SignIn
Kerala Kaumudi Online
Friday, 26 April 2024 4.41 PM IST

കള്ളൊഴുക്കി കണ്ണീരുമായി ചെത്തുതൊഴിലാളികൾ

toddy

ലോക് ഡൗണിൽ ഷാപ്പുകൾക്കും ലോക്കുവീണതോടെ സംസ്ഥാനത്തെ കള്ളുചെത്ത് മേഖലയും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിൽ. ആവശ്യക്കാരില്ലാത്തതിനാൽ ചെത്തിയിറക്കുന്ന അഞ്ചുലക്ഷത്തിലധികം ലിറ്റർ കള്ള്ഓരോ ദിവസവും ഒഴിക്കി കളയേണ്ട ഗതികേടിലാണ് തൊഴിലാളികൾ. ഇതോടെ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കാൽലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ ജീവിതവും വഴിമുട്ടിയിരിക്കുകയാണ്.

സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാംതരംഗം തീവ്രമായതിനെത്തുടർന്ന് ഏപ്രിൽ 26 മുതൽ കള്ളുഷാപ്പുകൾ അടച്ചിട്ടിരിക്കുകയാണ്. ശേഷം, ലോക്ഡൗണും പ്രഖ്യാപിച്ചു. ഇതോടെ ചെത്തുതൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലായി.

ചെത്ത് നിറുത്താനാകാത്തതും ചെത്തിയിറക്കുന്ന കള്ള് വില്പനയ്ക്ക് എത്തിക്കാൻ കഴിയാത്തതും ദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്. തോപ്പിൽ നിന്ന് നേരിട്ടുള്ള കള്ള് വില്പനയ്ക്ക് അനുമതിയില്ലാത്തതിനാൽ ഒഴുക്കി കളയുകയേ വഴിയുള്ളൂ എന്ന് വ്യവസായികൾ പറയുന്നു. കണ്ണൂർ, തിരുവനന്തപുരം ജില്ലകളൊഴികെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കായി ശരാശരി രണ്ടുലക്ഷം ലിറ്റർ കള്ളാണ് ചിറ്റൂരിൽ നിന്നുമാത്രം പ്രതിദിനം കൊണ്ടുപോകുന്നത്. കഴിഞ്ഞവർഷത്തെ ലോക്ക് ഡൗൺ നൽകിയ പാഠമുൾക്കൊണ്ട് ചെത്ത് ചെറിയ തോതിൽ കുറച്ചാണ് നിലവിൽ ഉത്പാദനം നടത്തുന്നത്. എന്നാൽ, വീണ്ടും ലോക്ക് ഡൗൺ ആയതോടെ ഒരു തുള്ളി കള്ളുപോലും വിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. കൈയിലെ കാശുമുടക്കി ഉത്പാദിപ്പിക്കുന്ന ഉത്പന്നം ആർക്കും വേണ്ടാതെ വെറുതേ കളയേണ്ട ഗതികേട് നിർഭാഗ്യകരമാണ്.

ചെത്താതെ നിവൃത്തിയില്ല

മൂന്നുനേരം തെങ്ങിൽക്കയറി ചെത്തുനടത്തുന്ന പതിവ് മാറ്റാനാവില്ലെന്ന് തൊഴിലാളികൾ പറയുന്നു. ചെത്ത് നിറുത്തിയാൽ കള്ള് കുലയിൽ നിന്ന് പുറത്തുചാടി തെങ്ങ് പൂർണമായും നശിച്ചുപോകും. ആദ്യഘട്ടത്തിൽ ലോക് ഡൗൺ ഒരാഴ്ചത്തേക്കു മാത്രമായിരുന്നു പ്രഖ്യാപിച്ചത് എന്നതിനാൽ ഒരിടത്തും കുല അഴിച്ചു വിട്ടിട്ടുമില്ല. കുല അഴിച്ച് മാട്ടം (കള്ളുവീഴുന്ന കുടം) മാറ്റിയാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവൂ. പക്ഷേ, പുതിയതായി ഒരുതെങ്ങ് കള്ളുവീഴും വിധം പരുവത്തിലാക്കിയെടുക്കാൻ ഒരു മാസത്തോളം വേണമെന്നതിനാലാണ് ആരും കുലയഴിച്ചുവിടാത്തത്. മാട്ടം മാറ്റിയതിന്റെ ബുദ്ധിമുട്ടുകൾ കഴിഞ്ഞ ലോക്ഡൗണിൽ തൊഴിലാളികൾ നേരിട്ടിരുന്നു. അതിനാൽ, നഷ്ടം സഹിച്ചാലും അല്പം കരുതലോടെ മുന്നോട്ട് നീങ്ങാനാണ് ഇത്തവണ വ്യവസായികൾ തീരുമാനിച്ചത്.


കൂലിയില്ലാതെ തൊഴിലാളികൾ

1500 ലധികം ചെത്തു തൊഴിലാളികളാണ് ചിറ്റൂർ മേഖലയിൽ മാത്രമുള്ളത്. ചെത്തിയിറക്കിയ കള്ള് ഷാപ്പിലെത്തിയാൽ മാത്രമേ ഇവർക്ക് കൂലി ലഭിക്കുകയുള്ളൂ. പലരും ഷാപ്പ് തുറന്നു കഴിഞ്ഞാലെങ്കിലും കൂലികിട്ടുമെന്ന പ്രതീക്ഷയിലാണ് തൊഴിലെടുക്കുന്നത്. ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ലോക്ക് ഡൗണിൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന് അർഹതയുള്ളൂ. ചിറ്റൂർ മേഖലയിലെ ചെത്തുതൊഴിലാളികളിൽ നല്ലൊരുവിഭാഗവും അന്യസംസ്ഥാനത്ത് നിന്നുവന്ന് ജോലിയെടുക്കുന്നവരാണ്. ഇവർക്ക് ക്ഷേമനിധി അംഗത്വം പോലുമില്ല, അതിനാൽ ആനൂകൂല്യവും ലഭിക്കില്ല. 10 തെങ്ങിന് 15 ലിറ്റർ കള്ള്, ഒരു ഷാപ്പിന് ലൈസൻസ് ലഭിക്കാൻ കുറഞ്ഞത് അഞ്ചു തൊഴിലാളികളും 50 തെങ്ങുകളും വേണം. ഒരു തൊഴിലാളിക്ക് 10 തെങ്ങാണ് പൊതുവിലുള്ള കണക്ക്. രണ്ടുനേരമായി 15 ലിറ്റർ കള്ളുവരെ ശരാശരി ലഭിക്കാറുണ്ട്. ഇതിലധികം തെങ്ങുകൾ ചെത്തുന്നതും കൂടുതൽ കള്ള് അളക്കുന്നതുമായ തൊഴിലാളികളും ഈ മേഖലയിൽ ധാരാളമുണ്ട്. തെങ്ങുചെത്ത് മേഖലയിലെ തൊഴിൽ അനിശ്ചിതത്വം കാരണം പുതിയ തൊഴിലാളികൾ ഈ രംഗത്തേക്ക് വരുന്നില്ല. അതിനാൽ പല ഷാപ്പുകളിലും തൊഴിലാളികളുടെ എണ്ണം പാലിക്കാൻ കഴിയുന്നില്ലെങ്കിലും ഷാപ്പുടമകൾ 50 തെങ്ങിന്റെ വൃക്ഷക്കരം അടയ്ക്കാറുണ്ട്. ഒരു വർഷത്തേക്ക് 50 തെങ്ങിന് 15,000 രൂപയാണ് കരം. ഒരു ദിവസം മൂന്നുനേരം ചെത്തും. അതുകൊണ്ടു തന്നെ 10 തെങ്ങ് ചെത്തുന്ന തൊഴിലാളികൾക്ക് ഫലത്തിൽ 30 തെങ്ങ് കയറുന്ന പ്രയത്‌നം വേണ്ടിവരും. പുലർച്ചെ ചെത്തുന്നത് പുലരിച്ചെത്ത്. ഈ സമയം കള്ളെടുത്ത ശേഷമാണ് ചെത്ത്. വൈകിട്ട് നാലോടെ ഉച്ച ചെത്ത്. ഈ നേരത്ത് കള്ളെടുക്കില്ല. രാത്രി ഏഴോടെയുള്ള അന്തിച്ചെത്തിലാണ് കള്ളെടുക്കുക.

ലോക്ഡൗണിനു മുമ്പുവരെ 90 – 110 ലിറ്ററാണ് ഒരു ഷാപ്പിലെ ശരാശരി പ്രതിദിന കള്ള് വിൽപന. ചെത്ത് തൊഴിലാളികൾക്ക് അളക്കുന്ന കള്ളിന്റെ കൂലിയാണ് നൽകുന്നത്. 26.50 രൂപയാണ് ഒരു ലിറ്റർ കള്ളിന് അടിസ്ഥാന കൂലി. ഒരു ദിവസം കള്ള് ചെത്തിയിറക്കിയാൽ 800 -1200 രൂപവരെ കിഴക്കൻ മേഖലയിലെ ചെത്തു തൊഴിലാളികൾക്ക് ലഭിച്ചിരുന്നതാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. ഷാപ്പ് തൊഴിലാളികൾക്ക് 435 രൂപ വരെയാണ് ദിവസക്കൂലി. ഷാപ്പുകൾ ദീർഘകാലം അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടായാൽ ഈ കുടുംബങ്ങൾ മുഴുപ്പട്ടിണിയിലേക്ക് നീങ്ങും. സർക്കാർ അടിയന്തരമായി ഇടപെട്ട് ആശ്വാസ പദ്ധതികൾ ഈ മേഖലയ്ക്കായി നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.

തുറന്നാലും കരകയറാൻ സമയമെടുക്കും

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് കള്ളുഷാപ്പുകൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചാലും ഈ മേഖലയിലെ പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരമാവില്ലെന്നാണ് വിലയിരുത്തൽ. വരാനിരിക്കുന്നത് കാലവർഷത്തിന്റെ നാളുകളാണ്. ഉപയോഗം കുറയും, ഒപ്പം വരുമാനവും. ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്ന് പല തൊഴിലാളികളും തങ്ങളുടെ നാടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. ഇവർ തിരിച്ചെത്താൻ വൈകിയാൽ അത് ഉത്പാദനത്തെ ബാധിക്കും.

ലോക്ക് ഡൗൺ പിൻവലിച്ചാലും ഷാപ്പിൽ ഇരുന്ന് കുടിക്കാനുള്ള അനുമതിയുണ്ടാകില്ല, പാഴ്സൽ സൗകര്യം മത്രമേ ഉണ്ടാകുകയുള്ളൂ. കൂടാതെ പ്രവർത്തന സമയത്തിലും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേക്കും. ഇതെല്ലാം വരുമാനം ഇടിയാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് കള്ളു ചെത്ത് മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TODDY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.