SignIn
Kerala Kaumudi Online
Saturday, 11 May 2024 5.57 AM IST

തെളിഞ്ഞു വരുന്ന ആ പച്ച

jj

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ആകെ മൊത്തത്തിൽ ഹരിതാഭമാണ്. ആ പാണ്ടിക്കടവത്ത് കുഞ്ഞാപ്പയുടെ മുഖത്തേക്ക് നോക്കൂ. സൂക്ഷിച്ച്, സൂക്ഷിച്ച്... അവിടെ ആ മുഖത്ത് തെളിഞ്ഞുതെളിഞ്ഞു വരുന്ന ആ പച്ച വർണ്ണം കാണുന്നില്ലേ. അതാണ്, സംഗതി!

ഹരിതവർണ്ണമിങ്ങനെ തെളിഞ്ഞുവരുന്ന നേരം ഒരുമാതിരി തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെയടുത്ത് പോയി കുളിരുകോരി നിൽക്കുന്ന പ്രതീതിയാകും. അതിപ്പോൾ കുഞ്ഞാപ്പ തന്നെയാവണമെന്നൊന്നുമില്ല. നിയമസഭയിൽ ചാടിച്ചാടി വർത്തമാനം പറഞ്ഞ് നടക്കാറുള്ള നമ്മുടെ പി.കെ.ബഷീർസായ്‌വിലും അതുതന്നെയാണ് അവസ്ഥ. എന്തിനേറെ പറയുന്നു, നമ്മുടെ പാണക്കാട്ടെ സാദിഖലി ശിഹാബ് തങ്ങൾ വരെയുള്ളവരുടെ മുഖങ്ങളും ഇത്തരത്തിൽ ഹരിതാഭം തന്നെയാണ്.

പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിന് ചുറ്റുവട്ടത്തുകൂടി നമ്മളൊന്ന് വെറുതെ ഉലാത്തിയാൽ അകത്ത് നിന്ന് "ഇലകൾ പച്ച... പൂക്കൾ മഞ്ഞ" എന്നിങ്ങനെ മൂളിപ്പാട്ടുകൾ കേൾക്കാവുന്നതാണ്.

ഇലകളെപ്പോഴും പച്ച നിറത്തിൽ തളിർത്തുനിൽക്കണമെന്ന് പിടിവാശിയുള്ളവരാണ് സാദിഖലി തങ്ങൾസായ്‌വ് തൊട്ട് പാണ്ടിക്കടവത്ത് കുഞ്ഞാപ്പ വരെയുള്ളവർ. അത് തിരിച്ചറിവില്ലാത്തവർ അതുമിതുമൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും. അതൊന്നും അത്രയങ്ങ് ആരും കാര്യമാക്കേണ്ടതില്ല. അല്ല, ആരും കാര്യമാക്കാറില്ല എന്നറിയാം. എങ്കിലും പറഞ്ഞുവെന്നേയുള്ളൂ.

മുള്ള് ഇലയ്ക്കു മേൽ വീണാലും ഇല മുള്ളിന്മേൽ വീണാലും ആർക്കാണ് കേട്? ഇലയ്ക്കുതന്നെ എന്ന് അരിയാഹാരം കഴിക്കുന്ന ഏത് കുഞ്ഞിനും ഏത് ചരാചരത്തിനും താലിബാനും വരെ ബോദ്ധ്യമുള്ള കാര്യമാണ്. അതുകൊണ്ട് ഹരിതവർണ്ണത്തിൽ തളിർത്തുനിൽക്കുന്ന ഇലകളെ പരിപാലിക്കേണ്ടത് അങ്ങേയറ്റത്തെ കർത്തവ്യമാകുന്നു. ഇങ്ങനെയൊരു ചുമതലാബോധമുള്ള കൂട്ടരെ ഈ ലോകത്ത് മഷിയിട്ട് നോക്കിയാൽ പോലും വേറെ കണ്ടുപിടിക്കാനാവില്ല. അതുകൊണ്ടാണ് ഏറ്റവുമധികം ചുമതലാബോധമുള്ള പാർട്ടിയായി അഖിലേന്ത്യാ മുസ്ലിംലീഗ് നിൽക്കുന്നത്.

അങ്ങനെയിരിക്കെയാണ് ഉണ്ടിരിക്കുന്ന നായർക്ക് ഉൾവിളിയുണ്ടായ പോലെ, മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്റെ മറുപാതിയായ ഹരിതയെ മരവിപ്പിച്ചുനിറുത്താൻ പാണക്കാട്ടുനിന്ന് വിളി വന്നത്. ഹരിതവർണ്ണത്തിലുള്ള ഇലകളെ അങ്ങേയറ്റത്തെ സൂക്ഷ്മതയോടെ വേണം കൈകാര്യം ചെയ്യാനെന്ന ഉയർന്ന ചുമതലാബോധമുള്ള കൂട്ടരായത് കൊണ്ട് അതിലൊട്ടും അസ്വാഭാവികതയില്ല. സൂചി അല്ലെങ്കിൽ മുള്ള് ഇലയ്ക്കു മേൽ വീണാലും ഇല സൂചിക്കു മേൽ അല്ലെങ്കിൽ മുള്ളിനു മേൽ വീണാലും ആർക്കാണ് കേട്? ഇലയ്ക്കു തന്നെ! എം.എസ്.എഫ് ഹരിതയ്ക്ക് മേൽ വീണാലും ഹരിത എം.എസ്.എഫിന് മേൽ വീണാലും കേട് ഹരിതയ്ക്കാണ്.

സ്റ്റുഡന്റ്സ് ഫെഡറേഷന്റെ നവാസ് സായിവ് അതുമിതുമൊക്കെ വിളിച്ചുപറഞ്ഞുവെന്നാണ് ഹരിതക്കാർ പാണക്കാട്ടെ ചെറിയ തങ്ങൾ തൊട്ട് പാണ്ടിക്കടവത്ത് കുഞ്ഞാപ്പ വരെയുള്ളവരോട് പരാതി പറഞ്ഞത്. യഥാർത്ഥത്തിൽ അതൊരു പരാതിയായിരുന്നില്ല. ഹരിതക്കാർ പറയുന്നതൊന്നും പരാതിയാവാറില്ല. ഇലയും മുള്ളും തിയറിയനുസരിച്ച് ഹരിത ഇലയും നവാസ് സായിവ് മുള്ളുമാകയാൽ, അങ്ങേയറ്റത്തെ കരുതൽ ഇക്കാര്യത്തിലുണ്ടാവേണ്ടതുണ്ട്. ഇലയ്ക്ക് കേടുണ്ടാവാതെ നോക്കണം. അതേ മുസ്ലിംലീഗ് നേതൃത്വം ചെയ്തുള്ളൂ. നവാസ് സായിവിനെ പോലുള്ള മുള്ളുകളെ തോല്പിക്കാൻ ഹരിതയെ മരവിപ്പിക്കുക മാത്രമാണ് പോംവഴി. കൊറോണ വൈറസിനെ തോല്പിക്കാൻ സോഷ്യൽ ഡിസ്റ്റൻസിംഗ് ഏർപ്പെടുത്തിയത് പോലെയേ ഉള്ളൂ സംഗതി എന്ന് ചിന്തിച്ചാൽ ഇതൊന്നും "വെല്യ കാര്യൂല്ല സംഗതിയല്ലപ്പാ!"

ഹരിത വനിതാകമ്മിഷനിൽ പോയി പരാതിപ്പെടേണ്ട ഒരു കാര്യവുമില്ലായിരുന്നു. ഹരിതയെ മരവിപ്പിച്ചത് മഹത്തായ സ്ത്രീസ്വാതന്ത്ര്യം പരിപാലിക്കാൻ വേണ്ടി മാത്രമായിരുന്നു, എന്ന് ഈ ഹരിതക്കാരെ ആരാണ് പറഞ്ഞു മനസ്സിലാക്കിപ്പിക്കുക എന്നോർക്കുമ്പോൾ ഒരന്തവും കുന്തവും കിട്ടുന്നില്ല.

................................................

- കോഴിക്ക് മുല വരുന്നത് പോലെ എന്ന് പറയുന്നതും കോൺഗ്രസിന് പുന:സംഘടന നടക്കുന്നത് പോലെ എന്ന് പറയുന്നതും രണ്ടും രണ്ടല്ല, ഒന്നാണെന്ന് ഇപ്പോൾ പലരും പറയുന്നു. വസ്തുത എന്താണെന്ന് ആർക്കും ഒരെത്തും പിടിയുമില്ല.

ചാണ്ടി അയയുമ്പോൾ തൊമ്മൻ മുറുകുന്നതാണ് കണ്ടുവരുന്നത്. കുമ്പക്കുടി സുധാകർഗാന്ധിയും സതീശൻഗാന്ധിയും മുറുകുമ്പോൾ ചെന്നിത്തല ഗാന്ധി അയയുകയും മറ്റേകൂട്ടർ അയയുമ്പോൾ രമേശ് ജി മുറുകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസിലെ പുന:സംഘടന ഒരു കരയ്ക്കെത്തിക്കാനായി അഫ്ഗാനിസ്ഥാനിൽ നിന്ന് താലിബാനെ ഇറക്കുന്നത് നന്നായിരിക്കും എന്ന് ഹൈക്കമാൻഡിന് ചിലർ വിദഗ്ദോധപദേശം നൽകിയതായാണ് കേൾക്കുന്നത്.

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARAVISHESHAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.