SignIn
Kerala Kaumudi Online
Friday, 26 April 2024 9.33 AM IST

കിറ്റക്‌സിന് പിന്നാലെ റബറും?

rubber

കിറ്റക്സ് കേരളത്തിന്റെ പടിയിറങ്ങിയത് ചില കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടാണ്. സർക്കാ‌രിന്റെ പിന്തുണയില്ലാത്തതും വകുപ്പുകളുട‌െ വേട്ടയാടലുകളും കാരണം സംസ്ഥാനത്ത് ഇനി നിക്ഷേപം സാദ്ധ്യമല്ലെന്ന് വ്യക്തമാക്കി കിറ്റക്സ് എം.ഡി. സാബു ജേക്കബ് തെലുങ്കാനയിലേക്ക് ചുവട് മാറ്റി. കിറ്റക്സ് വിട്ടുപോയതിനോട് സർക്കാരിനുണ്ടായ അമർഷം മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും വാക്കുകളിലൂടെ പുറത്തു വന്നത് വരെ കാര്യങ്ങളെത്തി. വിവാദം ചൂട് പിടിച്ചു നിൽക്കുന്നതിനിടെ മദ്ധ്യകേരളത്തിൽ മറ്റൊരു സംഭവം അരങ്ങേറിയത് ചർച്ചയായിട്ടില്ല.

റബറിനെയും നാട് കടത്തുമോ?

ഇടനാട്ടിലെയും മലനാട്ടിലെയും കർഷകരുടെ നട്ടെല്ലായ റബറിന്റെ തൈകൾ പാക്കറ്റുകളിലാക്കി ആസാമിലേക്ക് ട‌്രെയിൻമാർഗം കടത്തി വിട്ടത് കഴിഞ്ഞ ദിവസമാണ്. ഒന്നരലക്ഷം റബർ തൈകളാണ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള ട്രെയിനിൽ കൊണ്ടുപോയത്. ഭാരതപ്പുഴ-ബ്രഹ്മപുത്ര ട്രെയിനിന് റബർ സ്പെഷ്യൽ ട്രെയിൻ എന്ന പേരുമിട്ടു. ആസാം, മേഘാലയ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറാം സംസ്ഥാനങ്ങളിൽ വിതരണം ചെയ്യാനുള്ളതാണ് റബർ തൈകൾ. നബാർഡിന്റെയും ഒാട്ടോമോട്ടീവ് ട‌യർ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെ റബർ ബോർഡ് നടപ്പാക്കുന്ന റബർ പ്ളാന്റേഷൻ പദ്ധതിയുടെ ഭാഗമായാണ് തൈകൾ കയറ്റി അയച്ചതെന്ന് ഒൗദ്യോഗിക വിശദീകരണമുണ്ട്. പതിനായിരം ഹെക്ടർ സ്ഥലത്ത് 50 ലക്ഷത്തോളം റബർ തൈകൾ നടുകയാണ് ലക്ഷ്യം.

കേരളത്തിൽ നിന്നുള്ള റബർതൈകളുടെ കയറ്റുമതി പദ്ധതിയുടെ ആദ്യഘട്ടം റബർ ബോർഡിന്റെയും റെയിൽവേയുടെയും ഉദ്യോഗസ്ഥർ പങ്കെടുത്താണ് ഉദ്ഘാടനം ചെയ്തത്. ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഇടപെട്ട് നടത്തിയ ഇൗ നടപട‌ി സംസ്ഥാനത്തെ റബർകൃഷിയെ ബാധിക്കുമോയെന്ന് ചർച്ചയായിട്ടില്ല. കേരളത്തിന്റെ റബർ ഹബ് എന്നറിയപ്പെടുന്നത് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളാണ്. പ്ളാന്റേഷൻ കോർപ്പറേഷനെ കൂടാതെ ലക്ഷക്കണക്കിന് കർഷകരും ഇൗ ജില്ലകളിൽ റബർ ഉത്‌പാദന രംഗത്തുണ്ട്. സംസ്ഥാനത്ത് റബർ ഉദ്പ്പാദനത്തിൽ കുറവ് വന്നിട്ടാണോ മറ്റു സംസ്ഥാനങ്ങളിലേക്ക് തൈകൾ കയറ്റുമതി ചെയ്യുന്നതെന്ന് വ്യക്തമല്ല. വിലയിടിവ് കാരണം കണ്ണീര് പൊഴിച്ച കർഷകർ റബർ വെട്ടിക്കളഞ്ഞ് തെങ്ങും പച്ചക്കറികളും കൃഷി ചെയ്തു തുടങ്ങി. സർക്കാർ പ്രഖ്യാപിച്ച താങ്ങുവില കർഷകനെ താങ്ങി നിറുത്താൻ ഉതകുന്നതായിരുന്നില്ല. കർഷകർക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിക്കാത്തതും അവരെ മേഖലയിൽ നിന്ന് അകറ്റി നിറുത്തുന്നു. ഇതിനിടയിലാണ് തൈകൾ ആറ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ച് അവിടെ റബർകൃഷി തുടങ്ങാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്.

പ്രതിസന്ധികൾ

കേരളത്തിലെ കർഷകരെ റബറിൽ നിന്ന് അകറ്റാതെ കൂടുതൽ തൈകൾ നട്ടുപിടിപ്പിക്കാൻ കാര്യമായ പദ്ധതികൾ സർക്കാരിന്റെയോ റബർ ബോർഡിന്റെയോ പക്കലില്ല. റബർ നഴ്സറികളിൽ നിന്ന് വൻതോതിൽ തൈകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തി വിടുന്നത് ഇവിടുത്തെ ഉത്‌പാദനത്തെ ബാധിക്കുമെന്ന് സംശയം ഉയർന്നിട്ടുണ്ട്. പ്ളാന്റേഷൻ മേഖലകളിലെ റബർ തോട്ടങ്ങളിൽ ഇപ്പോൾ തൈകൾ പഴയ നിലയിൽ വച്ച് പിടിപ്പിക്കുന്നില്ല. മേഖലയിൽ തൊഴിൽ പ്രശ്നങ്ങളും രൂക്ഷമാണ്. ടാപ്പിംഗ് തൊഴിലാളികൾ പകുതിയിൽ താഴെയായി . യൂണിയനുകളുടെ അനാവശ്യ ഇടപെടലുകൾ വേറെയും പ്രതിസന്ധി സൃഷ്ടിക്കുന്നു. ടയർ നിർമാണത്തിനോ റബർ അനുബന്ധ ഉത്‌പന്നങ്ങൾക്കാേ വലിയ പ്രോത്സാഹനം ലഭിക്കുന്നില്ല. റാന്നിയിൽ റബർ വ്യവസായ പാർക്ക് നിർമിക്കുമെന്ന പ്രഖ്യാപനത്തിന് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമായി. സ്വകാര്യ മേഖലയിൽ നിക്ഷേപകർ മുന്നോട്ടു വരുന്നില്ല. പ്രോത്സാഹിപ്പിക്കാൻ സർക്കാർ ന‌ടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ സംരംഭകർ മുന്നോട്ട് വരണമെന്നില്ല. ആരെങ്കിലും തയ്യാറായാൽ കിറ്റക്സ് നേരിട്ട അനുഭവം ഉണ്ടാകുമോ എന്നും ആശങ്കയുണ്ട്.

റബറിനെ രക്ഷിക്കണം

കേരളത്തിലെ റബർകൃഷി ശക്തിപ്പെടുത്താൻ അടിയന്തര ഇടപെടൽ നടത്താതെ റബറിനെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പറിച്ച് നടാൻ സർക്കാർ കളമൊരുക്കുകയാണെന്ന് കർഷകർ പരാതിപ്പെടുന്നു. ഗുണനിലവാരമുള്ളതാണ് സംസ്ഥാനത്തെ റബർ എന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ചില കർഷക കൂട്ടായ്മകൾ റബർ കൃഷിയുടെ സംരക്ഷണം ആവശ്യപ്പെട്ട് രംഗത്തുണ്ട്. എന്നാൽ, മറ്റ് കൃഷികളുടെ വളർച്ചയ്ക്കും പരിപാലനത്തിനും സർക്കാർ നൽകുന്ന പരിഗണന റബറിന് ലഭിക്കുന്നില്ല. ഉത്‌പാദന ചെലവ് കഴിഞ്ഞ് മതിയായ ലാഭം പ്രതീക്ഷിക്കാവുന്ന നിലയിലല്ല വിപണി വില. റബറിന്റെ ഇറക്കുമതി തുടരുന്നിടത്തോളം കാലം ഇൗ സ്ഥിതി തുടരും. ഇറക്കുമതി കുറച്ച് ആഭ്യന്തരകൃഷി പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാരിന് മേൽ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നാണ് കേരളത്തിലെ കർഷകരുടെ ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RUBBER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.