ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ക്ഷേത്രങ്ങളിൽ ഏറ്റവും സാത്വികഭാവത്തിലമർന്ന ക്ഷേത്രമാണ് ശിവഗിരി ശാരദാമഠം. ക്ഷേത്രമെന്നല്ല മഠം എന്നാണ് ഗുരുദേവൻ നാമകരണം ചെയ്തത്. മഠം എന്നത് ഗുരുവും ശിഷ്യൻമാരും ചേർന്ന് കഴിയുന്ന ഇടമാണ്. ശിവഗിരിയിലെ ശാരദ ഗുരുസ്വരൂപിണിയാണ്. ആ ഗുരു സ്വരൂപിണിയിൽ നിന്നും ആർജ്ജിക്കേണ്ടത് വിദ്യയാണ്, അറിവാണ്. അറിവിന്റെ ദേവതയാണ് ശാരദ. ശാരദയിൽ നിന്നും ജ്ഞാനം നുകരുവാൻ വിദ്യാരംഭത്തിനായി ദിവസവും അനേകങ്ങൾ ശിവഗിരിയിലെത്തുന്നു. ആസ്തികർ ദേവീസമാരാധന ഉപാസനാപൂർവ്വം നിർവഹിക്കുന്ന പുണ്യകാലമാണ് നവരാത്രി. ലോകമെമ്പാടും അധിവസിക്കുന്ന ഭാരതീയർ ഓരോ തരത്തിൽ നവരാത്രി ആഘോഷിച്ചുവരുന്നു. 9 ദിവസങ്ങളിലെ ആദ്യത്തെ മൂന്നുദിവസം ശക്തിസ്വരൂപിണിയായും തുടർന്ന് മൂന്നുദിവസം ഐശ്വര്യ സ്വരൂപിണിയായും അവസാന മൂന്നുദിവസം വിദ്യാസ്വരൂപിണിയായും ദേവിയെ സങ്കൽപ്പിച്ചുപോരുന്നു. പാർവ്വതി, ലക്ഷ്മി, സരസ്വതി എന്നീ മൂർത്തികളെയാണ് ഇവിടെ സമാരാധന ചെയ്യുന്നത്. സരസ്വതി വിദ്യാദേവതയെങ്കിലും ശിവഗിരിയിൽ ശാരദാദേവീ സങ്കൽപ്പമാണ്. ദേവിയുടെ ഏറ്റവും സസൂക്ഷ്മവും സാത്വികവുമായ സങ്കൽപ്പമാണത്. സരസ്വതീ സങ്കൽപ്പത്തിൽ വീണയെങ്കിൽ ശാരദയ്ക്ക് വീണയ്ക്ക് പകരം പുസ്തകം നൽകിയിരിക്കുന്നു. ഗ്രന്ഥം, കലശം, കിളി, ചിന്മുദ്ര എന്നിവ നാല് തൃക്കൈകളിലായി നൽകി ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ പുരുഷാർത്ഥ തത്ത്വത്തെ വിദ്യാദേവതയിലൂടെ ഗുരു വെളിപ്പെടുത്തുന്നു.
അക്ഷരാത്മികയായ ശാരദസാത്വിക സംശുദ്ധിയുടെ സമ്പൂർണ്ണമായ ബാഹ്യാവിഷ്‌കാരമാണ്. ക്ഷേത്രസങ്കല്പത്തെ ജ്ഞാനസാധനയുടെ ഉത്തമോപാധിയാക്കി എങ്ങനെ മാറ്റാമെന്ന് ശാരദാമഠത്തിന്റെ സംസ്ഥാപനത്തിലൂടെ ഗുരുദേവൻ കാട്ടിത്തരുന്നു. ഗുരുദേവൻ ശിവഗിരിയിൽ ശാരദാക്ഷേത്രം സ്ഥാപിച്ചില്ല; ശാരദാമഠമാണ് സ്ഥാപിച്ചത്. ഇപ്പോൾ ശിവഗിരിയിലെ ശാരദാമ്മയ്ക്ക് നൂറ്റിപ്പന്ത്രണ്ട് വയസ് കഴിഞ്ഞിരിക്കുകയാണ്. അമ്മ ജ്ഞാന സ്വരൂപിണിയാണ്. ശ്രീനാരായണ ഗുരുദേവൻ ഒരു തികവൊത്ത അദ്വൈതിയായിരുന്നു. വാദവും പ്രതിവാദവും ബുദ്ധി വ്യാപാരത്തിന്റെ ഉല്പന്നങ്ങളാണല്ലോ. അരുവിപ്പുറം, ശിവഗിരി, ആലുവ അദ്വൈതാശ്രമം ഇതുമൂന്നും ഗുരുദേവൻ സ്വേച്ഛയാ സംസ്ഥാപനം ചെയ്തവയാണ്. അതിൽ ഗുരുവിന്റെ ദാർശനികത്തനിമ കാണാം. അവതാര കൃത്യനിർവ്വഹണത്തിന് നാന്ദിയായത് അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയായിരുന്നുവെന്ന് നമുക്കറിയാം.
ശാരദാമഠം ബഹുജന പങ്കാളിത്തത്തോടെ നിർമ്മിക്കണമെന്നായിരുന്നു ഭഗവാന്റെ സങ്കല്പം. സമർപ്പിത ചേതസ്സുകളായ ഏതെങ്കിലും ഒരു ഭക്തന്റെ സംഭാവനയായി മഠം നിർമ്മിക്കാമായിരുന്നു. അതിനു പലരും മുന്നോട്ടു വന്നിരിക്കണം. എന്നാൽ 'എങ്ങും ജനചിത്തങ്ങളിണക്കി' അദ്ധ്യാത്മതത്വത്തെ പ്രസരിപ്പിച്ച മഹാഗുരു ഒരു വ്യക്തിയിൽ നിന്നും ഒരു രൂപ സംഭാവന സ്വീകരിച്ച് നിർമ്മിക്കാനാണ് തീരുമാനിച്ചത്. അരുവിപ്പുറം മുതൽ ഓങ്കാരേശ്വരം വരെയുള്ള ക്ഷേത്രശൃംഖലയിൽ ശ്രീശാരദാപ്രതിഷ്ഠ തികച്ചും സവിശേഷതകളോടെ നിലകൊള്ളുന്നു. മറ്റെല്ലാ ദേവാലയങ്ങൾക്കും ക്ഷേത്രം എന്ന് പേരു നല്കിയിരിക്കുന്നു. ഗുരുദേവൻ ഈ ദേവാലയത്തിനു മാത്രം ശാരദാമഠം എന്ന് പേര് നല്കിയിരിക്കുന്നു.
ശിവഗിരിയിൽ ഒൻപതു ദിവസവും കലാപരിപാടികൾ നടന്നുവരുന്നു. ഗുരുദേവ കൃതികളുടെ ആലാപനവും സംഗീതസദസ്സും ഗുരുദേവ കൃതികളുടെ നൃത്താവിഷ്‌കാരവും നേർച്ചയായി ഈ ദിവസങ്ങളിൽ അവതരിപ്പിക്കുന്നു. പുസ്തകം പൂജവയ്ക്കുന്നതിനും ആദ്യാക്ഷരം കുറിക്കുവാനും ആയിരങ്ങൾ ഇവിടെ എത്തുന്നു. ഗുരുവിന്റെ ശാരദാസങ്കൽപ്പമാണ് ജനനീനവരത്നമഞ്ജരി എന്ന കൃതി. 'വിദ്യകൊണ്ട് സ്വതന്ത്രരാകുവിൻ' എന്ന സന്ദേശത്തിന്റെ സാക്ഷാത്ക്കാരമാണ് ശാരദാമഠത്തിലൂടെ നിറവേറ്റപ്പെടേണ്ടത്. വിദ്യാവിഹീനരായി കഴിഞ്ഞിരുന്ന ജനകോടികളെ ജ്ഞാനപഥത്തിലേക്ക് നയിക്കുവാനാണ് ഗുരുദേവൻ ശാരദാമഠം സ്ഥാപിച്ചത്. ശാരദയുടെ സന്നിധാനത്തിൽ വെച്ച് ആദ്യാക്ഷരങ്ങൾ കുറിക്കുവാൻ സാധിക്കുന്നത് ജീവിതത്തിന്റെ പരമഭാഗ്യമാണ്. ഗുരുദേവന്റെ ശിഷ്യസംഘമായ ശ്രീനാരായണധർമ്മസംഘത്തിന്റെ വാർഷികം എല്ലാവർഷവും നവരാത്രികാലത്തെ വിജയദശമിക്ക് നടത്തണമെന്ന് കൽപ്പിച്ചതും അതുകൊണ്ടുതന്നെയാണ്. ഇന്നും ഇത് മാറ്റമില്ലാതെ അനസ്യൂതമായി നടന്നുവരുന്നു. എല്ലാവർക്കും ഗുരുവിന്റെയും ശാരദാംബയുടെയും അനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |