SignIn
Kerala Kaumudi Online
Thursday, 31 July 2025 8.16 AM IST

'പാലോടും" വഴിയിലെ  പരമാർത്ഥങ്ങൾ

Increase Font Size Decrease Font Size Print Page
palod

ഏതു രഹസ്യവും സ്വകാര്യമായി ചെവിയിലേ പറയാവൂ എന്ന സത്യം, കോൺഗ്രസ് നേതാവ് പാലോട് രവി മറന്നത് വലിയ പൊല്ലാപ്പായി. ഒരു ഗാന്ധിയനും ഇന്നേവരെ ചെയ്യാത്ത കടുംകൈയാണ് പഹയൻ ചെയ്തത്. നെഹ്‌റുജി മുതലുള്ള ബഹുത് ബഡാ 'ജി"മാരെ ഇനിയും മനസിലാക്കാത്ത നേതാക്കൾ കോൺഗ്രസിലുണ്ടെന്നത് അപമാനകരമാണ്. ഫോണിലൂടെ ഒരാളോട് പറഞ്ഞ കാര്യം കൃത്യമായി അയാളുടെ ചെവിയിൽത്തന്നെ ലാൻഡ് ചെയ്യുമെന്നാണ് കരുതിയതെങ്കിലും ക്രാഷ് ലാൻഡ് ചെയ്തു കത്തിപ്പടർന്ന് നാട്ടുകാരുടെ ചെവികളിലെത്തി. ഇതാണോ ഇത്ര വലിയ കാര്യമെന്നു പല കോൺഗ്രസുകാരും ചോദിക്കുന്നുണ്ടെങ്കിലും ഹൈക്കമാൻഡ് ഞെട്ടിപ്പോയി. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉച്ചികുത്തിവീഴുമെന്ന പാലോട്ജിയുടെ ഒറ്റയ്ക്കുള്ള നിരീക്ഷണം കെ.പി.സി.സി നേതൃത്വം ചൂടോടെ രാഹുൽജിയെ അറിയിക്കുകയായിരുന്നു. ഫോണും പാതികഴിച്ച സമോസയും വലിച്ചെറിഞ്ഞ് കൈയിലെ എണ്ണ താടിയിൽ തേച്ചുപിടിപ്പിച്ച് അദ്ദേഹം അടുത്ത സമോസ കൈയിലെടുത്തപ്പോൾ,​ വാർറൂം മേധാവി കെ.സി. വേണുഗോപാൽജി മല്ലിയില ചട്ണി നീട്ടിയെങ്കിലും തൊട്ടില്ല. സങ്കടത്തിന്റെ ആഴം ബോദ്ധ്യമായ വേണുജി 'ക്യാജി"എന്നു ചോദിച്ചപ്പോൾ ഭാവി പ്രധാനമന്ത്രി ഗദ്ഗദത്തോടെ എന്തോ പറഞ്ഞതുകേട്ട് എ.ഐ.സി.സി ഓഫീസിലെ സകലരും കാതുപൊത്തി ഇറങ്ങിയോടിയെന്നാണ് കുബുദ്ധികളുടെ പ്രചാരണം.
മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുന്നവരെ കരയിക്കുന്ന കാര്യമാണ് പാലോട് രവി,​ വിശ്വസ്തനായ വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലിനോട് പറഞ്ഞത്. കുറേക്കാലം മുൻപ് പറഞ്ഞത് ഇപ്പോൾ എയറിൽനിന്ന് എങ്ങനെ പൊങ്ങിവന്നെന്നാണ് പിടികിട്ടാത്തത്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്താകുമെന്നാണ് നിരീക്ഷണം. അലക്കിത്തേച്ച ഖദറിട്ട് നേതാക്കളുടെ കാലുതിരുമ്മി കൂടെനടക്കുന്നതല്ല രാഷ്ട്രീയമെന്നും ഈ പോക്കുപോയാൽ കോൺഗ്രസിന്റെ കഥകഴിയുമെന്നും പറഞ്ഞു. അതീവ രഹസ്യമായി പറഞ്ഞകാര്യം അറിയാതെ ചോർന്നതാണോ അതോ ചോർത്തിയതാണോയെന്നു വ്യക്തമല്ല. ആരോഗ്യം മെച്ചപ്പെടുത്താൻ കോൺഗ്രസിന് കർക്കടക ചികിത്സ ആവശ്യമാണെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് പാലോട് പറഞ്ഞെങ്കിലും, ഡി.സി.സി പ്രസിഡന്റിന്റെ കസേരയിൽനിന്ന് പാർട്ടിനേതൃത്വം ചെവിക്കുപിടിച്ച് പുറത്താക്കി.
മൂന്നാം തവണയും കേരളത്തിൽ സഖാക്കൾ അധികാരത്തിൽ വരുമെന്നും സഖാക്കളും സംഘികളും സയാമീസ് ഇരട്ടകളാണെന്നും മൂപ്പര് പറഞ്ഞതിനെതിരെ ചുവപ്പൻമാരും കാവിക്കാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗുട്ടൻസുകളുടെ ഗുരുത്വാകർഷണം പ്രവചനാതീതമാണെന്ന് ശാസ്ത്രജ്ഞന്മാർ പണ്ടേ പറഞ്ഞിട്ടുണ്ട്.
100 സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് നേതാക്കൾ ആവർത്തിക്കുമ്പോൾ ഇമ്മാതിരി പണിയുമായി ചിലർ രംഗത്തിറങ്ങുന്നതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും കടുത്ത ആശങ്കയിലാണ്. കുഞ്ഞാലിക്കുട്ടി സാഹിബടക്കമുള്ള ലീഗുകാരും കറകളഞ്ഞ കേരള കോൺഗ്രസുകാരും പരസ്പരം നോക്കി നെടുവീർപ്പിട്ടു തുടങ്ങി. മോഹങ്ങളും പ്രായവും പിടിവിട്ടുപായുന്ന സത്യമായതിനാൽ എന്തും സംഭവിക്കാമെന്നാണ് രാഷ്ട്രീയ ജ്യോത്സ്യൻമാരുടെ പ്രവചനം. പ്രത്യക്ഷത്തിൽ സംഘർഷം, രഹസ്യമായി കൂട്ടുകൃഷി എന്ന കലാപരിപാടിയാണ് ചങ്കൻമാരായ സഖാക്കളും സംഘികളും കുറേക്കാലമായി നടത്തുന്നതെന്ന് ലീഡറുടെ മോൻ മുരളിജി കുറേക്കാലമായി പറയുന്നുണ്ട്. തൃശൂരിൽ 'സംപൂജ്യനാക്കി" മൂലയ്ക്കിരുത്തിയവർ ആരെന്നൊക്കെ കക്ഷിക്ക് അറിയാമെങ്കിലും കമാന്നൊരു അക്ഷരം മിണ്ടുന്നില്ല. അതാണ് അച്ചടക്കം. ഡി.ഐ.സി എന്ന 'ഡിക്ക്" പാർട്ടിയുടെ നേതാവായിരുന്ന അദ്ദേഹത്തോളം അനുഭവങ്ങൾ കോൺഗ്രസിൽ മറ്റാർക്കുമില്ല.

കേന്ദ്രത്തിൽ ഒരേയൊരു ഭാവി പ്രധാനമന്ത്രിയും കേരളത്തിൽ ഒരുപാട് ഭാവിമുഖ്യമന്ത്രിമാരുമുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. ആരാകണം അടുത്ത മുഖ്യമന്ത്രി എന്ന ചർച്ച കുറുമുന്നണികൾ തുടരുമ്പോഴാണ് പാലോടിന്റെ ഇരുട്ടടി. ധനകാര്യം, ആഭ്യന്തരം, വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ കാര്യത്തിൽ ഏതാണ്ടൊരു ധാരണയിലെത്തുകയായിരുന്നു. പാലോടിനെക്കൊണ്ട് ഇതാരോ പറയിച്ചതാണോയെന്ന സംശയവും ബലപ്പെടുകയാണ്. കെ.പി.സി.സി പ്രസിഡന്റിനെതിരെ ആഭിചാരം നടത്തിയവർ ഇതിലപ്പുറം ചെയ്യുമെന്ന് മുൻ പ്രസിഡന്റ് കെ. സുധാകരൻജിക്ക് അറിയാം.

ഇനിയാരൊക്കെ, എന്തൊക്കെ പ്രവചനം നടത്തുമെന്ന ആശങ്കയിലാണ് കെ.പി.സി.സി നേതൃത്വം. തരൂർ, ശശിജി ഉൾപ്പെടെയുള്ളവർ അന്തവും കുന്തവുമില്ലാതെ സംസാരിക്കുന്നതിൽ ആവേശം കയറി കൂടുതൽ പേർ രംഗത്തുവരുമെന്നാണ് പാർട്ടിയിൽ വെട്ടിനിരത്തിയ ചിലരുടെ പ്രതീക്ഷ.

മറന്നു പോകരുത്,​

അപ്രത്യക്ഷ സത്യങ്ങൾ
സി.പി.എം, ബി.ജെ.പി എന്നീ ജനാധിപത്യമില്ലാത്ത പാർട്ടികളും ഗാന്ധിയൻ പ്രസ്ഥാനമായ കോൺഗ്രസും തമ്മിൽ ആനയും കുഴിയാനയും തമ്മിലുള്ള അന്തരമുണ്ട്. ആനയെ നോക്കി കുഴിയാന ഏമ്പക്കം വിടരുത്! ഗാന്ധിയൻ തറവാടിത്തമുള്ള ഒരു പ്രസ്ഥാനത്തെ തോൽപ്പിക്കാൻ അന്നും ഇന്നും ഫാസിസ്റ്റുകൾ ശ്രമിക്കുന്നുണ്ട്. സുഭാഷ് ചന്ദ്രബോസ് ഉൾപ്പെടെ അപ്രത്യക്ഷരായ പല നേതാക്കളും തിരിച്ചറിഞ്ഞ കാര്യമാണിത്. ഈ പാരമ്പര്യത്തെ അട്ടിമറിക്കാനാണ് പാലോട് രവി ശ്രമിച്ചത്. പാർട്ടിക്കകത്തെയും പുറത്തെയും ചില തീവ്രവാദികളുടെ സഹായം എന്തായാലും ഇതിനുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജയിലറകളിൽ രൂപപ്പെട്ട സഖ്യം പലരുടെയും വാക്കുകളിലൂടെ സടകുടഞ്ഞെഴുന്നേൽക്കുകയാണ്.

2026ൽ സഖാക്കളും 2029ൽ സംഘികളും തുടർഭരണം നടത്തുമെന്നു ഖദറിട്ട നേതാക്കളിൽ പലരും രഹസ്യമായി പറഞ്ഞുതുടങ്ങി. കേരള കോൺഗ്രസിന്റെയും ലീഗിന്റെയും തോളുകളിൽ താങ്ങിനിന്ന് മതനിരപേക്ഷത സംരക്ഷിച്ചിരുന്ന കഴിഞ്ഞകാലം മടങ്ങിവരുമെന്ന് ആസ്ഥാന ജ്യോത്സ്യന്മാരുടെ കവടിപ്പലകയിൽ പോലും തെളിയാത്ത കെട്ടകാലത്ത് പാലോട് പലരോടും പറഞ്ഞ കാര്യങ്ങൾ ശരിയല്ല. ഇങ്ങനെയൊന്നും പറയരുത്.

ഒരു പണിയും ചെയ്യാതെ അക്കൗണ്ടിൽ കാശുവരുന്നത് വളരെ സുഖമുള്ള ഏർപ്പാടാണ്. എതിരാളികളെ വെട്ടുന്ന ചെസ് കളിയിൽ ഉസ്താദുമാരായ സംഘികളും വസന്തത്തിന്റെ ഇടിമുഴക്കത്തെ കരിപുരണ്ട കഥകളാക്കുന്ന സഖാക്കളും കൈകോർത്താൽ മഹാത്മജിയുടെ കൊച്ചുമക്കളായ കോൺഗ്രസ് കുടുംബത്തിന് എങ്ങനെയൊരു മുഖ്യമന്ത്രിയെ നൽകാനാകും?.

TAGS: PALODRAVI, CONGRESSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.