SignIn
Kerala Kaumudi Online
Friday, 26 April 2024 10.47 AM IST

ജനാധിപത്യത്തിലെ സെൽഫ് ഗോൾ

photo

മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാൻ വയ്യാത്ത വിധം രാജ്യത്തു ആശങ്കയും മരണവും രോഗവും സങ്കടവും നിറഞ്ഞിരിക്കുന്നു. എവിടെത്തിരിഞ്ഞാലും കൊവിഡിനെക്കുറിച്ചുള്ള സ്വാസ്ഥ്യം കെടുത്തുന്ന വാർത്തകൾ. ഒഴിവാക്കാമായിരുന്ന മരണങ്ങൾ, ആശുപത്രികളിലെ അപര്യാപ്തതകൾ, ബന്ധുക്കളുടെ നിസഹായതകൾ എന്നിങ്ങനെ ദൈന്യത്തിന്റെ ചിത്രങ്ങൾ ദിവസവും മുന്നിലെത്തിക്കൊണ്ടിരിക്കുന്നു. കാണുന്നതിനേക്കാൾ ഭീകരമാണ് കാണാത്ത യാഥാർഥ്യമെന്നും നമുക്കറിയാം. അതിവ്യാപന ശേഷിയോടെയുള്ള രണ്ടാം വരവിൽ ജനിതകമാറ്റം വന്ന വൈറസ് നമ്മുടെ കണക്കുകൂട്ടലുകളെയും പ്രതിരോധ സന്നാഹങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് വിഹരിക്കുകയാണ്.

ആദ്യവരവിൽ മനുഷ്യരാശിയുടെ മുൻപിൽ ഇതിനെക്കാൾ ഇരുളായിരുന്നുവെന്നോർക്കണം. അന്ന് കൊവിഡ് വാക്സിൻ കണ്ടെത്തിയിരുന്നില്ല; ഗവേഷണങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും. ഇന്ന് പലതരത്തിലുള്ള വാക്സിനുകൾ ലോകത്തു ലഭ്യമായിത്തുടങ്ങിയ അവസ്ഥയിൽ കൊവിഡിന്റെ മറ്റൊരു വരവ് നമ്മളുടെ ആശങ്കകളെ ലഘൂകരിക്കേണ്ടതായിരുന്നു. ജനസംഖ്യയിൽ കുറെപ്പേർക്ക് കൊവിഡ് ബാധിക്കുകയും കുറെപ്പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുകയും ചെയ്യുമ്പോൾ രോഗത്തിന്റെ വ്യാപന തീവ്രത കുറയേണ്ടതായിരുന്നു. എന്നാൽ സംഭവിച്ചത് അങ്ങനെയല്ല. നമ്മളോ വേണ്ടത്ര വാക്സിനും വേണ്ടത്ര ഓക്‌സിജനും വേണ്ടത്ര ആശുപത്രികളുമില്ലാതെ അന്ധാളിച്ചു നിൽക്കുകയാണ്. കണക്കുകൂട്ടലുകൾ തകിടം മറിച്ചുകൊണ്ടു രണ്ടാം തരംഗത്തിൽ വൈറസ് നമ്മെ വെല്ലുവിളിക്കുന്നതു പോലെ തോന്നുന്നു. എന്നാൽ ഈ അവസ്ഥ തികച്ചും അപ്രതീക്ഷിതമാണോ? വൈറസിനു ജനിതകമാറ്റം വരുമെന്ന് നമുക്കറിയാമായിരുന്നു. ജീവിതം സാധാരണ സ്ഥിതിയിലേക്കു മടങ്ങുകയും ജനജാഗ്രത കുറയുകയും ചെയ്യുമ്പോൾ വ്യാപനം വർദ്ധിക്കുമെന്നു മുൻകൂട്ടി കാണണമായിരുന്നു. യൂറോപ്പിലും ബ്രസീലിലുമൊക്കെ രണ്ടാം വരവുണ്ടായിരുന്നല്ലോ. ആഭ്യന്തരമായി ഉത്‌പാദിപ്പിക്കപ്പെടുന്ന വാക്സിൻ ലഭ്യതയുടെ അടിസ്ഥാനത്തിൽ പതിനെട്ടു വയസിനു മേലുള്ള നൂറു കോടി ഇന്ത്യക്കാർക്ക് പ്രതിരോധ കുത്തിവയ്പു നൽകണമെങ്കിൽ എത്ര ഡോസ് വാക്സിൻ വേണമെന്നും എത്ര കാലം വേണ്ടി വരുമെന്നും നമുക്ക് കണക്കു കൂട്ടാൻ വിഷമമില്ല. ലഭ്യതയ്ക്കനുസരിച്ച് ഘട്ടംഘട്ടമായി വിവിധ പ്രായപരിധികൾ നിശ്ചയിക്കാമായിരുന്നു. ഒപ്പം വാക്സിൻ ഇറക്കുമതി ചെയ്യാനോ ആഭ്യന്തര ഉത്‌പാദനം വർദ്ധിപ്പിക്കാനോ നടപടികൾ കൈക്കൊള്ളാമായിരുന്നു. ഇതെല്ലാം നടന്നു കൊണ്ടിരിക്കുമ്പോഴും, ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും വൈറസിന്റെ വ്യാപനം തുടരുകയായിരുന്നു.

‘ഒരു താരകയെക്കാണുമ്പോളതു രാവു മറക്കും…

പാൽച്ചിരി കണ്ടത് മൃതിയെ മറന്നു ചിരിച്ചേ പോകും

പാവം മാനവ ഹൃദയം.’ എന്ന് സുഗതകുമാരി
നിരീക്ഷിച്ചത് പോലെ, ചില്ലറ നേട്ടങ്ങൾ കണ്ടപ്പോഴേക്കും നമ്മൾ ആഘോഷം തുടങ്ങി; അഭിനന്ദനത്തിന്റെ വായ്ത്താരി മുഴക്കി. അതിനു ഭംഗം വരുത്തുന്ന ഹിതകരമല്ലാത്ത കണക്കുകൾ നമുക്ക് ചതുർത്ഥിയായി. അപകടമുന്നറിയിപ്പുകൾ അലോസരപ്പെടുത്താൻ തുടങ്ങി. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ചുള്ള വിമർശനങ്ങൾ അധികാരികൾക്കിടയിൽ അസഹിഷ്ണുതയുളവാക്കി. കാറിന്റെ എൻജിൻ താപനില ക്രമാതീതമായി ഉയരുമ്പോൾ കത്തുന്ന ചുവപ്പു ബൾബ് പൊട്ടിച്ചുകളയുന്നതു പോലെ, ഇന്ത്യയിലെ കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിലുള്ള വീഴ്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ടും വിമർശിച്ചുകൊണ്ടുമുള്ള ട്വിറ്റർ-ഫേസ്ബുക് പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് അധികാരം കല്‌പിച്ചു. ഇപ്പോളിതാ ഓക്സിജൻ കിട്ടാതെ ആശുപത്രിയിൽ രോഗികൾ മരിക്കുന്നു. ഓക്‌സിജൻ ഉത്‌പാദനത്തിനും വിതരണത്തിനും കൃത്യമായ സംവിധാനങ്ങളുള്ള നമ്മുടെ രാജ്യത്തു ഈ സ്ഥിതി എങ്ങനെ ഉണ്ടായി?

കൊവിഡ് സം ബന്ധിച്ചുണ്ടാകുന്ന ഏറ്റവും വ്യാപകമായ സങ്കീർണത ശ്വാസകോശത്തെ സംബന്ധിച്ചായിരിക്കെ, ഓക്‌സിജൻ അത്രകണ്ട് നിർണായകമായിരിക്കെ, ഈ ക്ഷാമം ഇപ്പോൾ എങ്ങനെയുണ്ടായി? രാജ്യം വിശദീകരണം അർഹിക്കുന്നുണ്ട്. ആരും അത് തരുന്നില്ലെന്നു മാത്രം. ഈ സ്ഥിതി മുൻകൂട്ടി കാണാൻ കഴിയാത്തതെന്തു കൊണ്ട് ? മുൻമാസങ്ങളിൽ ഓക്‌സിജൻ ഉത്‌പാദനം ക്രമാനുഗതമായി കുറഞ്ഞിരുന്നോ? എങ്കിൽ ആരും അപായമണി മുഴക്കാത്തതെന്ത്? കേന്ദ്ര ഗവണ്മെന്റിനും സംസ്ഥാന സർക്കാരുകൾക്കും ഇത്ര വിപുലമായ ഔദ്യോഗിക സംവിധാനങ്ങളും വ്യാവസായികോത്‌പാദനത്തെ സംബന്ധിക്കുന്ന സ്ഥിതിവിവര കണക്കുകളും ഉണ്ടായിരിക്കെ അനേകം പേർ ജീവൻ കൊണ്ട് വിലകൊടുക്കേണ്ടി വന്ന ഈ നോട്ടപ്പിഴവ് എന്തുകൊണ്ട് സംഭവിച്ചു? ചോദ്യം ചോദിക്കാൻ ഭയക്കുന്ന ഒരു സമൂഹമായി നാം മാറിയതിന്റെ ലക്ഷണമാണോ ഇതെല്ലാം? അതോ അസ്വസ്ഥജനകമായ ചോദ്യങ്ങൾ ഉയർത്തിയാൽ തെറ്റിദ്ധരിക്കപ്പെടുമെന്ന മുൻവിധിയും ഭയവും കൊണ്ടോ? അതോ നമ്മുടെ മാദ്ധ്യമങ്ങൾ ഇതൊന്നും കാര്യമായി എടുക്കാത്തത് കൊണ്ടോ? കൃത്യവും വിശ്വാസ്യവുമായ സ്ഥിതിവിവര കണക്കുകളാണ് (statistics) ഒരു ഭരണകൂടത്തിന്റെ ധാർമ്മികതയുടെയും ആധികാരികതയുടെയും അളവുകോൽ. ആ കണക്കുകൾക്കു സ്വയം സംസാരിക്കാനുള്ള അവകാശമുണ്ടായിരിക്കുകയും വേണം. അപകടം അറിയിക്കുന്ന കണക്കുകൾ അവതരിപ്പിക്കാൻ ഔദ്യോഗിക സംവിധാനങ്ങൾക്ക് സന്ദേഹവും സങ്കോചവും ഉണ്ടാവുന്നുണ്ടെങ്കിൽ നമ്മുടെ ജനാധിപത്യത്തിന് മറ്റേതോ വൈറസ് ബാധയുണ്ടെന്നു തന്നെ സംശയിക്കണം. വിമർശനവും സ്ഥിതിവിവരക്കണക്കുകളും ജനാധിപത്യ ഭരണകൂടങ്ങളുടെ ഓക്‌സിജനാകുന്നു. ആരോഗ്യപൂർണമായി നിലനിറുത്തുന്ന ജീവനോപാധികളാകുന്നു. വിമർശനത്തിന്റെ വാതിലുകൾ അടയുകയും (അടപ്പിക്കുകയും), അപായമണി മുഴക്കുന്ന സ്ഥിതിവിവരക്കണക്കുകൾ അഹിതമാവുകയും ചെയ്യുമ്പോൾ ജനാധിപത്യം സെൾഫ് ഗോൾ അടിക്കുകയാണ്. പണവും പിടിപാടുമില്ലാത്തവരുടെ ഉറ്റവർ, ചികിത്സ കിട്ടാതെ മരിച്ച തങ്ങളുടെ അമ്മയെയോ അച്ഛനെയോ മക്കളെയോ ഓർത്തു കരയുന്നത് ആ ആരവത്തിൽ എങ്ങനെ കേൾക്കാനാണ്?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRAKATHIR, JANADHIPATHYAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.