SignIn
Kerala Kaumudi Online
Saturday, 27 April 2024 3.20 AM IST

ആനത്താവളത്തിന് ചികിത്സ വേണം

konni

രിസ്ഥിതി സൗഹൃദ ടൂറിസത്തിന് സംസ്ഥാനത്തിനകത്തും പുറത്തും പ്രശസ്തി നേടിയെടുത്തതാണ് കോന്നി ആനത്താവളം. കല്ലാറിൽ കുട്ടവഞ്ചി സവാരി നടക്കുന്ന അടവി എക്കോ ടൂറിസവുമായി ബന്ധപ്പെടുത്തിയതോടെ ആനത്താവളത്തിൽ വിദേശികൾ അടക്കമുള്ള സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുകയുണ്ടായി. ലോക് ഡൗൺ കഴിഞ്ഞാൽ വിനോദ സഞ്ചാരികൾക്ക് ഉടനെ തുറന്നു കൊടുക്കേണ്ട ഇടവുമാണിത്. കാട്ടിൽ നിന്ന് ഒറ്റപ്പെട്ട് നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങുന്ന ആനകളുടെ പരിപാലനം, പരിശീലനം, ആന സവാരി, ആനകളെക്കുറിച്ച് അറിയേണ്ടതെല്ലാം ചിത്രങ്ങളുടെയും വീഡിയോകളുടെയും സഹായത്താൽ സജ്ജീകരിച്ചിരിക്കുന്ന ആന മ്യൂസിയം തുടങ്ങിയവയാണ് ആനത്താവളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്. പക്ഷെ, ആനത്താവളത്തിൽ അടുത്തിടെ നടക്കുന്നത് ആനകളെപ്പറ്റി കൗതുകം ജനിപ്പിക്കുന്ന കാര്യങ്ങളല്ല. ആനപ്രേമികളെ കണ്ണീരിലാഴ്ത്തുന്ന കാര്യങ്ങളാണ്. ആനകളുടെ മരണങ്ങൾ തുടരെത്തുടരെയുണ്ടാകുന്നു. ഏറ്റവും സങ്കടകരമായത് കുസൃതി കാട്ടിയും കളിച്ചും സഞ്ചാരികളുടെ മനസിൽ ഒാമനത്തം വിതറുന്ന ആനക്കുട്ടികളുടെ മരണങ്ങളാണ്. കഴിഞ്ഞ ദിവസം ചരിഞ്ഞത് അഞ്ച് മാസം മാത്രം പ്രായമുള്ള മണികണ്ഠനാണ്. ആനപ്രേമികളുടെ മനം കവർന്ന മണികണ്ഠന്റെ വേർപാട് വേദനയോടെയാണ് എല്ലാവരും കേട്ടത്. ഉദരരോഗവും ഹെർണ്യയയും ബാധിച്ച് മണികണ്ഠൻ ചരിഞ്ഞെന്നാണ് വനംവകുപ്പിന്റെ അധീനതയിലുള്ള കോന്നി ആനത്താവളം അധികൃതർ നൽകുന്ന വിശദീകരണം. കഴിഞ്ഞ മാർച്ചിൽ മലപ്പുറം ജില്ലയിലെ വഴിക്കടവ് വനമേഖലയിൽ നിന്ന് പുരത്തിപ്പാടം മൈതാനത്തേക്കിറങ്ങി ഒറ്റപ്പെട്ട് നിന്ന കുട്ടിയാനയെ വനംവകുപ്പ് ഏറ്റെടുക്കുമ്പോൾ രണ്ട് മാസമായിരുന്നു പ്രായം. ഏപ്രിലിൽ കോന്നി ആനത്താവളത്തിൽ എത്തിക്കുമ്പോൾ മിടുക്കനും കുറുമ്പുകാരനുമായിരുന്നു മണികണ്ഠൻ. ആനയ്ക്ക് ഉദരസംബന്ധമായ അസുഖവും ഹെർണ്യയുമുണ്ടായിരുന്നുവെന്ന വിവരം മരണത്തോടെയാണ് പുറത്തുവന്നത്.

മണികണ്ഠനും ഏഴ് വയസുകാരൻ പിഞ്ചുവും താപ്പാന മണിയനും ചരിഞ്ഞതോടെ ഏഴു മാസത്തത്തിനിടെ മൂന്ന് ആനകളെയാണ് താവളത്തിന് നഷ്ടമായത്.

ആന ചികിത്സയ്ക്ക് വിദഗ്ദ്ധരില്ല

കോന്നി ആനത്താവളത്തിൽ ആനകളെ ചികിത്സിക്കാൻ വിദഗ്ദ്ധരായ ഡോക്ടർമാരില്ലെന്ന ആക്ഷേപത്തിന് പഴക്കമേറെയുണ്ട്. ആനകളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ ഇൗ പ്രതിസന്ധി നിലനിന്നിട്ടും വിദഗ്ദ്ധ ഡോക്ടറെ നിയമിക്കാൻ വനംവകുപ്പ് തയ്യാറായിട്ടില്ല. വെറ്റിറനറി ഡോക്ടർമാരെ ഡെപ്യൂട്ടേഷനിൽ നിയമിച്ചാണ് ആന ചികിത്സ. ഇവർക്ക് ആനകളുടെ ശരീര ശാസ്ത്രം, ഭക്ഷണ രീതി, അസുഖങ്ങൾ എന്നിവയിൽ ആഴത്തിലുള്ള അറിവ് കുറവാണെന്ന് ആരോപണമുണ്ട്. വളർത്തു മൃഗങ്ങൾക്കുള്ള സാധാരണ ചികിത്സയല്ല ആനകൾക്ക് നൽകേണ്ടതെന്ന് വന്യജീവികളെക്കുറിച്ച് പഠനം നടത്തിയ മുൻ സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥനും സ്പാരോ നേച്ചർ കൺസർവഷൻ സംസ്ഥാന സെക്രട്ടറിയുമായ ചിറ്റാർ ആനന്ദൻ പറയുന്നു. പച്ചില ചികിത്സയാണ് ആനകൾക്ക് പ്രധാനം. അലോപ്പതി ആവശ്യത്തിന് മാത്രം ഉപയോഗിക്കാം. ആനകളുടെ ചികിത്സയ്ക്ക് പരിചയസമ്പന്നരായ ഡോക്ടർമാരെയും പുതുതലമുറ ഡോക്ടർമാരെയും ഉൾപ്പെടുത്തി പ്രത്യേകം പാനൽ ഉണ്ടാക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

കാട്ടിൽ വളർന്ന പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ട ആനയ്ക്ക് അതിനൊത്ത പച്ചമരുന്ന് ചികിത്സ വളരെ പ്രധാനമാണ്. ആനത്താവളത്തിലെ ആനകളുടെ ഭക്ഷണത്തിൽ പോലും ശ്രദ്ധയില്ലെന്നാണ് ആനപ്രേമികളുടെ പരാതി. പനംപട്ടയ്ക്കും തെങ്ങോലയ്ക്കും പകരം തീറ്റപ്പുല്ലും ചോറും കഞ്ഞിയുമൊക്കയാണ് ആനകൾക്ക് കൂടുതലായി നൽകുന്നതെന്ന് ആരോപണമുണ്ട്. പരാതികൾ ഉയരുമ്പോഴെല്ലാം ആളുകൾക്കും മാദ്ധ്യമങ്ങൾക്കും പ്രവേശനം നിയന്ത്രിക്കുന്ന അധികൃതരുടെ നടപടികൾ ദുരൂഹതകൾക്ക് ഇടയാക്കുന്നുമുണ്ട്.

ഇനി അഞ്ച് ആനകൾ

കോന്നി ആനത്താവളത്തിൽ ഇനി അവശേഷിക്കുന്നത് അഞ്ച് ആനകളാണുള്ളത്. നീലകണ്ഠൻ, പ്രിയദർശിനി, ഇൗവ, മീനു, കൃഷ്ണ എന്നിവ. ഇവരുടെ ആരോഗ്യം സംരക്ഷിക്കാൻ പുതിയ പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. നിലവിലെ വെറ്റിറനറി ഡോക്ടറെ മാറ്റി പരിചയ സമ്പന്നരെ നിയമിക്കണം. നാട്ടുവൈദ്യം അനുസരിച്ചുള്ള ചികിത്സകൾ പലയിടത്തും ആനകൾക്ക് ലഭ്യമാക്കുന്നുണ്ട്. കോന്നി ആനത്താവളത്തിൽ ചരിഞ്ഞ മണികണ്ഠന് കൂടുതലായി ലഭിച്ചത് അലോപ്പതി ചികിത്സയാണെന്ന് പറയപ്പെടുന്നു. പശുവിനെയും മറ്റ് വളർത്തു മൃഗങ്ങളെയും ചികിത്സിക്കുന്ന പോലെയല്ല ആനകളെ ചികിത്സിക്കേണ്ടതെന്ന് ആ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പശുവിനും ആടിനുമൊക്കെ സാധാരണ കൊടുക്കുന്ന തീറ്റകൾക്കൊപ്പം അലോപ്പതി മരുന്നുകൾ കൂടി കൊടുത്താൽ ദഹനക്കുറവും പനിയുമൊക്കെ മാറ്റാൻ കഴിഞ്ഞേക്കും. എന്നാൽ, ആനകൾക്ക് മിക്കപ്പോഴും പച്ചമരുന്നകളാണ് ഫലിക്കുന്നത്. വെറ്റിറനറി സയൻസിൽ ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെയുള്ളവർ ആന ചികിത്സയ്ക്ക് ഇറങ്ങുമ്പോൾ പ്രകൃതിദത്തമായ ചികിത്സകൾക്ക് കൂടി പരിഗണന കൊടുക്കണമെന്നാണ് ആനകളെ ചികിത്സിച്ച് ഭേദമാക്കിയിട്ടുള്ളവർ പറയുന്നത്. പക്ഷെ, കാമ്പസുകളിൽ നിന്ന് ബിരുദം നേടിയിറങ്ങുന്നവരിൽ ചിലർ പാരമ്പര്യ, പ്രകൃതി ചികിത്സകളെ പാടെ തള്ളിക്കളയുന്നതിന്റെ പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് മിണ്ടാ പ്രാണികളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PTA DIARY, KONNI ANATHAVALAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.