SignIn
Kerala Kaumudi Online
Saturday, 27 April 2024 12.08 AM IST

ഒരു മഹാ കരച്ചിൽ!

dronar

ന.മോ.ജി വെറുമൊരു ജിയല്ല. അദ്ദേഹത്തിന് കരച്ചിൽ വന്നുപോയാൽ അടക്കാൻ ബഹുപാടാണ്. സങ്കടം വന്നാലും സന്തോഷം വന്നാലും കരയാൻ തോന്നുന്നവരുണ്ടാകുമല്ലോ നമ്മുടെ നാട്ടിൽ. ന.മോ.ജി സന്തോഷം വന്നാൽ കരയുമോയെന്ന് നിശ്ചയമില്ലെങ്കിലും സങ്കടം വന്നാൽ കരഞ്ഞ് പോകാറുണ്ട്.

കരച്ചിൽ വന്നാൽ വീട്ടിനകത്ത് കയറി മുറിയിൽ കതകടച്ചിരുന്ന് കരഞ്ഞുതീർക്കുന്ന പതിവ് ന.മോ.ജിക്കില്ല. നാലാൾ കാൺകെ മാത്രമേ കരയൂ. അത് സങ്കടം അടക്കവയ്യാഞ്ഞിട്ടാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കരയാൻ മുട്ടി. അങ്ങനെയാണ് പൊടുന്നനെ അദ്ദേഹം നാലാൾ കാൺകെ കരയാനായി വീഡിയോ കോൺഫറൻസിംഗ് ഏർപ്പാട് ചെയ്തത്. എത്ര മുട്ടി നിന്നാലും പൊട്ടിപ്പോകാതെ പിടിച്ചു നിൽക്കാനൊക്കെ ശേഷിയുള്ള യോഗാഭ്യാസം ശീലിച്ചിട്ടുണ്ട് ന.മോ.ജി. അതുകൊണ്ട് പൊട്ടിത്തികട്ടി വരുമ്പോഴും കടിച്ചുപിടിച്ച് നിറുത്തിയാണ് വീഡിയോ കോൺഫറൻസ് സംവിധാനം റെഡിയാകുന്നത് വരെ അദ്ദേഹം പിടിച്ചുനിന്നത്. റെഡിയായതും മലവെള്ളപ്പാച്ചിൽ പോലെ കണ്ണിൽ നിന്ന് നീർ ധാരധാരയായി പ്രവഹിച്ചുവെന്നാണ് സിൻഡിക്കേറ്റുകളുടെ റിപ്പോർട്ട്.

നാട്ടുകാർ ഇങ്ങനെ ശ്വാസംമുട്ടി മരിച്ചുവീഴുന്നത് ഒഴിവാക്കാൻ ന.മോ.ജി പഠിച്ച പണി പലതും പയറ്റി നോക്കാറുണ്ട്. പെട്രോളിനും ഡീസലിനും വില പരമാവധി കയറ്റിക്കോളാൻ അദ്ദേഹം എണ്ണക്കമ്പനികളെ ഏർപ്പാട് ചെയ്തത് പോലും ആ കരുതൽ കൊണ്ടാണ്. നാട്ടുകാർ പെട്രോളും ഡീസലുമടിച്ച് കാറും പത്രാസുമൊക്കെയായി കറങ്ങി നടക്കുമ്പോഴാണല്ലോ ഈ കൊറോണയുടെ വായിൽ ചെന്ന് ചാടുക! അപ്പോൾ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. അതുകൊണ്ട് നാട്ടുകാർ പുറത്തേക്കിറങ്ങാതിരിക്കാൻ ന.മോ.ജി കണ്ടെത്തിയ വിദ്യയായിരുന്നു ഈ വില കേറ്റൽ. എലിയെ പേടിച്ച് ഇല്ലം ചുടുന്നത് മാതിരിയുള്ള ഏർപ്പാടെന്ന് സംഘ്പുത്രന്മാർക്ക് സമാധാനിക്കാനുമാവും.

വഴിയേ നടന്നുപോകുന്നവനെയെല്ലാം പിടിച്ച് കുത്തിവയ്ക്കാൻ നിന്നാൽ അതിനേ നേരമുണ്ടാവൂ എന്നതിനാൽ ന.മോ.ജി അതിന് മുതിർന്നില്ല. വാക്സിൻ ഉത്‌പാദിപ്പിക്കാൻ സർക്കാർ വക മരുന്നുത്‌പാദക കമ്പനികളൊക്കെയുണ്ടെന്നത് ശരിയാണ്. പക്ഷേ അവിടെ ഉത്‌പാദിപ്പിച്ചാൽ മറ്റു ചില 'പാവങ്ങൾ' കുത്തുപാളയെടുക്കും. പിന്നെ അവർ ശ്വാസം കിട്ടാതെ പിടഞ്ഞ് വീഴുന്നത് കാണേണ്ടി വരികയും അതിന് വേറെ കരയാൻ ഏർപ്പാടാക്കുകയും വേണ്ടി വന്നേക്കാം. അതെങ്ങനെ ശരിയാവും? അതുകൊണ്ട് മാത്രമാണ് പാവം കോടീശ്വരന്മാരെന്ന് പറയുന്നത് പോലുള്ള പാവം കുത്തകകൾക്ക് കോടികൾ കൊടുത്ത് മരുന്നുത്‌പാദിപ്പിച്ചോളാൻ പറഞ്ഞത്. ആർക്ക് കാണും ഈ കരുതൽ?

ഒന്നോർത്താൽ ന.മോ.ജി പാവാ ഡാ ! വാക്സിൻ ഗുരു ആണ്. ആ നീണ്ട താടി പോലും ഗുരുവായി മാറിയതിന്റെ കുരുവടയാളമായി വേണം വ്യാഖ്യാനിക്കാൻ. നാട്ടിൽക്കണ്ട സകലവനും കുത്തിവയ്ക്കാനായി സകല സംസ്ഥാനങ്ങളും പൈസ കൊടുത്ത് വാക്സിൻ വാങ്ങി, പാവം കുത്തകകളെ ദൈന്യാവസ്ഥയിൽ നിന്ന് കരകയറ്റാനുള്ള നടപടിയെ വേണമെങ്കിൽ വാക്സിൻ ചലഞ്ച് എന്നോ അല്ലെങ്കിൽ പീയെം കെയർ എന്നോ വിളിച്ചാലും അതിലൊരു തെറ്റ് പറയാനില്ല.

എന്തായാലും ഒരു കാര്യത്തിന് ന.മോ.ജിയെ നമിച്ചേ മതിയാവൂ. കരയാൻ മുട്ടിയാലും വീഡിയോ കോൺഫറൻസ് ഏർപ്പാടാക്കി കരയാൻ പറ്റുന്ന ദേഹം മറ്റാരുണ്ടീ ഭൂമുഖത്ത്!

...........................................

പഴയ വീഞ്ഞുകൾ പഴയ കുപ്പിയിൽ തന്നെ മതിയെന്നാണ് പിണറായി സഖാവിന്റെ പക്ഷം. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി കൊണ്ടുനടന്നാൽ കുപ്പി കാണാൻ മെച്ചമുണ്ടാകുമെന്നല്ലാതെ, അകത്തിരിക്കുന്നത് പഴഞ്ചൻ തന്നെയാണല്ലോ.

അതുകൊണ്ട് മാത്രമാണ് ശൈലജ ടീച്ചറമ്മ തൊട്ട് മണിയാശാനും കടകംപള്ളി സഖാവും വരെയുള്ളവർ പുറത്ത് നിൽക്കട്ടെയെന്ന് സഖാവ് ചിന്തിച്ചത്. കൊറോണ പോലും ഒരു ഘട്ടം കഴിഞ്ഞാൽ പഴയ മന്ത്രിയെ കണ്ടാൽ മടുത്തുപോകും. എത്രകാലം ഇങ്ങനെ കാണണമെന്ന് കൊറോണയും ചിന്തിച്ചുപോയാൽ കുറ്റം പറയാനാവില്ല. അതുകൊണ്ടാണ് മഹാമാരിക്കാലത്ത് ശൈലജയെ മാറ്റാമെന്ന് പിണറായി സഖാവ് തീരുമാനിച്ചത്.

അല്ലെങ്കിൽ ഒരു കാര്യം ചിന്തിച്ചു നോക്കൂ ! പഴയ വീഞ്ഞ് ആണെങ്കിൽ പോലും ജി.സു.സഖാവ് രണ്ടാം പിണറായി മന്ത്രിസഭയിലിരുന്നാൽ അതിനൊരു ഭംഗി വേറെയാണല്ലോ. ഒന്നാമത് കവിയാണ്. മാറുന്ന കാലം, മാറുന്ന എൻജിനിയറിംഗ് എന്നാണല്ലോ കവി മരാമത്തിൽ പണിയെടുക്കവേ കാവ്യമധുരമായി എഴുതിച്ചേർത്ത മുദ്രാവാക്യം. കവിയും കലാകാരനും സർവോപരി ജി.സു. സഖാവുമാകുമ്പോൾ ആ മന്ത്രിസഭയ്ക്കൊരു ചേലുണ്ടായേനെ. അതുപോലും നിഷ്കരുണം വെട്ടിമാറ്റിയില്ലേ.

പുതിയ കുപ്പിയിൽ എപ്പോഴും പുതിയ വീഞ്ഞ് തന്നെയാണ് അഭികാമ്യം. അത് പിണറായി സഖാവിന് ആരേക്കാളും നന്നായി അറിയാം. പിന്നെ വേറൊരു കാര്യം. ഇതൊന്നും പിണറായി സഖാവ് സ്വന്തം നിലയ്ക്ക് ചെയ്യുന്നതല്ല, കേട്ടോ. സിൻഡിക്കേറ്റുകൾ അങ്ങനെയൊക്കെ കുപ്രചാരണം നടത്തുന്നുണ്ടെന്ന് മാത്രം !

ഇ-മെയിൽ: dronar.keralakaumudi @ gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARAVISESHAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.