SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.07 PM IST

ജസ്റ്റിസ് സിരി ജഗൻ അനുകമ്പയുടെ ആൾരൂപം

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ (RCC) ചികിത്സയ്‌ക്കെത്തുന്ന ആയിരക്കണക്കിന് നിർദ്ധന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും താങ്ങും തണലുമായി, കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന സംഘടനയാണ് 'ക്യാൻസർ റെമഡി അസിസ്റ്റൻസ് ബ്യൂറോ" (CRAB). ഞങ്ങളുടെ പ്രവർത്തനങ്ങളിൽ എന്നും വഴികാട്ടിയായും ആജീവനാന്ത രക്ഷാധികാരിയായും കൂടെയുണ്ടായിരുന്ന ജസ്റ്റിസ് സിരി ജഗന്റെ വിയോഗം നികത്താനാവാത്ത ഒരു വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

മയ്യനാടിന്റെയും കൊല്ലം ജില്ലയുടെയും അഭിമാനമായ അദ്ദേഹം, ജില്ലe ജഡ്ജിയായിരുന്ന തന്റെ പിതാവ് പരേതനായ സോമരാജനിൽ നിന്ന് പകർന്നുകിട്ടിയ അതേ സത്യസന്ധതയും കൃത്യനിഷ്ഠയും നീതിബോധവുമാണ് ഔദ്യോഗിക ജീവിതത്തിലും പാലിച്ചത്. മയ്യനാട് ഹൈസ്കൂളിലെയും കൊല്ലം എസ്.എൻ കോളേജിലെയും വിദ്യാഭ്യാസത്തിനു ശേഷമാണ് അദ്ദേഹം നിയമപഠനത്തിലേക്ക് തിരിഞ്ഞത്. തിരുവനന്തപുരം ഗവൺമെന്റ് ലാ കോളേജിൽ നിന്ന് എൽ.എൽ.ബിയും കൊച്ചി ശാസ്ത്ര,​ സാങ്കേതിക സർവകലാശാലയിൽ (CUSAT) നിന്ന് എൽ.എൽ.എമ്മും ഉന്നത വിജയത്തോടെ അദ്ദേഹം പൂർത്തിയാക്കി.

കേരള ഹൈക്കോടതി ജഡ്ജി എന്ന നിലയിൽ കോടതി മുറിയിൽ അദ്ദേഹം പുലർത്തിയിരുന്ന കർക്കശമായ നിലപാടുകൾ നിയമരംഗത്ത് എന്നും സ്മരിക്കപ്പെടും. നിയമവാഴ്ചയോടും ഭരണഘടനയോടും അദ്ദേഹം പുലർത്തിയ പ്രതിബദ്ധത അദ്ദേഹത്തെ മറ്റ് ന്യായാധിപന്മാരിൽ നിന്ന് വേറിട്ടു നിറുത്തി. വിരമിച്ച ശേഷം NUALS വൈസ് ചാൻസലറായും,​ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ ചെയർമാനായും,​ ശബരിമല ഹൈപവർ കമ്മിറ്റി അദ്ധ്യക്ഷനായും അദ്ദേഹം നടത്തിയ സേവനങ്ങൾ അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ സാക്ഷ്യപത്രങ്ങളാണ്.

കോടതി മുറിയിലെ കർക്കശക്കാരനായ ജഡ്ജിക്കുള്ളിൽ സ്നേഹസമ്പന്നനായ ഒരു വലിയ മനുഷ്യസ്നേഹി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. നീതി എന്നത് അദ്ദേഹത്തിന് വെറുമൊരു നിയമവാചകമായിരുന്നില്ല, മറിച്ച് അത് പ്രായോഗികമായ ജീവിതസത്യമായിരുന്നു. അദ്ദേഹത്തിന്റെ ഉള്ളിൽ ആർദ്രമായ ഒരു ഹൃദയമുണ്ടായിരുന്നു എന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവർക്കും, 'ക്രാബ്' പോലുള്ള സന്നദ്ധ സംഘടനകൾക്കും നന്നായി അറിയാം. ഔദ്യോഗിക പദവികൾ ഒഴിഞ്ഞതിനു ശേഷവും അദ്ദേഹം പുലർത്തിയിരുന്ന നിസ്വാർത്ഥമായ സേവന താത്പര്യം വരുംതലമുറയിലെ നിയമജ്ഞർക്ക് ഉൾപ്പെടെ എല്ലാവർക്കും ഒരു മാതൃകയാണ്.

പ്രളയകാലത്തായാലും വയനാട് ദുരന്തസമയത്തായാലും ആതുരസേവന രംഗത്തായാലും 'എനിക്ക് സാമ്പത്തികമായി എന്ത് സഹായിക്കാൻ കഴിയും" എന്ന് അദ്ദേഹം എന്നും അന്വേഷിക്കുമായിരുന്നു. പയ്യന്നൂരിലെ ഒരു കുഞ്ഞിന്റെ ചികിത്സയ്ക്കായി ഒട്ടും മടിക്കാതെ ലക്ഷങ്ങൾ കൈമാറിയപ്പോഴും, സ്വാതന്ത്ര്യ സമര സേനാനികളുടെ ആനുകൂല്യങ്ങൾക്കായി ചരിത്രപരമായ വിധികൾ പ്രസ്താവിച്ചപ്പോഴും ആ ഹൃദയത്തിലെ നന്മയാണ് പ്രതിഫലിച്ചത്.

ഞങ്ങളുടെ സംഘടനയുടെ സാരഥി എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോടുണ്ടായിരുന്ന ബന്ധം കേവലം ഔദ്യോഗികമായിരുന്നില്ല. അത് കുടുംബപരമായ രക്തബന്ധത്തിന് തുല്യമായിരുന്നു. പ്രയാസം അനുഭവിക്കുന്നവരുടെയും നിസ്സഹായരുടെയും പ്രശ്നങ്ങൾ സ്വന്തം വേദനയായിക്കണ്ട് പരിഹരിക്കാൻ അദ്ദേഹം ശ്രമിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് ആംബുലൻസ് സൗകര്യങ്ങൾ ഒരുക്കുന്നതിലും, രോഗികൾക്ക് സൗജന്യ ഭക്ഷണവും താമസവും ലഭ്യമാക്കുന്നതിലും അദ്ദേഹത്തിന്റെ മാർഗനിർദ്ദേശങ്ങളും സഹായങ്ങളും എപ്പോഴും ഉണ്ടായിരുന്നു.

മയ്യനാടിന്റെ ഈ പ്രിയപുത്രൻ എന്നും ഞങ്ങൾക്ക് ആശ്വാസമേകുന്ന ഒരു വലിയ തണൽമരമായിരുന്നു. സ്വയം സാക്ഷാത്കാരം കൈവരിച്ച ധന്യമായ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സത്യസന്ധതയും വിനയവും ലളിതജീവിതവും കൊണ്ട് അദ്ദേഹം നമ്മെ പഠിപ്പിച്ച പാഠങ്ങൾ എന്നും നിലനിൽക്കും. നീതിപീഠത്തിൽ അദ്ദേഹം ഒരു ജ്വാലയായിരുന്നു; സാധാരണക്കാരുടെ ജീവിതത്തിൽ ഒരു കെടാവിളക്കും. അചഞ്ചലനായ ആ നീതിമാനായ ന്യായാധിപന്, ഞങ്ങളുടെ പ്രിയപ്പെട്ട സിരി അണ്ണന്, ക്രാബ് (CRAB) കുടുംബത്തിന്റെ സ്നേഹാദരങ്ങളോടെയുള്ള പ്രണാമം.

സജ്ജി കരുണാകരൻ, സെക്രട്ടറി, ക്യാൻസർ റെമഡി അസിസ്റ്റൻസ് ബ്യൂറോ (CRAB), തിരുവനന്തപുരം.

TAGS: COLUMN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY