SignIn
Kerala Kaumudi Online
Friday, 26 April 2024 1.36 PM IST

അഴിമതിയിലും തട്ടിപ്പിലും മുഖം വാടി പത്തനംതിട്ട

tresury

ത്മീയതയുടെ നാട്, തീർത്ഥാടന ജില്ല... ഇങ്ങനെയൊക്കെയാണ് പത്തനംതിട്ടയുടെ വിളിപ്പേരുകൾ. അങ്ങനെയൊരു നാട്ടിൽനിന്ന് അഴിമതിയുടേയൊ തട്ടിപ്പിന്റെയോ കഥകൾ കേൾക്കരുതാത്തതാണ്. പക്ഷേ, പത്തനംതിട്ടക്കാരെന്ന് അഭിമാനിക്കുന്നവരുടെ മനസ് നോവിക്കുന്ന, മുഖം വാടാൻ ഇടയാക്കുന്ന ചില സംഭവങ്ങൾ അടുത്തിടെയായി ആവർത്തിക്കുകയാണ്. പട്ടിണിപ്പാവങ്ങളുടെയും സാധാരണക്കാരുടെയും പോക്കറ്റിൽ കൈയിട്ടു വാരുന്നവർ, പെൻഷൻതുക തട്ടിയെടുക്കുന്നവർ, ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തുക നിക്ഷേപകർ അറിയാതെ പിൻവലിച്ചുകൊണ്ടു പോകുന്ന ഉദ്യോഗസ്ഥർ എന്നിങ്ങനെ തട്ടിപ്പുകാരുടെ എണ്ണം പെരുകി വരുന്നു പത്തനംതിട്ടയിൽ. ഓരോ ഫയലുകളിലും ഓരാേ ജീവിതമുണ്ടെന്ന് സർക്കാർ ഉദ്യോഗസ്ഥരെ ഒാർമിപ്പിച്ച മുഖ്യമന്ത്രിയുടെ സംസ്ഥാനത്ത്, ആ വാക്കുകൾക്ക് ഒരു വിലയും കല്‌പിക്കാത്ത ചില ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതികളുടെയും തട്ടിപ്പിന്റെയും പ്രതിഫലനമാണ് പത്തനംതിട്ടയിലും അരങ്ങേറിയത്.

സർക്കാർ മേഖലയിൽ അഴിമതിയും സ്വകാര്യ പണമിടപാട് മേഖലയിൽ നിക്ഷേപകരുടെ പണം തട്ടിയെടുക്കലും ജില്ലയിൽ വ്യാപകമായി. അനധികൃത മണ്ണെടുപ്പിനും പാറ ഖനനത്തിനും ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ജിയോളജി ഓഫീസറെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അയാൾ താമസിച്ചിരുന്ന വാടക മുറിയിൽ നിന്ന് പിടിച്ചെടുത്തത് ലക്ഷങ്ങളാണ്.

ക്വാറി ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് പത്തനംതിട്ട ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടർ പി.ആർ.ഷൈൻ, ജില്ലാ സർവേ സൂപ്രണ്ട് ഓഫീസിലെ സർവെയർ ആർ. രമേശ്കുമാർ എന്നിവരെ സസ്‌പെൻഡ് ചെയ്തത് അടുത്തിടെയാണ്. വിജിലൻസ് വകുപ്പിന്റെ ശുപാർശയെ തുടർന്നാണ് നടപടി. 2017ൽ ഷൈൻ കോന്നി ഡെപ്യൂട്ടി തഹസിൽദാറും രമേശ് കുമാർ താലൂക്ക് ഓഫീസിലെ മുൻ സർവേയറുമായിരുന്നപ്പോൾ കോന്നി താലൂക്കിലെ പുറമ്പോക്ക് ഭൂമിയിൽ അനധികൃത കൈയേറ്റവും ഖനനവും കണ്ടെത്താൻ ഉദ്യോഗസ്ഥർ ടോട്ടൽ സ്റ്റേഷൻ സർവേ ആരംഭിച്ചിരുന്നു. സർവേ പൂർത്തിയാകും വരെ പാറ ഖനനം നിറുത്തിവയ്ക്കണമെന്നുളള റിപ്പോർട്ട് അന്നത്തെ ജില്ലാ കളക്ടർക്ക് സമർപ്പിക്കാതിരിക്കാൻ ക്വാറി ഉടമയോട് വൻ തുക കൈക്കൂലി വാങ്ങിയെന്ന പരാതി വിജിലൻസ് അന്വേഷിച്ചുവരികയായിരുന്നു. 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണമുയർന്നിരുന്നു. രണ്ടുപേരെയും ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റണമെന്ന് വിജിലൻസ് ശുപാർശ ചെയ്തതാണ്. തഹസിൽദാറായി സ്ഥാനക്കയറ്റം ലഭിച്ച ഷൈൻ മറ്റൊരു ജില്ലയിൽ ജോലി ചെയ്തു. വീണ്ടും സ്ഥാനക്കയറ്റം ലഭിച്ച് ഡെപ്യൂട്ടി കളക്ടറായി പത്തനംതിട്ടയിൽ തിരിച്ചെത്തി. കളക്ടറേറ്റിൽ ലാൻഡ് റെവന്യൂ ഡെപ്യൂട്ടി കളക്ടറായതോടെ ഷൈനിന് എതിരായുണ്ടായിരുന്ന പരാതികളുടെ ഫയലുകളും അദ്ദേഹത്തിന് കീഴിലായി. ആർ. രമേശ്കുമാർ ജില്ലാ സർവെ സൂപ്രണ്ട് ഓഫീസിലുമെത്തി. ഇതേ തുടർന്ന് അന്വേഷണം കഴിയുന്നതുവരെ ഈ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റിനിറുത്തണമെന്ന് പത്തനംതിട്ട വിജിലൻസ് വകുപ്പ് റെവന്യൂ വകുപ്പിന് റിപ്പോർട്ട് നല്‌കിയതിന് പിന്നാലെയാണ് നടപടിയുണ്ടായത്. അഴിമതി ആരോപണം നേരിടുന്നയാളെ അന്വേഷണം തീരാതെ ആ സ്ഥാനത്ത് ഇരുത്തരുതെന്ന ചട്ടം ഇവിടെ ലംഘിക്കപ്പെടുകയായിരുന്നു. ഭരണ സ്വാധീനമുണ്ടെങ്കിൽ ആർക്കും എന്തും ചെയ്യാമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയതിന്റെ ഉദാഹരണമാണിത്.

സ്ഥലം പോക്കുവരവ് ചെയ്തു കൊടുക്കാൻ അയ്യായിരം രൂപ കൈക്കൂലി ചോദിച്ച ഒാമല്ലൂർ വില്ലേജ് ഒാഫീസർ സന്തോഷ് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തത് ഒരുമാസം മുൻപാണ്. ഓമല്ലൂരിൽ വ്യാപകമായി നിലംനികത്തലും അനധികൃത മണ്ണെടുപ്പും നടന്നത് ഇയാൾ വില്ലേജ് ഓഫീസറായി എത്തിയ ശേഷമാണെന്ന് നാട്ടുകാർ പറയുന്നു. വില്ലേജ് ഓഫീസിൽ എന്താവശ്യത്തിന് ചെന്നാലും കൈക്കൂലി ആവശ്യപ്പെടുമെന്ന് ആക്ഷേപമുണ്ട്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ആറ് മാസമായി ഇയാൾ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.

കൈക്കൂലി വാങ്ങിയതിന് ഒരിക്കൽ പിടിയിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വീണ്ടും അതേ കുറ്റത്തിന് അറസ്റ്റ് ചെയ്തത് പത്തനംതിട്ട റാന്നിയിലാണ്. റാന്നി പഴവങ്ങാടി വി.ഇ.ഒ ആലപ്പുഴ പത്തിയൂർ തലപ്പുഴയേത്ത് രാഹുലേയം വീട്ടിൽ സതീഷ്‌കുമാറിനെ(50)യാണ് കൈക്കൂലി വാങ്ങിയ 5000 രൂപയുമായി വിജിലൻസ് അറസ്റ്റുചെയ്തത്. ചെല്ലക്കാട് മഴവഞ്ചേരിയിൽ ലൈസാമ്മയുടെ പരാതിയിലാണ് റാന്നിയിലെ അറസ്റ്റ്. ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിക്കാൻ രണ്ടുതവണയായി 12,000 രൂപ ലൈസാമ്മയിൽ നിന്ന് സതീഷ്‌കുമാർ കൈപ്പറ്റിയിരുന്നു. വീണ്ടും 5000 രൂപ കൂടി ചോദിച്ചപ്പോൾ ലൈസാമ്മ വിജിലൻസിനെ സമീപിക്കുകയായിരുന്നു. നേരത്തെ ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം പഞ്ചായത്തിൽ ജോലി ചെയ്യുമ്പോഴും ഇയാൾ വിജിലൻസ് പിടിയിലായിട്ടുണ്ട്.

ജില്ലാ ട്രഷറിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് സബ്ട്രഷറി ഓഫീസറടക്കം നാല് ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയുണ്ടായി. കോന്നി സബ് ട്രഷറി ഓഫീസർ രഞ്ചി കെ.ജോൺ, ജില്ലാ ട്രഷറി സൂപ്രണ്ട് ദേവരാജൻ, ക്ലാർക്ക് ആരോമൽ, തട്ടിപ്പു നടത്തിയ പെരുനാട് സബ് ട്രഷറി ഓഫീസിലെ ജീവനക്കാരൻ സഹീർ മുഹമ്മദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മരിച്ചുപോയ പെൻഷണറുടെ ജില്ലാട്രഷറിയിലെ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ പലിശ അവരുടെ വ്യാജ എസ്.ബി അക്കൗണ്ട് തുടങ്ങി അതിലൂടെ സഹീർമുഹമ്മദ് തട്ടിയെടുത്തു എന്നാണ് കേസ്. നേരത്തെ സഹീർ മുഹമ്മദ് ജില്ലാ ട്രഷറിയിൽ ജോലി ചെയ്യവേ പുതിയതായി ജില്ലാ ട്രഷറി ജീവനക്കാരനായെത്തിയ ആരോമലിന്റെ കമ്പ്യൂട്ടർ പാസ്‌വേഡ് ഉപയോഗിച്ചാണ് തട്ടിപ്പ് തുടങ്ങിയത്. സഹീർ തട്ടിപ്പിന് മറയാക്കിയ ട്രഷറി ജീവനക്കാരാണ് സസ്‌പെൻഷനിലായ മറ്റു മൂന്നുപേർ എന്നാണ് അറിയുന്നത്. പോപ്പുലർ ഫിനാൻസ്, തറയിൽ ഫിനാൻസ് സ്ഥാപനങ്ങളിൽ സ്ഥിര നിക്ഷേപങ്ങൾ തട്ടിയെടുത്തതും പ്രാമദമായ കേസുകളായിരുന്നു. പത്തനംതിട്ട കാനറാ ബാങ്ക് തട്ടിപ്പ് കേസ് കോടികളുടേതായിരുന്നു. അഴിമതികൾക്കും തട്ടിപ്പുകൾക്കും തടയിടാൻ അധികൃതർക്ക് കഴിയാതെ പോകുമ്പോഴാണ് ഫയലുകളിലെ ജീവിതങ്ങൾ ഒരു കയർത്തുണ്ടിൽ ഒടുങ്ങുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PTA DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.