
എൻ.എസ്.എസ് എന്ന മഹത് പ്രസ്ഥാനം കെട്ടിപ്പടുക്കുകയും സ്വസമുദായത്തിന്റെ പുരോഗതിയെന്നത് സമൂഹനമ കൂടിയാവണമെന്ന ലക്ഷ്യത്തിൽ അവസാനശ്വാസം വരെ കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്ത കർമ്മയോഗിയായിരുന്നു സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ. തികഞ്ഞ മതേതരവാദിയായിരുന്ന അദ്ദേഹം സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ വരുത്തിയ വിപ്ലവകരമായ പരിവർത്തനങ്ങൾ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ 149-ാം ജൻമദിനമാണ് പെരുന്ന മന്നം നഗറിൽ ആഘോഷിക്കുന്നത്.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ദുർവ്യയങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹ്യപരിഷ്‌കർത്താവ്. കർമ്മപ്രഭാവത്താൽ ശൂന്യതയിൽനിന്ന് അദ്ഭുതങ്ങൾ സൃഷ്ടിച്ച അവതാര പുരുഷൻ. സാധാരണക്കാരിൽ സാധാരണക്കാരനായിരുന്ന യോഗീശ്വരൻ. മന്നത്തുപത്മനാഭന്റെ നിലപാടുകൾക്കും കാലാതീത ദർശനത്തിനും പ്രസക്തി വർദ്ധിക്കുകയാണ്. ഓരോ ജന്മദിനാഘോഷവും സംഘടനയുടെ വളർച്ചയിലേക്കുള്ള പടവുകളാണ്.
മന്നം, വിപ്ളവ
സൂര്യൻ
1878 ജനുവരി രണ്ടിനാണ് ജനനം. പെരുന്നയിൽ മന്നത്തുവീട്ടിൽ പാർവതിഅമ്മയുടെയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിന് മാതാവിന്റെ വാത്സല്യം മാത്രമായിരുന്നു ആശ്രയം. അഞ്ചാം വയസിൽ അമ്മ എഴുത്തിനിരുത്തി. എട്ടു വയസുവരെ കളരിയാശാന്റെ ശിക്ഷണത്തിൽ എഴുത്തും വായനയും പഠിച്ചു. തുടർന്ന് ചങ്ങനാശ്ശേരിയിലെ സർക്കാർ സ്‌കൂളിൽ ചേർന്നെങ്കിലും സാമ്പത്തിക പരാധീനതകളാൽ തുടരാൻ കഴിഞ്ഞില്ല. പിന്നീട് ഒരു നാടകസംഘത്തിൽ ബാലനടനായി. ബാല്യത്തിലേ തുള്ളൽക്കഥകൾ, ആട്ടക്കഥകൾ, നാടകങ്ങൾ തുടങ്ങിയവ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യവാസനയും പരിപുഷ്ടമാക്കി.
ചങ്ങനാശ്ശേരി മലയാളം സ്‌കൂളിൽ പഠിച്ച് സർക്കാർ കീഴ്ജീവന പരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയിൽ അദ്ധ്യാപകനായി. പല സർക്കാർ പ്രൈമറി സ്‌കൂളുകളിലും പ്രഥമാദ്ധ്യാപകനായി ജോലി നോക്കി. മികച്ച അദ്ധ്യാപകനെന്ന പ്രശസ്തി നേടി. 27-ാം വയസിൽ മിഡിൽ സ്‌കൂൾ അദ്ധ്യാപകനായിരിക്കെ ഹെഡ്മാസ്റ്ററുടെ നീതിനിഷേധത്തിൽ പ്രതിഷേധിച്ച് രാജിവച്ചു. ഇതിന് രണ്ടുവർഷം മുമ്പ് തുറവൂർ സ്‌കൂളിൽ അദ്ധ്യാപകനായിരിക്കുമ്പോൾ മജിസ്‌ട്രേറ്റ് പരീക്ഷയിൽ പ്രൈവറ്റായി ചേർന്ന് ജയിച്ചിരുന്നതിനാൽ സന്നതെടുത്ത് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിൽ അഭിഭാഷകനായി പേരെടുത്തു.
തുടർന്ന് പെരുന്ന കരയോഗ ഉദ്ഘാടനം, ചങ്ങനാശ്ശേരി നായർ സമാജ രൂപീകരണം, നായർ ഭൃത്യജനസംഘ പ്രവർത്തനാരംഭം... ഇങ്ങനെ പ്രവർത്തനമണ്ഡലം വിപുലമായി. 1914 ഒക്‌ടോബർ 31ന് നായർ സമുദായ ഭൃത്യജനസംഘം രൂപീകരിച്ച് അധികം കഴിയും മുമ്പ് അതിന്റെ നാമധേയം നായർ സർവീസ് സൊസൈറ്റി എന്നാക്കി പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി. വൈക്കം സത്യഗ്രഹത്തിന് പിന്തുണ അറിയിച്ച് വൈക്കത്തുനിന്ന് കാൽനടയായി രാജധാനിയിലേക്കു പുറപ്പെട്ട 'സവർണജാഥ", ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഘടനാ ചാതുരിയും നേതൃപാടവവും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്.
സാരഥ്യം,
രാഷ്ട്രീയം
1914 ഒക്‌ടോബർ 31 മുതൽ 1945 ആഗസ്റ്റ് 17 വരെ 31 വർഷക്കാലം എൻ.എസ്.എസിന്റെ ജനറൽ സെക്രട്ടറി. പിന്നീട് മൂന്നുവർഷം പ്രസിഡന്റായി. 1947ൽ സംഘടനയുമായുള്ള ഔദ്യോഗിക ബന്ധങ്ങൾ വേർപെടുത്തി സ്റ്റേറ്റ് കോൺഗ്രസിനും ഉത്തരവാദ ഭരണപ്രക്ഷോഭത്തിനും നേതൃത്വം നൽകി. മുതുകുളത്തു ചേർന്ന സ്റ്റേറ്റ് കോൺഗ്രസ് യോഗത്തിലെ പ്രസംഗത്തിന്റെ പേരിൽ ജയിൽവാസവും അനുഭവിക്കേണ്ടിവന്നു. രണ്ടരമാസത്തിനു ശേഷമാണ് മോചിതനായത്. പ്രായപൂർത്തി വോട്ടവകാശ പ്രകാരം തിരുവിതാംകൂറിൽ ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ പത്തനംതിട്ട നിയോജകമണ്ഡലത്തിൽനിന്ന് നിയമസഭാ സാമാജികനായി. 1949 ആഗസ്റ്റിൽ ആദ്യമായി രൂപീകരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി. തുടർന്ന് പത്തുകൊല്ലം സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കാതെ സാമൂഹ്യ പ്രവർത്തനങ്ങളിലും എൻ.എസ്.എസിന്റെ വളർച്ചയിലും ബദ്ധശ്രദ്ധനായി.
തിരുക്കൊച്ചി സംസ്ഥാനവും, അനന്തരം കേരള സംസ്ഥാനവും രൂപം പ്രാപിച്ചപ്പോൾ കോൺഗ്രസ് അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി ഏർപ്പെട്ടില്ല. 1957ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റു. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിൽ മനംമടുത്ത് അദ്ദേഹം വിമോചനസമരത്തിന് നേതൃത്വം നൽകി. ആ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിട്ട്, പ്രസിഡന്റ് ഭരണം നടപ്പായി. സരളമായ ഭാഷാശൈലിയും രചനാരീതിയും അദ്ദേഹത്തിന് അധീനമായിരുന്നു. പഞ്ചകല്യാണി നിരൂപണം, ചങ്ങനാശ്ശേരിയുടെ ജീവിതചരിത്ര നിരൂപണം, ഞങ്ങളുടെ എഫ്.എം.എസ് യാത്ര, എന്റെ ജീവിതസ്മരണകൾ എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്.
1970 ഫെബ്രുവരി 25നാണ് അദ്ദേഹം ഭൗതികമായി നമ്മിൽനിന്ന് യാത്ര പറഞ്ഞത്. സാമൂഹിക പരിഷ്‌കർത്താവ് എന്ന നിലയിൽ മന്നത്തു പത്മനാഭൻ തന്റെ ദൈർഘ്യമേറിയ ജീവിതം അനീതിക്കും വിവേചനത്തിനുമെതിരെ പോരാടുന്നതിനും വിദ്യാഭ്യാസ പുരോഗതിയും സമത്വവും കൈവരുത്തുന്നതിനും ചെലവഴിച്ചുവെന്നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രസ്താവിച്ചത്. ഹെഡ്ക്വാർട്ടേഴ്സ് മൈതാനത്ത് അന്ന് ആ ചിതയൊരുക്കിയ സ്ഥലത്താണ് ഇന്ന് മന്നം സമാധി മണ്ഡപവും സമുച്ചയവും സ്ഥിതിചെയ്യുന്നത്. അത് എൻ.എസ്.എസ് ക്ഷേത്രതുല്യം പരിപാലിക്കുന്നു. എൻ.എസ്.എസിന്റെ ഏതു തീരുമാനത്തിനും തുടക്കം കുറിക്കുന്നത് അവിടെ നിന്നാണ്. അദൃശ്യനായി നിന്നുകൊണ്ട് ഇന്നും അദ്ദേഹം നമുക്ക് അനുഗ്രഹം ചൊരിയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |