പതിനഞ്ചാം നൂറ്റാണ്ടോടെ ഭക്തിപ്രസ്ഥാനത്തിന്റെ അലയൊലികൾ അരങ്ങേറി. ഒരു പുതിയ ധാർമ്മികാവബോധത്തിനും ഉദയത്തിനും തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം അത്തരുണത്തിൽ സവിശേഷാനുഗ്രഹമായി മാറി. രാമായണമാസാചരണം ആഘോഷിക്കുന്ന കർക്കടകവേളയിൽ തെക്കൻകേരളത്തിലെ ശീവോതിക്ക് കൊടുക്കലിനോട് സാമ്യമുള്ള ഒരു ചടങ്ങാണ് മലബാറിലെ 'കലിയന് കൊടുക്കൽ" എന്നത് .
ചിലയിടങ്ങളിൽ കർക്കടകത്തിന് സ്വാഗതമോതുന്നത് കാർഷിക മൂർത്തിയായ 'കലിയനെ" വരവേറ്റുകൊണ്ടാണ്.'കലിയാ കലിയാ കൂ..കൂ.."എന്ന വിളികേൾക്കുന്ന ഗ്രാമങ്ങൾ എത്രയോ പരിമിതപ്പെട്ടെങ്കിലും അത്തരം ആചാരങ്ങൾ ചിലയിടങ്ങളെങ്കിലും ഇന്നുമുണ്ടെന്ന് കാണാം. കലിയന് പ്രിയപ്പെട്ട വിഭവങ്ങളാണ് ചക്കയും മാങ്ങയും. പ്ലാവിലകൊണ്ട് പശുവും മൂരിയും, വാഴക്കണകൊണ്ട് ആലയും നുകവും കലപ്പയും ഏണിയും കോണിയുമെല്ലാം ഉണ്ടാക്കി കലിയന് സമർപ്പിക്കുന്നു.
കാർഷികവൃത്തിയുടെ പ്രതീകങ്ങളാണ് ഇവയെല്ലാം. ഈന്തും, ചക്കപ്പുഴുക്കും, കിഴങ്ങും, കടലയും തേങ്ങാപ്പൂളും എന്നുവേണ്ട കലിയന് ഇഷ്ടമുള്ളതെല്ലാം ഒരുക്കി സന്ധ്യയോടെ പ്ലാവിന്റെ ചുവട്ടിൽ സമർപ്പിയ്ക്കുന്നു. ഏണി പ്ലാവിൽ ചാരിവയ്ക്കും. ഓലച്ചൂട്ട് കത്തിച്ച് പന്തമാക്കും. പിന്നെ ആർപ്പുവിളി തുടങ്ങും. കലിയാ കലിയാ കൂയ്...മാങ്ങേം ചക്കേം തന്നേച്ച് പോ...എന്ന വായ്ത്താരി മുഴക്കിക്കൊണ്ട് വീടിനു ചുറ്റും കുട്ടികൾചേർന്ന് ഒരു പ്രദക്ഷിണംവയ്ക്കും . ഗ്രാമസൗഭഗത്തെ ഏറെ ആഹ്ലാദിപ്പിച്ചിരുന്ന ഈ വായ്ത്താരി ഒരു കാലത്ത് ഗ്രാമങ്ങൾതോറും മുഴങ്ങിയിരുന്നു. മലയാളിക്ക് പലതും അന്യമായ കൂട്ടത്തിൽ പിൽക്കാലത്ത് ഏറക്കുറെ അന്യംനിന്നുപോയ ഒരു ഗൃഹാതുരതയുടെ ഭാഗമാണ്, കർക്കടകത്തിലെ കലിയനും. മദ്ധ്യതിരുവിതാംകൂറിൽ അവിടെയുള്ള മഹാക്ഷേത്രസന്നിധികളിലെ 'അത്താഴപൂജ" ( തൃപ്പുക) കഴിഞ്ഞേ ഭവനങ്ങളിലെങ്ങും രാമായണപാരായണം തുടങ്ങൂ. എന്നാൽ ഇന്ന് രാപകൽ അദ്ധ്യാത്മരാമായണ പാരായണം നടത്തുന്ന വർത്തമാനകാല സവിശേഷാചരണ സാഹചര്യങ്ങളിൽ പലയിടത്തും പലപ്പോഴും ചില മാറ്റങ്ങൾ പ്രകടമാണുതാനും. ജീവിതത്തിന്റെ ഉൾപ്പിരിവുകൾ, നന്മതിന്മകൾ, വിവേകാവിവേകങ്ങൾ, ജ്ഞാനവൈരാഗ്യഭാവങ്ങൾ എന്നിവയെല്ലാം രാമായണം നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രജാപതിത്വത്തിന്റെ മൂല്യാധിഷ്ഠിതമായ ധാർമ്മികദർശനങ്ങൾ കാട്ടിത്തരുന്ന അർത്ഥസമ്പൂർണമായ മഹാജ്ഞാന വൈഖരിയാണ് 'ശ്രീരാമായണം".
സാർവലൗകികതയാണ് രാമായണത്തിന്റെ ദാർശനികത. അധാർമ്മികതയ്ക്കു നേരെ 'മാ നിഷാദ" എന്ന് വിരൽചൂണ്ടുമ്പോൾ ആന്തരികമായും ബാഹ്യമായുമുള്ള അന്ധതയകന്ന് പ്രകാശഭരിതമാകുന്ന അവസ്ഥയിലൂടെ ഒരു ജീവിത പുനഃസൃഷ്ടിയാണ് സംഭാവനചെയ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |