SignIn
Kerala Kaumudi Online
Friday, 26 April 2024 11.28 AM IST

പുസ്തകങ്ങൾ മരവിക്കുന്ന കാലം

books

മഹാമാരിയുടെ താണ്ഡവം അനേകം ജീവിതങ്ങളെ ഉലച്ചുകളഞ്ഞു. കൊവിഡ് എന്ന സുനാമിത്തിര ജീവിതത്തിന്റെ പരിചിതതാളം തെറ്റിച്ചെന്ന് മാത്രമല്ല, നമ്മുടെ സാമൂഹ്യശീലങ്ങളെ മുഴുവൻ റദ്ദുചെയ്യുകയും, സാമ്പത്തികമായും സാമൂഹികമായും, മാനസികമായും സകലരെയും ഉലയ്ക്കുകയും ചെയ്തിരിക്കുന്നു. ക്ലാസിൽ പോകാൻ സാധിക്കാത്ത വിദ്യാർത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന വിദ്യാഭ്യാസമേഖല, അധികഭാരത്താൽ നട്ടംതിരിയുന്ന വൈദ്യശാസ്ത്ര മേഖല, വരുമാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കച്ചവടസ്ഥാപനങ്ങൾ, ജോലി നഷ്ടപ്പെടുന്നവർ, അവസരങ്ങളില്ലാത്ത തൊഴിലാളികൾ, എന്നിങ്ങനെ സമസ്ത മേഖലകളെയും മഹാമാരിയുടെ വിനാശം വിതയ്ക്കുന്ന വിരലുകൾ സ്പർശിച്ചു കഴിഞ്ഞു. ക്ലാസിക് ,അനുഷ്ഠാന, ഫോക് , ജനപ്രിയ കലാരൂപങ്ങളും ചലച്ചിത്രവുമായി ബന്ധപ്പെട്ട അനേകായിരം കലാപ്രവർത്തകരുടെ ലോകം നിശ്ചലമായി. ചികിത്സയ്ക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കേണ്ടിവരുന്ന കുടുംബങ്ങളുടെ തകർച്ച മറ്റൊരു ഇരുണ്ട ചിത്രം. എല്ലാവരുടെയും കണ്ണുകൾ സർക്കാരിലേക്ക് തിരിയുന്നത് സ്വാഭാവികം. സർക്കാരിന്റെ തന്നെ വരുമാനം കുറയുകയും അധിക ചെലവുകൾ വർദ്ധിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു എന്ന യാഥാർത്ഥ്യവും കാണണം. എത്രകാലം ഈ കഷ്ടത നീണ്ടുനില്‌ക്കുമെന്ന് പറയാറായിട്ടുമില്ല.

അധികം ശ്രദ്ധിക്കാത്തതും എന്നാൽ വിപുലവും അത്യന്തം പ്രധാനപ്പെട്ടതുമായ പുസ്തകപ്രസാധന രംഗത്തെക്കുറിച്ചുള്ള ചില ആശങ്കകൾ മാത്രം പങ്കുവയ്ക്കുകയാണ് ഈ കുറിപ്പിൽ. പുസ്തകപ്രസാധനത്തിൽ കേരളത്തിന്റെ സ്ഥാനവും നേട്ടങ്ങളും അനന്യമാണെന്ന് ആവർത്തിക്കേണ്ടതില്ല. വലുതും ചെറുതും ഇടത്തരം വിഭാഗങ്ങളിലുമായി കേരളത്തിൽ മുന്നൂറു പ്രസാധന സ്ഥാപനങ്ങളെങ്കിലുമുണ്ടാകും, (ഇതൊരു ഔദ്യോഗിക കണക്കല്ല). ഇവയിലെല്ലാമായി അനേകായിരം ജീവനക്കാരുമുണ്ട്. പുസ്തകപ്രസാധന സ്ഥാപനങ്ങളെ മറ്റേതെങ്കിലും കച്ചവടസ്ഥാപനത്തെപ്പോലെ പരിഗണിക്കാൻ കഴിയില്ല. സാഹിത്യകൃതികളും വൈജ്ഞാനിക കൃതികളും വിവിധ ശാഖകളിലായി എഴുതപ്പെടുന്ന മറ്റനേകം പുസ്തകങ്ങളുമായി പ്രതിവർഷം അയ്യായിരത്തിലേറെ പുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ഈ പുസ്തകങ്ങൾ വിൽക്കുന്നതിലൂടെ കിട്ടുന്ന വരുമാനം കൊണ്ടാണ് പ്രസാധനശാലകളും, പുസ്തകക്കടകളും നിലനില്‌ക്കുന്നത്. അതുവഴി എഴുത്തുകാർക്കു റോയൽറ്റിയും
കിട്ടുന്നു. വളരെ പ്രശസ്തരായ എഴുത്തുകാർക്ക് മാത്രമേ റോയൽറ്റി കൊണ്ട് ജീവിക്കാമെന്ന സ്ഥിതിയുള്ളൂ . മറ്റുള്ളവരെ സംബന്ധിച്ച് ഒരധിക വരുമാനമാണ് റോയൽറ്റി. എഴുത്തിനു പ്രോത്സാഹനവും. പ്രശസ്തരും അത്ര പ്രശസ്തരല്ലാത്തവരുമായ എഴുത്തുകാരും നവാഗതരുമെല്ലാം നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നു എന്നതാണ് നമ്മുടെ സജീവതയുടെയും സാംസ്‌കാരിക ജാഗ്രതയുടെയും അടിസ്ഥാനം. ഈ മേഖലയിൽ ഉണ്ടാകുന്ന ഏതൊരു മാന്ദ്യവും
പ്രസാധക സ്ഥാപനങ്ങളെ മാത്രമല്ല ബാധിക്കുന്നത്. എഴുത്തുകാരെയും ഒരു ജനതയുടെ സാംസ്‌കാരിക ജീവിതത്തെയുമാണ് മരവിപ്പിക്കുന്നത് .

പുസ്തകച്ചന്തകൾ, സാഹിത്യോത്സവങ്ങൾ, പുസ്തകോത്സവങ്ങൾ, പുസ്തകപ്രകാശന ചടങ്ങുകൾ ഇവയൊക്കെയാണ് സാധാരണയായി പുസ്തകങ്ങൾ വായനക്കാരിലേക്കെത്തിക്കാൻ അവലംബിക്കുന്ന മാർഗങ്ങൾ. വലിയ പ്രസാധകർക്ക് സ്വന്തം പുസ്തകശാലകളുണ്ട്. (അവ നടത്തിക്കൊണ്ടു പോകാൻ ചെലവുമുണ്ട്.) ഇവ കൂടാതെ, സംസ്ഥാന ലൈബ്രറി കൗൺസിൽ, വിദ്യാഭ്യാസ വകുപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ, ഡൽഹിയിലെയും
ഷാർജയിലെയും അന്താരാഷ്ട്ര ബുക്ക് ഫെയറുകൾ, എന്നിവയൊക്കെയാണ് മറ്റു വില്‌പനവഴികൾ. ഓൺലൈൻ വില്‌പന മലയാളത്തിൽ നിർണായകമായ അളവിൽ വളർന്നിരുന്നില്ല അടുത്തകാലം വരെ. കൊവിഡ്19 ന്റെ വരവോടെ ഈ വഴികളെല്ലാം അടഞ്ഞു. വില്പന കുത്തനെ ഇടിഞ്ഞു. ആദ്യത്തെ ലോക്ക്ഡൗൺ മുതൽ പുസ്തകശാലകളിലെ കാൽപ്പെരുമാറ്റം കുറഞ്ഞു. പുസ്തകോത്സവങ്ങളും, സാഹിത്യോത്സവങ്ങളും നിലച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുസ്തകം വാങ്ങാതായി. വിദ്യാഭ്യാസവകുപ്പും ലൈബ്രറി കൗൺസിലും സഹായിക്കുന്നുണ്ടെങ്കിലും സഹായത്തിന്റെ തോത് കുറഞ്ഞു. ഓൺലൈനിൽ ചെലവാകുന്ന പുസ്തകങ്ങളുടെ എണ്ണം ഇക്കാലത്തു ലേശം വർദ്ധിച്ചതാണ് ആകെയൊരു രജതരേഖ. ഈ അവസ്ഥയുമായി പ്രസാധനരംഗം പലരീതികളിൽ പൊരുത്തപ്പെടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. പ്രശസ്തരുടേതല്ലാത്ത പുസ്തകങ്ങൾ പുതുതായി ഒരു പ്രസാധകനും സ്വീകരിക്കുന്നില്ല. പുസ്തകം വിൽക്കപ്പെടുന്നില്ലെന്ന പരമാർത്ഥം ആർക്കു നിഷേധിക്കാനാവും? പ്രിന്റ് ഓൺ ഡിമാൻഡ് ആയി നൂറോ ഇരുനൂറോ കോപ്പികൾ അച്ചടിക്കുന്നു. ചെലവിടാൻ പണമുള്ള, അത്ര പ്രശസ്തരല്ലാത്ത എഴുത്തുകാർ അച്ചടിത്തുക കൊടുത്ത് പുസ്തകം പ്രസിദ്ധീകരിക്കാൻ തയാറാക്കുമ്പോൾ വരുമാനം വരണ്ടുകൊണ്ടിരിക്കുന്ന പ്രസാധകൻ അത്തരം പുസ്തകങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് സ്വാഭാവികം. പക്ഷെ ദീർഘകാലാടിസ്ഥാനത്തിൽ ഈ പ്രവണത മലയാള സാഹിത്യത്തിനും സംസ്‌കാരത്തിനും ഗുണം ചെയ്യില്ല. എഴുത്തുകാരന്റെ തൃപ്തിക്കു വേണ്ടി മാത്രം പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങൾ ഷെൽഫുകളിൽ നിന്ന് നല്ല സാഹിത്യത്തെയും മറ്റു മികച്ച കൃതികളെയും മെല്ലെമെല്ലെ തള്ളി പുറത്താക്കി സ്ഥലം കൈയടക്കും. നമ്മുടെ പുസ്തകപ്രസാധന മേഖല നേരിടുന്ന അസ്വാഭാവികവും ആശങ്കാജനകവും അഭിലഷണീയമല്ലാത്തതുമായ ഈ പ്രതിസന്ധിയെക്കുറിച്ച് ഗൗരവപൂർണമായ ചർച്ചകൾ നടക്കുന്നതായി അറിവില്ല. ദൂരവ്യാപകമായ സാംസ്‌കാരിക അസന്തുലനങ്ങളും അപകടങ്ങളും ഈ സ്ഥിതിയിൽ അന്തർഭവിച്ചിട്ടുണ്ട്. മലയാളത്തിന്റെ പുസ്തകപ്രസാധന രംഗത്തിനു ഏതു വിധത്തിലുള്ള പിന്തുണയാണ്
സർക്കാരിന് നൽകാൻ സാധിക്കുന്നതെന്ന സമഗ്രമായ വിലയിരുത്തൽ നടത്തേണ്ട സമയമാണിപ്പോൾ. സർക്കാരിന്റെ ക്രിയാത്മകവും അനുഭാവപൂർണവുമായ നയങ്ങളിലൂടെയും ഇടപെടലിലൂടെയും മാത്രമേ ഈ സാംസ്‌കാരിക മുരടിപ്പിന് പ്രതിവിധി കണ്ടെത്താനാവൂ. പ്രതിവിധി വൈകാതെ കണ്ടെത്തുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRAKATHIR, PUSTHAKAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.