തിരുവിതാംകൂർ രാജകുടുംബം ഒരു രൂപ പ്രതിഫലം കൈപ്പറ്റി രാജ്യത്തിന് വിട്ടുകൊടുത്തതാണ് തിരുവനന്തപുരം വിമാനത്താവളം. രാജ്യസുരക്ഷയിൽ ഏറ്റവും തന്ത്രപ്രധാനമായ സ്ഥാനം വഹിക്കുന്ന വിമാനത്താവളം കൂടിയാണിത്. നഗരത്തോട് ഇത്രയും അടുത്തുള്ള മറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഇന്ത്യയിൽത്തന്നെ ഇല്ലെന്നു പറയാം. എന്നാൽ ഈ അന്താരാഷ്ട്ര വിമാനത്താവളം എയർപോർട്ട് അതോറിട്ടിയുടെ കീഴിൽ വേണ്ടത്ര വികസിച്ചിരുന്നില്ല എന്നത് ഒരു വസ്തുതയാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഏറ്റെടുത്തതോടുകൂടി രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണത്തിന് നടപടികൾ തുടങ്ങിയിരുന്നു. മൊത്തം 8707 കോടി രൂപ ചെലവിലുള്ള സമഗ്ര വികസന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ തുടക്കമെന്ന നിലയിൽ 1300 കോടി രൂപ ചെലവിൽ അദാനി പ്രഖ്യാപിച്ച 'പ്രോജക്ട് അനന്ത"യിലെ 600 കോടിയുടെ പദ്ധതിക്ക് കരാറായിരിക്കുകയാണ്.
അന്താരാഷ്ട്ര ടെർമിനലിലെ ഏപ്രൺ പുനർനിർമ്മാണം, ഡ്രെയിനേജുകളുടെ പുനർനിർമ്മാണം, ആഭ്യന്തര ടെർമിനലിൽ കൂടുതൽ ചെക്ക് ഇൻ കൗണ്ടറുകളുടെ നിർമ്മാണം, നോളജ് സെന്റർ നിർമ്മാണം എന്നിവയ്ക്കാണ് കരാറായത്. നിലവിൽ ഏകദേശം 34 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളം വഴി കഴിഞ്ഞ വർഷം അരക്കോടിയോളം യാത്രക്കാരാണ് കടന്നുപോയത്. 2070 വരെയുള്ള യാത്രാവശ്യങ്ങൾ കണക്കിലെടുത്താണ് ടെർമിനൽ വികസിപ്പിക്കുന്നത്. വികസനം പൂർത്തിയാകുമ്പോൾ അന്താരാഷ്ട്ര ടെർമിനൽ 18 ലക്ഷം ചതുരശ്ര അടിയാകും. രണ്ട് നിലകളിലായിരിക്കും പുതിയ ടെർമിനൽ. വരുന്നതും പോകുന്നതുമായ യാത്രക്കാർക്കായി ഓരോ നില സജ്ജമാക്കും. കസ്റ്റംസ് ഇമിഗ്രേഷൻ ക്ലിയറൻസിനായി ഏറെനേരം കാത്തുനിൽക്കേണ്ടി വരുന്ന ഇപ്പോഴത്തെ അവസ്ഥ, വികസനം പൂർത്തിയാകുമ്പോൾ പൂർണമായും ഒഴിവാകും. പ്രതിവർഷം 2.7 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുണ്ടാക്കുകയാണ് വികസനത്തിന്റെ ലക്ഷ്യം.
ആദ്യഘട്ട നിർമ്മാണം അടുത്ത മാസം തുടങ്ങാനാണിരിക്കുന്നത്. വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റുന്നതായിരിക്കും പുതിയ ടെർമിനൽ. 'ഗേറ്റ് വേ ഒഫ് ഗുഡ്‌നസ്" എന്ന രീതിയിലാണ് 'അനന്ത" ടെർമിനൽ നിർമ്മിക്കുക. ടെർമിനലിന്റെ പണി തീരാൻ മൂന്നു വർഷമെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. വിമാനത്താവളത്തിന്റെ റൺവേ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് വിസ്‌തൃതമാക്കാൻ ചാക്കയിൽ 12 ഏക്കർ ഭൂമി കൂടി സർക്കാർ ഏറ്റെടുത്ത് നൽകേണ്ടതുണ്ട്. ചാക്കയിൽ നിന്ന് ബ്രഹ്‌മോസിന്റെ വശത്തുകൂടി ആൾസെയിന്റ്‌സ് കോളേജ് വരെയുള്ള സ്ഥലമാണ് വേണ്ടത്. ഇതിൽ കൂടുതലും സർക്കാരിന്റെ ഭൂമിയാണ്. ഈ ഭൂമിക്ക് വില നൽകാമെന്ന് അദാനി സമ്മതം പ്രകടിപ്പിച്ചിരിക്കെ സർക്കാർ വൈകാതെ ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടതാണ്. നേരത്തേ എയർപോർട്ട് അതോറിട്ടിക്കു വേണ്ടി കൈമാറാൻ വിജ്ഞാപനമിറക്കിയതാണെങ്കിലും അദാനി നടത്തിപ്പ് ഏറ്റെടുത്തതോടെ സർക്കാർ പിന്മാറുകയായിരുന്നു.
റൺവേയുടെ പല ഭാഗത്തും 20 മീറ്റർ വരെ കുറവുണ്ട്. ആൾസെയിന്റ്‌സ് ഭാഗത്താണ് ഏറ്റവും സ്ഥലക്കുറവ്. എല്ലാ വർഷവും അന്താരാഷ്ട്ര ഓർഗനൈസേഷൻ പരിശോധനയ്ക്കെത്തുമ്പോൾ ബേസിക് സ്ട്രിപ്പ് സജ്ജമാക്കാൻ സമയം നീട്ടി ചോദിക്കുകയാണ് പതിവ്. ഇത് ഇങ്ങനെ തുടർന്നാൽ ലൈസൻസ് റദ്ദാകുന്ന സാഹചര്യം പോലും സംജാതമാകാം. അതിനാൽ ഭൂമി ഏറ്റെടുത്ത് കൈമാറുന്ന നടപടി സർക്കാർ ഇനിയും വൈകിപ്പിക്കരുത്. റൺവേ സേഫ്‌റ്റി 90 മീറ്ററിൽ നിന്ന് 240 ആക്കാത്തതിനാൽ വലിയ വിമാനങ്ങൾക്ക് നാലുവർഷമായി കരിപ്പൂരിൽ ഇറങ്ങാൻ കഴിയുന്നില്ല എന്നതും ഈ അവസരത്തിൽ ഓർമ്മിക്കേണ്ടതാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ മുഖം മിനുങ്ങുമ്പോൾ അത് നഗരത്തിന്റെ മുഖച്ഛായ കൂടിയാണ് മാറ്റുന്നത് എന്നത് ആരും വിസ്മരിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |