SignIn
Kerala Kaumudi Online
Friday, 26 April 2024 1.32 PM IST

ആംബുലൻസ് സേവനം ചുരുക്കരുത്

108

കൊവിഡിനെതിരെ പൊരുതാനടക്കം ഇരുപത്തിനാലു മണിക്കൂറും സൗജന്യസേവനം നല്‌കിവരുന്ന 108 ആംബുലൻസുകളുടെ പ്രവർത്തനസമയം വെട്ടിച്ചുരുക്കാനുള്ള തീരുമാനം അടിയന്തരമായി പിൻവലിക്കേണ്ടതാണ്. കൊവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുന്നവേളയിലാണ് വിവേകശൂന്യമായ ഈ നടപടി ഉണ്ടായതെന്ന് ഞങ്ങൾ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കൊവിഡ് കുറഞ്ഞുവരുന്നുവെന്ന കാരണം പറഞ്ഞാണ് 108 ആംബുലൻസുകളിൽ പകുതിയോളം എണ്ണത്തിന്റെ പ്രവർത്തനം പന്ത്രണ്ട് മണിക്കൂറായി വെട്ടിക്കുറച്ചത്. ടി.പി.ആർ വീണ്ടും ഉയരുകയാണെന്ന യാഥാർത്ഥ്യം തിരിച്ചറിയാതെ കൈക്കൊണ്ട തീരുമാനമായിപ്പോയി ഇത്.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം രോഗബാധിതരെ ആശുപത്രിയിലെത്തിക്കാനുള്ള ഏറ്റവും വലിയ ആശ്രയമാണ് 108 ആംബുലൻസുകൾ. സംസ്ഥാനത്തെ പതിന്നാല് ജില്ലകളിലും 108 ആംബുലൻസുകളുടെ സേവനം ലഭ്യമാണ്. മൊത്തം 316 ആംബുലൻസുകളാണ് ഈ വിഭാഗത്തിൽ പ്രവർത്തിച്ചുവരുന്നത്. കൊവിഡ് ബാധിതരായും അല്ലാതെ രോഗബാധിതരായും വീടുകളിൽ കഴിയുന്നവരെ അതിവേഗം ആശുപത്രിയിലെത്തിക്കുകയെന്ന കർത്തവ്യം സമർത്ഥമായാണ് 108 ആംബുലൻസുകൾ നിർവഹിക്കുന്നത്. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് രോഗലക്ഷണമുണ്ടായാൽ ആശുപത്രിയിലെത്തിക്കാൻ 108 ആംബുലൻസുകളെയാണ് വിളിക്കുന്നത്. വിമാനത്താവളങ്ങളിലെ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആകുന്നവരെ വീടുകളിലോ ആശുപത്രികളിലോ എത്തിക്കുന്നതും 108 ആംബുലൻസിലാണ്. രാത്രിയിലും മറ്റുമുണ്ടാകുന്ന അപകടങ്ങളിൽ പരിക്കേല്‌ക്കുന്നവരെ ഉടൻ ആശുപത്രിയിലെത്തിക്കാനും ഇവരുടെ സേവനം തന്നെയാണ് ശരണം. രാത്രികാല അപകടങ്ങൾ കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് എന്നല്ല അപകടത്തിൽ പരിക്കേല്‌ക്കുന്നവരോ രോഗബാധിതരോ ആയ ആർക്കും ഏതുസമയവും ലഭ്യമാകും വിധം ആംബുലൻസുകളുടെ എണ്ണംകൂട്ടുകയും അവയുടെ പ്രവർത്തനം കൂടുതൽ ലഭ്യമാക്കുകയും ചെയ്യുന്നതിന് പകരമാണ് സമയം കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

108 ആംബുലൻസ് സർവീസിന്റെ മേൽനോട്ടച്ചുമതല കേരള മെഡിക്കൽ സർവീസ് കോർപറേഷനാണ്. കൊവിഡ് കാലത്തെ പർച്ചേസിന്റെ പേരിൽ വിവാദത്തിൽ മുങ്ങിനില്‌ക്കുന്ന കോർപറേഷനിൽ നിന്ന് ഇങ്ങനെയൊരു ജനവിരുദ്ധ തീരുമാനം ഉണ്ടായതിൽ അതിശയിക്കാനില്ല. ആംബുലൻസുകളിൽ പണിയെടുത്തിരുന്ന 120 ജീവനക്കാർക്ക് ഈ കൊവിഡ് കാലത്ത് തൊഴിൽകൂടി നഷ്ടമാകാൻ ഇതിടയാക്കും. സ്വകാര്യ ഏജൻസികളിലെ ആംബുലൻസ് നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതാണെന്ന് അറിയാമെന്നിരിക്കെ ജനദ്രോഹകരമായ ഈ നടപടി സ്വീകരിച്ചവർ ആരായാലും അവരുടെ ലക്ഷ്യം സംശയാസ്പദമാണ്.

സേവനമേഖലയിൽ നിന്നുള്ള പിൻവാങ്ങലിനെ ആശയപരമായിത്തന്നെ എതിർക്കുന്ന ഒരു മുന്നണിയും സർക്കാരുമാണ് സംസ്ഥാനഭരണത്തിലുള്ളത്. 108 ആംബുലൻസ് കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിലും സർക്കാർ ഖജനാവിൽ നിന്നുള്ള പണമാണ് അതിനായി വിനിയോഗിക്കുന്നത്. പൊതുജനങ്ങൾക്ക് അതിലുള്ള വിശ്വാസ്യതയുടെ കാരണവും മറ്റൊന്നല്ല. അത്തരമൊരു സേവനം രോഗാതുരമായ ഈ കാലത്ത് നേർപകുതിയാക്കുന്നതിലൂടെ സാധാരണക്കാർക്ക് ഉണ്ടാകുന്ന ദുരിതങ്ങൾക്ക് ആര് സമാധാനം പറയും.? സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി ഇക്കാര്യത്തിൽ നേരിട്ട് ഇടപെടുകയും എത്രയും വേഗം പൊതുജനതാത്പ്പര്യം സംരക്ഷിക്കുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 108 AMBULANCE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.