SignIn
Kerala Kaumudi Online
Friday, 26 April 2024 8.18 PM IST

നിറുത്തണം ഈ 'മരണക്കളി'

game

ഓൺലൈൻ കളികളുടെ നീരാളിപ്പിടുത്തത്തിൽ എരിഞ്ഞു തീരുന്ന കൗമാരക്കാരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. വിദേശരാജ്യങ്ങളെ പോലും തോല്‌പിക്കുന്ന തരത്തിലാണ് കളിയിൽ പിടഞ്ഞു തീരുന്ന കൗമാരക്കാരുടെ എണ്ണം കേരളത്തിലും വർദ്ധിച്ചുവരുന്നത്. ഇതു സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന കണക്കുകളും കഥകളുമാണ് ഓരോ ദിവസവും നമ്മെ തേടിയെത്തുന്നത്. എന്നിട്ടും കുട്ടികൾക്കും മാതാപിതാക്കൾക്കും കുലുക്കമില്ലെന്നതാണ് പേടിപ്പിക്കുന്ന വസ്തുത. മാതാപിതാക്കളുടെ കണ്ണിൽപ്പെടാതെ ഓരോ തുരുത്തുകളായി മാറുന്ന കുട്ടികൾ കളികളിൽ ആകൃഷ്ടരാകുകയും കളിക്കുള്ള വിലയായി സ്വന്തം ജീവൻ തന്നെ നല്‌കുകയും ചെയ്യുകയാണ്.

കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികളെ മരണച്ചുഴിയിലേക്ക് തള്ളിവിട്ട് ഓൺലൈൻ ഗെയിമുകൾ പണം വാരുകയായിരുന്നു. പഠനത്തിനായി മൊബൈൽ ഫോണുകൾ കുട്ടികളുടെ നിയന്ത്രണത്തിലായപ്പോൾ ഗെയിമിനടിമപ്പെടൽ എന്ന വലിയ മാനസിക പ്രശ്നത്തിനിരയാകുകയാണ് കുരുന്നുകൾ. ഫ്രീ ഫയർ എന്ന സർവൈവൽ ഗെയിമിന് അടിമകളായ കുട്ടികൾ ആത്മഹത്യയിൽ അഭയം തേടിയതും നടുക്കുന്ന വാർത്തകളായിരുന്നു.
ഓൺലൈൻ ക്ലാസുകൾ സജീവമായതോടെ കുട്ടികളുടെ നിയന്ത്രണത്തിലായിരുന്നു സ്മാർട്ട് ഫോണുകളും കംപ്യൂട്ടറുമൊക്കെ. കൊവിഡ് കാലത്ത് ചുമരുകൾക്കുള്ളിലേക്ക് ഒതുങ്ങിയ കുട്ടികൾ ഗെയിമുകളിൽ ജീവിതം തന്നെ സമർപ്പിക്കുകയായിരുന്നു. വഴിമാറിയ ഒരു ചിന്തയിൽ ഗെയിമുകൾക്കൊപ്പം അവരുടെ ജീവിതവും ഉറ്റവരുടെ സ്വപ്നങ്ങളുമാണ് ഷട്ട് ഡൗണാകുന്നത്.
കഴിഞ്ഞ ആഴ്ച തലശേരി ധർമ്മടത്ത് പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കിയത് ഓൺലൈൻ ഗെയിമിൽ കുരുങ്ങിയതിനെ തുടർന്നാണെന്ന സംശയത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ധർമടം കിഴക്കേ പാലയാട് റിവർവ്യൂവിൽ റാഫി- സുനീറ ദമ്പതികളുടെ മകൻ അദിനാനെ( 17) ആണ് കിടപ്പുമുറിയിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ളസ് ടു വിദ്യാർത്ഥിയായ അദിനാൻ ഏറെക്കാലമായി ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട് കഴിയുകയായിരുന്നുവെന്ന് വീട്ടുകാർ പൊലീസിന് മൊഴി നല്‌കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
പതിവായി മൊബൈലിൽ ഗെയിം കളിച്ചിരുന്ന അദിനാൻ നേരത്തെയും ആത്മഹത്യാപ്രവണത കാണിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ആത്മഹത്യ ചെയ്യാനുള്ള വിഷം വാങ്ങിയതും ഓൺലൈൻ വഴിയാണെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. വിഷം കഴിച്ച ശേഷം വീട്ടുകാരോട് താൻ വിഷം കഴിച്ചതായി കുട്ടി വന്നു പറയുകയായിരുന്നു. അദിനാന്റെ മുറിയിൽ നിന്നും സോഡിയം നൈട്രേറ്റ് പൊലീസ് കണ്ടെടുത്തിരുന്നു.

വിദേശത്തുള്ള അദിനാന്റെ പിതാവ് മകന്റെ മരണവിവരമറിഞ്ഞ് നാട്ടിലെത്തി. പൊലീസ് ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് വിശദമായി അന്വേഷണം നടത്തിവരികയാണ്.

മൊബൈൽ ഫോൺ

അടിച്ചു തകർത്തു

കൂട്ടുകാരിൽ നിന്ന് അകന്ന് കഴിയുന്ന അദിനാൻ ഒരുമാസമായി സ്‌കൂളിൽ പോയിരുന്നില്ലെന്നും വീട്ടിലെ മുറിക്കുള്ളിൽ ഒറ്റപ്പെട്ട് കഴിയുകയായിരുന്നുവെന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞു. സംഭവ ദിവസം വീട്ടുകാരോടു പോലും കുട്ടി സംസാരിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. അദിനാന്റെ മൊബൈൽ ഫോൺ അടിച്ചു തകർത്ത നിലയിലാണ് പൊലീസ് മുറിക്കുള്ളിൽ നിന്ന് കണ്ടെടുത്തത്. ഗെയിമിൽ തോറ്റതിനോ അതല്ലെങ്കിൽ ആരോടോ ഉള്ള പ്രതികാരത്തിനോ ആയിരിക്കും മൊബൈൽ തകർത്തതെന്ന് പൊലീസ് കരുതുന്നു. ഉടൻ തലശേരി സഹകരണാശുപത്രിയിൽ എത്തിച്ചു. , തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി മണിക്കൂറുകൾക്കകം മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ധർമടം പൊലീസിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി അദിനാന്റെ മുറിയിലടക്കം വിശദ പരിശോധന നടത്തിയിരുന്നു.

ബ്ളൂവെയിലിൽ കുരുങ്ങിയും ആത്മഹത്യ

മൂന്നു വർഷം മുമ്പ് ബ്ളൂവെയിലിൽ കുരുങ്ങി ഒരു വിദ്യാർത്ഥി തലശേരിയിൽ ആത്മഹത്യ ചെയ്തതും വലിയ ചർച്ചയായിരുന്നു. ഇതേത്തുടർന്ന് കൗമാരക്കാരെ നിരീക്ഷിക്കാൻ പൊലീസ് ജില്ലയിൽ പ്രത്യേക സ്ക്വാഡിനെയും മറ്റും നിയോഗിച്ചിരുന്നു. ചില മൊബൈൽ ഫോൺ ഷോപ്പുകൾ കേന്ദ്രീകരിച്ച് വൻതോതിൽ കൗമാരക്കാരായ കുട്ടികൾ പ്രവർത്തിച്ചുവരുന്നുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

മറ്റൊരു മരണത്തിലും സംശയം

കതിരൂർ മലാലിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥി മരിച്ചതിലും മൊബൈൽ ഫോണിന്റെ അമിത ഉപയോഗമാണെന്ന് സംശയം. മാതാപിതാക്കൾക്കൊപ്പം മഹാരാഷ്ട്രയിലാണ് ഈ പതിനാലുകാരൻ താമസിക്കുന്നത്. മഹാരാഷ്ട്രയിലെ കൊല്ലാപ്പൂർ ഷൻവാർ പേട്ടിലെ വീട്ടിൽവച്ചാണ് കഴിഞ്ഞ ആഴ്ച ജീവനൊടുക്കിയത്.

മൃതദേഹം അവിടെ പോസ്റ്റുമോർട്ടം നടത്തിയ ശേഷം നാട്ടിൽ കൊണ്ട് വന്ന് സംസ്‌കരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് മഹാരാഷ്ട്ര പൊലീസ് അന്വേഷണം നടത്തി വരികയാണ്‌.

ജാഗ്രതാ നിർദേശമുണ്ട്, എന്നിട്ടും

കുട്ടികൾക്കിടയിൽ ഓൺലൈൻ ഗെയിം വ്യാപകമാകുന്നത് ആത്മഹത്യകളിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും വിദ്യാഭ്യാസ മന്ത്രാലയം ജാഗ്രതാ നിർദേശം നല്‌കിയിരുന്നു. കളിക്കുന്നതിനിടെ ഗെയിമിൽ അസ്വഭാവികത തോന്നിയാൽ ഉടൻ കളി അവസാനിപ്പിച്ച്, അവസാനം കണ്ട സ്‌ക്രീൻ ഷോട്ടെടുക്കാൻ കുട്ടിക്ക് നിർദേശം നല്കണം, ഗെയിമിനിടെ അപരിചിതർക്ക് സ്വകാര്യ വിവരങ്ങൾ കൈമാറരുത് തുടങ്ങി കുട്ടികൾ ഗെയിം കളിക്കുമ്പോൾ അച്ഛനമ്മമാരും അദ്ധ്യാപകരും സ്വീകരിക്കേണ്ട മുൻകരുതലുകളാണ് നൽകിയിരിക്കുന്നത്. ചില ഗെയിമുകളോടുള്ള അമിത ആഭിമുഖ്യം ജീവൻപോലും അപകടത്തിലാക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിർദേശം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR DIARY, ONLINE GAME
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.