SignIn
Kerala Kaumudi Online
Wednesday, 15 January 2025 3.05 PM IST

ഒരുമയുടെ വള്ളസദ്യക്കാലം

Increase Font Size Decrease Font Size Print Page
aranmula

ലോക പൈതൃക ഭൂപടത്തിൽ ആറൻമുളയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ആറൻമുള കണ്ണാടി, ആറൻമുള വള്ളംകളി, വള്ളസദ്യ തുടങ്ങിയവയിൽ സ്വന്തമായ സ്ഥാനവും രീതികളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ ഉള്ളതുകൊണ്ട് ആറൻമുള ഗ്രാമം പ്രസിദ്ധി നേടിയിട്ടുണ്ട്. ആറൻമുള ഉത്രട്ടാതി വള്ളംകളിയോടനുബന്ധിച്ച് നടക്കാറുള്ള ഇൗ വർഷത്തെ വള്ളസദ്യയ്ക്ക് ആറൻമുള ക്ഷേത്രത്തിൽ തുടക്കമായി. ക്ഷേത്രവുമായി ബന്ധപ്പെട്ട നൂറ്റാണ്ടുകളായുള്ള ആചാരത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമാണ് വള്ളസദ്യ. തിരുവേണത്തോണിയ്ക്ക് അകമ്പടിയായി എത്തുന്ന പള്ളിയോടങ്ങൾക്കായി സമർപ്പിക്കുന്ന വഴിപാട് സദ്യകളാണ് വള്ളസദ്യകളായി അരങ്ങേറുന്നത്. പരമ്പരാഗതമായ ആചാരപെരുമയിൽ നടക്കാറുള്ള വള്ളസദ്യയിൽ നാൽപ്പത് വിഭവങ്ങൾ വിളമ്പും. ഇരുപത്തിരണ്ട് കറികൾ കരക്കാർ പാടി ചോദിക്കും. അങ്ങനെ അറുപത്തിരണ്ടിനങ്ങൾ ചേരുമ്പോൾ വള്ളസദ്യ വിഭവങ്ങൾ പൂർണമായി. കർക്കിടകം 15 മുതൽ കന്നി 15 വരെ നീളുന്നതാണ് വള്ളസദ്യകാലം. അഞ്ഞൂറോളം സദ്യകൾ ഇക്കാലയളവിലുണ്ടാകും. ഇതേവരെ മുന്നൂറ്റിയൻപത് സദ്യകളുടെ ബുക്കിംഗ് ആയിട്ടുണ്ടെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ അറിയിച്ചിട്ടുണ്ട്. പ്രതിദിനം പത്തു മുതൽ പതിനഞ്ച് വരെ സദ്യകളാണ് ക്ഷേത്രത്തിലെ ഊട്ടുപുരകളിലും സമീപത്തെ ഓഡിറ്റോറിയങ്ങളിലുമായി നടക്കുക.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ഭക്തജനങ്ങളുടെയും സഹകരണത്തിലാണ് പള്ളിയോട സേവാസംഘം വള്ളസദ്യ ക്രമീകരിക്കുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള നിർവഹണ സമിതിയാണ് വള്ളസദ്യകൾക്ക് നേതൃത്വം നൽകുന്നത്. ആദ്യ ദിവസം പത്തു പള്ളിയോടങ്ങൾക്കാണ് വഴിപാട് സദ്യ ഒരുക്കിയത്. സദ്യയ്‌ക്കെത്തുന്ന പള്ളിയോടങ്ങളിലെ കരക്കാരെ വഴിപാടുകാർ ക്ഷേത്രക്കടവിൽ നിന്നു സ്വീകരിക്കും. ഇവർക്കായി അമ്പലപ്പുഴ പാൽപായസം ഉൾപ്പെടെ പ്രധാന നാൽപ്പത് വിഭവങ്ങൾ ഒരുക്കും. ഇതു കൂടാതെയാണ് കരക്കാർ ശ്ലോകം ചൊല്ലി വിഭവങ്ങൾ ആവശ്യപ്പെടാറുള്ളത്. മടന്തയില തോരൻ, മോദകം, അട, കദളി, കാളിപ്പഴങ്ങൾ, തേൻ തുടങ്ങിയവ ഇത്തരം ഇരുപത് വിഭവങ്ങളുമുണ്ട്. വള്ളസദ്യയുടെ ഒരുക്കത്തിന്റെ ഭാഗമായി അടുപ്പിലേക്ക് അഗ്‌നി പകരുന്നതു മുതൽ ആചാരാനുഷ്ഠാനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ക്ഷേത്രത്തിലെ കെടാവിളക്കിൽ നിന്നുള്ള അഗ്‌നി മേൽശാന്തി പകർന്നു നൽകിയത് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ നിലവിളക്കിലേക്ക് പകർന്നു. പാചക കരാറുകാരുടെ പ്രതിനിധികൾ തിരികൾ തെളിച്ച് അടുപ്പുകളിലേക്കും പകർന്നതോടെ വള്ള സദ്യയ്ക്ക് തുടക്കമായി.

നാടിന്റെ ഉത്സവം

ഭഗവത് സാന്നിദ്ധ്യം കുടികൊള്ളുന്ന പള്ളിയോടത്തിൽ ഭക്തിയുടെ തുഴയെറിഞ്ഞ് കര പ്രമുഖരെത്തുമ്പോഴാണ് വള്ളസദ്യയ്ക്ക് തുടക്കമാകുന്നത്. ക്ഷേത്രത്തിന്റെ വടക്കേഗോപുരനടയുടെ പടിക്കെട്ടുകളിറങ്ങി വഴിപാടുകാർ വെറ്റിലയും പുകയിലയും നൽകി കരക്കാരെ ആചാരപരമായി വരവേൽക്കും. മുത്തുക്കുടകളുടെയും വാദ്യാഘോഷങ്ങളുടെയും താലപ്പൊലിയേന്തിയ ബാലികമാരുടെയും അകമ്പടിയിൽ ക്ഷേത്ര പ്രദക്ഷിണം പൂർത്തിയാക്കിയ കരക്കാരെ സദ്യാലയത്തിലേക്ക് ആനയിക്കും. വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ ഭഗവാനെ സ്തുതിച്ച് തൂശനിലയിൽ ഭക്തിയിൽ ചാലിച്ച വിഭവങ്ങൾ വിളമ്പും. ഇതോടെ പാർത്ഥസാരഥിയുടെ തട്ടകത്തിൽ വഴിപാട് വള്ളസദ്യക്ക് തുടക്കമായി. ഭഗവത് നേദ്യമായ വഴുതനങ്ങാ മെഴുക്കുപുരട്ടിയും അമ്പലപ്പുഴ പാൽപ്പായസവും ചേനപ്പാടിയിലെ പാളത്തൈരും തുടങ്ങി വിവിധതരം പായസങ്ങളും കറികളും ഇലയിലുണ്ടെങ്കിലും കരക്കാർ പാടിച്ചോദിക്കുന്ന വിഭവങ്ങൾ നൽകണമെന്ന ആചാരവും മുറതെറ്റാതെ നടക്കുന്നു. വഴിപാടുകാർ നടത്തുന്ന സദ്യയിൽ ഭഗവത് സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. വിഭവസമൃദ്ധമായ സദ്യയ്ക്കുശേഷം വഞ്ചിപ്പാട്ടിലൂടെ വഴിപാടുകാരനെ അനുഗ്രഹിച്ച് വീണ്ടും ക്ഷേത്രത്തിന് വലംവച്ച് കിഴക്കേ ഗോപുരനടയിൽ നിറച്ചുവച്ചിരുന്ന പറ തളിച്ചശേഷം വടക്കേ ഗോപുരനട ഇറങ്ങി പള്ളിയോടത്തിൽ കരക്കാർ മടങ്ങും. കടവിലെത്തി ആചാരപരമായി യാത്രയാക്കിശേഷം വഴിപാടുകാരും മടങ്ങും. വള്ളസദ്യ കഴിക്കണമെന്ന് ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്ക് അതിനുള്ള അവസരം പള്ളിയോട സേവാസംഘം ഒരുക്കിയിട്ടുണ്ട്. ഇരുനൂറ്റിയൻപത് രൂപയാണ് ഒരു വള്ളസദ്യയ്ക്കുള്ള നിരക്ക്.

കെ.എസ്.ആർ.ടി.സി പാക്കേജും
ആറന്മുള വള്ളസദ്യയും വഞ്ചിപ്പാട്ടും ആസ്വദിക്കാൻ കെ.എസ്.ആർ.ടിസിയുടെ നേതൃത്വത്തിൽ ക്ഷേത്രദർശനം പാക്കേജിലുൾപ്പെടുത്തി ക്രമീകരിച്ചിട്ടുണ്ട്. പാക്കേജിൽ സദ്യയിൽ പങ്കെടുക്കാൻ 250 രൂപയാണ് വാങ്ങുന്നത്. ഇതിനോടകം കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന ബുക്കിംഗ് ആയിട്ടുണ്ട്. കുറഞ്ഞത് രണ്ട് ബസുകളെങ്കിലും ഓരോ ദിവസവും എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

സൗഹാർദ്ദത്തിന്റെ സന്ദേശം

വളളസദ്യ കഴിക്കാൻ വിവിധ ദേശങ്ങളിൽ നിന്ന് ഭക്തരെത്തും. ഭക്തരല്ലാത്തവർക്കും ഒട്ടേറെ വിഭവങ്ങളുള്ള സദ്യ കൗതുകമാണ്. എല്ലാത്തരം ആളുകൾക്കും ആറൻമുള സദ്യ കഴിക്കാം. പരാതികളില്ലാത്ത വള്ളസദ്യക്കാലമാണ് ഈ വർഷവും പ്രതീക്ഷിക്കുന്നത്. ആറൻമുളയിൽ വള്ളസദ്യയ്ക്ക് എത്തുന്ന എല്ലാവർക്കും അതു കഴിച്ച് മടങ്ങാനുള്ള അവസരം ഒരുക്കേണ്ടതുണ്ട്. പള്ളിയോടങ്ങൾക്കൊപ്പം വരുന്ന വഴിപാടുകാരും അവരുടെ ബന്ധുക്കളും മാത്രം വിഭവങ്ങളെല്ലാമുളള സദ്യ കഴിച്ച് മടങ്ങുമ്പോൾ ഫീസടച്ച് കൂപ്പൺ വാങ്ങി വരുന്നവർക്ക് പരിഗണന ലഭിക്കാറില്ലെന്ന് എല്ലാ വർഷവും ആക്ഷേപങ്ങൾ ഉയരാറുണ്ട്. വള്ളസദ്യ എന്നു കേൾക്കുമ്പോൾ വിഭവങ്ങൾ എല്ലാം അടങ്ങിയതാണ് ആളുകൾ പ്രതീക്ഷിക്കുന്നത്. വി.വി.ഐ.പികൾ, അല്ലാത്തവർ എന്ന വേർതിരിവും വള്ളസദ്യയുടെ കാര്യത്തിൽ ഉണ്ടാകരുത്.

സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ടവർക്ക് വള്ളസദ്യ കഴിക്കാൻ അവസരം ലഭിക്കാറില്ല. മത സമുദായ ചിന്തകൾക്കതീതമായ സമഭാവമാണ് വേണ്ടത്. ആറൻമുള വള്ളം കളിക്ക് തയ്യാറാകുന്ന പള്ളിയോടങ്ങൾ നിർമ്മിക്കുന്നതിലും അതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതും മത സമുദായ വേർതിരിവില്ലാതെയാണ്. വള്ളംകളിക്കും മത സാമുദായ സൗഹാർദ്ദത്തിന്റെ സന്ദേശമുണ്ട്. ആറൻമുളയുടെ ആ പാരമ്പര്യവും തനിമയും സാംസ്കാരിക വൈവിദ്ധ്യവും നിലനിറുത്തി പോകുന്നതാണ് വള്ളസദ്യക്കാലം. നാടിന്റെ ഒരുമയും ശക്തിയും വള്ളംകളിയിലും വള്ളസദ്യയിലും പ്രകടമായി നിലനിൽക്കണം.

വള്ളസദ്യയോടനുബന്ധിച്ച് ക്രമീകരണങ്ങളിൽ പ്ലാസ്റ്റിക് പൂർണമായി നിരോധിച്ചിരിക്കുകയാണ്. പതിനഞ്ച് കരാറുകാരാണ് സദ്യയുടെ ക്രമീകരണം ചെയ്യുന്നത്. മാലിന്യ നിർമാർജനത്തിനായി പ്രത്യേകം കരാർ നൽകിയിരിക്കുകയാണ്. സദ്യയുമായി ക്രമീകരണങ്ങൾ കുറ്റമറ്റതാക്കാൻ പള്ളിയോട സേവാസംഘത്തിന്റെ നിരീക്ഷണം ഉണ്ടാകും. വഴിപാട് വള്ളസദ്യകളിൽ പള്ളിയോടത്തിൽ എത്തുന്ന കരക്കാർക്കും വഴിപാടുകാരന്റെ ക്ഷണപ്രകാരം എത്തുന്നവർക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.