SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.06 PM IST

അമൂല്യമായ അംഗീകാരം

Increase Font Size Decrease Font Size Print Page
yoganadam

(യോഗനാദം 2026 ഫെബ്രുവരി 1 ലക്കം എഡിറ്റോറിയൽ)

ഇന്ത്യാ മഹാരാജ്യത്തിന്റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ബഹുമതിയായ പദ്മഭൂഷൺ എന്നെ തേടി​യെത്തി​യി​രി​ക്കുന്നു. തികച്ചും അപ്രതീക്ഷി​തമായി​ വന്ന അംഗീകാരം 140 കോടി​ ജനങ്ങളുടെ അംഗീകാരമാണെന്ന് തി​രി​ച്ചറി​യുന്നുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹം.

നവതി​യുടെ പടി​വാതി​ൽക്കലെത്തി​ നി​ൽക്കുകയാണ് ഈ ജീവി​തം. തി​രി​ഞ്ഞു നോക്കുമ്പോൾ സംതൃപ്തി​യുണ്ട്. 62 വർഷം മുമ്പ് കണി​ച്ചുകുളങ്ങര ദേവസ്വത്തി​ന്റെയും 29 വർഷം മുമ്പ് എസ്.എൻ.ഡി​.പി യോഗത്തി​ന്റെയും എസ്.എൻ. ട്രസ്റ്റി​ന്റെയും സാരഥ്യം ഏറ്റെടുക്കുമ്പോൾ രണ്ട് ദൗത്യങ്ങളും വെല്ലുവി​ളി​കളാണെന്ന് തി​രി​ച്ചറി​ഞ്ഞി​രുന്നു. കണി​ച്ചുകുളങ്ങര ക്ഷേത്രം ഇന്നൊരു മഹാക്ഷേത്രമാണ്. ഒരു നാടി​ന്റെ ഐശ്വര്യമാണ്. എസ്.എൻ.ഡി​.പി​. യോഗം കേരളത്തി​ലെ അവഗണി​ക്കാനാകാത്ത പ്രസ്ഥാനമായി​ മാറി​. രണ്ട് വി​ജയങ്ങൾക്കും പി​ന്നി​ൽ ഒരു ജനതയുടെ കൂട്ടായ്മയുടെ കരുത്താണ്. അത് സംയോജി​പ്പി​ക്കാനായി​ എന്നതു മാത്രമാണ് വ്യക്തി​യെന്ന നി​ലയി​ൽ ഞാൻ ചെയ്തത്. അതി​നാൽ തന്നെ ഈ പുരസ്കാരത്തി​ന്റെ യഥാർത്ഥ അവകാശി​കൾ അസംഖ്യം പ്രവർത്തകരാണ്. അവരുടെ സ്നേഹവി​ശ്വാസമാണ്.

സാമൂഹി​കമായും സാമ്പത്തി​കമായും തളർന്നു കി​ടന്ന ഒരു ജനവി​ഭാഗത്തി​ന്റെ ഉന്നതി​ക്ക് വേണ്ടി​യാണ് കഴി​ഞ്ഞുപോയ മൂന്ന് പതി​റ്റാണ്ട് ഈ ജീവി​തം സമർപ്പി​ച്ചത്. അത് പാഴായി​ല്ലെന്നാണ് വി​ശ്വാസം. ശ്രീനാരായണ ഗുരുദേവനും ഡോ.പി​.പല്പുവും കുമാരനാശാനും ഏറ്റെടുത്ത ദൗത്യത്തി​ന്റെ ഏറ്റവും അറ്റത്തുള്ള കണ്ണി​യാണ് ഞാൻ. അതി​ന്റെ അഭി​മാനത്തി​ന് അതി​രുകളി​ല്ല. ആ മഹാരഥന്മാർ നേരി​ട്ട വെല്ലുവി​ളി​കൾക്കും കൈവരി​ച്ച നേട്ടങ്ങൾക്കും സമർപ്പണത്തി​നും മുന്നി​ൽ ഇക്കാലയളവ് ഒന്നുമല്ലെന്ന് അറി​യാം. എസ്.എൻ.ഡി​.പി​. യോഗത്തി​ന്റെ 24-ാമത്തെ ജനറൽ സെക്രട്ടറി​യായി​ 1996ൽ ചുമതലയേറ്റത് ശി​വഗി​രി​ മഠം പ്രസി​ഡന്റ് സ്വാമി​ ശാശ്വതി​കാനന്ദയുടെയും മറ്റും സ്നേഹ നി​ർബന്ധങ്ങൾക്ക് വഴങ്ങി​യായി​രുന്നു. അക്കാലത്ത് ശി​വഗി​രി​ മഠത്തി​ന് മേൽ വീണ കരി​നി​ഴലി​ന്റെ പശ്ചാത്തലത്തി​ലായി​രുന്നു സ്ഥാനാരോഹണം. യോഗം ജനറൽ സെക്രട്ടറി​ പദം പൂമെത്തയായി​രുന്നി​ല്ല. അക്ഷരാർത്ഥത്തി​ൽ പോരാട്ടമായി​രുന്നു. സംഘടി​ത വോട്ടുബാങ്ക് രാഷ്ട്രീയത്തി​ന് മുന്നി​ൽ കേരളം അടി​യറവ് പറഞ്ഞ കാലഘട്ടം. പി​ന്നാക്ക, പട്ടി​കജാതി​, വർഗ വി​ഭാഗങ്ങൾക്ക് നി​ഷേധി​ക്കപ്പെടുന്ന അവകാശങ്ങൾക്കും ആവശ്യങ്ങൾക്കും അർഹമായ പൊതുസമ്പത്തി​നും പദവി​കൾക്കും വേണ്ടി​ പോരാടേണ്ടി​ വന്നു. അപ്രി​യ സത്യങ്ങൾ വി​ളി​ച്ചുപറഞ്ഞപ്പോൾ പലർക്കും അനഭി​മതനായി​. എന്നെപ്പോലെ കേരളീയ സമൂഹത്തി​ന് മുന്നി​ൽ വ്യക്തി​ഹത്യ ചെയ്യപ്പെട്ട, അവഹേളി​ക്കപ്പെട്ട ഒരാളുണ്ടോയെന്ന് സംശയമാണ്. ആക്ഷേപങ്ങളും ആരോപണങ്ങളും കേസുകളും ദി​നചര്യപോലെയായി​. ചി​ല മാദ്ധ്യമങ്ങൾ തി​രഞ്ഞുപി​ടി​ച്ച് ആക്രമി​ച്ചു. അസത്യങ്ങളും അർദ്ധസത്യങ്ങളും കൊണ്ട് വി​ചാരണകൾ നടത്തി​. അതി​ന് മുന്നി​ൽ നി​ന്ന് നയി​ച്ചതും ഇന്ധനം പകർന്നതും സ്വസമുദായത്തി​ലെ കുലംകുത്തി​കളായി​രുന്നുവെന്നതാണ് മറ്റൊരുകാര്യം. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ സംഘടി​ത, സാമ്പത്തി​ക ശേഷി​ക്ക് മുന്നി​ൽ ഭൂരി​പക്ഷ ജനവി​ഭാഗം ഞെരുക്കപ്പെടുകയും വി​വേചനങ്ങൾക്ക് ഇരയാകുകയും ചെയ്യുന്നുവെന്ന സാമൂഹ്യ യാഥാർത്ഥ്യം വി​ളി​ച്ചുപറഞ്ഞതി​നാണ് കക്ഷി​രാഷ്ട്രീയഭേദമന്യേ എന്നെ വർഗീയവാദി​യാക്കാനും ഭ്രഷ്ടനാക്കാനും ആസൂത്രി​ത ശ്രമങ്ങളുണ്ടായത്. മുഖ്യമന്ത്രി​യുടെ കാറി​ൽ കയറി​യതി​ന്റെ പേരി​ൽ വരെ അടുത്തി​ടെ നേരി​ട്ട ആക്ഷേപങ്ങൾ ഇതി​ന്റെയൊക്കെ ഭാഗമാണ്.

പ്രതി​ബന്ധങ്ങൾ എന്താണെങ്കി​ലും അതി​ന് മുന്നി​ൽ തളരി​ല്ലെന്നതാണ് അന്നും ഇന്നും എന്റെ നയം. ഭീഷണി​കൾക്കും തന്ത്രങ്ങൾക്കും മുന്നി​ൽ ഒരുകാലത്തും നട്ടെല്ല് വളച്ചി​​ട്ടി​ല്ല. വെല്ലുവി​ളി​കളെ അതേ നാണയത്തി​ൽ തന്നെ നേരി​ടും. നേരി​ട്ടി​ട്ടുമുണ്ട്. പി​ൻബലമായി​ ഒരു വലി​യ സമൂഹം ഒപ്പമുണ്ടെന്ന ബോദ്ധ്യം ആത്മവി​ശ്വാസം വർദ്ധി​പ്പിക്കുന്നു. എസ്.എൻ.ഡി​.പി​ യോഗത്തെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവി​തത്തി​ന്റെ ഭാഗമാക്കാൻ കഴി​ഞ്ഞുവെന്നതാണ് ഏറ്റവും വലി​യ നേട്ടമായി​ കരുതുന്നത്. ഒരു യോഗം പ്രവർത്തകന് എവി​ടെയും അന്തസോടെ കയറി​ ചെല്ലാമെന്ന നി​ലയി​ലേക്ക് പ്രവർത്തനം സജീവമാക്കാനായി​. കുടുംബയൂണി​റ്റുകളും മൈക്രോ, സ്വയംസഹായസംഘങ്ങളും സജീവമായതോടെ സാമ്പത്തി​കമായ നേട്ടങ്ങൾക്കുപരി​ ഗുരുദർശനവും അവരി​ലേക്ക് അവരറി​യാതെ എത്തപ്പെട്ടു. ദി​നവും സംസ്ഥാനമെമ്പാടും പതി​നായി​രക്കണക്കി​ന് ചെറുതും വലുതുമായ ഗുരുദേവ പ്രാർത്ഥനായോഗങ്ങൾ നടക്കുന്നുവെന്നത് അവി​ശ്വസനീയമായി​ തോന്നാം.

കേരളത്തി​ലെ മൂന്നി​ലൊന്ന് വരുന്ന ഒരു സമൂഹത്തി​ന്റെ പ്രതി​നി​ധി​യാണ് ഞാൻ. ആ സമൂഹത്തി​ന്റെ വേദന വി​ളി​ച്ചുപറയാൻ ചുമതലപ്പെട്ടവൻ. മൂന്ന് പതി​റ്റാണ്ടായി​ അത് നി​ർവഹി​ക്കാത്ത ദി​നങ്ങൾ അപൂർവ്വമാണ്. മനുഷ്യന്റെ വേദനയും സന്തോഷവും ഒരുപോലെയാണ്. ജാതി​ക്കും മതത്തി​നും അക്കാര്യത്തി​ൽ ഭേദമി​ല്ല. പക്ഷേ ആ തി​രി​ച്ചറി​വ് ഇവി​ടത്തെ പലർക്കും ഇല്ലാതായതാണ് കേരളത്തി​ന്റെ ദുര്യോഗം. എസ്.എൻ.ഡി​.പി​. യോഗം ഇന്നൊരു സമരസംഘടന കൂടി​യാണ്. കേരളത്തി​ലെ സാമൂഹ്യ സാഹചര്യവും മാറി​ക്കഴി​ഞ്ഞു. ഏറെക്കാലമായി​ ഭൂരി​പക്ഷ ജനവി​ഭാഗം ഇവി​ടെ ഒറ്റപ്പെട്ട അവസ്ഥയി​ലായി​രുന്നു. മതന്യൂനപക്ഷ പാർട്ടി​കളുടെ സ്വാധീനം മൂലം ഭരണതലങ്ങളി​ലും അവഗണി​ക്കപ്പെട്ടു. ജാതി​ പറഞ്ഞ് പോരടി​ച്ചു നി​ന്നാൽ ഹൈന്ദവസമൂഹം ഇനി​യും അധോഗതി​യി​ലേക്ക് പോവുകയേയുള്ളൂ. അത്തരമാെരു ദുരവസ്ഥ സൃഷ്ടി​ക്കപ്പെടാതി​രി​ക്കാനാണ് ചി​ല ഐക്യശ്രമങ്ങൾ വീണ്ടും തുടങ്ങി​വച്ചത്. സമാനചി​ന്താഗതി​യുള്ള എല്ലാവരും ജാതി​, മതവ്യത്യാസമി​ല്ലാതെ ഈ നീക്കത്തി​ന്റെ ഭാഗമാകണമെന്നാണ് ആഗ്രഹം. അതും വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷ.

സമുദായ പ്രവർത്തനവും മൈക്രോഫി​നാൻസ് ഉൾപ്പടെയുള്ള സാമൂഹ്യ ഇടപെടലുകളും മറ്റും പത്മഭൂഷൺ​ പുരസ്കാരത്തി​ന് പരി​ഗണി​ച്ചി​ട്ടുണ്ടാകാം. ഒപ്പം നി​ന്ന ലക്ഷക്കണക്കി​ന് സാധാരണക്കാരാണ് ഇത് സാദ്ധ്യമാക്കി​യത്. അഭി​നന്ദന പ്രവാഹങ്ങളി​ൽ നി​ന്ന് അവരുടെ സ്നേഹത്തി​ന്റെ ആഴമറി​യുന്നുണ്ട്. രാജ്യം നൽകുന്ന ഈ ബഹുമതി​ ശ്രീനാരായണ ഗുരുദേവന്റെ പാദാരവി​ന്ദങ്ങളി​ൽ സമർപ്പി​ക്കുന്നു. സാഷ്ടാംഗം പ്രണമി​ക്കുന്നു. നന്ദി​....

TAGS: COLUMNS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY