SignIn
Kerala Kaumudi Online
Friday, 26 April 2024 7.07 PM IST

അമ്മയുടെ വാക്ക് കേൾക്കുമ്പോൾ

photo

അമ്മയോടുള്ള കടം ആർക്കും ഒരിക്കലും വീട്ടാനാവാത്തതാണെന്ന് അറിവുള്ളവർ പറഞ്ഞിട്ടുണ്ട്. ഗർഭപാത്രത്തിൽ പത്തുമാസം ചുമന്ന് പ്രസവിക്കുന്നതുകൊണ്ട് മാത്രമല്ല അങ്ങനെ പറയുന്നത്. സ്നേഹത്തിന്റെയും ഹൃദയത്തിന്റെയും ആദ്യ അറിവുകൾ മക്കൾ നുണയുന്നത് അമ്മയിൽ നിന്നാണ്. ഭൗതികമായ എന്തെങ്കിലും തിരിച്ചുനൽകി തീർക്കാവുന്നതല്ല അമ്മയോടുള്ള കടപ്പാട്. അതിനപ്പുറം മൂല്യമുള്ളതും വാക്കുകൾകൊണ്ട് വിവരിക്കാനാകാത്തതുമായ ആത്മബന്ധമാണത്. പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും നിലനില്പിന് തന്നെ ആധാരമായ സവിശേഷബന്ധം. അമ്മയെ മക്കൾ സംരക്ഷിക്കാത്തതിന്റെയും കരയിപ്പിക്കുന്നതിന്റേതുമായ കഥകളൊക്കെ നാം അറിയാറുണ്ടെങ്കിലും ലോകജനസംഖ്യയിലെ ഭൂരിപക്ഷം മക്കളും അമ്മയെ മനസിന്റെയുള്ളിൽ സ്നേഹത്തിന്റെ കരുതലായിതന്നെ കാണുന്നവരാണ്. മക്കളുടെ ഏതുകുറ്റവും ക്ഷമിക്കാൻ കഴിയുന്ന കോടതിയും അമ്മയാണ്. ഇല്ലെങ്കിൽ 'ഇറങ്ങി വാ മക്കളെ....അമ്മയാണ് വിളിക്കുന്നത് എന്ന വിളികേട്ട് ഭീകരസംഘടനയിൽ അകപ്പെട്ടുപോയ ഇരുപത് വയസ് മാത്രം പ്രായംവരുന്ന രണ്ട് ആൺകുട്ടികൾ തോക്ക് താഴെവച്ച് ഇറങ്ങിവരില്ലായിരുന്നു.

ജമ്മുകാശ്മീരിലെ കുൽഗാം ജില്ലയിലാണ് കരളലിയിപ്പിക്കുന്ന സംഭവം നടന്നത്. ഒരു ഗ്രാമത്തിലെ താവളത്തിൽ ഭീകരരോടൊപ്പം പ്രദേശവാസികളായ രണ്ട് ചെറുപ്പക്കാരുമുണ്ടെന്ന് സൈന്യത്തിന് വിവരം ലഭിച്ചു. അവരെ ജീവനോടെ പിടികൂടാൻ സൈനികർ തോക്കിന്റെ വഴിയിൽനിന്ന് മാറി വ്യത്യസ്തമായ മാർഗമാണ് അവലംബിച്ചത്. രണ്ട് ചെറുപ്പക്കാരുടെയും അമ്മമാരെ സ്ഥലത്തെത്തിച്ച് സൈന്യത്തിന്റെ മെഗാഫോണിലൂടെ മക്കളെ വിളിപ്പിച്ചു. പെറ്റവയറിന്റെ ഉടമയുടെ വേദനപുരണ്ട വാക്കുകൾക്ക് ചെവികൊടുക്കാതിരിക്കാൻ മക്കൾക്ക് കഴിഞ്ഞില്ല. അവർ രണ്ടുപേരും താവളംവിട്ട് ഇറങ്ങിവരികയും ആയുധങ്ങൾ താഴെവച്ച് സുരക്ഷാസേനയോട് മാപ്പ് പറയുകയും ചെയ്തു. സൈന്യത്തിന്റെ തോക്കുകൾക്ക് പറ്റാത്തതാണ് ആ അമ്മമാരുടെ വാക്കുകൾക്ക് കഴിഞ്ഞത്. ചെറുപ്പത്തിന്റെ തിളപ്പുകൊണ്ടും ബാഹ്യസ്വാധീനങ്ങൾക്ക് വഴങ്ങിയും ഭീകരസംഘങ്ങളിൽ പെട്ടുപോകുന്നവർക്ക് പിന്നീട് തിരിച്ചുവരണമെന്ന് തോന്നിയാലും അതിനൊരു വഴിയില്ല. അങ്ങനെ ശ്രമിച്ചാൽ ഭീകരസംഘടനയിലുള്ളവർ തന്നെയാകും അവരെ വകവരുത്തുന്നത്. തിരിച്ചുവന്നാലും ജീവിതകാലം മുഴുവനും പീഡനവും കാരാഗൃഹവുമാകും കാത്തിരിക്കുക. ഇതിനൊരു മാറ്റം ആവശ്യമാണ്. തിരികെ വരുന്നവർക്ക് മാപ്പ് നൽകി നടപടികൾ ലഘൂകരിക്കാൻ അധികൃതരും തയ്യാറാകണം. തോക്കിനെ തോക്കുകൊണ്ട് മാത്രം നേരിടുന്ന രീതിയിൽനിന്ന് തികച്ചും വ്യത്യസ്തമായ മാർഗം കാശ്മീരിൽ ഈ ഒറ്റപ്പെട്ട സംഭവത്തിലെങ്കിലും സുരക്ഷാസേന അവലംബിച്ചത് പുതിയ പ്രതീക്ഷകൾക്ക് വഴിതുറക്കുന്നതാണ്. കാശ്മീരിൽ കീഴടങ്ങിയ രണ്ട് യുവാക്കളെയും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ലഷ്കർ - ഇ തയ്‌ബയിലേക്കെത്തിച്ചത് അടുത്തിടെയാണ്. ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയും ഭീകരർ അവരുടെ സംഘത്തിലാക്കാറുണ്ട്. ഇവർക്കൊക്കെ തിരിച്ചുവരാൻ കഴിയുന്ന ഒരു വഴിയാണ് അമ്മമാരുടെ വാക്കുകൾക്ക് ചെവിയോർക്കുക എന്നത്. തിരിച്ചുവരുന്നവർക്ക് സമാധാനപരമായ ജീവിതം പുലർത്താൻ കഴിയുന്ന പുനരധിവാസം ഒരുക്കാൻ അധികൃതരും തയ്യാറാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 2 TERROR RECRUITS LAY DOWN ARMS AFTER A APPEAL BY PARENTS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.