SignIn
Kerala Kaumudi Online
Saturday, 27 April 2024 8.06 AM IST

ശശി തരൂരും വികസനവും സി.പി.ഐയുടെ പൊല്ലാപ്പും

kk

"അടിസ്ഥാനസൗകര്യ വികസനം ഇന്ത്യയിൽ തുടക്കം മുതലേ ശോച്യാവസ്ഥയിലായിരുന്നു. അമിതഭാരം ചുമക്കുന്നതും. അതിവേഗ റോഡുകളുടെ ദൈർഘ്യമാണെങ്കിൽ ഇന്ത്യയിലത് വെറും 1300 കിലോമീറ്റർ ആയിരിക്കുമ്പോൾ യു.എസിൽ17,000 കിലോമീറ്ററും ചൈനയി. 1,12,000 കിലോമീറ്ററും ആണ്. നമുക്ക് അതിശീഘ്ര തീവണ്ടികൾ ഇല്ല. നമ്മുടെ തീവണ്ടികളുടെ ശരാശരി വേഗത മണിക്കൂറിൽ 100 കിലോമീറ്ററാണ്. എന്നാൽ, അതേസമയം ലോകത്തെ ഏറ്റവും വലിയ അതിശീഘ്ര റെയിൽ നെറ്റ്‌വർക്ക് ചൈനലിയാണ്. ജലക്ഷാമവും പവർകട്ടും നമ്മുടെ നാട്ടിൽ സ്ഥിരം പ്രതിഭാസമാണ്. രാജ്യത്തെ പല തുറമുഖങ്ങളും ചരക്കുകളുടെ കയറ്റിറക്കിന് ഇപ്പോഴും മാനുഷികാദ്ധ്വാനമാണ് ഉപയോഗിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ശ്രദ്ധേയമായ അടിസ്ഥാനസൗകര്യ വികസനം നടക്കുന്നുണ്ടെങ്കിൽ മുംബയ്,ഡൽഹി, ബംഗലുരു നഗരങ്ങളിൽ മാത്രമാണ് സംഭവിക്കുന്നത്... " - ഡോ. ശശി തരൂർ എം.പി, 2018 ജനുവരിയിൽ ബഹ്റനിലെ ഗോപിയോ ദ്വിവത്സര സമ്മേളനത്തിൽ 2030ലെ ഇന്ത്യ, ഒരു സാമ്പത്തിക സൂപ്പർ പവർ എന്ന വിഷയത്തിന്മേൽ നടത്തിയ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. (അവലംബം: ശശി തരൂരിന്റെ പ്രഭാഷണങ്ങൾ എന്ന പുസ്തകം)

അന്ന് കേരളത്തിൽ അർദ്ധ അതിവേഗ റെയിൽപാതയെക്കുറിച്ച് ചർച്ചകളില്ല. കാസർകോട്- തിരുവനന്തപുരം നാല് മണിക്കൂർ യാത്ര എന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന പദ്ധതിയെന്നാണല്ലോ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ സർക്കാരും വാദിക്കുന്നത്. അതിനുതകുന്ന സ്വപ്നങ്ങൾ അവർ മുന്നോട്ട് വയ്ക്കുന്നു. 2018 മുതലിങ്ങോട്ട് തുടർച്ചയായ പ്രളയങ്ങളെ അതിജീവിച്ച് മുന്നേറാൻ പ്രയാസപ്പെടുന്ന കേരളത്തിൽ, മുഖ്യമന്ത്രിയുടെ ഈ 'വികസനപാത'യെ ചൊല്ലി പാരിസ്ഥിതിക ആശങ്കകളുയർത്തുന്നവരിൽ ഇടതുപക്ഷത്തിന്റെ സഹയാത്രികരായി അറിയപ്പെടുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് പോലുമുണ്ട്. പക്ഷേ, എല്ലാ ആശങ്കകളെയും ആത്മവിശ്വാസത്തോടെ തള്ളുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയെ, അതുണ്ടാക്കുന്ന സാമൂഹ്യ, സാമ്പത്തിക ആഘാതങ്ങളുടെ കാഠിന്യം ചൂണ്ടിക്കാട്ടി നഖശിഖാന്തം എതിർക്കുകയാണ് യു.ഡി.എഫ്. ആ മുഖ്യ പ്രതിപക്ഷ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോൺഗ്രസ് പാർട്ടി തന്നെയാണ് എതിർപ്പിന്റെ മുൻനിരയിൽ.

അതിനിടയിൽ അപ്രതീക്ഷിതമായി കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും പോപ്പുലിസ്റ്റ് ഫേസ് ആയി അറിയപ്പെടുന്ന ശശി തരൂർ എം.പിയുടെ വേറിട്ട നിലപാടുകളെത്തുന്നത്. അത് കോൺഗ്രസിനെയും പ്രതിപക്ഷ മുന്നണിയെയാകെയും വെട്ടിലാക്കിയിരിക്കുകയാണ്. ലോകസഭയിലും രാജ്യസഭയിലുമായുള്ള യു.ഡി.എഫ് എം.പിമാരെല്ലാം ചേർന്ന് മുഖ്യമന്ത്രിയുടെയും കേരളസർക്കാരിന്റെയും വികസനസ്വപ്നത്തിന്റെ ചിറകുകൾ വിടർത്തുന്ന കെ-റെയിൽ അഥവാ സിൽവർലൈൻ പദ്ധതിക്കെതിരെ കേന്ദ്ര റെയിൽവേമന്ത്രിക്ക് വിശദമായ നിവേദനം സമർപ്പിച്ചപ്പോൾ ആ നിവേദനത്തിൽ ഒപ്പിടാതെ വിട്ടുനിന്നു തരൂർ. യു.ഡി.എഫിന്റെ ലോകസഭയിലെ 18 എം.പിമാരിൽ തരൂർ ഒഴിച്ചുള്ളവരെല്ലാം അതിലൊപ്പിട്ടിട്ടുണ്ട്.

പദ്ധതിയെക്കുറിച്ച് യു.ഡി.എഫ് ആശങ്കകൾ ഉയർത്തുന്ന സാഹചര്യത്തിൽ അതിന്റെ വിവിധ വശങ്ങളെപ്പറ്റി ഗഹനമായി പഠിക്കാതെ തനിക്ക് ആ നിവേദനത്തിൽ ഒപ്പുവയ്ക്കാനാവില്ലെന്ന ഉറച്ച നിലപാടായിരുന്നു തരൂരിന്റേത്. ഏതു കാര്യത്തിലും തന്റേതായ നിലപാടുകളിലുറച്ച് നീങ്ങാറുള്ള തരൂർ, പക്ഷേ, യു.ഡി.എഫിന്റെ സമീപകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയായുധമായി മാറിക്കൊണ്ടിരിക്കുന്ന കെ-റെയിൽ വിരുദ്ധ സമരത്തോട് മുഖം തിരിച്ചു നിന്നാൽ അതുളവാക്കുന്ന ക്ഷീണം ചെറുതാവില്ല. മാത്രമോ, മുഖ്യമന്ത്രി പിണറായി വിജയന്റെ വികസനസങ്കല്പങ്ങളെ തരൂർ ആവോളം ശ്ലാഘിക്കുകയുമാണ്.

ശശി തരൂർ ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രമല്ല ശ്ലാഘിച്ചത്. 2019ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണമികവിനെ പുകഴ്ത്തിപ്പറഞ്ഞ് തരൂർ കോൺഗ്രസ് പാർട്ടിക്ക് തലവേദനയുണ്ടാക്കി. ഭാഷയുടെ ശക്തി നാം പ്രയോഗിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ, ഭാഷാചലഞ്ച് ഏറ്റെടുക്കാനും തരൂർ തയാറായി. തരൂർ തന്നെ പിന്നീടും അതിന് മുമ്പുമെല്ലാം ഇതേ പ്രധാനമന്ത്രിയെ പരിഹസിക്കുകയും വിമർശിക്കുകയുമെല്ലാം ചെയ്തിട്ടുണ്ടെന്നതും ഓർക്കേണ്ടതുണ്ട്.

തിരുവനന്തപുരത്തേക്ക് വന്നാൽ, ഇവിടെയുള്ള അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ എൽ.ഡി.എഫെന്നോ യു.ഡി.എഫെന്നോ ഭേദമില്ലാതെ ഭരണ-പ്രതിപക്ഷങ്ങൾ എതിർത്തുപോന്നതാണ്. പക്ഷേ, തരൂർ അദാനി ഗ്രൂപ്പിന് കൈമാറിയാലേ വിമാനത്താവളം രക്ഷപ്പെടൂവെന്ന് വാദിച്ച് ശക്തിയായി കേന്ദ്രതീരുമാനത്തെ പിന്തുണച്ചപ്പോൾ തരൂരിനെ വിമർശിച്ചവരിൽ സി.പി.എമ്മുമുണ്ടായി. തരൂർ വേറിട്ട വ്യക്തിത്വമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു കോൺഗ്രസ്. പക്ഷേ, കെ-റെയിലിന്റെ കാര്യമെത്തിയപ്പോൾ അങ്ങനെ തള്ളിക്കളഞ്ഞ് ഒഴിഞ്ഞുമാറാവുന്ന പരുവത്തിലല്ല കോൺഗ്രസുകാർ. സ്വന്തം എം.പിയെ പോലും ബോദ്ധ്യപ്പെടുത്താനാവാത്തവർ സംസ്ഥാന വികസനത്തിന് തടയിടുന്നത് നാടിന്റെ താത്പര്യത്തിന് ഗുണമോ? എന്ന സി. പി.എമ്മിന്റെ ഘടാഘടിയൻ ചോദ്യത്തിന് മുന്നിൽ പകച്ചുനില്‌ക്കുന്നു അവർ. കെ-റെയിൽ സൃഷ്ടിക്കാനിടയുള്ള പാരിസ്ഥിതികാശങ്കകൾ കൃത്യമായി പൊതുസമൂഹത്തിനിടയിൽ ബോദ്ധ്യപ്പെടുത്താൻ പരിശ്രമിക്കുന്ന യു.ഡി.എഫിന് തരൂർ ഉടക്കു വയ്ക്കുമ്പോൾ, മുഖ്യമന്ത്രിയും സർക്കാരും കൂടുതൽ കരുത്ത് നേടുകയാണ്.

തന്റെ വാദഗതികൾക്ക് തരൂർ നിരത്തുന്ന ന്യായീകരണം പക്ഷേ ഇങ്ങനെയാണ്: "രാഷ്ട്രീയത്തിൽ ഭിന്നതകളുണ്ടെങ്കിലും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കാനും വിഷയങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തിൽ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനും നമ്മുടെ രാഷ്ട്രീയം അനുവദിക്കാത്തത് എന്തുകൊണ്ടാണ്? മറുഭാഗത്തുള്ളവർ ശരിയായ കാര്യമാണ് പറയുന്നതെങ്കിൽ അതിനെ അംഗീകരിച്ചുകൊണ്ട് നമ്മുടെ നിലവാരമുയർത്താനും അവരുടെ തുടർന്നുള്ള നടപടികൾ വിലയിരുത്താനും നമുക്ക് ആകാത്തതെന്തുകൊണ്ടാണ്? മറുപക്ഷത്തുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങൾ ആശയപരമായി കാണാനും കേൾക്കാനും നമുക്ക് കഴിയാത്തതെന്തുകൊണ്ടാണ്? "

അതായത്, താൻ ചെയ്യുന്നത് സർക്കാരിനെ കണ്ണുമടച്ച് പിന്തുണയ്ക്കുകയല്ല എന്നാണ് തരൂർ പറഞ്ഞുവയ്ക്കുന്നത്, നല്ല കാര്യമാണെങ്കിൽ പിന്തുണയ്ക്കണം എന്ന വാദഗതിയാണ്. 2017 മാർച്ച് 24ന് തരൂർ ലോകസഭയിൽ വച്ച് മാനസികാരോഗ്യ ബില്ലിന്മേലുള്ള ചർച്ചയിൽ പ്രസംഗിക്കവേ ഇപ്രകാരം പറഞ്ഞു: "നാം നമ്മുടെ മനോഭാവങ്ങൾ മാറ്റേണ്ടതുണ്ട്, സമൂഹത്തിന്റെ മനോഭാവങ്ങളും. എല്ലാ പൊതുപ്രവർത്തകർക്കും ക്രിയാത്മകമായ മനോഭാവം ഉണ്ടാകേണ്ടതുണ്ട്..."- തരൂരിന്റെ മാനസികനില അന്നും ഇന്നും ഒന്നുതന്നെയാണെന്ന് വ്യക്തമാക്കുന്നുണ്ട് അഞ്ച് വർഷം മുമ്പത്തെ ലോകസഭാ പ്രസംഗത്തിലെ ഈ വരികൾ.

തരൂർവാദത്തിൽ

കേരളരാഷ്ട്രീയത്തിന്റെ

കറക്കം

ശശി തരൂരിന്റെ വാദഗതികളെ നാം ഇത്തരത്തിൽ ന്യായീകരിക്കാൻ നോക്കിയാലും കേരള രാഷ്ട്രീയത്തിൽ അതുളവാക്കാനിടയുള്ള തിരയിളക്കങ്ങൾ ഏതളവിലാകുമെന്ന് ചികയുന്നത് കൗതുകകരമായിരിക്കും. കെ-റെയിലിന്റെയും തരൂരിന്റെ വികസന സങ്കല്പത്തിന്റെയും അപ്പുറത്തേക്ക് കടന്നുചെല്ലുന്ന മാനങ്ങൾ അതിനുണ്ട്.

2009 ലാണല്ലോ ഡോ. ശശി തരൂർ ആദ്യമായി തിരുവനന്തപുരത്ത് നിന്ന് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച് ലോകസഭയിലേക്ക് പോകുന്നത്. വി.കെ. കൃഷ്ണമേനോന് ശേഷം തിരുവനന്തപുരം തിരഞ്ഞെടുത്ത വലിയ നയതന്ത്രജ്ഞനും എഴുത്തുകാരനുമൊക്കെയാണ് തരൂർ. തിരുവനന്തപുരം നഗരപരിധിയും ഉൾപ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തിൽ അധീശത്വമുറപ്പിച്ച മദ്ധ്യവർഗത്തെ കൈയിലെടുക്കാൻ തരൂരിന് സാധിച്ചു. യുവാക്കൾ, സ്ത്രീകൾ, ടെക്നോക്രാറ്റുകൾ എന്നിവരുടെയെല്ലാം ആരാധനാപാത്രമായി തരൂർ. ഇന്ത്യൻ രാഷ്ട്രീയത്തിലേക്കിറങ്ങും മുമ്പുള്ള, ഐക്യരാഷ്ട്രസഭയിലേതടക്കം അദ്ദേഹത്തിന്റെ പൂർവകാല ജീവിതം, ലോകത്തെ ബെസ്റ്റ് സെല്ലർ എഴുത്തുകാരിലൊരാളെന്ന പരിവേഷം.... അങ്ങനെയങ്ങനെ തരൂരിൽ രമിച്ചുപോകാനുള്ള ഘടകങ്ങളേറെയുണ്ട്. അത് തിരുവനന്തപുരത്ത് നന്നായി ചെലവഴിക്കപ്പെടുമെന്ന് മറ്റാരേക്കാളും നന്നായി തരൂരിനറിയാം.

2009ൽ ഒരു ലക്ഷത്തിനടുത്ത് വോട്ടുനേടി വിജയിച്ച തരൂർ അല്പമെങ്കിലും വിയർത്തുപോയത് 2014ലെ തിരഞ്ഞെടുപ്പുകാലത്താണ്. അന്ന് അധികാരത്തിലുണ്ടായിരുന്ന യു.പി.എ സർക്കാരിന്റെ അഴിമതികളിലും മറ്റും മനംമടുത്ത് നില്‌ക്കുന്ന ജനതയായിരുന്നു മറ്റെവിടെയുമെന്ന പോലെ തിരുവനന്തപുരത്തും. മൻമോഹൻ സിംഗ് സർക്കാരിന്റെ ആ കെടുകാര്യസ്ഥതയെ ബി.ജെ.പി ഏറ്റവും മികച്ച പി.ആർ വർക്കിലൂടെ മുതലെടുത്തുകൊണ്ടിരുന്ന കാലം. അതിന്റെ സ്വാധീനം തിരുവനന്തപുരത്തുമുണ്ടായി. ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സൃഷ്ടിച്ച വിവാദത്തിൽ തരൂർ ഉഴറിനിന്ന കാലവുമായിരുന്നു. പക്ഷേ, 2019ലേക്കെത്തുമ്പോൾ സ്ഥിതി വീണ്ടും മാറിവന്നു. തരൂരിന്റെ ഭൂരിപക്ഷം 2014ൽ കേവലം പതിനയ്യായിരത്തിചില്വാനം ആയിരുന്നത് ഒരുലക്ഷമായി വീണ്ടുമുയർന്നു.

ബി.ജെ.പിയിൽ നിന്ന് കുമ്മനം രാജശേഖരനും സി.പി.ഐയിൽ നിന്ന് തലമുതിർന്ന നേതാവ് സി. ദിവാകരനും തരൂരിന്റെ എതിരാളികളായി വന്നിട്ടും കോൺഗ്രസുകാരുടെ കാലുവാരലിനെതിരെ തരൂർ പരസ്യമായി രംഗത്ത് വന്നിട്ടും തുലാഭാരത്തട്ട് തക‌ർന്നുവീണ് പരിക്കേറ്റിട്ടും തരൂരിന്റെ വിജയത്തിളക്കം കൂടിയതേയുള്ളൂ .

ഇടതുപക്ഷവും തരൂരും

ലുലുമാൾ ഉദ്ഘാടനച്ചടങ്ങിൽ വച്ചും പിന്നീട് ഫേസ്ബുക് പേജിലൂടെയും മുഖ്യമന്ത്രിയെ ശശി തരൂർ പുകഴ്ത്തിപ്പറഞ്ഞത് തികച്ചും അനവസരത്തിലായിപ്പോയെന്ന് കോൺഗ്രസ് നേതൃത്വം ചിന്തിക്കുന്നു. ആ ദിവസങ്ങളിലായിരുന്നു കെ-റെയിലിനെതിരായ യു.ഡി.എഫിന്റെ ജനകീയ പ്രതിരോധമാർച്ചുകൾക്ക് തുടക്കം കുറിച്ച സമരപരിപാടികൾ നടന്നത് എന്നതാണതിന് കാരണം.

സന്ദർഭമോ സാരസ്യമോ നോക്കാതെ തരൂർ എടുത്തുചാടി മുഖ്യമന്ത്രിയെ പുകഴ്ത്തുമ്പോൾ രാഷ്ട്രീയമായി വിയർക്കുന്നത് കോൺഗ്രസ് നേതൃത്വമാണെന്ന് പറയേണ്ടതില്ല. തരൂരിന് ഇവിടത്തെ കോൺഗ്രസ് ഒന്നുമല്ലെങ്കിലും കോൺഗ്രസ് നേതൃത്വത്തിന് അസ്തിത്വബോധവും ആത്മാഭിമാന ബോധവുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് വല്ലാതെ ചോർന്നുപോയ കരുത്ത് വീണ്ടെടുക്കാനുള്ള ഭഗീരഥപ്രയത്നത്തിലേർപ്പെട്ട് വരികയാണ് സംസ്ഥാന കോൺഗ്രസിലെ പുതിയ നേതൃത്വം. അതിനിടയിൽ ശശി തരൂർ ഇങ്ങനെയൊരു നിലപാടെടുത്താൽ അതുളവാക്കുന്ന പ്രത്യാഘാതം ഊഹിക്കാവുന്നതേയുള്ളൂ.

തരൂർ ഇതിന് തൊട്ടുമുമ്പും മുഖ്യമന്ത്രിയെ പ്രകീർത്തിച്ചതായിരുന്നു. അദ്ദേഹവുമായി സംസാരിച്ചിരിക്കുമ്പോൾ തന്നെ പ്രത്യേക ഊർജമാണെന്നാണ് തരൂർ പറഞ്ഞത്. എന്നാൽ, ലുലുമാൾ ഉദ്ഘാടനത്തിന് ശേഷം നടത്തിയ പ്രതികരണമാണ് കോൺഗ്രസിനെ കൂടുതൽ വെട്ടിലാക്കിക്കളഞ്ഞത്.

എന്നാൽ, കോൺഗ്രസിനേക്കാൾ ശശി തരൂർ വെട്ടിലാക്കിയ മറ്റൊരു പാർട്ടിയുണ്ട്. അത് സി.പി.ഐയാണ്. കേരളത്തിൽ ലോക‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ ഇടതുമുന്നണിയുടെ ലേബലിൽ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് തിരുവനന്തപുരം. 2004ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലയെടുപ്പുള്ള നേതാക്കളിലൊരാളായിരുന്ന പി.കെ. വാസുദേവൻനായരെയും അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം 2005ലെ ഉപതിരഞ്ഞെടുപ്പിൽ ഏറെ ജനപ്രിയനും പി.കെ.വി- അച്യുതമേനോൻ- വെളിയം ഭാർഗവൻ തലമുറയ്ക്കൊക്കെ ശേഷം ലാളിത്യത്തിന്റെയും സത്യസന്ധതയുടെയുമൊക്കെ ആൾരൂപമായി നിലകൊള്ളുന്നയാളുമായ പന്ന്യൻ രവീന്ദ്രനെയും ആണ് സി. പി.ഐക്ക് തിരുവനന്തപുരത്ത് അവസാനമായി വിജയിപ്പിക്കാനായത്. 2009ൽ ശശി തരൂരിന്റെ രംഗപ്രവേശന ശേഷം ഇതുവരെ അവർക്ക് വിജയിക്കാനായിട്ടില്ല.

2009ൽ അഡ്വ.പി. രാമചന്ദ്രൻ നായരെ തരൂർ പരാജയപ്പെടുത്തി. 2014ൽ ബെന്നറ്റ് എബ്രഹാം എന്ന സ്വാശ്രയ കോളേജ് ഉടമയെ മത്സരിപ്പിച്ചതിന് സി.പി.ഐ പഴിയും ഏറെ കേട്ടു. 2009ൽ മത്സരിച്ച രാമചന്ദ്രൻ നായർ, ബെന്നറ്റ് വിവാദത്തിൽ കുരുങ്ങി സി.പി.ഐയിൽ നിന്നുതന്നെ പുറത്തുപോയി. അദ്ദേഹമിപ്പോൾ സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മന്ത്രി വി. ശിവൻകുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയുമാണ്. 2019ൽ സാക്ഷാൽ സി. ദിവാകരനെ ഇറക്കി ആഞ്ഞുപിടിക്കാനാണ് സി.പി.ഐ നോക്കിയത്. എന്നിട്ടും ഫലമുണ്ടായില്ല.

ശശി തരൂരിന് സി.പി.എമ്മിനകത്ത് സ്വീകാര്യത ഉണ്ടായിക്കൊണ്ടിരിക്കുന്നത് സി.പി.ഐയെ വല്ലാതെ അസ്വസ്ഥമാക്കുന്നത് തന്നെയാണ്. 2024ൽ ലോകസഭാ തിരഞ്ഞെടുപ്പാണ്. തരൂരിനെതിരെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട വിവാദമുയർന്നുവന്നപ്പോഴും ഇടതുപക്ഷത്ത് നിന്ന് ശക്തിയായി തരൂരിനെതിരെ രാഷ്ട്രീയാക്രമണം നടത്താനുണ്ടായിരുന്നത് സി.പി.ഐ മാത്രമാണെന്നതും ഓർക്കുക. തരൂരിനെ പേരിന് വേണ്ടി എതിർക്കുക മാത്രമാണ് പലപ്പോഴും സി.പി.എം ചെയ്യുന്നതെന്ന് തോന്നിപ്പോകാറുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് മാത്രമാണ് അല്പമെങ്കിലും വീര്യം കൂടിയ ആക്രമണം അവരിൽ നിന്നുണ്ടാകാറ്.

വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പുകാലത്ത് ആയതിനാൽ, ആ വീര്യം അതേപടി സി.പി.എം നിലനിറുത്താനിടയുണ്ടോ? കെ-റെയിൽ അഥവാ സിൽവർ ലൈൻ ആ വീര്യത്തിൽ വെള്ളം ചേർക്കുമെന്ന് മറ്റാരും ചിന്തിച്ചില്ലെങ്കിലും സി.പി.ഐ വല്ലാതെ ചിന്തിക്കുന്നുണ്ട്.

സർക്കാരിന്റെ വികസന പദ്ധതി ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തപ്പെട്ടതായതിനാൽ പിന്തുണയ്ക്കുന്നുവെന്നാണ് സി.പി.ഐയുടെ നിലപാട്. പൊതുസമൂഹത്തിന്റെ ആശങ്കകൾ ദൂരീകരിച്ച് വേണം പദ്ധതി നടപ്പാക്കാനെന്ന ഉപാധി അവർ പിന്തുണയ്ക്കുമ്പോഴും മുന്നോട്ടുവയ്ക്കുന്നുണ്ട്.

സി.പി.ഐയുടെ സാംസ്കാരികവിഭാഗമായ യുവകലാസാഹിതിയും യുവജന സംഘടനയായ എ.ഐ.വൈ.എഫുമെല്ലാം കെ-റെയിലിനെതിരെ ആശങ്കകൾ പങ്കുവച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിന്റേതിൽ നിന്ന് ഭിന്നമായുള്ള തരൂരിന്റെ നിലപാട് കൂടിയായപ്പോൾ ഒരുമാതിരി, കയ്ച്ചിട്ടിറക്കാനും വയ്യാ, മധുരിച്ചിട്ട് തുപ്പാനും വയ്യാ എന്ന അവസ്ഥയിലായിപ്പോയിട്ടുണ്ടോ സി.പി.ഐ എന്ന് ചിന്തിക്കാത്തവർ കുറവല്ല കേരളത്തിൽ. കാരണം അധികാരത്തിന്റെ മധുരം നുണയുമ്പോൾ അവർക്ക് കെ-റെയിലിനെ തള്ളിപ്പറയുന്നതിൽ പരിമിതിയുണ്ട്! തരൂരിനെ തള്ളാതിരിക്കുന്നതെങ്ങനെ!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.