SignIn
Kerala Kaumudi Online
Saturday, 27 April 2024 4.48 AM IST

മാമോദീസ മുക്കേണ്ട കുട്ടിയെ ചൊല്ലി...

niyamasabha-

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയെന്ന കുട്ടിയുടെ അസ്തിത്വപ്രതിസന്ധിയാണ് ചർച്ചാവിഷയം.

സർവ്വകലാശാലയ്ക്ക് യു.ജി.സിയുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ അംഗീകാരം ലഭിക്കാതിരിക്കുന്നത് സമാന്തരപഠനത്തിന് കാത്തിരിക്കുന്ന കുട്ടികളുടെ ഭാവിയെ ആശങ്കാകുലമാക്കുന്നുവെന്ന് പ്രതിപക്ഷമാക്ഷേപിച്ചു.

തിരക്ക് പിടിച്ച് സർവ്വകലാശാല ആരംഭിച്ചത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ശ്രീനാരായണീയരുടെ വൈകാരികതയെ മുതലെടുക്കാനായിരുന്നോയെന്ന് ഇക്കാര്യത്തിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി സംസാരിച്ച കെ. ബാബു (തൃപ്പൂണിത്തുറ) ചോദിച്ചു. ഓപ്പൺ സർവ്വകലാശാലയുടെ പേരിൽ മറ്റ് സർവ്വകലാശാലകളിലെ പഠനത്തിന് വിലക്കും വീണു, ഓപ്പൺ സർവ്വകലാശാല എങ്ങുമെത്തിയുമില്ല എന്ന അവസ്ഥയെ ബാബു വിവരിച്ചു: അമ്മാത്തൂന്ന് പുറപ്പെട്ടു, ഇല്ലത്തോട്ടെത്തിയുമില്ല!

കാര്യങ്ങൾ കൃത്യമായി നടക്കുമെന്ന ഉന്നതവിദ്യാഭ്യാസമന്ത്രി പ്രൊഫ.ആർ. ബിന്ദുവിന്റെ വാക്കുകളിൽ എല്ലാം ശരിയാകുമെന്ന ഉറപ്പിന്റെ ആത്മവിശ്വാസമുണ്ടായിരുന്നു. വിദൂരവിദ്യാഭ്യാസത്തിലൂടെയുള്ള പ്രവേശനനടപടികൾ ഒക്ടോബറിലേ തുടങ്ങൂവെന്നിരിക്കെ, കുട്ടി ജനിക്കും മുമ്പേ മാമോദീസ മുക്കണമെന്നാണ് ബാബു ആവശ്യപ്പെടുന്നതെന്നവർക്ക് തോന്നി. പ്രാന്തവത്കരിക്കപ്പെട്ടവർക്കടക്കം ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്.

നിയമം മൂലം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നിട്ട് മാമോദീസ മുക്കാനാകുമോയെന്ന ന്യായമായ സംശയം പ്രതിപക്ഷനേതാവ് വി.ഡി. സതീശനിലുണ്ടായി. വൈസ് ചാൻസലർ, പ്രോവി.സി, രജിസ്ട്രാർ നിയമനങ്ങൾ ക്രമവിരുദ്ധമായതിനാലാണ് സർവ്വകലാശാലയ്ക്ക് വിദൂരവിദ്യാഭ്യാസത്തിനുള്ള അംഗീകാരം വൈകുന്നതെന്ന് സമർത്ഥിച്ച പ്രതിപക്ഷനേതാവിനെ ചോദ്യം ചെയ്യാൻ മുൻ ഉന്നതവിദ്യാമന്ത്രിയായ കെ.ടി.ജലീൽ തുനിഞ്ഞു. സതീശൻ വഴങ്ങാതിരുന്നപ്പോൾ ബഹളമയമായി.

സ്പീക്കർ ഒരുവിധം തണുപ്പിച്ചെടുത്തപ്പോൾ മന്ത്രി ബിന്ദു ശാന്തശീലയായി ഉറപ്പ് നൽകി: "ഞങ്ങൾ ഈ കുട്ടിയെ ആരോഗ്യത്തോടെ മുന്നോട്ട് കൊണ്ടുപോകും." ഇറങ്ങിപ്പോക്കുണ്ടായില്ല.

പിണറായി സർക്കാരിനെ പുലഭ്യം പറഞ്ഞാൽ പെറ്റ തള്ള പൊറുക്കില്ല മക്കളേയെന്നാണ് കെ.ഡി. പ്രസേനന്റെ ഉപദേശം. ആൾ ആക്ഷേപഹാസ്യത്തിൽ ത്രിഗുണനാണെന്ന് ഏവർക്കും ബോദ്ധ്യമുള്ളതാണ്. ഉപമകളും ഉൽപ്രേക്ഷകളുമാണെങ്കിൽ കരതലാമലകം. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയുമെന്ന് പ്രതിപക്ഷത്തെ ക്ഷിപ്രകവിയായ എൽദോസ് കുന്നപ്പിള്ളിൽ തിരിച്ചടിച്ചു. എഫ്.ബി കൊട്ടാരത്തിലെ രാജകുമാരനെ തൃത്താലയിൽ സഭാനാഥൻ കെട്ടുകെട്ടിച്ചുവെന്ന പ്രസേനന്റെ ഉപമാപ്രയോഗത്തിന്, പല രാജകുമാരന്മാരും സഭയിലേക്ക് തിരിച്ചുവരുമെന്നായിരുന്നു എൽദോസിന്റെ വെല്ലുവിളിസ്വരത്തിലുള്ള മാലോപമ.

കേരളത്തിന് വെളിയിൽ നിന്നെത്തിയ തൊഴിലാളികൾക്കടക്കം സർക്കാർ നൽകിയ സഹായങ്ങളെ വാഴൂർസോമൻ പ്രകീർത്തിച്ചു. മാർക്കറ്റിംഗിലൂടെ ജനത്തെ വശീകരിച്ച് വശത്താക്കിയതിന്റെ വിജയമാണ് ഇടതുമുന്നണിയുടേതെന്ന് ആശ്വസിച്ചത് മഞ്ഞളാംകുഴി അലിയാണ്. നവകേരള നിർമ്മിതിയെ ഒറ്റിക്കൊടുത്ത വീടുമുടക്കികൾക്ക് ചുട്ട മറുപടി കൊടുത്തവരാണ് തന്നെ ജയിപ്പിച്ചതെന്ന് വടക്കാഞ്ചേരിയിൽ അനിൽ അക്കരെയെ കീഴടക്കിയെത്തിയ സേവ്യർ ചിറ്റിലപ്പിള്ളി ആവേശഭരിതനായി. കൊവിഡ് കാലത്തെ ആദിവാസികളും ഭൂരഹിതരുമടക്കമുള്ള പാർശ്വവത്കൃതരെ ഓർമ്മിപ്പിച്ച കെ.കെ. രമ, എം.എൽ.എ ഫണ്ടിൽ നിന്ന് സർക്കാരിലേക്ക് മാറ്റിയ തുക പ്രാദേശികവികസനത്തിനായി ഉപയുക്തമാക്കണമെന്ന ക്രിയാത്മകനിർദ്ദേശം വച്ചു.

ഈ ലോകമാകെ പിണറായി വിജയൻ സുഖം പകർന്നതിനാലാണ് നമ്മളെല്ലാവരും ഇവിടെയിരിക്കുന്നതെന്ന് പറഞ്ഞ ദലീമ പാട്ട് പാടി: ലോകം മുഴുവൻ സുഖം പകരാനായ്...

മുട്ടിൽമരംമുറിക്കേസിൽ മുഖ്യമന്ത്രിക്കെതിരെയുയർത്തിയ ആക്ഷേപം തിരിച്ചടിച്ചെങ്കിലും പി.ടി.തോമസ് വിടാൻ ഭാവമില്ല. അടഞ്ഞ അദ്ധ്യായം തുറക്കാനാവില്ലെന്ന് സ്പീക്കർ എം.ബി. രാജേഷ് കടുപ്പിച്ചതോടെ തോമസിന് പിൻവാങ്ങേണ്ടിവന്നു. ഏത് പഴുതിലൂടെയും അവസരം തുറക്കാനറിയുന്ന തോമസ്, എൽദോസ് കുന്നപ്പിള്ളിലിന്റെ പ്രസംഗത്തിലിടപെട്ടാണ് പറയാനുള്ളത് പറഞ്ഞത്. 2017 ജനുവരി 22ന് എറണാകുളം ഗസ്റ്റ്ഹൗസിൽ മുഖ്യമന്ത്രി ഈ പ്രതിക്ക് കൈകൊടുത്ത് നിൽക്കുന്ന ചിത്രമദ്ദേഹം ഉയർത്തിക്കാട്ടിയപ്പോൾ കേൾക്കാൻ മുഖ്യമന്ത്രിയില്ലായിരുന്നു. ഉദ്ഘാടനത്തിന് പങ്കെടുത്തെന്ന ആരോപണം വിഴുങ്ങിയെങ്കിലെന്ത്, പുതിയതുയർത്തി പകരം വീട്ടിയില്ലേ!

വോട്ട് ഓൺ അക്കൗണ്ടും ധനകാര്യ, ധനവിനിയോഗബില്ലുകളും പാസ്സാക്കി സഭ സന്ധ്യയോടെ പിരിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHAYIL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.