാതൃകയായി തിളങ്ങുകയാണ്. പുതിയ കൃഷിരീതികൾ, ആധുനിക സാങ്കേതികവിദ്യകൾ, വൈവിധ്യമാർന്ന ഉൽപ്പാദനം തുടങ്ങിയ മാർഗങ്ങളിലൂടെ മികവിന്റെ മാതൃകയായി ഫാമിനെ മാറ്റിയെടുക്കാൻ വൻപ്രയത്നം തന്നെ നടന്നിട്ടുണ്ട്. 50 മുതൽ 60 ലക്ഷം രൂപ മാത്രമായിരുന്ന വാർഷിക വരുമാനം ഇന്ന് 2 കോടി രൂപയിലേക്ക് ഉയർന്നത് ഈ പരിവർത്തനത്തിന്റെ വ്യക്തമായ തെളിവാണ്. തരിശുഭൂമികളെ ഉൽപ്പാദനക്ഷമമാക്കിയതും, ഫാമിനെ ടൂറിസം, വാല്യൂ അഡിഷൻ തുടങ്ങിയ മേഖലകളിലേക്ക് വ്യാപിപ്പിച്ചതും പുതിയ ഉയരങ്ങൾ കീഴടക്കാൻ സഹായകമായി.
ഉത്പാദന വൈവിodധ്യവത്കരണവും ആധുനിക കൃഷിരീതികളും
മുൻകാലങ്ങളിൽ തരിശായി കിടന്നിരുന്ന ഭൂമികളെ പൂർണമായും കൃഷിയോഗ്യമാക്കിയതാണ് ഫാമിന്റെ പ്രധാന നേട്ടം. പുതുതായി ഓറഞ്ച്, ഏലം, അവകാഡോ, പാഷൻ ഫ്രൂട്ട്, സപ്പോട്ട തുടങ്ങിയ വിളകൾ നട്ടുപിടിപ്പിച്ചതോടെ ഉൽപ്പാദനം വൻതോതിൽ വർധിച്ചു. ഹൈടെക് പോളിഹൗസുകളും ഓപ്പൺ പ്രിസിഷൻ ഫാമിംഗും ആരംഭിച്ചതോടെ സാലഡ് കുക്കുമ്പർ, സ്‌ട്രോബെറി, ചെറി, ടൊമാറ്റോ തുടങ്ങിയ വിളകൾ 10 ഏക്കറോളം സ്ഥലത്ത് വിജയകരമായി കൃഷി ചെയ്തു. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലുള്ള വളപ്രയോഗം, ഡ്രിപ് ഇറിഗേഷൻ, അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിച്ചത് ഉൽപ്പാദനക്ഷമതയെ കുത്തനെ ഉയർത്താൻ സഹായകമായി. കൂടാതെ, ഔഷധസസ്യങ്ങൾ, ഡ്രാഗൺ ഫ്രൂട്ട്, 22 ഇനം വാഴകളും 12 ഇനം കുരുമുളകും ഉൾപ്പെടെ മാതൃസസ്യ തോട്ടങ്ങൾ സജ്ജമാക്കിയത് ഭാവി ഉൽപ്പാദനത്തിനും അടിത്തറ പാകി.
വരുമാന വർദ്ധനവും വിപണന തന്ത്രങ്ങളും
മുൻ വർഷങ്ങളിൽ 5060 ലക്ഷം രൂപയോടെ പരിമിതപ്പെട്ടിരുന്ന വരുമാനം ഇന്ന് 2 കോടി രൂപയിലെത്തിയത് വാല്യൂ അഡിഷൻ ഉൽപ്പന്നങ്ങളും, ടൂറിസത്തിന്റെ വളർച്ചയും വഴിയാണ്. പാഷൻ ഫ്രൂട്ട് മാംഗോ, നെല്ലിക്ക തുടങ്ങിയ 7 രുചികളിൽ റെഡി ടു ഡ്രിങ്ക് ബോട്ടിലുകളും 6 സ്‌ക്വാഷ് ഐറ്റങ്ങളും, 2 തരം ജാമുകളും പുതുതായി പുറത്തിറക്കി, ആമസോണിലൂടെ കേരളഗ്രോ ബ്രാൻഡിൽ വിപണനം ചെയ്തു വരുന്നു. എസ്.എം.എ.എഫ് പദ്ധതിയിലൂടെ 25,000 തൈകൾ ഉൽപ്പാദിപ്പിച്ചതും ഒരു കോടി ഫലവൃക്ഷ തൈകളുടെ വിതരണവും വരുമാനം വർധിപ്പിച്ചു. ഫാം മാപ്, സെൽഫി പോയിന്റുകൾ, ട്രീ ഹട്ട് തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുന്ന ഫാം ടൂറിസം മുഖേന സന്ദർശകരുടെ എണ്ണം കൂടി. കൂടാതെ, 2 വർഷമായി നാച്ചുറ അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നത് ഫാമിനെ കൂടുതൽ ജനകീയമാക്കി.
അടിസ്ഥാന സൗകര്യ വികസനവും മാനവ വിഭവശേഷി വർദ്ധനവും
ഫാമിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗശൂന്യാവസ്ഥയിൽ നിന്നും പൂർണ പ്രവർത്തനക്ഷമമായി മാറ്റിയത് ശ്രദ്ധേയമാണ്. 35 ബ്ലോക്കുകളായി ഏരിയകൾ തിരിച്ച് ടീം വൈസ് അപ്രോച്ച് ആരംഭിച്ചു. തൊഴിലാളികൾക്ക് ആഴ്ചയിൽ അവധിയും യൂണിഫോമും നൽകി. 200 പരിശീലന പരിപാടികളിലൂടെ 10,000 പേർക്ക് വിദ്യാഭ്യാസം നൽകി. തൊഴിലാളികൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനങ്ങൾ നൽകുന്നതിന്റെ ഭാഗമായി കോളേജ് ഓഫ് അഗ്രികൾച്ചർ നാഗ്പുരിലേക്കും, സെന്റർ ഫോർ എക്സലൻസ് നാഗ്പുരിലേക്കും ഓറഞ്ച് കൃഷി, ഏലം കൃഷി എന്നിവയെ കുറിച്ച് പഠിക്കുവാൻ പഠന യാത്രകൾ സംഘടിപ്പിച്ചത് മാനവ വിഭവശേഷി ഉയർത്താൻ സഹായിച്ചു. സമഗ്ര വികസനത്തിനായി 61.412 കോടി രൂപയുടെ ഞകഉഎ പ്രൊജക്ട് തയ്യാറാക്കിയത് ഭാവി വികസനത്തിന് അടിത്തറയിട്ടു. ഫാം ഇപ്പോൾ കാർബൺ ന്യൂട്രൽ, സെന്റർ ഓഫ് എക്സലൻസ് എന്നീ നിലകളിലേക്ക് ഉയർന്നിരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |