തിരുവിതാംകൂറിൽ ദശാബ്ദങ്ങളോളം നിലനിന്നിരുന്ന ജാതി അടിമത്തത്തിന്റെ നീരാളിപ്പിടിത്തത്തിൽ നിന്നും ജാതി വിവേചനങ്ങളുടെ ഇരുണ്ട അറകളിൽ നിന്നും ദളിത് ജനതയെ അവകാശബോധമുള്ളവരാക്കി മാറ്റുകയും, ജാതി- ഉപജാതികൾക്ക് അതീതമായി സാധുജനം എന്ന നിലയിൽ വർഗബോധമുള്ളവരായി സംഘടിക്കുന്നതിന് കരുത്തു പകരുകയും ചെയ്ത മഹാത്മാ അയ്യങ്കാളി, തന്റെ സവിശേഷമായ പ്രവർത്തനങ്ങളും സംഘാടനമികവും കൊണ്ടാണ് നീതി നിഷേധിക്കപ്പെട്ടിരുന്ന അടിമക്കൂട്ടങ്ങൾക്ക് പ്രചോദനമായി മാറിയത്.
ആധുനിക ജനാധിപത്യത്തിന്റെ പ്രത്യാശാഭരിതമായ ലോകത്തേക്ക് ദളിതർക്ക് പ്രവേശിക്കാനായത് അഞ്ച് പതിറ്റാണ്ടുകാലം അയ്യങ്കാളി നടത്തിയ നിരന്തര സമരങ്ങളിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ പ്രസക്തി ഒട്ടും കുറഞ്ഞിട്ടില്ലെന്ന വസ്തുതയ്ക്ക് അടിവരയിടുന്നതാണ് ഇന്ത്യയിലെ സമകാലിക ദളിത് സാമൂഹികാവസ്ഥ. നാഷണൽ ക്രൈം റെക്കാർഡ്സ് ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കുകളും പാർലമെന്റിൽ നൽകിയിട്ടുള്ള മറുപടികളും സൂചിപ്പിക്കുന്നത് ദിനംപ്രതിയെന്നോണം ജാതിവെറിയുടെ പേരിൽ ദളിതർക്കു നേരെ അരങ്ങേറുന്ന അതിക്രമങ്ങളും കൊലപാതകങ്ങളും രാജ്യത്ത് വർദ്ധിച്ചു വരുന്നുവെന്നാണ്.
ലഭ്യമായ കണക്കുകൾ പ്രകാരം ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ദളിത് പീഡനം ഏറ്റവും കൂടുതൽ. പട്ടികജാതി- പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന സ്‌പെഷ്യൽ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും വളരെ കൂടുതലാണ്. വിചാരണയ്ക്കു ശേഷം ശിക്ഷിക്കപ്പെടുന്ന കേസുകളുടെ എണ്ണമാകട്ടെ, നാമമാത്രവും. ജാതി വിവേചനത്തിന്റെ പേരിൽ ഉത്തരേന്ത്യയിൽ അരങ്ങേറുന്ന ദുരഭിമാനക്കൊലകൾ ജാതിക്കലിയുടെ പുതിയ രൂപങ്ങളിലൊന്നു മാത്രമാണ്. ദളിതർ അടക്കമുള്ള സാധാരണ മനുഷ്യരുടെ നീതി തേടിയുള്ള യാത്രയിലെ അവസാനത്തെ അത്താണിയായ ജുഡീഷ്യറിയാകട്ടെ, ഭരണഘടന വിഭാവനം ചെയ്യുന്ന പട്ടികവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല, അത്തരം അവകാശങ്ങൾ അട്ടിമറിക്കപ്പെടുമ്പോൾ നിരാശാജനകമായ നിലപാട് സ്വീകരിക്കുകയോ നിശബ്ദമായി നിലകൊള്ളുകയോ ചെയ്യുന്നു!
നീതി നിഷേധിക്കപ്പെടുന്നവരുടെ അവസാന പ്രതീക്ഷയായ ജുഡീഷ്യറിയുടെ സമീപകാല നിലപാടുകളെ ഏറെ ആശങ്കയോടെയാണ് ഇന്ത്യയിലെ ദളിത് സമൂഹം നോക്കിക്കാണുന്നത്. സംവരണം മൗലിക അവകാശമല്ലെന്നും സംവരണം ഏർപ്പെടുത്താൻ ഗവൺമെന്റുകളോട് നിർദ്ദേശിക്കാനാവില്ലെന്നുമുള്ള ഹൈക്കോടതി വിധി പട്ടികജാതി വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കയുളവാക്കുന്നതാണ്. നമ്മുടെ ഭരണഘടനയും സുപ്രീംകോടതിയും നിലവിൽ വന്നതിന്റെ 75-ാം വാർഷികാഘോഷ വേള കൂടിയാണ് ഇപ്പോൾ. സുപ്രീംകോടതിയും ഭരണഘടനയും ഉണ്ടായിട്ടും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഉയർന്ന തലങ്ങളിൽ (ഹൈക്കോടതി/ സുപ്രീംകോടതി) പട്ടികവിഭാഗങ്ങൾക്കുള്ള അർഹമായ പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ നമുക്ക് ഇനിയുമായിട്ടില്ല. ഈ സാഹചര്യത്തിലാണ് അയ്യങ്കാളി നവോത്ഥാന കാലഘട്ടത്തിൽ സ്ഥാപിച്ച സമുദായ കോടതികളെക്കുറിച്ച് ഓർക്കേണ്ടത്.
തിരുവിതാംകൂറിൽ രാജഭരണകാലത്ത് നീതിനിർവഹണം ജാതി അടിസ്ഥാനത്തിലായിരുന്നു. അടിമ ജാതിക്കാർക്ക് മൃഗങ്ങളുടെ പരിഗണനപോലും ലഭിച്ചിരുന്നില്ല. ആചാരങ്ങളെയും ധർമ്മശാസ്ത്രങ്ങളെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ 'ചട്ടവരിയോല" പ്രമാണമാക്കി ഭരണം നടത്തിയവരായിരുന്നു കേരളത്തിലെ ഹിന്ദുരാജാക്കന്മാർ. ഏതു കേസിലും വിധി നിശ്ചയി ക്കുന്നതിന് സാക്ഷിമൊഴി അത്യാവശ്യമായിരുന്നു. ബ്രാഹ്മണന് ബ്രാഹ്മണനും ശൂദ്രന് ശൂദ്രനും വൈശ്യന് വൈശ്യനുമാണ് സാക്ഷി പറയേണ്ടിയിരുന്നത്. സ്ത്രീകളുടെയും അടിമകളുടെയും തെളിവ് സ്വീകാര്യയോഗ്യമായിരുന്നില്ല.
സമുദായ കോടതി സ്ഥാപിക്കുക വഴി സവർണ താത്പര്യം മാത്രം ഉയർത്തിപ്പിടിച്ചിരുന്ന അനീതിയുടെ കോട്ടകൊത്തളങ്ങളെ വെല്ലുവിളിക്കുകയായിരുന്നു അയ്യങ്കാളി. കോടതിവളപ്പിലെ പ്ലാമൂട്ടിലാണ് (മരച്ചുവട്ടിൽ) അയിത്തജാതിക്കാർക്കു വേണ്ടി കോടതി കൂടിയിരുന്നത്. കോടതി മുറിക്കുള്ളിലോ കോടതിയുടെ മതിൽക്കെട്ടിനകത്തോ അയിത്ത ജാതിയിൽപ്പെട്ടവർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഇങ്ങനെയുള്ള വിവേചനത്തിനെതിരെയാണ് സാധുജന പരിപാലന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ബദൽ കോടതികൾ സ്ഥാപിച്ചതും ഔപചാരികമായ പ്ലാമൂട് കോടതികളെ തകർത്തതും.
ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിൽ ജഡ്ജിമാരുടെ നിയമനങ്ങളിൽ ഇനിയും സാമൂഹ്യനീതി പാലിക്കാതെ മുന്നോട്ടുപോകുന്നത് ജനസംഖ്യയുടെ നാലിലൊന്നിൽ കൂടുതൽ വരുന്ന പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളോട് ചെയ്യുന്ന അനീതിയും കൊടുംക്രൂരതയുമാണ്. നീതി നിഷേധങ്ങളോട് തരിമ്പു പോലും വിട്ടുവീഴ്ച ചെയ്തിട്ടില്ലാത്ത അയ്യങ്കാളിയുടെ വിപ്ലവവീര്യം കൈമുതലാക്കിയ പുതിയ തലമുറയുടെ ചോദ്യശരങ്ങൾക്ക് ഉത്തരം നൽകാതെ ആർക്കും മുന്നോട്ടുപോകാനാകില്ല!
(പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗമാണ് ലേഖകൻ. ഫോൺ: 81299 88434)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |