SignIn
Kerala Kaumudi Online
Friday, 20 September 2024 3.27 AM IST

കാലം തെളിയിച്ചു ഗാഡ്ഗിലാണ് ശരി

Increase Font Size Decrease Font Size Print Page

gad

ശവംതീനി കഴുകനെന്ന് വിളിച്ച് ആക്ഷേപിച്ച് നമ്മൾ തുരത്തിയ പ്രൊഫ.മാധവ് ഗാഡ്ഗിൽ പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പറഞ്ഞതായിരുന്നു ശരിയെന്ന് കാലം തെളിയിക്കുകയാണ്. മിന്നൽപ്രളയങ്ങളും മേഘവിസ്ഫോടനവും ഉരുൾപൊട്ടലുകളിൽ കുത്തിയൊലിച്ചു പോവുന്ന ഗ്രാമങ്ങളും കണ്ട് തരിച്ചു നില്‌ക്കുന്ന കേരളം, നടപ്പാക്കാതെ തള്ളിക്കളഞ്ഞ ഗാഡ്ഗിൽ റിപ്പോർട്ടിനെക്കുറിച്ചോർത്ത് നെടുവീർപ്പെടുന്നു. കെടുംവരൾച്ചയും മഹാപ്രളയവും തുടർ പ്രളയങ്ങളുമുണ്ടായിട്ടും പരിസ്ഥിതിലോല മേഖലകളിൽ ക്വാറികൾക്ക് അനുമതി നൽകിയും ചൂഷണങ്ങൾക്ക് കണ്ണടച്ചും നാം വിളിച്ചുവരുത്തിയ ദുരന്തമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്. ഭൂമിയുടെ സ്വഭാവമറിഞ്ഞ് കൃഷിയും കെട്ടിടനിർമ്മാണവും നടത്തണമെന്ന ഗാഡ്ഗിലിന്റെ നിർദ്ദേശം പരിഗണിച്ചിരുന്നെങ്കിൽ കഴിഞ്ഞ വർഷങ്ങളിലുണ്ടായ ദുരന്തങ്ങളുടെ തീവ്രത കുറയ്ക്കാമായിരുന്നു. നഷ്ടങ്ങളുടെ കണക്കെടുപ്പിനൊപ്പം ദുരന്തകാരണങ്ങൾ കൂടി ശാസ്ത്രീയമായി പഠിച്ചില്ലെങ്കിൽ കേരളം പ്രകൃതിദുരന്തങ്ങളുടെ നാടായി മാറും.

പശ്ചിമഘട്ടത്തിലെ അതിലോല മേഖലകളിൽ പാടില്ലെന്ന് നിർദ്ദേശിച്ചവയെല്ലാം ഇനിയെങ്കിലും അടിയന്തരമായി നിറുത്തണമെന്ന് ഗാഡ്ഗിൽ പറയുന്നു.

തുടരെത്തുടരെ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാവുന്ന ഇടുക്കി, വയനാട്, കോട്ടയം ജില്ലകൾ അതീവ ലോലമേഖലകളാണ്. അതീവ ദുർബല മേഖലകളിലും നീർത്തടങ്ങളുടെ പരിസരത്തുമടക്കം 5924 ക്വാറികൾ കേരളത്തിലുണ്ട്. ഇതിൽ മൂന്നിലൊന്നിനും ലൈസൻസില്ല. 2018 ലെ മഹാപ്രളയത്തിനു ശേഷവും 223പുതിയ ക്വാറികൾക്ക് സർക്കാർ അനുമതി നൽകിയിട്ടുമുണ്ട്. ജനവാസമേഖലകളിൽ നിന്ന് ക്വാറികൾക്കുള്ള ദൂരപരിധി 200 മീ​റ്ററാക്കണമെന്ന് ദേശീയ ഹരിതട്രൈബ്യൂണൽ ഉത്തരവുള്ളപ്പോൾ കേരളത്തിൽ 50 മീ​റ്ററാക്കി കുറയ്ക്കുകയാണ് ചെയ്തത്. ക്വാറികളിൽ സ്‌ഫോടനങ്ങൾ നടക്കുമ്പോൾ ചു​റ്റുപാടുമുള്ള കുന്നുകളിലെ പാറകളുടെ ഘടനയെ അതു ബാധിക്കുന്നു. പാറകളുടെ വിഘടനത്തിന് കാരണമാകുന്നതോടെ പ്രദേശംതന്നെ ദുർബലമായിപ്പോകുന്നു- ഇതാണ് ഗാഡ്ഗിൽ പറഞ്ഞത്. വനഭൂമി കൈയേറരുത്, കൃഷിഭൂമി തരംമാറ്റരുത്, അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് പാരിസ്ഥിതിക പഠനം നിർബന്ധമാക്കണം, പുതിയ നിർമ്മാണചട്ടമുണ്ടാക്കണം, നദികളുടെ ഒഴുക്ക് തടയരുത്, നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കണം എന്നിങ്ങനെ ഗാഡ്ഗിലിന്റെ നിർദ്ദേശങ്ങളെല്ലാം തള്ളിയശേഷം, പൊതുപദ്ധതികൾക്കായി നീർത്തടങ്ങളും വയലുകളും നികത്താമെന്ന നിയമം പാസാക്കുകയാണ് കേരളം ചെയ്തത്. മുപ്പത് വർഷത്തിനിടെ ആറുലക്ഷം ഹെക്ടർ നെൽവയൽ ഇല്ലാതായ സംസ്ഥാനത്താണ് ഇങ്ങനെയൊരു നിയമം വന്നത്.

മൂന്നുവർഷത്തിനിടെ, പത്ത് ജില്ലകളിൽ ആയിരത്തിലേറെ ഉരുൾപൊട്ടലുകളുണ്ടായി. നൂറെണ്ണം അതിതീവ്രമായിരുന്നു. പശ്ചിമഘട്ടത്തിലെ 80ശതമാനവും ഉരുൾപൊട്ടൽ മേഖലയാണ്. 13000 ഉരുൾപൊട്ടൽ മേഖലകളും 17000 മണ്ണിടിച്ചിൽ മേഖലകളുമുണ്ട്. ഉരുൾപൊട്ടൽ മേഖലകളിൽ കെട്ടിടനിർമാണം അനുവദിക്കരുതെന്നും കെട്ടിടങ്ങളും കൃഷിയുമൊക്കെ എവിടെയൊക്കെ ആകാമെന്നും ഭൗമമാപ്പിംഗിലൂടെ രേഖപ്പെടുത്തണമെന്നുമുള്ള ഗാഡ്ഗിലിന്റെ ശുപാർശ ചെവിക്കൊണ്ടിരുന്നെങ്കിൽ ദുരന്തതീവ്രത കുറയുമായിരുന്നു. പശ്ചിമഘട്ടസംരക്ഷണത്തിന് പ്രാദേശികതലത്തിൽ തീരുമാനങ്ങളെടുക്കുന്നതിന് പ്രാധാന്യം നൽകണമെന്നും തദ്ദേശസ്ഥാപന തലത്തിൽ റിപ്പോർട്ട് ചർച്ചചെയ്യണമെന്നും ഗാഡ്ഗിൽ നിർദ്ദേശിച്ചെങ്കിലും ഒന്നുമുണ്ടായില്ല.

അതിതീവ്ര മഴയാണ് ദുരന്തങ്ങൾക്ക് കാരണമെന്ന സർക്കാർ ന്യായം അസംബന്ധമാണെന്നാണ് ഗാഡ്ഗിൽ പറയുന്നത്. അതിതീവ്ര മഴയെന്നത് ദുരന്തത്തിലേക്കുള്ള കാരണങ്ങളിൽ ഒന്നേ ആകുന്നുള്ളൂ. പ്രകൃതിദുരന്തത്തിന് കാരണമാകുന്നത് സങ്കീർണമായ ഒട്ടേറെ കാര്യങ്ങളാണ്. അതിതീവ്രമഴയേക്കാൾ

പ്രാധാന്യമുള്ളത് പരിസ്ഥിതിയെ അറിയാതെയുള്ള ഭൂവിനിയോഗത്തിലെ പ്രശ്നങ്ങളാണ് ഗാഡ്ഗിൽ പറയുന്നു. പരിസ്ഥിതിസംരക്ഷണ പ്രവർത്തനത്തിന് പദ്മഭൂഷൺ, ദേശീയ പരിസ്ഥിതി ഫെല്ലോഷിപ്, ശാന്തി സ്വരൂപ് ഭട്നാഗർ, വോൾവോ എൻവയോൺമെന്റൽ, ടൈലർ, രാജ്യോത്സവ പ്രശാന്തി പുരസ്‌കാരങ്ങൾ ലഭിച്ച ലോകപ്രശസ്ത പരിസ്ഥിതി വിദഗ്ദ്ധനാണ് മാധവ് ഗാഡ്ഗിൽ. പൂനെ സ്വദേശിയാണ്. പശ്ചിമഘട്ട, നീലഗിരി ജൈവമണ്ഡല സംരക്ഷണത്തിന് പദ്ധതിരേഖയുണ്ടാക്കിയതും അദ്ദേഹമാണ്.

കേരളത്തെ രക്ഷിക്കാൻ

ഗാഡ്ഗിൽ പറഞ്ഞത്

കൃഷിക്കുൾപ്പെടെ മറ്റ് ആവശ്യങ്ങൾക്കായി കാട് തരംമാറ്റരുത്. റോഡുകളും മ​റ്റു നിർമിതികളും പരിസ്ഥിതി ആഘാതപഠനത്തിനുശേഷം മാത്റം നടപ്പാക്കണം. പുതിയ ഹിൽസ്​റ്റേഷനുകൾ അനുവദിക്കരുത്. പൊതുഭൂമി സ്വകാര്യ ആവശ്യങ്ങൾക്കായി മാ​റ്റരുത്.
ചതുപ്പുകളും തണ്ണീർത്തടങ്ങളും നികത്തരുത്. പുഴകളിലെ നീരൊഴുക്ക് മെച്ചപ്പെടുത്തണം. അതിപരിസ്ഥിതിലോല പ്രദേശങ്ങളായ ഒന്ന്, രണ്ട് മേഖലകളിൽ വൻകിടഖനനത്തിന് പുതിയ ലൈസൻസ് അനുവദിക്കരുത്. ഒന്നാം മേഖലയിൽ ക്വാറികൾക്കും മണൽവാരലിനും പുതിയ ലൈസൻസ് പാടില്ല. കെട്ടിടനിർമാണങ്ങൾ പരിസ്ഥിതി സൗഹൃദമാക്കണം. തീവ്രമലിനീകരണമുള്ള വ്യവസായങ്ങൾ ഒഴിവാക്കണം. 50വർഷത്തിലേറെ പഴക്കമുള്ല ഡാമുകൾ ഡീകമ്മിഷൻ ചെയ്യണം. ജലത്തിന്റെ ഗുണവും പുഴയുടെ ഒഴുക്കും മെച്ചപ്പെടുത്തണം. വനം കൈയേറ്റം തടയണം, കൃഷിഭൂമി തരംമാറ്റരുത്.

ശവംതീനി കഴുകൻ

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയാൻ കേരളത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേർന്നിരുന്നു. നിയമസഭയിൽ രാഷ്ട്രീയഭേദമന്യേ ഗാഡ്ഗിലിന് അപമാനവർഷമുണ്ടായി. 'ക്വാറികളുണ്ടെങ്കിലെന്താ, മഴ പെയ്യുന്നുണ്ടല്ലോ' എന്ന് തോമസ്ചാണ്ടിയും 'ജെ.സി.ബി പോയിട്ട് കൈക്കോട്ടു പോലും വയ്ക്കാത്ത നിബിഡവനത്തിൽ എങ്ങനെ ഉരുൾപൊട്ടി' എന്ന് പി.വി.അൻവറും ഗാഡ്ഗിൽ പറയുന്നത് ശരിയെങ്കിൽ വനത്തിലെങ്ങനെ ഉരുൾപൊട്ടിയെന്ന് പി.സി.ജോർജ്ജും പരിഹസിച്ചു. ദുരന്തങ്ങൾ പ്രകൃതിയുടെ ആർക്കും തടുക്കാനാവാത്ത വിധിയാണെന്നും നിയമങ്ങൾ ഇളവുചെയ്യണമെന്നുമാണ് എസ്.രാജേന്ദ്രൻ പറഞ്ഞത്. 'ശവംതീനികഴുകൻ' എന്നാണ് ഇടുക്കിയിലെ മുൻഎം.പി ഗാഡ്ഗിലിനെ വിളിച്ചത്. കർഷകരെ ദ്രോഹിക്കാനെത്തിയ ചാരനെ അറബിക്കടലിൽ മുക്കണമെന്നാണ് മറ്റൊരു അംഗം പ്രസംഗിച്ചു . ഈ മുൻ എം.എൽ.എയുടെ നാടും വീടും ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും മുങ്ങിപ്പോയി.

ഇനി മാധവ് ഗാഡ്ഗിലിന്റെ വാക്കുകൾ ശ്രദ്ധിക്കാം -

"ഇപ്പോഴുണ്ടായ അതിതീവ്രമഴയും ഉരുൾപൊട്ടലും അനിയന്ത്രിതമായ പ്രകൃതിചൂഷണവും അസാധാരണമായ കാലാവസ്ഥാ മാറ്റവും കാരണമുണ്ടായതാണ്. ഇനിയെങ്കിലും പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ ഇനിയും പലവിധ ദുരന്തങ്ങൾക്ക് കേരളം സാക്ഷിയാവും. പശ്ചിമഘട്ടത്തെ പരിധിയില്ലാതെ ചൂഷണം ചെയ്യുന്നത് കേരളത്തെ ദുരന്തഭൂമിയാക്കും."


-

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NILAPADU, GADGIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.