SignIn
Kerala Kaumudi Online
Friday, 26 April 2024 8.40 AM IST

ലോക ഭക്ഷ്യസമ്മാനം ഇന്ത്യൻ വംശജയ്ക്ക്

shakuntala-harak-singh

ഭക്ഷ്യ, കാർഷിക മേഖലയിലെ നൊബേൽ സമ്മാനമെന്ന് അറിയപ്പെടുന്ന ലോക ഭക്ഷ്യസമ്മാനം (വേൾഡ് ഫുഡ് പ്രൈസ് 2021 – 2.5 ലക്ഷം ഡോളർ – 1.8 കോടിയോളം രൂപ) ട്രിനിഡാഡിലെ ഇന്ത്യൻ വംശജയായ പോഷക വിദഗ്ദ്ധ ഡോ. ശകുന്തള ഹരക് സിംഗ് തിൽസ്റ്റെഡിന്. ജലജീവികളുടെ ഭക്ഷണത്തിന്റെ പോഷകമൂല്യം വർർദ്ധിപ്പിച്ച് ഏഷ്യയിലെയും ആഫ്രിക്കയിലെയും പാവപ്പെട്ടവരുടെ ഭക്ഷണം പോഷക സമ്പുഷ്ടമാക്കിയതാണ് ഇവരെ സമ്മാനത്തിന് അർഹയാക്കിയത്.

കൊവിഡ് വാക്‌സിനുമായി

സൈഡസ് കാഡില

ഇന്ത്യയിൽ നിർമ്മിച്ച ഒരു കൊവിഡ് വാക്സിൻ കൂടി അടിയന്തര ഉപയോഗത്തിന് തയാറാവുന്നു. അഹമ്മദാബാദിലെ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച സൈക്കോവ് - ഡി വാക്‌സിനാണ് എത്തുന്നത്. മൂന്നാം ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഫലം ലഭിച്ചാലുടൻ ഡ്രഗ്‌സ് കൺട്രോളർ ജനറലിന് അപേക്ഷ സമർപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. മേയ് പകുതിയോടെ ഫലത്തിന്റെ വിവരങ്ങൾ ലഭിക്കും. ഈ മാസം തന്നെ അനുമതി പ്രതീക്ഷിക്കുന്നതായും തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഡി.എൻ.എ വാക്സിനാണ് സൈക്കോവ് - ഡിയെന്നും കമ്പനി അറിയിച്ചു.

അനുമതി ലഭിച്ചാൽ ഇന്ത്യയിലെ വാക്‌സിനുകളുടെ എണ്ണം നാലാകും. നിലവിൽ കൊവിഷീൽഡ്, കൊവാക്‌സിൻ എന്നിവയാണ് കുത്തിവയ്ക്കുന്നത്. റഷ്യയുടെ സ്‌പുട്‌നിക്ക് വി വാക്‌സിനും അനുമതി ലഭിച്ചിട്ടുണ്ട്. പേശിക്ക് പകരം തൊലിക്കടിയിലാണ് സൈക്കോവ് -ഡി കുത്തിവയ്‌ക്കുന്നത്. സൈഡസ് കാഡില വികസിപ്പിച്ച വിറാഫിൻ മരുന്ന് ഗുരുതരമല്ലാത്ത കൊവിഡ് രോഗികൾക്ക് നൽകാൻ കഴിഞ്ഞമാസം ഡി.സി.ജി.ഐ അനുമതി നൽകിയിരുന്നു.

മ്യാൻമറിൽ തടവിൽ

മർദ്ദനമേറ്റ് കവി കൊല്ലപ്പെട്ടു

മ്യാൻമറിൽ പട്ടാളഭരണകൂടത്തിന്റെ കടുത്ത വിമ‍ർശകനായ കവി കേറ്റ് തായ് (45) തടവിൽ ക്രൂരമർദ്ദനമേറ്റു കൊല്ലപ്പെട്ടു. മൃതദേഹം ആന്തരാവയവങ്ങൾ നീക്കംചെയ്ത നിലയിലാണ് കൈമാറിയതെന്നു ഭാര്യ പറഞ്ഞു. മ്യാൻമർ സർക്കാർ പ്രതികരിച്ചിട്ടില്ല.‘അവർക്കു ശിരസിനു നേരെ നിറയൊഴിക്കുന്നു. പക്ഷേ, വിപ്ലവം ഹൃദയങ്ങളിലാണെന്ന് അവർക്കറിയില്ല ’ എന്നെഴുതിയ കേറ്റിനെ കഴിഞ്ഞ ശനിയാഴ്ചയാണു ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തത്.

ഭാര്യയെയും കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു. ചോദ്യം ചെയ്യൽ തുടരുന്നുവെന്നാണ് അറിയിച്ചിരുന്നത്. ഇന്നലെ രാവിലെ ആശുപത്രിയിലെത്താൻ പൊലീസ് ഭാര്യയോട് ആവശ്യപ്പെട്ടു. ആന്തരികാവയവങ്ങൾ നീക്കം ചെയ്ത നിലയിൽ മൃതദേഹം മോർച്ചറിയിൽനിന്നു ലഭിച്ചെന്നാണു ഭാര്യ ചോ സൂ മാദ്ധ്യമങ്ങളെ അറിയിച്ചത്. പട്ടാളത്തിന്റെ തടവിൽ ക്രൂരമർദനമേറ്റ കവി, ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയെന്ന് മ്യാൻമറിലെ രാഷ്ട്രീയതടവുകാരുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന സംഘടനയും അറിയിച്ചു.

നക്‌സൽ വർഗീസ് വധം:

അവസാന ദൃക്‌സാക്ഷിയും വിടവാങ്ങി

നക്‌സൽ നേതാവ് വർഗീസ് വധത്തിലെ അവസാന ദൃക്‌സാക്ഷിയും കേസിലെ 21-ാം സാക്ഷിയുമായിരുന്ന റിട്ട. സി.ആർ.പി.എഫ്. ഉദ്യോഗസ്ഥൻ തൊളിക്കോട് എം.എച്ച്.എസ്. മൻസിലിൽ മുഹമ്മദ് ഹനീഫ (82) അന്തരിച്ചു. കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ ഏറ്റുപറച്ചിലിനെ തുടർന്നുണ്ടായ കേസിൽ കോടതി നിയോഗിച്ച കമ്മിഷനു മുന്നിൽ ഹനീഫ മൊഴി നൽകിയിരുന്നു. മുൻ ഐ.ജി. കെ.ലക്ഷ്മണക്കെതിരെ ജീവപര്യന്തം ശിക്ഷ വിധിക്കാൻ നിർണായകമായത് അദ്ദേഹത്തിന്റെ മൊഴിയായിരുന്നു.

വയനാട്ടിലെ തിരുനെല്ലിക്കാട്ടിൽ പ്രവർത്തനം നടത്തിയ നക്‌സലുകളെ പിടികൂടാൻ നിയോഗിക്കപ്പെട്ട സി.ആർ.പി.എഫിലെ അംഗമായിരുന്നു ഹനീഫ. 1970 ഫെബ്രുവരി 18 - നാണ് വർഗീസിനെ പിടികൂടുന്നത്. മാനന്തവാടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം തിരുനെല്ലിയിലേക്കു തന്നെ തിരികെ കൊണ്ടു പോകുകയായിരുന്നു. തിരുനെല്ലിയിൽ നിന്ന് വർഗീസിനെ വനത്തിലേക്ക് കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ട നാലു കോൺസ്റ്റബിൾമാരിൽ ഒരാളായിരുന്നു ഹനീഫ.

ബി.1.617 ഇന്ത്യൻ വൈറസല്ല

ആഗോളതലത്തിൽ ആശങ്ക നൽകുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയ ബി.1.617 വൈറസ് വകഭേദത്തെ ‘ഇന്ത്യൻ വകഭേദം’ എന്നു ചില മാധ്യമങ്ങൾ വിശേഷിപ്പിച്ചതിൽ അതൃപ്തിയുമായി ഇന്ത്യ. ലോകാരോഗ്യ സംഘടന ഇതിനെ ഇന്ത്യൻ വകഭേദം എന്ന നിലയിൽ വ്യാഖ്യാനിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഒക്ടോബറിൽ ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദത്തിന്റെ സാന്നിദ്ധ്യം പിന്നീട് 40 ൽ പരം രാജ്യങ്ങളിൽ സ്ഥിരീകരിച്ചിരുന്നു. ആദ്യം ഇന്ത്യയിൽ സ്ഥിരീകരിച്ചതു കൊണ്ട് ഇന്ത്യൻ വകഭേദം എന്ന നിലയി‍ൽ വ്യാഖ്യാനിച്ചതിനെതിരെയാണു കേന്ദ്രത്തിന്റെ വിശദീകരണം. വൈറസ് വകഭേദവുമായി ബന്ധപ്പെടുത്തി 32 പേജുള്ള റിപ്പോർട്ടാണു ലോകാരോഗ്യ സംഘടന തയാറാക്കിയത്. ഇതിൽ ഒരിടത്തും ‘ഇന്ത്യൻ’ എന്ന് വാക്കു പരാമർശിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RECAP DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.