SignIn
Kerala Kaumudi Online
Saturday, 27 April 2024 1.04 AM IST

സംസ്ഥാനങ്ങളിലുമാകാം തൊഴിൽ മഹാമേള

photo

രാജ്യത്തെ അഭ്യസ്തവിദ്യ‌രിൽ തൊഴിൽരഹിതരായ കോടിക്കണക്കിനു പേരിൽ എഴുപത്തയ്യായിരം പേർക്ക് ഇന്ന് നിയമന ഉത്തരവു ലഭിക്കാൻ പോവുകയാണ്. രാജ്യം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ തൊഴിൽ മേളയെ വലിയ ഉത്സവമാക്കാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഇന്ന് രാവിലെ പതിനൊന്നുമണിക്ക് പ്രധാനമന്ത്രി നരേന്ദ്ര‌മോദിയാകും വീഡിയോ കോൺഫറൻസിലൂടെ ആദ്യ നിയമന ഉത്തരവു കൈമാറി തൊഴിൽ മേള ഉദ്ഘാടനം ചെയ്യുന്നത്.

കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകളിലും സേനാവിഭാഗങ്ങളിലുമായി ലക്ഷക്കണക്കിനു ഒഴിവുകളുണ്ട്. വർഷങ്ങളായി റിക്രൂട്ട്‌മെന്റ് തീരെ നടക്കാത്ത ഇടങ്ങളുമുണ്ട്. ജീവനക്കാരുടെ കുറവുമൂലം പ്രതിസന്ധി നേരിടുന്നവയിൽ ഒന്നാം സ്ഥാനത്തു വരുന്നത് റെയിൽവേയാണ്. ഒരുലക്ഷത്തോളം ജീവനക്കാരുടെ കുറവ് നേരിടുന്നു റെയിൽവേ.

അടുത്ത ഒന്നരവർഷത്തിനുള്ളിൽ പത്തുലക്ഷത്തോളം അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകാനുള്ള അതിവിപുലമായ പദ്ധതിയാണ് കേന്ദ്രം തയ്യാറാക്കിയിരിക്കുന്നതത്രെ. പൊതുതിരഞ്ഞെടുപ്പ് ഏറെ അകലെയല്ലാത്ത സാഹചര്യത്തിൽ റിക്രൂട്ട‌്‌മെന്റ് നടപടികൾക്ക് പതിവിൽ കവിഞ്ഞ വേഗത ഏറുമെന്നതിൽ സംശയമില്ല. അതു എന്തുതന്നെയായാലും മുക്കാൽലക്ഷം പേർക്ക് ഒറ്റയടിക്ക് നിയമനം തരപ്പെട്ടു എന്നത് മഹാസംഭവം തന്നെയാണ്.

ഒന്നരവർഷം കൊണ്ട് ഒൻപതേകാൽ ലക്ഷം പേർക്ക് കൂടി നിയമനം നൽകാനായി റിക്രൂട്ട്‌മെന്റ് നടപടികൾ വേഗത്തിലാക്കുമെന്നാണ് പ്രധാനമന്ത്രി ഉറപ്പുനൽകുന്നത്. അനാവശ്യ നടപടികളിലൂടെ വിലപ്പെട്ടസമയം പാഴാകുന്നതാണ് രാജ്യത്ത് സർക്കാർ നിയമനങ്ങൾ അനന്തമായി നീളാൻ പ്രധാന കാരണം. കാലം മാറിയതനുസരിച്ച് റിക്രൂട്ട്‌മെന്റുകളും വേഗത്തിലാക്കാനാവും. നടപടികൾ ലഘൂകരിച്ചാൽ മതി. രാജ്യമെമ്പാടുമുള്ള വൻകിട കമ്പനികൾ ഓരോ വർഷവും ലക്ഷക്കണക്കിനു യുവാക്കളെ റിക്രൂട്ട് ചെയ്യാറുണ്ട്. അഭിരുചിയും ഭാഷാപ്രാവീണ്യവും തിട്ടപ്പെടുത്താൻ ലഘുവായ ഒരു പരീക്ഷയോ അഭിമുഖമോ നടത്തി തങ്ങൾക്ക് ആവശ്യമുള്ളവരെ റിക്രൂട്ട്‌ ചെയ്യുന്നതാണ് പ്രമുഖ ഐ.ടി കമ്പനികളുടെ രീതി. ഇവയെ അനുകരിച്ച് മറ്റ് വൻകിട കമ്പനികളും ബാങ്കുകളും മേജർ ആശുപത്രികളുമൊക്കെ ഈ രീതി പിന്തുടരുന്നുണ്ട്. സർക്കാരാകുമ്പോൾ നിയമനത്തിനായി മാത്രം പി.എസ്.സിയും യു.പി.എസ്.സിയുമൊക്കെ ഉണ്ട്. കാലാകാലങ്ങളായി പിന്തുടരുന്ന നടപടിക്രമങ്ങൾക്കുള്ളിൽ കിടന്ന് വീർപ്പുമുട്ടുന്ന സ്ഥാപനങ്ങളാണിത്. സ്വകാര്യ മേഖലയിലെപ്പോലെ ഉദ്യോഗാർത്ഥികളെ എടുക്കാൻ ഇവയ്ക്കാകില്ലെങ്കിലും നടപടിക്രമങ്ങളും നിയമനത്തിനു വേണ്ടിവരുന്ന കാലതാമസവും ഗണ്യമായി കുറയ്ക്കാനാകും. ഒരുവർഷത്തെയോ രണ്ടുവർഷത്തെയോ മൊത്തം ഒഴിവുകൾ കണക്കാക്കി മഹാ റിക്രൂട്ട്‌മെന്റ് മേള നടത്താൻ പി.എസ്.സികൾക്കും കഴിയും. ആന്ധ്ര സർക്കാർ ഈയിടെ ആരോഗ്യവകുപ്പിനുവേണ്ടി ഇതുപോലൊരു തൊഴിൽദാനമേള സംഘടിപ്പിച്ചിരുന്നു. ഡോക്ടർമാർ മുതൽ ലാബ് അസിസ്റ്റന്റ് വരെയുള്ള തസ്തികകളിലേക്ക് അരലക്ഷത്തോളം പേരെ വാക്ക് ഇൻ ഇന്റർവ്യൂവിന് ക്ഷണിച്ചായിരുന്നു തൊഴിൽമേള. സർക്കാർ നിർദ്ദേശിച്ച യോഗ്യതയുള്ള ആർക്കും നേരിട്ടു പങ്കെടുക്കാവുന്ന രീതിയിലായിരുന്നു മേള സംഘടിപ്പിച്ചത്. ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകുന്ന ഘട്ടത്തിൽ മതിയല്ലോ ഔപചാരിക നടപടിക്രമങ്ങൾ. ഉദ്യോഗ നിയമനത്തിലെ കാലതാമസം പാടേ ഇല്ലാതാക്കുന്ന പരിഷ്കാരമായി ഇതു കാണാം. റിക്രൂട്ട്‌മെന്റ് രംഗത്തെ ഏതു പുതിയ പരീക്ഷണവും അഭ്യസ്തവിദ്യരുടെ കാത്തിരിപ്പു കുറയ്ക്കാൻ സഹായിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 75000 YOUTH TO GET GOVT JOB
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.