SignIn
Kerala Kaumudi Online
Sunday, 30 June 2024 10.26 PM IST

അറിയണം,​ സായാഹ്നത്തിന്റെ സങ്കടങ്ങൾ

vayojanam

ജീവിതത്തിന്റെ സായാഹ്നകാലമാണ് അറുപതുകൾക്കു ശേഷമുള്ള കാലഘട്ടം. വയോജനങ്ങൾക്കെതിരായ പീഡനങ്ങളും അവഗണനയും സംബന്ധിച്ച വാർത്തകൾ ഇപ്പോൾ പതിവായിരിക്കുന്നു. വയോജന പീഡനങ്ങൾക്കെതിരെയുള്ള ബോധവത്കരണം ആരംഭിച്ചിട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞു. സെമിനാറുകൾ, ചർച്ചകൾ, ലഘുലേഖകൾ, പ്രചാരണ ജാഥകൾ, ഫ്ളാഷ് മോബുകൾ, സ്‌കിറ്റുകൾ തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ബോധവത്കരണത്തിനായി ഈ കാലഘട്ടത്തിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തിയത്. വിദ്യാർത്ഥികൾ, വൃദ്ധസദനങ്ങളിലെ അന്തേവാസികൾ. വയോജന സംഘടനകൾ, സാമൂഹ്യപ്രവർത്തകർ, പൊലീസ്. ജുഡിഷ്യറി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരിൽ വയോജനങ്ങളുടെ അവകാശങ്ങളും സംരക്ഷണവും സംബന്ധിച്ച് അവബോധമുണ്ടാക്കാനും പ്രത്യേകം ശ്രദ്ധ നൽകി.

ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഫോർ പ്രിവൻഷൻ ഒഫ് എൽഡർ അബ്യൂസ് എന്ന സംഘടനയാണ് വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ 2006-ൽ ലോക ശ്രദ്ധയിൽ കൊണ്ടുവന്നത്. 2011-ൽ ഐക്യരാഷ്ട്രസഭ ഈ റിപ്പോർട്ടും ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തു. നമ്പർ 66/ 127 ആയി ഒരു പ്രമേയം അംഗീകരിച്ചു. പ്രശ്‌നത്തെ ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിനും പരിഹാരം കാണുന്നതിനുമായി എല്ലാ വർഷവും ജൂൺ 15 ലോക വയോജന പീഡന വിരുദ്ധ ബോധവത്കരണ ദിനമായി ആചരിക്കാനും ആഹ്വാനം ചെയ്തു.

ലോക ജനസംഖ്യയിൽ വയോജനങ്ങളുടെ വർദ്ധന, അതിനുള്ള കാരണങ്ങൾ അത് കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ, വയോജന ക്ഷേമപദ്ധതികൾ, വയോജനക്ഷേമ നിയമങ്ങൾ, വയോജന പീഡനങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്കും വയോജനങ്ങൾക്കും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും സാമാന്യമായ അറിവ് നൽകുവാൻ ഈ പ്രവർത്തനങ്ങൾ വഴി ഒരുപരിധിവരെ സാധിച്ചിട്ടുണ്ട്. ഈ രംഗത്തു പ്രവർത്തിക്കുന്ന,​ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളുടെ ശ്രമഫലമായി വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും സർക്കാരിന്റെയും സമൂഹത്തിന്റെയും കൂടുതൽ കരുതൽ ആവശ്യമുണ്ടെന്ന് മുഖപ്രസംഗങ്ങൾ എഴുതാൻ പത്രമാദ്ധ്യമങ്ങളും തയ്യാറായി.

വയോജന ക്ഷേമം പ്രമേയമായ സിനിമകളും സമൂഹത്തെ ബോധവത്കരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. അതേസമയം,​ ബോധവത്കരണത്തിലുണ്ടായ ഈ മികവ് ഭാവി പ്രവർത്തനങ്ങളിൽ അലംഭാവത്തിന് കാരണമാകരുത്. മറിച്ച്, കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനശൈലി ആവിഷ്‌ക്കരിക്കുവാനാണ് ശ്രദ്ധിക്കേണ്ടത്. വയോജനങ്ങൾക്കെതിരായ പീഡനങ്ങൾ പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേകം രേഖപ്പെടുത്തി ഉന്നതാധികാരികൾക്ക് അയച്ചുകൊടുക്കണമെന്ന ചട്ടം നിലവിലുണ്ട്. തനിച്ചു താമസിക്കുന്ന വയോജനങ്ങളെ സിവിൽ പൊലീസ് ഓഫീസർമാർ സന്ദർശിക്കുകയും ക്ഷേമാന്വേഷണം നടത്തുകയും വേണമെന്ന് നിർദ്ദേശവുമുണ്ട്. ഇത് ഫലപ്രദമായി നടപ്പിലാക്കുവാൻ ആവശ്യമായ ആൾശേഷിയും മറ്റു സൗകര്യങ്ങളും വർദ്ധിപ്പിച്ചേ മതിയാകൂ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികൾ സജീവമാക്കാനും നടപടികൾ ഉണ്ടാകണം.

ഈ വിഷയത്തിൽ വയോജന സംഘടനകളും കൂടുതൽ ഉണർവോടെ പ്രവർത്തിക്കേണ്ടതുണ്ട്. തദ്ദേശസ്വയംഭണം,​ സാമൂഹ്യനീതി, ആഭ്യന്തരം, ആരോഗ്യം, റവന്യു എന്നിങ്ങനെ വയോജന പീഡനം തടയുന്നതിന് ചുമതലയുള്ള വകുപ്പുകളുടെ ഒരു ഏകോപന സമിതി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഉണ്ടാകേണ്ടതുണ്ട്. അതായത്,​ ജില്ലാ വയോജന കമ്മിറ്റി പോലെയുള്ള ഒരു സംവിധാനം തദ്ദേശ സ്വയംഭരണ തലത്തിൽ രൂപീകരിക്കണം. ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് വയോജന നിയമങ്ങളിൽ കൃത്യമായ തുടർ പരിശീലനം നൽകണം.

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) വർഷംതോറും നടത്തുന്ന പരിശീലനത്തിൽ വയോജന ക്ഷേമവും ഉൾപ്പെടുത്തണം. ദാരിദ്ര്യം എല്ലാ മനുഷ്യാവകാശങ്ങളെയും ലംഘിക്കുന്നു. ഇത് വയോജനങ്ങളുടെ കാര്യത്തിൽ പ്രത്യേകം ശരിയാണ്. ദാരിദ്ര്യം വയോജന പീഡനം തന്നെയാണ്. ഇതിന് മാറ്റം വരേണ്ടതുണ്ട്. അർഹിക്കുന്ന വയോജനങ്ങൾക്ക് പോഷാകാഹാര വിതരണം നിയമപരമായി ഉറപ്പുവരുത്തണം. വയോമിത്രം പദ്ധതി ഒരു ആശ്വാസമാണ്. പദ്ധതിയിൽ 60 വയസു കഴിഞ്ഞവരെ ഉൾപ്പെടുത്തി പഞ്ചായത്തുകളിലും നടപ്പാക്കണം. ഗ്രാമസഭകളിൽ വയോജന ക്ഷേമപദ്ധതികൾ സമർപ്പിക്കുന്നത് നടപ്പിലാക്കുവാൻ ശ്രദ്ധിക്കണം. അവഗണനയും അപമാനവും വയോജനങ്ങൾ അനുഭവിക്കുന്ന പീഡനങ്ങളിൽ മുഖ്യമായ ഘടകങ്ങളാണ്.

മെയിന്റനൻസ് ട്രിബ്യൂണലിന്റെ പ്രവർത്തനങ്ങളിലും മാറ്റം വരുത്തണം. മെയിന്റ്നൻസ് ട്രിബ്യൂണൽ ജില്ലാ കേന്ദ്രങ്ങളിൽ പരിഹാര പരാതി ക്യാമ്പിനു പകരം പഞ്ചായത്തുകൾ അടിസ്ഥാനമാക്കി നടത്തുവാൻ കഴിയണം. മൂന്നോ നാലോ പഞ്ചായത്തുകൾ ഒരു ക്യാമ്പിൽ ഉൾപ്പെടുത്തണം. ഭാവിയിലെ ബോധവത്കരണ പ്രവർത്തനങ്ങൾ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ആസൂത്രണം ചെയ്യേണ്ടതാണ്. വയോജനങ്ങളുടെ സർവേ ഇന്നും സ്വപ്നമായി അവശേഷിക്കുന്നതേയുള്ളൂ. പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് സ്ഥിതിവിവര കണക്കുകളുടെ അഭാവം തടസ്സമാണ്. ഇതിൽ പുരോഗതിയുണ്ടാകണം.

കമ്പനികളുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് നിശ്ചിത ശതമാനം വയോജനക്ഷേമ പ്രവർത്തനത്തിനായി വകയിരുത്തണം. വൃദ്ധസദനങ്ങൾ,​ ഡിമെൻഷ്യ കെയർ സെന്റർ എന്നിവയുടെ നിർമ്മാണത്തിന് ഈ ഫണ്ട് ഉപയോഗിക്കാം. അങ്ങനെ വയോജന പീഡന വിരുദ്ധ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ താഴേത്തട്ടിലുമെത്തി ജനകീയ പ്രസ്ഥാനമായി മാറണം. സംസ്ഥാന സർക്കാർ വയോജന ക്ഷേമത്തിനായി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. പുതിയ കേന്ദ്ര സർക്കാരും ഈ ലക്ഷ്യത്തോടെ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

(സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ് ലേഖകൻ. ഫോൺ: 94464 83677)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.