SignIn
Kerala Kaumudi Online
Saturday, 17 August 2024 11.04 AM IST

പാഠങ്ങളിലേക്ക് തുറക്കാം,​ പുതിയ വാതിൽ

school

സന്തോഷിച്ചും ആഹ്ലാദിച്ചും അല്പം അമ്പരന്നും ആദ്യമായി വിദ്യാലയങ്ങളിലെത്തുന്ന കുഞ്ഞുങ്ങൾക്കെല്ലാം പൊതുവിദ്യാലയങ്ങളിലേക്ക് സ്വാഗതം. ഒപ്പം,​ കഴിഞ്ഞ വർഷം സ്‌കൂളിൽ പഠിക്കുകയും,​ അവധിക്കാലം ആസ്വദിച്ചും കളിച്ചും പഠിച്ചും ചെലവഴിച്ച് വിദ്യാലയങ്ങളിലേക്ക് മടങ്ങിയെത്തുന്ന മുഴുവൻ കുട്ടികൾക്കും സ്വാഗതം. കുട്ടികളെ വരവേൽക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പും നാട്ടുകാരും ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

സമൂഹത്തിന്റെ പങ്കാളിത്തത്തോടെ 'ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം" പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളെല്ലാം ശുചിയാക്കി. സ്‌കൂളുകളുടെയും ഫർണിച്ചറുകളുടെയും നവീകരണവും അറ്റകുറ്റപ്പണികളും നടത്തിക്കഴിഞ്ഞു. അങ്ങനെ സ്‌കൂൾ ഭൗതിക സൗകര്യങ്ങളെല്ലാം പുതിയ അക്കാദമിക വർഷത്തേയും ആദ്യമായെത്തുന്ന കുട്ടികളെയും കഴിഞ്ഞ വർഷത്തെ അവധിക്കു ശേഷം വീണ്ടുമെത്തുന്ന കുട്ടികളെയും വരവേല്ക്കാൻ സജ്ജമായിക്കഴിഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് അവധിക്കാലത്ത് മനസറിഞ്ഞ് പ്രവർത്തിക്കുകയായിരുന്നു. കുഞ്ഞുങ്ങൾക്കുള്ള യൂണിഫോം വിതരണം ഏതാണ്ട് പൂർത്തീകരിച്ചു. ഈ മാസം മുതൽ പഠിക്കേണ്ട പാഠപുസ്തകങ്ങൾ സ്‌കൂളുകളിലെത്തിച്ചു. കുട്ടികളിൽ ഏതാണ്ടെല്ലാവർക്കും അത് ലഭിച്ചിട്ടുണ്ടാകും. കുട്ടികളെ പഠിപ്പിക്കേണ്ട അദ്ധ്യാപകർക്ക് പരിശീലനം നൽകിക്കഴിഞ്ഞു.

രക്ഷിതാക്കളും

അറിയാനുണ്ട്

1, 3, 5, 7, 9 ക്ലാസുകളിൽ പുതിയ പാഠ്യപദ്ധതിയനുസരിച്ചുള്ള പുസ്തകങ്ങളാണ്. 2,4,6,8,10 ക്ലാസ്സുകളിൽ 2025- 26 അദ്ധ്യയന വർഷമേ പുതിയ പാഠപുസ്തകങ്ങൾ വരികയുള്ളൂ. വിദ്യാഭ്യാസത്തെക്കുറിച്ചും കുട്ടികളെ അവരുടെ പ്രായമറിഞ്ഞ് എങ്ങനെ പിന്തുണയ്ക്കണം എന്നതിനെക്കുറിച്ചുമൊക്കെ രക്ഷിതാക്കളെ അറിയിക്കാൻ,​ അവർക്കുള്ള ഒരു പുസ്തകം കൂടി പൊതുവിദ്യാഭ്യാസ വകുപ്പ് ആദ്യമായി തയ്യാറാക്കിയിട്ടുണ്ട്. അങ്ങനെ ഏറ്റവും മികച്ച വിദ്യാഭ്യാസം കുട്ടികൾക്ക് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി.

ഭൗതിക സൗകര്യങ്ങളുടെ വികസനത്തിൽ വളരെ വലിയ കുതിപ്പാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും അതിന്റെ തുടർച്ചയായ വിദ്യാകിരണത്തിന്റെയും ഭാഗമായുണ്ടായത്. ഇനി അക്കാദമിക മികവിനാണ് ഊന്നൽ. അറിവിന്റെ രംഗത്തും സാങ്കേതിക വിദ്യാരംഗത്തും വളരെ വലിയ കുതിപ്പാണ് നടക്കുന്നത്. അറിവാണ് ഇന്ന് ലോകത്തിന്റെ ഭാഗധേയം നിർണയിക്കുന്നത്. അതുകൊണ്ട് മാനവരാശി നിർമ്മിക്കുന്ന ഏതൊന്നിനെയും വിവരങ്ങളായി സ്വീകരിച്ചുകൊണ്ട് വിമർശന ബുദ്ധി വിശകലനം ചെയ്ത് സ്വന്തം ജീവിതവും അനുഭവവുമായും,​ തൊട്ടടുത്ത പ്രകൃതിയുമായും ബന്ധപ്പെടുത്തി അവരവരുടെ അറിവാക്കി മാറ്റാനുള്ള കഴിവ് ആർജ്ജിച്ചാലേ അതിജീവനം സാദ്ധ്യമാകൂ.

വിശകലന ശേഷി

വളരണം

പഞ്ചേന്ദ്രിയങ്ങളിലൂടെ ഗോചരമാക്കുന്നതിനപ്പുറം അമൂർത്തമായ പ്രതലത്തിലും ആശയങ്ങളെ വിശകലനം ചെയ്യാനുള്ള കുട്ടികളുടെ കഴിവ് വികസിക്കണം. കൃത്രിമ ബുദ്ധി അടക്കമുള്ള സാങ്കേതികവിദ്യാ സംവിധാനങ്ങളെ ഇതിനായി പ്രയോജനപ്പെടുത്താം. അതിനായുള്ള പരിശീലനങ്ങളും അദ്ധ്യാപകർക്ക് നൽകിയിട്ടുണ്ട്. കേരളത്തിലെ മുഴുവൻ കുട്ടികളെയും ഏറ്റവും ഉയർന്ന അക്കാദമിക ശേഷിയുള്ളവരാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്കായിരിക്കും ഈ വർഷം ഊന്നൽ നൽകുക.

ഓരോ ക്ലാസ്സിലും നേടേണ്ട പഠനലക്ഷ്യങ്ങൾ അതത് ക്ലാസിൽ വച്ചുതന്നെ നേടാൻ ആവശ്യമായ പഠനാനുഭവങ്ങൾ കുട്ടികൾക്ക് ഒരുക്കാൻ സമഗ്ര ഗുണതാ വിദ്യാഭ്യാസ പദ്ധതി,​ വിദ്യാകിരണം മിഷന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും മറ്റ് ഏജൻസികളും ഒത്തുചേർന്ന് ഈ വർഷം കാര്യക്ഷമമായി നടപ്പാക്കും. അക്കാദമിക കാര്യങ്ങളിൽ വിട്ടു വീഴ്ച ചെയ്യാൻ കഴിയില്ല. കളിയും വിനോദവും വിശ്രമവും എല്ലാ പ്രധാനമാണ്. അതോടൊപ്പം പ്രധാനമാണ് പഠനം. ഈ ബോദ്ധ്യം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും മാത്രമല്ല,​ പൊതുസമൂഹത്തിനും ഉണ്ടാകണം. അതുകൊണ്ട് ആനന്ദത്തോടെ പഠിക്കുക എന്നത് ജീവിതശീലമാക്കിയേ തീരൂ.

കരുതിയിരിക്കണം,​

ചതിക്കുഴികൾ

ആധുനിക ലോകം ഒട്ടേറെ നന്മകൾ ഒരുക്കുന്നുണ്ടെങ്കിലും അതിനിടയിൽ ചില ചതിക്കുഴികളുമുണ്ട്. ലഹരി ഉപയോഗമാണ് അതിൽ ഏറ്റവും അപകടകരം. ലഹരിക്കെതിരായ നിലപാട് കുഞ്ഞുങ്ങൾ ചെറുപ്പത്തിലേ കൈക്കൊള്ളണം. നമ്മുടെ ജീവിതംതന്നെ അപകടപ്പെടുത്തുന്ന ഒന്നാണത്. ആ തിരിച്ചറിവുണ്ടാകാൻ സഹായിക്കുന്ന പ്രവർത്തനങ്ങളുണ്ടാകണം.

മാലിന്യ നിർമ്മാർജ്ജനം ജീവിതശീലവും ജീവിതരീതിയുമാക്കി മാറ്റണം. ആരോഗ്യ ശീലങ്ങളും പ്രധാനമാണ്. ഇതെല്ലാം മുന്നിൽക്കണ്ടാണ് ഈ വർഷം 'ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം" ക്യാമ്പയിൻ നടപ്പാക്കുന്നത്. ഗണിതപഠനത്തിന് 'മഞ്ചാടി", ശാസ്ത്ര പഠനത്തിന് 'മഴവില്ല്" തുടങ്ങിയ നൂതന പദ്ധതികളും നടപ്പാക്കും. ഇതെല്ലാം അക്കാദമിക രംഗത്തെ ശാസ്ത്രീയവും ക്രിയാത്മകവുമായ ഇടപെടലുകളാണ്.

കളിയും ഒരു

പഠനമാണ്

കഠിന മഴയാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ പ്രവചിക്കുന്നത്. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. കുട്ടികളോടൊപ്പം രക്ഷിതാക്കളും പൊതുസമൂഹവും ജനപ്രതിനിധികളും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. കാലാവസ്ഥയിൽ പൊടുന്നനെയുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ സാധാരണ അനുഭവങ്ങൾക്കപ്പുറമാണ്. നമ്മൾ ആഗ്രഹിക്കാത്ത വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. അതിനാൽ മുഴുവൻ കുട്ടികൾക്കു മേലും സമൂഹത്തിന്റെ ശ്രദ്ധയുണ്ടാകണം. ഇത് പേടിക്കാനല്ല; പക്ഷേ കരുതൽ ആവശ്യമാണ്.

പഠനത്തോടൊപ്പം കളിയും പ്രധാനമാണ്. കുട്ടികളുടെ അവകാശമാണ് കുട്ടിത്തം. ആരോഗ്യക്ഷമതയുള്ളവരായി കുട്ടികൾ വളരണമെങ്കിൽ അവരുടെ കായികക്ഷമത വർദ്ധിക്കാനുള്ള അവസരങ്ങളും ഒരുക്കണം. കളിയും പഠനമാണ് എന്ന കാര്യം രക്ഷിതാക്കൾ ഓർക്കണം. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപ്പാടോടെ മുന്നേറാൻ ഈ അക്കാദമിക വർഷം എല്ലാവർക്കും കൂട്ടായി പരിശ്രമിക്കാം. ഇതാണ് ഈ വർഷത്തെ പ്രവേശനോത്സവ സന്ദേശം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.