SignIn
Kerala Kaumudi Online
Saturday, 27 April 2024 12.25 AM IST

മുത്തുവിന്റെ അ'യോഗ്യതയിൽ' വേണമൊരു വീണ്ടുവിചാരം

psc

അട്ടപ്പാടി ആനവായ് ഊരിലെ ഗോത്രവർഗക്കാരനായ മുത്തു എന്ന യുവാവിന് ഉന്തിയ പല്ലാണെന്ന കാരണത്താൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോലി നിഷേധിക്കപ്പെട്ടത് സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിക്കുന്നുണ്ട്. ബ്രിട്ടീഷ് കാലം മുതൽ നാം പിന്തുടരുന്ന ഒരു വ്യവസ്ഥ, ആധുനിക പുരോഗമന കാലം ആവശ്യപ്പെടുന്ന യാതൊരു നവീകരണത്തിനും വിധേയമാക്കാതെ തുടർന്നുപോകുന്നതിലെ അനീതിയാണിത് വ്യക്തമാക്കുന്നത്. മുത്തുവിന്റെ വിഷയത്തിൽ വൈകാരികമായ അംശം മാറ്റിനിറുത്തി ആ യുവാവിന് ജോലി കിട്ടാൻ പ്രായോഗികമായി എന്തുചെയ്യാൻ കഴിയുമെന്ന് നമ്മുടെ സർക്കാരും ഭരണകൂടവും അടിയന്തരമായി പരിശോധിക്കണം. സാദ്ധ്യമായത് എന്തും ചെയ്യാൻ സർക്കാരിന് കഴിയണം. മുത്തുവിന് മുമ്പും ഇതേ അയോഗ്യത കാരണം പലർക്കും വിവിധ സേനാവിഭാഗങ്ങളിൽ അവസരങ്ങൾ നഷ്ടമായിട്ടുണ്ടാകാം. ഇനിയുമത് അരുത്. ആധുനിക പരിഷ്കൃതസമൂഹത്തിന് ഒട്ടുചേരാത്ത പരമ്പരാഗത വ്യവസ്ഥകളുടെയും വ്യവസ്ഥിതികളുടെയും ഉന്തിയ പല്ലുകൾ പറിക്കാൻ മുത്തുവിന്റെ ദുരോഗ്യത്തിന് സാധിക്കട്ടെ. ആരോഗ്യകരമായ ചർച്ചകൾ നടക്കട്ടെ.

അയോഗ്യതയിലെ

യുക്തിരാഹിത്യം

മുത്തു എന്ന യുവാവിന്റെ നിരതെറ്റിയ ഉന്തിയപല്ലിനുള്ള പ്രശ്നം ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്ന ജോലിക്ക് ഏത് തരത്തിലാണ് ഒരു തടസമാകുക എന്ന് വിശദീകരിക്കാാൻ പി.എസ്.സിക്കോ മെഡിക്കൽ വിദഗ്ധർക്കോ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച വ്യക്തമായ ഒരു വിശദീകരണവും ഉദ്യോഗസ്ഥതലത്തിൽ നിന്ന് വന്നിട്ടുമില്ല. പണ്ടുമുതലേ പാലിച്ചിരുന്ന ഒരു മാന്വൽ പരിശോധിച്ച് റിമാർക്കുകൾ എഴുതി വിടുകമാത്രമാണ് മുത്തുവിനെ പരിശോധിച്ച ഡോക്ടർ ചെയ്തത്. ചികിത്സയിലൂടെ ശരിയാക്കാവുന്ന താത്കാലികമായ ഒരു ശാരീരികാവസ്ഥ കാരണം ഒരു യുവാവിന് ജോലി നിഷേധിക്കുകയെന്ന അനീതിയാണ് ഈ വ്യവസ്ഥ പാലിച്ചതിലൂടെ നടപ്പാക്കപ്പെട്ടത്. അതിനെ ന്യായീകരിക്കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിച്ചത്. സേനാവിഭാഗങ്ങളിലേക്കുള്ള റിക്രൂട്ടുമെന്റിൽ ഇളവ് അനുവദിക്കുന്നത് മികവിനെയും അച്ചടക്കത്തെയും ബാധിക്കുമെന്നായിരുന്നു മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രതികരണം. ഉന്തിയ പല്ല് എങ്ങനെയാണ് മികവിനെയും അച്ചടക്കത്തേയും ബാധിക്കുകയെന്നത് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറാവണം. പ്രത്യേകിച്ച് വനമേഖലയിൽ തനിക്ക് അനുവദിക്കുന്ന ബീറ്റിൽ പരിശോധന നടത്തുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ. പി.എസ്.എസി മാന്വലിൽ ചൂണ്ടിക്കാട്ടുന്ന ഇത്തരത്തിലുള്ള ശാരീരികപ്രശ്നങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് അതതുജോലികൾക്കുള്ള അയോഗ്യതായി പരിഗണിക്കപ്പെടുന്നതെന്ന കാര്യം ശാസ്ത്രീയവും നീതിയുക്തവുമായി പൊതുജനങ്ങൾക്ക് വിശദീകരിച്ചുനൽകാൻ ഉദ്യോഗസ്ഥർ ബാദ്ധ്യസ്ഥരാണ്. ഇത്തരം അയോഗ്യതയെ സാധൂകരിക്കാൻ സാധിക്കാത്തപക്ഷം പുനർചിന്തനത്തിനും ഒരു വീണ്ടുവിചാരത്തിനും തയ്യാറാകണം നാം ഉൾപ്പെടുന്ന സമൂഹം.

ശാരീരിക യോഗ്യതകൾ

സംബന്ധിച്ചുള്ള

പി.എസ്.സി ചട്ടം

ഉയരം കുറഞ്ഞത് 168 സെ.മീ, നെഞ്ചളവ് കുറഞ്ഞത് 81 സെ.മീ (കുറഞ്ഞത് 5 സെ.മീ. വികാസവും വേണം). പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 160 സെ.മീ ഉയരവും 76 സെ.മീ നെഞ്ചളവും ഉണ്ടായിരുന്നാൽ മതിയാകും. എന്നാൽ നെഞ്ചളവിന്റെ വികാസം 5. സെ.മീ വേണമെന്ന നിബന്ധന പട്ടികജാതി/ പട്ടികവർഗക്കാർക്കും ബാധകമാണ്.

കാഴ്ചശക്തി താഴെ പറയുന്ന തരത്തിൽ കണ്ണട വയ്ക്കാതെയുള്ള കാഴ്ച ശക്തിയുള്ളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം

1. ദൂരക്കാഴ്ച – 6/6 സ്‌നെല്ലൻ (ഇടത്, വലത് കണ്ണുകൾ)

2. സമീപക്കാഴ്ച – 0.5 സ്‌നെല്ലൻ (ഇടത്, വലത് കണ്ണുകൾ)

ഓരോ കണ്ണിനും പൂർണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം. വർണാന്ധത, ക്സിന്റ് അല്ലെങ്കിൽ കണ്ണിന്റെയോ കൺപോളകളുടെയോ മോർബിഡ് ആയിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കും. മുട്ടുതട്ട്, പരന്നപാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കൈകാലുകൾ, കോമ്പല്ല് (മുൻപല്ല്), ഉന്തിയ പല്ലുകൾ, കേൾവിയിലും സംസാരത്തിലുമുള്ള കുറവുകൾ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകളും അയോഗ്യതയായി കണക്കാക്കുന്നതായിരിക്കും.

കാലുകളിലെ വളവ്, കാഴ്ചശക്തി, കേൾവിശക്തി കുറവ് എന്നിവ ഫോഴ്സിൽ ചേരുന്ന ഉദ്യോഗാർത്ഥികളുടെ കായികക്ഷമതയെ ബാധിക്കുമെന്ന വിശദീകരണം അംഗീകരിക്കാം. പക്ഷേ, ഉന്തിയ പല്ല്, കോമ്പല്ല് എന്നിവ ഒരാളുടെ കായികക്ഷമതയെ എങ്ങനെയാണ് ബാധിക്കുക. അതും ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയ്ക്ക് എങ്ങനെ ബാധകമാകുമെന്നതിലാണ് വിശദീകരണം വേണ്ടത്. ഇത്തരം മാന്വലുകൾ പല്ലുന്തിയ ആളെ സമൂഹം അംഗീകരിക്കില്ലെന്ന ബോധത്തെ അരക്കിട്ട് ഉറപ്പിക്കുന്നതാണ്. അതിന്റെ രാഷ്ട്രീയം നിരന്തരം ചോദ്യംചെയ്യപ്പെടുന്ന പുതിയ കാലഘട്ടത്തിലെങ്കിലും ഇതിനൊരു തിരുത്തൽ ആവശ്യമാണ്.

ചട്ടങ്ങൾ തിരുത്തട്ടെ

മുത്തുവിലൂടെ

വനസംരക്ഷണ സേനാനിയമങ്ങളുടെ അടിമുടി പൊളിച്ചെഴുത്തല്ല ഇവിടുത്തെ പ്രശ്നം. ആർക്കെങ്കിലും അനർഹമായ ഒരിളവ് നൽകുന്നതുമല്ല. മറിച്ച്, ഒരാളുടെ അർഹത നിഷേധിക്കപ്പെടാനിടയാക്കുന്ന ഒരു വ്യവസ്ഥ പൊളിച്ചെഴുതണം എന്നതാണ്. പരിഷ്കരിക്കാത്ത മാന്വലിന്റെ പേരിൽ ഭാവിയിൽ നൂറുകണക്കിന് മുത്തുമാർക്ക് ജോലി നിഷേധിക്കപ്പെടുന്ന സ്ഥിതി ഇല്ലാതാക്കണം. യുക്തി പൂർവമല്ലാത്ത മാറ്റിനിറുത്തലുകളെ അംഗീകരിക്കാനാവില്ലെന്ന് സമൂഹത്തെ പഠിപ്പിക്കണം. ഏതെങ്കിലുമൊരു ദന്തഡോക്ടറുടെയോ ആശുപത്രിയുടെയോ കാരുണ്യം കൊണ്ടല്ല, മുത്തുവിനുമേൽ ചുമത്തപ്പെട്ട അയോഗ്യതയ്ക്ക് പരിഹാരമാവേണ്ടത്. അദ്ദേഹത്തെപ്പോലെ നിരന്തരം പുറന്തള്ളപ്പെടുന്ന മനുഷ്യർക്കുവേണ്ടിയുള്ള നീതിയുടെ പ്രയോഗത്തിലൂടെയായിരിക്കണം. അത് ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. സർക്കാർ ജോലി കാരുണ്യമല്ല, തന്റെ അവകാശം തന്നെയാണ്. മാറ്റിനിറുത്തപ്പെടുന്ന മുത്തുവിനെപ്പോലുള്ള നൂറുകണക്കിന് യുവാക്കളുടെ മുൻകൈയിൽത്തന്നെ അധികാരപ്രയോഗത്തിന്റെ ചട്ടങ്ങൾ തിരുത്തിക്കാനുള്ള സമ്മർദം രൂപപ്പെടുമെങ്കിൽ അത് ഈ ലോകത്തെ സുന്ദരകാഴ്ചകളിലൊന്നാകും.

സർക്കാരിന് ചെയ്യാൻ

കഴിയുന്നത്

മുത്തുവിന്റെ കാര്യത്തിൽ ഇനിയെന്തെങ്കിലും ചെയ്യാൻ കഴിയുക സർക്കാരിനാണെന്നു നിയമവിദഗ്ദ്ധർ പറയുന്നു. നിബന്ധനകളിൽ ഇളവ് നൽകി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്നു മുത്തു പി.എസ്‌.സിക്ക് അപേക്ഷ നൽകിയിരുന്നു. ഈ വിഷയത്തിൽ സർക്കാരിന്റെ നിർദേശമില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നു പി.എസ്‌.സിയും വ്യക്തമാക്കിയിട്ടുണ്ട്.

കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾ 1958 ലെ സെക്‌ഷൻ 39 പ്രകാരം സ്പെഷ്യൽ റൂളിലോ മറ്റു നിയമങ്ങളിലോ മാറ്റം വരുത്താൻ സർക്കാരിനു പ്രത്യേക അധികാരമുണ്ട്. അപേക്ഷ പരിഗണിക്കുമ്പോൾ സർക്കാർ പ്രത്യേകാധികാരം പ്രയോഗിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

ഓരോ തസ്തികയിലെയും നിയമനം സംബന്ധിച്ച സ്പെഷൽ റൂൾ ഉണ്ട്. വകുപ്പുകൾ തയാറാക്കുന്ന സ്പെഷ്യൽ റൂൾ സർക്കാർ അംഗീകരിച്ച് പി.എസ്‌.സിക്കു നിയമന നടപടികൾക്കായി കൈമാറും. സ്പെഷ്യൽ റൂളിലെ അപാകതകൾ കാലോചിതമായി പരിഷ്കരിക്കുകയോ തിരുത്തുകയോ പല വകുപ്പുകളും ചെയ്യാറില്ല. പക്ഷേ, പല വകുപ്പുകളിലെയും നിയമനരീതികളിൽ മാറ്റം വരുത്താൻ സർക്കാരിന്റെ അനുമതിയോടെ സ്പെഷൽ റൂളിൽ മാറ്റം വരുത്തിയിട്ടുണ്ട്. വനംവകുപ്പ്, എക്സൈസ് ഉൾപ്പെടെയുള്ള സേനകളിൽ വനിതകളെ നിയോഗിക്കുന്നതിന് നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു. ഇത്തരത്തിൽ സാദ്ധ്യമായതെന്തും മുത്തുവിനും സർക്കാർ ചെയ്തുകൊടുക്കുമെന്നാണ് പ്രതീക്ഷ. ഒരു തരി കനൽ പ്രതീക്ഷ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUTHU
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.