SignIn
Kerala Kaumudi Online
Saturday, 27 April 2024 8.04 AM IST

ഉള്ളുതുറന്നും ഉള്ളറിഞ്ഞും വീണ

veena-george

പാർട്ടി പാരമ്പര്യമില്ലാത്ത ദൈവവിശ്വാസികളുടെ കുടുംബത്തിലെ അംഗം. പഠനത്തിൽ സ്കൂൾ, കോളേജ് ക്ളാസുകളിലെ മിടുക്കി. എസ്.എഫ്.എെയുമായി വലിയ അടുപ്പമില്ലായിരുന്നെങ്കിലും സൗഹൃദത്തിന്റെ പേരിൽ അംഗത്വമെടുത്തയാൾ. ഇടതുപക്ഷ വനിതാ പ്രസ്ഥാനങ്ങളെ അടുത്തറിഞ്ഞപ്പോൾ കെ.കെ ശൈലജ ടീച്ചറുടെ സുഹൃത്തായി. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമ്മേളന വേദികളിൽ ശൈലജ ടീച്ചർക്കൊപ്പം പങ്കെടുത്ത് ഇടതുപ്രസ്ഥാനങ്ങളുമായി ചേർന്നുനിന്ന വീണാ ജോർജ്, ഒടുവിൽ ടീച്ചറമ്മയുടെ പിൻഗാമിയായി ആരോഗ്യ മന്ത്രിയുടെ കസേരയിലുമെത്തി. കൊവിഡ് മഹാമാരിക്കാലത്ത് നാടിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഇനി വീണയാണ്. ചെറിയ ദൗത്യമല്ല ഏറ്റെടുത്തത്. കൊവിഡിനെതിരായ ദീർഘകാല 'യുദ്ധ'ത്തിന്റെ പടനായിക സ്ഥാനമാണ്. ജനങ്ങൾക്ക് ആശ്വസത്തോടെ മാസ്കില്ലാതെ പുറത്തിറങ്ങാൻ കഴിയുന്ന നാളുകൾ സൃഷ്ടിക്കുകയെന്നതാണ് മന്ത്രിയുടെ ആദ്യ ഉത്തരവാദിത്വം.

എെ.എ.എസുകാരിയാകണമെന്ന ആഗ്രഹം നടക്കാതെ പോയെങ്കിലും ഭരണത്തലപ്പത്തിരുന്ന് അവരെ നിയന്ത്രിക്കേണ്ടതിന്റെ ചുമതലയാണ് വീണയ്ക്ക് കൈവന്നത്. എെ.എ.എസ് പരിശീലനത്തിനായി ചേർന്നെങ്കിലും കാലിനുണ്ടായ വേദനയെ തുടർന്ന് പഠനം ഉപേക്ഷിക്കേണ്ട വന്നത് മറ്റൊരു നിയോഗത്തിന്റെ ഭാഗമാണെന്ന് ഇൗ ദൈവഭക്ത വിശ്വസിക്കുന്നു. അന്ന് എെ.എം.ജിയിൽ ഒപ്പമുണ്ടായിരുന്ന അനുജോർജാണ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സെക്രട്ടറി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ ഉൗർജതന്ത്രം വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപികയായി ജോലി ചെയ്ത ശേഷമാണ് വീണാജോർജ് മാദ്ധ്യമരംഗത്തേക്ക് കടന്നത്.

ഇടതു പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന വീണാ ജോർജ് മാദ്ധ്യമരംഗം വിട്ടാണ് 2016ൽ ആറന്മുള നിയോജക മണ്ഡലത്തിൽ മത്സരിക്കാനെത്തുന്നത്. മണ്ഡലവുമായോ പ്രായോഗിക രാഷ്ട്രീയവുമായോ ബന്ധമില്ലാതിരുന്ന വീണാജോർജ് കോൺഗ്രസിലെ മുതിർന്ന നേതാവും ആറന്മുളയിലെ പ്രമുഖനുമായ കെ.ശിവദാസൻ നായരെ എതിരിടാനെത്തുമ്പോൾ പാർട്ടിക്കാർക്ക് പോലും വിജയ പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷെ, വോട്ടർമാരോട് ഉള്ളുതുറന്ന ഇടപെടലും ഒാർത്തഡോക്സ് സഭയുടെ പിന്തുണയും ചേർന്നപ്പോൾ അട്ടിമറി വിജയത്തോടെയാണ് വീണാജോർജ് ആദ്യം നിയമസഭയിലെത്തിയത് (ഭൂരിപക്ഷം 7646). എം.എൽ.എയായി കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തന മികവ് ഇത്തവണ വീണയുടെ ഭൂരിപക്ഷം ഇരട്ടിയിലേറെയാക്കുകയും (19003) ചെയ്തു. പ്രളയകാലത്തും കൊവിഡ് കാലത്തും നാടിന്റെ വിശ്വാസമാർജിച്ച പ്രവർത്തനമാണ് വീണയെ വീണ്ടും നിയമസഭയിലെത്തിച്ചത്. സി.പി.എമ്മിന്റെ ജില്ലാ നേതൃത്വവുമായി വലിയ അടുപ്പമില്ലാതിരുന്ന വീണാജോർജ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തയായിട്ടാണ് അറിയപ്പെടുന്നത്. മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് പരിപാടിയുടെ അവതാരികയായും തിളങ്ങി. പ്രവർത്തനങ്ങളിലെ വിശ്വാസ്യതയും സുതാര്യതയും മികവുമാണ് ആരോഗ്യമന്ത്രിയുടെ ചുമതല വീണാജോർജിന് നൽകാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്ന് വ്യക്തം.

പഠനത്തിലും കലയിലും തിളങ്ങി

പഠനത്തിലും കലയിലും ഒരുപോലെ മികവ് പ്രദർശിച്ച വിദ്യാർത്ഥിനിയായിരുന്നു വീണാ കുര്യാക്കോസ് എന്ന വീണാ ജോർജ്. മൈലപ്ര മൗണ്ട് ബഥനി സ്കൂളിലാണ് എൽ.കെ.ജി മുതൽ പത്താംക്ളാസ് വരെ പഠിച്ചത്. സ്കൂൾ തലത്തിൽ നടന്ന കലാമേളകളിൽ സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നേടി. ഭരതനാട്യം, മോഹിനിയാട്ടം, ന‌ാടോടി നൃത്തം, മോണാ ആക്ട് തുടങ്ങിയ ഇനങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു വീണ. 1992ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണാ ആക്ടിൽ ഒന്നാം സ്ഥാനം നേടി. 600ൽ 559 മാർക്ക് നേടി എസ്.എസ്.എൽ.സിയ്‌ക്ക് ഉന്നത വിജയം കരസ്ഥമാക്കി. തിരുവനന്തപുരം വിമൻസ് കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദവമായാണ് അവിടെ നിന്നിറങ്ങിയത്.

മാദ്ധ്യമ രംഗത്ത്

മലയാളം ചാനലുകളിൽ വാർത്താവതാരകയായിരുന്ന വീണാ ജോർജ് 2012 ൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിച്ച അഞ്ച് ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നു. കേരളത്തിലെ മിക്ക മുഖ്യധാരാ ചാനലുകളിലും മികച്ച വാർത്താ അവതാരകയായി ശോഭിച്ചു. മലയാള മാദ്ധ്യമരംഗത്തെ ആദ്യ വനിതാ എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്നു വീണാ ജോർജ്. ദലൈലാമയുമായി അഭിമുഖം നടത്താനും കഴിഞ്ഞു. സബർമതി പുരസ്‌കാരം, പി.ഭാസ്കരൻ ഫൗണ്ടേഷൻ പുരസ്‌കാരം, കന്യക പുരസ്‌കാരം, സുരേന്ദ്രൻ നീലേശ്വരം പുരസ്കാരം,കേരള ടിവി പുരസ്‌കാരം, ലോഹിതദാസ് മിനി സ്ക്രീൻ പുരസ്‌കാരം, രാജീവ് ഗാന്ധി സ്റ്റഡി സെന്റർ പുരസ്‌കാരം, ജേസി ഫൗണ്ടേഷൻ , നോർത്ത് അമേരിക്കൻ പ്രസ് ക്ളബ് പുരസ്‌കാരം എന്നിവ വീണാ ജോർജിന് ലഭിച്ചിട്ടുണ്ട്.

കൃഷിക്കാരി

കൊടുമൺ അങ്ങാടിക്കൽ വയലിറക്കത്ത് വീട്ടിലെ കർഷകയാണ് വീണ. 21 പശുക്കൾ, 35 ആടുകൾ, മൂന്ന് കുളങ്ങളിലെ മത്സ്യകൃഷി, വാഴ, നെല്ല്, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കൃഷികൾ പറമ്പിലുണ്ട്.

മലങ്കര ഒാർത്തഡോക്സ് സഭ മുൻ സെക്രട്ടറിയും അദ്ധ്യാപകനുമായിരുന്ന ജോർജാണ് ഭർത്താവ്. വിദ്യാർത്ഥികളായ അന്നയും ജോസഫുമാണ് മക്കൾ. പത്തനംതിട്ട നഗരസഭ മുൻ കൗൺസിലർ റോസമ്മയുടെയും കുര്യാക്കോസിന്റെയും മകളാണ് വീണാ ജോർജ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PTA DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.