SignIn
Kerala Kaumudi Online
Wednesday, 14 January 2026 1.20 PM IST

അങ്ങനെ ആ പരിഷ്‌കാരവും പാളി

Increase Font Size Decrease Font Size Print Page

photo

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ജീവനക്കാരെ സ്വസ്ഥാനങ്ങളിൽ പിടിച്ചിരുത്താൻ കൊണ്ടുവന്ന പരിഷ്കാര നടപടി തുടക്കത്തിലേ പാളിയതിൽ അതിശയമില്ല. ജീവനക്കാർ പുതിയ സമ്പ്രദായത്തിനെതിരെ കക്ഷിഭേദമെന്യെ സംഘടിതമായി മുന്നോട്ടുവന്നപ്പോഴേ കരുതിയതാണ് ആരംഭശൂരത്വമായി അത് അവസാനിക്കുമെന്ന്. ജീവനക്കാരുടെ വരവും പോക്കും നിയന്ത്രിക്കാനുള്ള അക്സസ് സംവിധാനം പൂർണമായും ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആലോചനയിലാണിപ്പോൾ. ഭരണകക്ഷി യൂണിയനുൾപ്പെടെ എല്ലാ സംഘടനകളും ഈ സംവിധാനത്തെ എതിർക്കുന്നതാണ് സർക്കാരിനെ പുനരാലോചനയ്ക്കു പ്രേരിപ്പിക്കുന്നത്. ഏതായാലും സദുദ്ദേശ്യത്തോടെ കൊണ്ടുവന്ന സംവിധാനം പരീക്ഷണഘട്ടത്തിൽത്തന്നെ പാളിയത് തിരിച്ചടി തന്നെയാണ്. രണ്ടുകോടിയോളം രൂപ ആർക്കും പ്രയോജനപ്പെടാതെ വെള്ളത്തിലുമായി.

ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാനും ദ്രുതഗതിയിൽ ജനങ്ങൾക്ക് സേവനം ലഭ്യമാക്കാനും ഉദ്ദേശിച്ചാണ് വരവിനും പോക്കിനും കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രാവിലെ എത്തി ഹാജർ രേഖപ്പെടുത്തിക്കഴിഞ്ഞാൽ ഇഷ്ടം പോലെ കറങ്ങിനടക്കുന്ന ജീവനക്കാർ സെക്രട്ടേറിയറ്റിൽ മാത്രമല്ല എല്ലാ സർക്കാർ ഓഫീസുകളിലുമുണ്ട്. ഫയലുകൾ കുന്നുകൂടുന്നതൊന്നും അവർ പ്രശ്നമാക്കാറില്ല. ജീവനക്കാരുടെ ഉപേക്ഷ കൊണ്ടാണ് ഓരോ ഓഫീസിലും ഫയൽ കൂമ്പാരങ്ങൾ രൂപപ്പെടുന്നത്. അനിയന്ത്രിതമായി ഇങ്ങനെ ഫയലുകൾ പെരുകുമ്പോൾ ഇടയ്ക്കിടെ കുടിശിക ഫയലുകളുടെ തീർപ്പിനായി മാത്രം പ്രത്യേകം യജ്ഞങ്ങൾ നടത്തേണ്ടിവരുന്നു.

ഏതു പുതിയ പരിഷ്കാരവും കൊണ്ടുവരുന്നതിനുമുമ്പ് അതിന്റെ പ്രായോഗികതയെക്കുറിച്ച് ശരിയായ ഒരു വിലയിരുത്തൽ ആവശ്യമാണ്. അത്തരത്തിൽ ഒരു വിലയിരുത്തൽ നടത്താതെ കൊണ്ടുവന്നതുകൊണ്ടാണ് അക്സസ് സംവിധാനം തുടക്കത്തിലേ പാളിയത്. വരവും പോക്കും നിയന്ത്രിക്കുന്നതിനൊപ്പം ജീവനക്കാരുടെ ശമ്പളവിതരണവുമായി ബന്ധപ്പെട്ട 'സ്പാർക്കു"മായി അതിനെ ബന്ധിപ്പിക്കാനും നടപടിയെടുത്തിരുന്നു. ജോലിസമയത്ത് അരമണിക്കൂറിലധികം സമയം പുറത്തുപോകുന്ന ജീവനക്കാരന്റെ ഹാജർ നില സ്പാർക്ക് രേഖപ്പെടുത്തും. ഇത്തരത്തിൽ നിശ്ചിത സമയത്തിൽ കൂടുതൽ സീറ്റിലില്ലെന്നു കണ്ടാൽ ശമ്പളത്തിൽ കുറവു വരും. ശമ്പളത്തിൽ കുറവുവരുന്ന ഒരു ഏർപ്പാടിനും ജീവനക്കാരെ കിട്ടുകയില്ലെന്ന യാഥാർത്ഥ്യം പരിഷ്കാരം കൊണ്ടുവന്നവർ മനസിലാക്കേണ്ടതായിരുന്നു. സ്വന്തം ആവശ്യങ്ങൾക്കായി മാത്രമായിരിക്കില്ല ജീവനക്കാർ ഓഫീസ് വിട്ടുപോവുക. ഔദ്യോഗിക ആവശ്യങ്ങൾക്കായും പോകേണ്ടിവരും. അങ്ങനെ പോകുന്ന സമയവും സ്പാർക്കിൽ രേഖപ്പെടുത്തിയാൽ ശമ്പളനഷ്ടം ഉണ്ടാകുമെന്നാണു ജീവനക്കാരുടെ ആശങ്ക. ഈ ആശങ്കയ്ക്ക് പരിഹാരം വേണമെന്ന ആവശ്യം തികച്ചും ന്യായവുമാണ്. ഓഫീസ് കാര്യങ്ങൾക്കായി പുറത്തുപോകുന്ന സന്ദർഭങ്ങൾ നിയന്ത്രണ പരിധിയിൽ നിന്ന് ഒഴിവാക്കാൻ സംവിധാനം ഏർപ്പെടുത്താവുന്നതേയുള്ളൂ. അത്തരം സാങ്കേതിക ന്യൂനതകൾ ഒഴിവാക്കി പരിഷ്കാരം കൊണ്ടുവന്നിരുന്നെങ്കിൽ തീർച്ചയായും മെച്ചപ്പെട്ട ഫലം ലഭിക്കുമായിരുന്നു.

പ്രവൃത്തിസമയത്ത് ജീവനക്കാർ സ്വസ്ഥാനങ്ങളിൽത്തന്നെ ഉണ്ടായിരിക്കണമെന്നു പറയുന്നത് സേവനങ്ങൾ കാലതാമസമില്ലാതെ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ്. പ്രവൃത്തിസമയത്തുള്ള കറക്കവും സംഘടനാ പ്രവർത്തനങ്ങളും സമരങ്ങളിൽ അണിചേരലും മറ്റു വ്യക്തിഗത ആവശ്യങ്ങൾക്കായുള്ള പോക്കുമെല്ലാം സർവസാധാരണമാണ്. എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന ജനങ്ങൾക്ക് സർക്കാർ ഓഫീസുകളുടെ പ്രവർത്തനശൈലി മെച്ചപ്പെടണമെന്ന് കഠിനമായ ആഗ്രഹവുമുണ്ട്. നിർഭാഗ്യവശാൽ സേവനത്തിന്റെ കാര്യം വരുമ്പോൾ ജനങ്ങളുടെ ആവശ്യങ്ങൾക്കല്ല സ്വന്തം താത്‌പര്യങ്ങൾക്കാണ് ജീവനക്കാരുടെ സംഘടനകൾ എപ്പോഴും മുൻഗണന നല‌്‌കുന്നത്.

TAGS: ACCESS CONTROL SYSTEM IN SECRETARIAT MAY BE ABANDONED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.