SignIn
Kerala Kaumudi Online
Thursday, 19 September 2024 10.04 AM IST

എൽദോസിനും പ്രണോയ്ക്കും അഭിനന്ദനങ്ങൾ

Increase Font Size Decrease Font Size Print Page

photo

ഇത്തവണത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് അഭിമാനം പകർന്നത് അത്‌ലറ്റിക്സ് താരം എൽദോസ് പോളിനും ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോ യ്ക്കും ലഭിച്ച അർജുന അവാർഡുകളാണ്. ദേശീയ കായികരംഗത്ത് കേരളത്തിന്റെ തിളക്കമുയർത്തുന്നതാണ് ഈ രണ്ട് പുരസ്കാരങ്ങളും.

ഇക്കഴിഞ്ഞ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾജമ്പിൽ നേടിയ സ്വർണമെഡലാണ് എൽദോസിനെ അർജുന അവാർഡിന് അർഹനാക്കിയത്. കോമൺവെൽത്ത് ഗെയിംസിന് മുമ്പ് അമേരിക്കയിൽ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി എൽദോസ് ശ്രദ്ധനേടി​യി​രുന്നെങ്കി​ലും കോമൺ​വെൽത്ത് ഗെയിംസി​ൽ മെഡൽ നേടാനാകുമെന്ന അമി​തപ്രതീക്ഷകളി​ല്ലായി​രുന്നു. പക്ഷേ സർവരെയും അമ്പരപ്പി​ച്ച ഫലമാണ് ട്രി​പ്പി​ൾ ജമ്പി​ൽ ഉണ്ടായത്. സ്വർണവും വെള്ളി​യും നേടി​യത് ഇന്ത്യൻ താരങ്ങൾ,രണ്ടും മലയാളി​കൾ - എൽദോസ് പോളും അബ്ദുള്ള അബൂബേക്കറും. ചരിത്രത്തിൽത്തന്നെ അപൂർവമായ നേട്ടമാണ് ഇരുവരും ബർമിംഗ്ഹാമിൽ സ്വന്തമാക്കിയത്. 17.03 എന്ന തന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരം താണ്ടിയാണ് എൽദോസ് സ്വർണം സ്വന്തമാക്കിയത്.

ജീവിതത്തിന്റെ പൊള്ളുന്ന വഴിത്താരകളിലൂടെയാണ് എൽദോസ് കടന്നുവന്നത്. എറണാകുളം പൂത്തൃക്ക പാലയ്ക്കാമറ്റം സ്വദേശിയായ ഈ 25കാരന് അമ്മയെ നഷ്ടമാകുന്നത് നാലാംവയസിലാണ്. അവിടെനിന്നങ്ങോട്ട് അവന്റെ കൈപിടിച്ചുനടത്തിയത് മുത്തശ്ശി മറിയാമ്മയാണ്. ആലങ്ങാട്ടെ കൃഷ്ണൻ എളയത്ത് മെമ്മോറിയൽ ഹൈസ്‌കൂളിലെ കായികാധ്യാപകനായ ബെന്നിയാണ് കുഞ്ഞെൽദോസിൽ ഒളിച്ചിരുന്ന കായികതാരത്തെ കണ്ടെത്തിയത്. പിന്നീട് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലേക്കെത്തിയ എൽദോസ് വിവിധ പരിശീലകർക്ക് കീഴിൽ രാകി മിനുക്കിയെടുക്കപ്പെട്ടു. ഇന്ത്യൻ ക്യാമ്പിലേക്ക് പ്രവേശനവും ലഭിച്ചു. ഫെഡറേഷൻ കപ്പിലെ സ്വർണനേട്ടത്തോടെ ലോക ചാമ്പ്യൻഷിപ്പിനും കോമൺവെൽത്ത് ഗെയിംസിനും യോഗ്യത ലഭിച്ച എൽദോസ് പ്രതീക്ഷകൾക്കപ്പുറത്തേക്ക് വളർന്നാണ് അർജുന അവാർഡ് സ്വന്തമാക്കിയത്.

ഇപ്പോഴും ജീവിതത്തിന്റെ വെല്ലുവിളികൾ പൂർണമായി ചാടിക്കടക്കാൻ എൽദോസിന് കഴിഞ്ഞിട്ടില്ല. പ്രായമുള്ള മുത്തശ്ശിക്കും ഭിന്നശേഷിക്കാരനായ സഹോദരനുമൊപ്പം അമ്മാവന്റെ വീട്ടിലാണ് എൽദോസ് കഴിയുന്നത്. ആ വീട്ടിലേക്ക് വാഹനമെത്തുന്ന നല്ലൊരു വഴിപോലുമില്ല. ഈ പ്രതിസന്ധികൾക്കിടയിലും തികച്ചും പോസിറ്റീവായ മനോഭാവത്തോടെ ജീവിതത്തെ നേരിടുന്നു എന്നതാണ് എൽദോസിന്റെ മഹത്വം. എൽദോസിനെത്തേടി എത്തേണ്ട ഒരുപാട് നേട്ടങ്ങളുടെ തുടക്കം മാത്രമേ ആകുന്നുള്ളൂ ഈ അർജുന.

പ്രണോയ്‌യെ സംബന്ധിച്ചിടത്തോളം വളരെ നേരത്തേ ലഭിക്കേണ്ടതായിരുന്നു ഈ അർജുന അവാർഡ്. കഴിഞ്ഞ വർഷങ്ങളിലൊക്കെ തന്നെ തഴഞ്ഞതിൽ പ്രണോയ് പ്രതിഷേധം പരസ്യമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. അർഹിച്ച പരിഗണന സമയത്ത് ലഭിക്കാത്തത് ഏതൊരു കായിക താരത്തെയും തളർത്തുകതന്നെ ചെയ്യും. ആ വേദനകൾക്കിടയിലും കഴിഞ്ഞ സീസണിൽ ഉശിരോടെ പൊരുതിയാണ് പ്രണോയ് ഇത്തവണ തന്റെ പേര് അവാർഡ് ജേതാക്കളുടെ പട്ടികയിൽനിന്ന് വെട്ടിമാറ്റാൻ പറ്റാത്തതാക്കിത്തീർത്തത്.

തിരുവനന്തപുരം സ്വദേശിയായ പ്രണോയ് 2018ൽ ലോക റാങ്കിംഗിൽ എട്ടാം സ്ഥാനത്തേക്കുവരെ എത്തിയിരുന്നു. 2010ലെ ലോകജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലും യൂത്ത് ഒളിമ്പിക്സിലും വെങ്കലം നേടിത്തുടങ്ങിയ പ്രണോയ് 2016ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. 2018ലെ കോമൺവെൽത്ത് ഗെയിസിലും ‌ ഈ വർഷത്തെ തോമസ് കപ്പിലും സ്വർണം നേടിയ ഇന്ത്യൻ ടീമുകളിൽ അംഗമായിരുന്നു. നിരവധി ബി.ഡബ്ള‌്യു.എഫ് ഓപ്പൺ ടൂർണമെന്റുകളിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച ഈ 30കാരൻ അടുത്തിടെയാണ് വിവാഹിതനായത്. കായികരംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറയ്ക്ക് ആവേശം പകരുന്നതാവകട്ടെ ഈ പുരസ്കാരങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ARJUNA AWARD WINNERS ELDOS AND ELDOS PAUL H S PRANOY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.