SignIn
Kerala Kaumudi Online
Friday, 26 April 2024 2.05 PM IST

എന്തേ കോൺഗ്രസേ നന്നാവാത്തേ!

ss

ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് ഇലകൾ പൊഴിയുന്ന കാലമാണ്. കഴിഞ്ഞ ദിവസം കാശ്മീരിൽ നിന്നുള്ള കോൺഗ്രസ് മുഖവും കാശ്മീരിലെ ജനകീയപരിവേഷമുള്ള നേതാവുമായ ഗുലാം നബി ആസാദ് രാജി വച്ചുപോയി. അദ്ദേഹം വെറും നേതാവല്ല. എഴുപതുകൾ മുതൽ കോൺഗ്രസിന്റെ ദേശീയനേതൃത്വത്തോട് അടുപ്പം പുലർത്തിപ്പോന്ന പ്രഗൽഭനാണ്. നിരവധി തവണ എം.പിയായി. ജമ്മു-കാശ്മീർ മുഖ്യമന്ത്രിയായി. കേന്ദ്രമന്ത്രിയായി. ഇന്ദിരാഗാന്ധിയുമായും രാജീവ്ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും ഏറെ അടുപ്പം പുലർത്തിപ്പോന്ന നേതാക്കളിൽ പ്രമുഖൻ.

എന്നാൽ കുറച്ചുകാലമായി, കൃത്യമായി പറഞ്ഞാൽ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഗുലാംനബി അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വത്തിന്റെ അടുപ്പക്കാരുടെ പട്ടികയിലില്ല. അദ്ദേഹമുൾപ്പെട്ട ഒരു പറ്റം മുതിർന്ന നേതാക്കൾ ജി- 23 എന്ന ഗ്രൂപ്പുണ്ടാക്കി പാർട്ടിയിൽ വിമതസ്വരമുയർത്തിപ്പോന്നു. സംഘടനാ തിരഞ്ഞെടുപ്പ് വേണം, പുതിയ നേതാവ് വരണം, നെഹ്റുകുടുംബത്തിന് പുറത്ത് നിന്നാവട്ടെ പുതിയ നേതൃത്വം എന്നിങ്ങനെയുള്ള നിലപാടുകളാണ് ജി-23 ഉയർത്തിപ്പിടിക്കുന്നത്. ഒന്നുകിൽ രാഹുൽ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുക അല്ലെങ്കിൽ പുറത്ത് നിന്ന് പുതിയ നേതാവ് വരിക എന്നതാണ് ഇവരുടെ ഉറച്ച നിലപാട്.

ന്യായമാണ് ഈ നിലപാട്. 2019ലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം അദ്ധ്യക്ഷപദവി ഉപേക്ഷിച്ച രാഹുൽ ഇനി പ്രസിഡന്റ് സ്ഥാനമേറ്റെടുക്കില്ലെന്ന നിലപാടിലാണ്. ഒരു നേതാവിന് ചേർന്ന സമീപനമല്ല ഇതെന്ന് സാമാന്യമായി ചിന്തിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രതിസന്ധി ഘട്ടത്തിലെ ഒളിച്ചോട്ടം നല്ല നേതാവിന്റെ ഗുണമല്ല. എന്നാലോ, ഇദ്ദേഹം പദവിയൊഴിഞ്ഞിട്ടും അധികാരകേന്ദ്രമായി നിൽക്കുകയാണെന്ന തോന്നൽ പുറത്ത് ശക്തം. കോൺഗ്രസിലുണ്ടാകുന്ന എല്ലാ തീരുമാനങ്ങളിലും രാഹുലിന്റെ സ്വാധീനമുണ്ടെന്ന് പലരും സംശയിക്കുന്നു. അതിന് കാരണമുണ്ട്. രാഹുലിന്റെ അനഭിമത പട്ടികയിൽ പെട്ട ഗുലാംനബി ആസാദും പി.ജെ. കുര്യനുമടക്കമുള്ള നേതാക്കൾ പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് തഴയപ്പെട്ടിരിക്കുന്നു. അവിടെ മാത്രമല്ല, പാർട്ടിയിലും കാര്യമായ പദവി ഗുലാംനബിയെ പോലെ കാശ്മീരിലെ പ്രബലമുഖത്തിന് കിട്ടുന്നില്ല.

രാജിവച്ചുകൊണ്ട് ഇപ്പോഴത്തെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിക്കയച്ച കത്തിൽ ഗുലാംനബി നടത്തിയിരിക്കുന്നത് രാഹുൽഗാന്ധിക്കെതിരെ അതിനിശിത വിമർശനമാണ്. രാഹുലിന്റെ പി.എയും ഗാർഡും ചേർന്നാണ് തീരുമാനമെടുക്കുന്നതെന്നും ഗൗരവമില്ലാത്ത ആളെ പ്രധാന ചുമതലയിൽ നിയോഗിച്ച് പാർട്ടിയെ ഇല്ലാതാക്കിയെന്നുമൊക്കെയാണ് വിമർശനം. രാഹുൽ ഗാന്ധി ഒരു ദൂഷിതവലയത്തിന്റെ കൈകളിലകപ്പെട്ടിരിക്കുന്നുവെന്ന് ചിന്തിക്കുന്നവർ നിരവധിയാണ്. അങ്ങനെയല്ലെന്ന് തെളിയിക്കാനുള്ള യാതൊരു ഇടപെടലും രാഹുൽഗാന്ധിയിൽ നിന്നോ കോൺഗ്രസ് നേതൃത്വത്തിൽ നിന്നോ ഉണ്ടാകുന്നുമില്ല. എ.ഐ.സി.സിയുടെ സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറി കേരളത്തിൽ നിന്നുള്ള കെ.സി. വേണുഗോപാലാണ്. അദ്ദേഹം കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഉത്തരേന്ത്യൻ ലോബിയിൽ പലർക്കും ദഹിച്ചിട്ടില്ല. കോൺഗ്രസിന് അഖിലേന്ത്യാതലത്തിൽ വേണ്ടത് നല്ലൊരു ഉത്തരേന്ത്യൻ മുഖമാണെന്ന് കരുതുന്നവരാണേറെയും. എന്നാലല്ലേ, ഹിന്ദി ബെൽറ്റിൽ കോൺഗ്രസിന്റെ ശേഷി ഉയർത്തപ്പെടുകയെന്ന് പലരും ചിന്തിക്കുന്നു.

ഗുലാം നബിയുടേത് ഒറ്റപ്പെട്ട വിമതശബ്ദമല്ല. പല പ്രമുഖമുഖങ്ങളും കോൺഗ്രസ് വിട്ട് പോയത് സമീപകാലത്താണ്. കപിൽ സിബൽ പോയത് സമാജ് വാദി പാർട്ടിയിലേക്കാണ്.

ഇനിയും പോകാനിരിക്കുന്നു

മുതിർന്ന നേതാവ് ആനന്ദ് ശർമ്മ പോകാൻ തക്കം പാർത്ത് നിൽക്കുന്നു. എല്ലാം ജി-23 വിഭാഗക്കാർ.

ഇതിന്റെ മറുവശം കാണാതിരിക്കുന്നില്ല. കോൺഗ്രസിനകത്ത് അധികാരത്തിന്റെ സുഖശീതളിമ ആസ്വദിച്ച് കഴിഞ്ഞിരുന്നവരാണ് ഇവരെല്ലാവരും. പ്രത്യേകിച്ച് ഗുലാം നബി ആസാദും മറ്റും. അദ്ദേഹം സമീപകാലത്തായി കോൺഗ്രസിന്റെ തളർച്ച മനസ്സിലാക്കുകയും ബി.ജെ.പിയുടെ പളപളപ്പിൽ അഭിരമിച്ച് പോവുകയും ചെയ്തതാണോ എന്ന ശങ്ക അസ്ഥാനത്തല്ല. കോൺഗ്രസ് മുക്ത ഭാരതമാണല്ലോ ബി.ജെ.പിയുടെ പ്രഖ്യാപിതലക്ഷ്യം. കോൺഗ്രസിന്റെ തിരിച്ചുവരവ് ഇനിയൊരിക്കലും നടക്കാത്ത തരത്തിൽ കാര്യങ്ങളെ വരുതിയിലാക്കാൻ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ട് ബി.ജെ.പി. എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും സ്വന്തം വരുതിയിലാക്കിക്കഴിഞ്ഞു, മാദ്ധ്യമങ്ങളെ പോലും. ഡൽഹിയിൽ ശക്തമായ വിമതശബ്ദമുയർത്തിപ്പോരുന്ന എൻ.ഡി ടി.വിയെ പലവിധത്തിൽ വരിഞ്ഞ് മുറുക്കി ഇല്ലാതാക്കാൻ ശ്രമിച്ച്, ഒടുവിലിപ്പോൾ അതിന്റെ ഉടമസ്ഥരുടെ നിവൃത്തികേട് മുതലെടുത്ത് വളഞ്ഞവഴിയിലൂടെ കമ്പനിയുടെ ഓഹരി മുഴുവൻ അദാനിയെക്കൊണ്ട് വാങ്ങിപ്പിക്കുന്ന നില വരെയെത്തി കാര്യങ്ങൾ. അദാനിയിലേക്കെത്തുന്നതോടെ എൻ.ഡി ടിവിക്കും ഭരണവിലാസം ചാനലായി മാറാതിരിക്കാനാവില്ലല്ലോ.

കോൺഗ്രസിനകത്ത് സർവത്ര പ്രതിസന്ധിയെന്ന് വരുത്തിത്തീർത്ത് അണികളെയാകെ അതിൽനിന്ന് അടർത്തിമാറ്റി നിർവീര്യമാക്കാൻ ബി.ജെ.പി തന്ത്രങ്ങൾ മെനയുന്നത് 2024ലെ തിരഞ്ഞെടുപ്പ് കൂടി കണ്ടുകൊണ്ടാണ്. ആ തിരഞ്ഞെടുപ്പ് കൂടി വിജയിക്കുന്നതോടെ രാജ്യത്ത് ഭരണഘടന പോലും പൊളിച്ചെഴുതപ്പെട്ട് കൂടെന്നില്ല. ഹിന്ദുരാഷ്ട്ര സംസ്ഥാപനം അതോടെ സാദ്ധ്യമാക്കാനാകും അവരുടെ ശ്രമം. കർണാടകയിലെ പാഠപുസ്തകങ്ങളിലൊക്കെ കൊണ്ടുവരുന്ന അപകടകരമായ മാറ്റങ്ങളെപ്പറ്റി നാമാരും വേവലാതിപ്പെടുന്നില്ല എന്നതാണ് അതിലും വലിയ ദുരന്തം. അതെന്തെങ്കിലുമാവട്ടെ.

കോൺഗ്രസിൽ ഗുലാംനബി ആസാദിനെപ്പോലുള്ള മുസ്ലിംമുഖങ്ങളെ അടർത്തിമാറ്റി വരുതിയിലാക്കാൻ ബി.ജെ.പി ശ്രമിക്കുന്നത് ഒന്നും കാണാതെയാവില്ലെന്ന് മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട. എന്നാൽ അതിന് വഴിയൊരുക്കിക്കൊടുക്കുന്ന പരിപാടി എന്തിനാണ് രാഹുൽഗാന്ധി നടത്തുന്നത് എന്ന് ചിന്തിച്ചുകൂടേ. അല്പം കൂടി പക്വതയുള്ള നേതൃഗുണം കാട്ടി വിഘടിതസ്വരങ്ങളെയടക്കം കൂട്ടിയോജിപ്പിക്കാനുള്ള അയവാർന്ന നയതന്ത്രജ്ഞത പ്രകടമാക്കാൻ നേതാവിന് കഴിയുമ്പോഴാണ് കോൺഗ്രസല്ല, ഏത് പാർട്ടിയും നന്നാവുക.

ഗുലാംനബിയുടെ പോക്കും കോൺഗ്രസിന്റെ വേദനയും

ഗുലാംനബി ആസാദ് പോയപ്പോൾ കോൺഗ്രസ് നല്ലതുപോലെ വേദനിച്ചു. ജയറാം രമേശ് എന്ന പരിസ്ഥിതിസ്നേഹിയും സത്യസന്ധനുമായ രാഷ്ട്രീയനേതാവിന്റെ പ്രതികരണം അത് വിളിച്ചുപറയുന്നുണ്ട്. അദ്ദേഹം പറഞ്ഞത് ശരിയാണ്. ആസാദ് 'മോഡിഫൈഡ്' ആയി എന്നാണ് അദ്ദേഹം പരിഹാസത്തോടെയും കാര്യത്തോടെയും പ്രതികരിച്ചത്. ശരിയാണ്

മോദിസത്തിൽ വീണുപോവുക വഴി

ആസാദ് പരിഷ്കരിക്കപ്പെട്ടതാണ്.

കപിൽ സിബലിന്റെ കാര്യം മറിച്ചാണ്. അദ്ദേഹം സംഘപരിവാർ പ്രീണനത്തിലല്ല വീണുപോയത്. അദ്ദേഹം കോൺഗ്രസിൽ നിന്ന് പോയത് വർഗീയരാഷ്ട്രീയത്തിന്റെ ചതിക്കുഴികളിലേക്കല്ല. സമാജ് വാദി പാർട്ടിയിലൂടെ രാജ്യസഭാംഗത്വം നേടി. ഒരു പരിധിവരെ സഹിക്കാം. പാർലമെന്ററി വ്യാമോഹം കൈവെടിഞ്ഞില്ലെങ്കിലും. എങ്കിലും അത്രയുമായല്ലോ.

നെഹ്റു മുതൽ

രാഹുൽ വരെ

കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ദേശീയരാഷ്ട്രീയത്തിൽ ആ പാർട്ടിയുടെ പ്രതാപകാലം അസ്തമിച്ചെന്ന് തോന്നിപ്പിക്കുന്ന സംഭവഗതികളാണ് നാടുനീളെ കണ്ടുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും നടത്തുന്ന ചാണക്യതന്ത്രങ്ങളിൽ കോൺഗ്രസ് നിലംപരിശായിപ്പോകുന്നുവെന്നതാണ് വാസ്തവം. കോൺഗ്രസിന്റേതടക്കം പ്രതിപക്ഷങ്ങളുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്നുവെന്നത് ആശങ്കാജനകവും ആകുലപ്പെടുത്തുന്നതുമാണെന്ന് ഉത്തരേന്ത്യൻ സംഭവവികാസങ്ങൾ വിളിച്ചുപറയുന്നുണ്ട്.

ബിൽക്കിസ് ബാനു കേസിലെ കൊടുംക്രൂരന്മാരായ പ്രതികളെയാകെ ഗുജറാത്ത് ഹൈക്കോടതി വിട്ടയച്ചതിന് കാരണമായി നിരത്തപ്പെട്ട ന്യായീകരണം പോലും ഞെട്ടിക്കുന്നതാണ്. പ്രതികൾ ബ്രാഹ്മണരായതിനാൽ അവരാ കുറ്റം ചെയ്യില്ലെന്ന അഭിഭാഷകന്യായം അംഗീകരിക്കപ്പെട്ടത് എത്ര ഞെട്ടലോടെയാണ് രാജ്യം കേട്ടത് .

ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റവിമുക്തനാക്കപ്പെട്ടതിന് തൊട്ടുപിന്നാലെയല്ലേ, കലാപക്കേസിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചാർത്തി സാമൂഹ്യപ്രവർത്തകരായ ടീസ്ത സെതൽവാദിനെയും ആർ.ബി. ശ്രീകുമാറിനെയും ഇന്നും ജയിൽമോചിതരാക്കാതെ അടച്ചിട്ടിരിക്കുന്നത്!

രാജ്യത്ത് അസാധാരണമെന്ന് കുറച്ചുകാലം മുമ്പുവരെ തോന്നിപ്പിച്ചിരുന്ന പലതും ഇന്ന് സാധാരണമായിരിക്കുന്നു. അതിനെ ചെറുത്തുതോല്പിക്കാൻ പോന്ന പ്രതിപക്ഷശക്തി ദുർബലമാണ്. കോൺഗ്രസിന് തീർത്തും ശേഷിയില്ല. കാഴ്ചപ്പാട് പോലും ശരിയായ രീതിയിലില്ലെന്ന് തോന്നിപ്പിക്കും ചില പ്രവൃത്തികൾ കണ്ടാൽ. മൃദുഹിന്ദുത്വ സമീപനം കൊണ്ടൊക്കെ ന്യൂനപക്ഷങ്ങളിലെ അരക്ഷിതാവസ്ഥ മാറ്റിയെടുക്കുന്നതെങ്ങനെ?

സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ദീർഘവീക്ഷണവും വിശാലമായ കാഴ്ചപ്പാടും അറിവും പാണ്ഡിത്യവുമെല്ലാം രാജ്യത്തെ അതിവേഗത്തിൽ തന്നെ ദാരിദ്ര്യത്തിൽ നിന്ന് മുന്നോട്ടുനയിക്കാൻ പ്രാപ്തമാക്കിയെന്നത് വാസ്തവമാണ്. നെഹ്റുവിനെ പോലെ യുഗപ്രഭാവനായ നേതാവിനാൽ നയിക്കപ്പെട്ട കോൺഗ്രസിന് പിൽക്കാലത്ത് പറ്റിയ പാളിച്ച എന്തെന്നാൽ, ആ പ്രഭാവം സൃഷ്ടിച്ച വളയത്തിനകത്ത് നിന്ന് പിന്നീടൊരിക്കലും അതിന് പുറത്ത് കടക്കാനായിട്ടില്ല എന്നതാണ്. കാറ്റും വെളിച്ചവും കടക്കാത്ത തടവറയെ പോലെ നെഹ്റുകുടുംബം എന്ന നാലതിരുകൾക്കകത്ത് പ്രസ്ഥാനം തളച്ചിടപ്പെട്ടതാണ് അതിന്റെ ഏറ്റവും വലിയ പരിമിതിയായത്.

നെഹ്റുവിന്റെ കാലത്ത് തന്നെ അതിനകത്ത് നിന്ന് പുറത്ത് കടക്കണമായിരുന്നു. പക്ഷേ നെഹ്റു അറിഞ്ഞോ അറിയാതെയോ അത്തരമൊരു ശ്രമത്തിന് കൂട്ടുനിന്നുവോ? സംശയിച്ചാൽ തെറ്റ് പറയാനാവില്ല. അദ്ദേഹത്തിന്റെ പിൻഗാമിയായി മകൾ ഇന്ദിര വന്നപ്പോൾ പല നല്ല വശങ്ങൾക്കുമൊപ്പം തീർത്തും ജനാധിപത്യവിരുദ്ധമായ വശങ്ങളും കോൺഗ്രസിൽ അരങ്ങേറി. അടിയന്തരാവസ്ഥയൊക്കെ രാജ്യത്ത് സംഭവിച്ചു.

കോൺഗ്രസിന് പിന്നീടൊരിക്കലും നെഹ്റു കുടുംബമെന്ന ആ തടവറയിൽ നിന്ന് പുറത്ത് കടക്കാനായിട്ടില്ല. നോക്കൂ, ഇന്ദിരയ്ക്ക് ശേഷം ആ കുടുംബത്തിന് പുറത്ത് നിന്ന് എത്ര അദ്ധ്യക്ഷന്മാർ ഇത്രയും നീണ്ട കാലത്തിനിടയിൽ കോൺഗ്രസിനുണ്ടായിട്ടുണ്ട്. എത്ര പ്രധാനമന്ത്രിമാർ? നരസിംഹറാവുമാരും മൻമോഹൻസിംഗുമാരും സീതാറാം കേസരിമാരുമൊക്കെ വളരെ അപൂർവ്വമായിട്ടല്ലേ സംഭവിച്ചത്!

കേരളത്തിന്റെ സ്വന്തം എ.കെ. ആന്റണി പോലും ആ തടവറയ്ക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുകയല്ലാതെ അതിൽനിന്ന് പുറത്ത് കടന്ന് വിശാലലോകം തുറന്നിടാൻ ശ്രമിച്ചിട്ടില്ല. എല്ലാവരും അതുതന്നെയാണ് ചെയ്തത്.

ഇപ്പോഴും അതേ തടവറയിൽ ശ്വാസം മുട്ടിക്കഴിയാനാണ് കോൺഗ്രസുകാരുടെ വിധി. ജി-23 വിമതശബ്ദമുയർത്തി തടവറയ്ക്ക് പുറത്തെ ശുദ്ധവായു ശ്വസിക്കാനുള്ള അവസരത്തിന് പൂർണാർത്ഥത്തിൽ ശ്രമിച്ചു എന്നൊന്നും പറയാനാവില്ല. അവരിൽ പലരും ഇപ്പോഴും നെഹ്റുകുടുംബത്തിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുകയാണ്.

കോൺഗ്രസിന് ഒരു നല്ല അദ്ധ്യക്ഷനെ കണ്ടെത്താൻ ഒട്ടും പഞ്ഞമുണ്ടെന്ന് പറയാനാവില്ല. ശശി തരൂരിനെ പോലെ അന്താരാഷ്ട്രതലത്തിൽ തന്നെ പ്രസിദ്ധനായ മനുഷ്യൻ കോൺഗ്രസിന്റെ എം.പിയായി ഇരിപ്പുണ്ട്. (അദ്ദേഹവും ജി-23യുടെ ഭാഗമാണ്). വേറെയും ചലനാത്മകമായ യുവനേതാക്കൾ ഉൾപ്പെടെയുണ്ട്. എന്തുകൊണ്ട് സോണിയയോ രാഹുൽഗാന്ധിയോ പ്രിയങ്കയോ തങ്ങളുടെ കുടുംബത്തിന് പുറത്ത് നിന്ന് പുതിയൊരു തലയെടുപ്പുള്ള അദ്ധ്യക്ഷൻ വരട്ടെയെന്ന് ആത്മാർത്ഥമായി ചിന്തിക്കുന്നില്ല. ശശി തരൂർ ഇല്ലെങ്കിൽ ഒരു സച്ചിൻ പൈലറ്റെങ്കിലും ആയിക്കൂടേ.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ ആക്കാൻ ശ്രമിക്കുന്നില്ലേയെന്ന് തിരിച്ചുചോദിക്കാം. രാഹുൽ ഒരു കാരണവശാലും അദ്ധ്യക്ഷനാകില്ലെന്ന് ഉറപ്പിച്ച് പറയുന്ന സാഹചര്യത്തിൽ ഒരു താത്ക്കാലിക സംവിധാനമെന്ന നിലയ്ക്കാവില്ലേ ഗെലോട്ട്? റിമോട്ട് കൺട്രോൾ രാഹുലിന് തന്നെയാവില്ലേ.

കോൺഗ്രസ് നന്നാവേണ്ടിയിരിക്കുന്നു. എന്തൊക്കെ ദോഷങ്ങൾ പറഞ്ഞാലും ബി.ജെ.പിക്ക് വൈബ്രന്റായ നേതൃനിരയുണ്ടെന്ന് സമ്മതിക്കാതെ വയ്യ. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ മാത്രം എത്ര അദ്ധ്യക്ഷന്മാർ ആ പാർട്ടിയിൽ മാറിമാറി വന്നിട്ടുണ്ട് എന്ന് മാത്രം ചിന്തിച്ചാൽ മതി.

മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയുടെ ആശങ്കാജനകമായ ഇന്നത്തെ പോക്കിനെ പ്രതിരോധിക്കാൻ കോൺഗ്രസ് ആത്മാർത്ഥമായി ശ്രമിക്കണം. ചലനാത്മകമായ നേതൃശേഷി കൈവരിക്കണം. ധീരമായി ചെറുക്കണം. ഭാരത് ജോഡോ യാത്ര രാഹുൽഗാന്ധി നടത്തുന്നത് എന്നത്തെയും പോലെ കുട്ടിക്കളിയായി മാറരുത്. ഗുലാംനബി ആസാദുമാരുടെ കൊഴിഞ്ഞുപോക്കുകളെ തടഞ്ഞുനിറുത്താനാവണം.

കോൺഗ്രസ് ഇങ്ങനെ പലതും ചെയ്താൽ മാത്രമേ എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടാവൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADA VELA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.