SignIn
Kerala Kaumudi Online
Friday, 26 April 2024 5.10 PM IST

പിൻവാതിൽ വഴി നിയമനം വേണ്ട

supreme-court

എൽ.ഐ.സിയിലെ പതിനൊന്നായിരം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എതിരെയുള്ള സുപ്രീംകോടതി വിധി രാജ്യമൊട്ടാകെയുള്ള പിൻവാതിൽ നിയമനങ്ങൾക്കെതിരായ ഉറച്ച തീർപ്പാണ്. സർക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ നിയന്ത്രണത്തിലുള്ള ഇതര സ്ഥാപനങ്ങളിലും നേരും നെറിയുമില്ലാതെ നടക്കുന്ന പിൻവാതിൽ നിയമനങ്ങൾ കഴിവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളുടെ ഏറ്റവും വലിയ സങ്കടങ്ങളിലൊന്നാണ്. ഭരണഘടനാവ്യവസ്ഥകൾ പോലും നിർലജ്ജം അട്ടിമറിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള പിൻവാതിൽ നിയമനങ്ങൾ നടന്നുവരുന്നത്. അത് സാദ്ധ്യമാക്കാനുള്ള എല്ലാ വഴികളും ബന്ധപ്പെട്ടവർ ഒരുക്കും. പിൻവാതിലിലൂടെ ഇങ്ങനെ കയറുന്നവരെ കുറേനാൾ കഴിയുമ്പോൾ സ്ഥിരപ്പെടുത്തുന്നതും പതിവാണ്.
എൽ.ഐ.സിയിൽ നാലുപതിറ്റാണ്ടോളം പഴക്കമുള്ള ഒരു തർക്കപ്രശ്നത്തിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധിയിലൂടെ അന്തിമ തീർപ്പുണ്ടായിരിക്കുന്നത്. 1981-നും 85-നുമിടയ്ക്ക് താത്‌കാലികക്കാരായി നിയമിക്കപ്പെട്ട ക്ളാസ് 3, ക്ളാസ് 4 ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ദീർഘമായ വ്യവഹാരങ്ങളിൽ കലാശിച്ചത്. വിധിയെത്തുടർന്ന് പുറത്തുപോകേണ്ടി വരുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അതു നിശ്ചയിക്കാൻ സമിതിയെയും നിയോഗിച്ചു.

സർക്കാരായാലും പൊതുമേഖലാ സ്ഥാപനമായാലും നിയമനം നടത്തുമ്പോൾ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള തുല്യതയും അവസര സമത്വവും പാലിക്കാൻ ബാദ്ധ്യസ്ഥമാണ്. നിയമനങ്ങളിൽ സുതാര്യത പാലിക്കേണ്ടതും പരമപ്രധാനമാണ്. പിൻവാതിൽ നിയമനങ്ങളിൽ ഒരിടത്തും ഈവക കാര്യങ്ങൾ പാലിക്കാറില്ല. ഇത്തരം നിയമനങ്ങൾ നടത്തുമ്പോൾ സംവരണ തത്വങ്ങളും ബലികഴിക്കപ്പെടുന്നു. അതിലൂടെ സംവരണാനുകൂല്യം ലഭിക്കേണ്ട വിഭാഗങ്ങളുടെ തൊഴിലവസരങ്ങളാണ് നഷ്ടപ്പെടുന്നത്. ഇഷ്ടക്കാർക്കും ചാർച്ചക്കാർക്കും സിൽബന്ധികൾക്കും തൊഴിൽനൽകാനുള്ള എളുപ്പവഴിയായിട്ടാണ് ഇത്തരം പിൻവാതിൽ നിയമനങ്ങളെ അധികാരസ്ഥാനങ്ങളിലിരിക്കുന്നവർ കാണുന്നത്. ഒഴിവുകൾ യഥാസമയം നികത്താതെ താത്‌കാലികക്കാരെ വച്ച് ജോലി നടത്തും. ഇങ്ങനെ കയറുന്നവരെ വർഷങ്ങൾ കഴിയുമ്പോൾ സ്ഥിരം ഒഴിവുകളിലേക്ക് പരിഗണിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റും ഇത്തരം പിൻവാതിൽ നിയമനങ്ങൾ സർവസാധാരണമായിട്ടുണ്ട്. സംവരണതത്വങ്ങൾ പാലിച്ചും എല്ലാ വിഭാഗങ്ങൾക്കും തുല്യഅവസരം നൽകിയും വേണം എൽ.ഐ.സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ നിയമനങ്ങൾ നടത്താൻ. പകരം പിൻവാതിലിലൂടെ കയറിപ്പറ്റിയവരെ സ്ഥിരപ്പെടുത്താനുള്ള ഏതുനീക്കവും ഭരണഘടനയ്ക്ക് എതിരും അപകീർത്തികരവുമാണെന്ന് അഭിപ്രായപ്പെട്ടാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളത്.

സർക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ധാരാളം ഒഴിവുകൾ ഉണ്ടാകുന്നുണ്ട്. എന്നാൽ ഒഴിവുകൾ നികത്താൻ യഥാസമയം നടപടികളെടുക്കാത്തതിനാൽ പലപ്പോഴും താത്‌കാലിക നിയമനങ്ങൾ അനുപേക്ഷണീയമാകുന്നു. റെയിൽവേ, ബി.എസ്.എൻ.എൽ തുടങ്ങി ഏറെപ്പേർ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പതിനായിരക്കണക്കിനു ഒഴിവുകൾ വർഷങ്ങളായി നികത്തപ്പെടാതെ കിടക്കുകയാണ്. കരാർ നിയമനങ്ങളും സാർവത്രികമായിക്കൊണ്ടിരിക്കുന്നു. ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകളെ തകർക്കുന്ന ഇത്തരം പ്രവണതകൾ ശക്തിപ്പെടുന്നതിനിടയിലും പിൻവാതിൽ നിയമനങ്ങൾക്ക് ധാരാളം പഴുതുകളുണ്ട്. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്ത വകുപ്പദ്ധ്യക്ഷന്മാർക്കെതിരെ നടപടിയെടുക്കുമെന്ന് കേരള സർക്കാർ ഇടയ്ക്കിടെ പറയാറുണ്ട്. അപ്പോഴും പിൻവാതിൽ നിയമനങ്ങൾക്കുള്ള ഒരവസരവും പാഴാക്കാറുമില്ല. ദുഷിച്ച ഈ സമ്പ്രദായം നിയന്ത്രിക്കാനുള്ള നിമിത്തമാകേണ്ടതാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BACKDOOR APPOINTMENT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.