ലക്ഷ്യത്തിലെത്താത്ത നികുതി പിരിവും കുടിശിക പിരിക്കുന്നതിൽ കാണിക്കുന്ന അക്ഷന്തവ്യമായ വീഴ്ചയുമാണ് സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു മുഖ്യകാരണം. നിയമസഭയിൽ കാലാകാലങ്ങളിൽ സമർപ്പിക്കുന്ന ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ സവിസ്തരം ഇക്കാര്യങ്ങൾ പരാമർശിക്കാറുണ്ട്. പക്ഷേ പറഞ്ഞിട്ടും എഴുതിയിട്ടും വലിയ ഫലമൊന്നുമില്ല. നിത്യനിദാനച്ചെലവിനുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോഴും ഖജനാവിലെത്തേണ്ട നികുതിപ്പണം പിരിച്ചെടുക്കാൻ കഴിയുന്നില്ല. സി.എ.ജി റിപ്പോർട്ടുകൾ ഏകപക്ഷീയമാകാറുണ്ടെന്നത് ശരിയാണ്. എന്നിരുന്നാലും നികുതി പിരിവിലും വർഷങ്ങളായുള്ള കുടിശിക ഈടാക്കുന്നതിലും ഉണ്ടാകുന്ന വീഴ്ച വിമർശിക്കപ്പെടേണ്ടതു തന്നെയാണ്. അതുപോലെ ഖജനാവിൽ നിന്ന് ചെലവഴിക്കുന്ന പണത്തിനും കൃത്യമായ കണക്ക് വേണമെന്നതിലും തർക്കമുണ്ടാകാനിടയില്ല. ധൂർത്തും പാഴ്‌ചെലവും അഭംഗുരം തുടരുമ്പോൾത്തന്നെ സംസ്ഥാന വരുമാനത്തിന്റെ ഇരുപത്തഞ്ചു ശതമാനം വരുന്ന തുക പിരിച്ചെടുക്കാതെ കിടക്കുകയാണ്. വിവിധ വകുപ്പുകളുടെ വീഴ്ചകൾക്ക് നൽകേണ്ടിവരുന്ന കനത്ത വിലയാണിത്.
2021 - 22ലെ സി.എ.ജി റിപ്പോർട്ടാണ് വ്യാഴാഴ്ച സഭയിൽ വച്ചത്. സർക്കാരിന്റെ വീഴ്ചകളും നികുതി - കുടിശിക പിരിവിലെ കെടുകാര്യസ്ഥതയും അക്കമിട്ട് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇടതുമുന്നണി സർക്കാരിന്റെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാ പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന പെൻഷൻ പദ്ധതിയിൽ ധാരാളം അനർഹരും കടന്നുകൂടിയിട്ടുണ്ടെന്ന പരാമർശം നേരത്തെയും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. സർക്കാർ ജീവനക്കാർ വരെ മാസാമാസം ക്ഷേമപെൻഷൻ വാങ്ങുന്നവരുടെ കൂട്ടത്തിലുണ്ടത്രെ. അതുപോലെ മസ്റ്ററിംഗിലുണ്ടാകുന്ന വീഴ്ചകാരണം കാലഗതി പ്രാപിച്ചവരുടെ പേരിലും പെൻഷൻതുക കൈപ്പറ്റുന്നുണ്ട്. ആധാർ സാർവത്രികമായ സംസ്ഥാനമായിട്ടും ഇതുപോലുള്ള തട്ടിപ്പുകൾ പൂർണമായും തടയാൻ കഴിയാത്തത് പോരായ്മ തന്നെയാണ്. സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണ സമ്പ്രദായം ചെറിയ തോതിലെങ്കിലും ക്രമക്കേടുകൾക്കു വഴിവയ്ക്കുന്നുണ്ട്. പെൻഷൻതുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു നൽകാൻ സംവിധാനമുള്ളപ്പോൾ മറ്റുവഴികൾ തേടുന്നത് ഉചിതമല്ല. ക്ഷേമപെൻഷൻ വിതരണത്തിനായി മാത്രം പ്രത്യേക കമ്പനി രൂപീകരിച്ചിട്ടുണ്ട്. ആവശ്യത്തിലേറെ പണം കടമെടുത്തതു വഴി 1600 കോടിയോളം രൂപ കമ്പനിക്ക് അധികച്ചെലവുണ്ടായ കാര്യം സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജി.എസ്.ടി നിലവിൽ വന്നതോടെ നികുതി പിരിവ് കൂടുതൽ സുഗമമാകേണ്ടതാണ്. എന്നാൽ സംസ്ഥാനത്തിന് ആയിനത്തിലും വലിയ വരുമാനക്കുറവാണ് സംഭവിച്ചത്. ജി.എസ്.ടി കുടിശിക 13410 കോടി രൂപ വരും. വൈദ്യുതി ബോർഡ് ഉപഭോക്താക്കളിൽ നിന്ന് കൃത്യമായി ഡ്യൂട്ടി പിടിക്കാറുണ്ടെങ്കിലും സർക്കാരിലേക്ക് എത്താറില്ല. മോട്ടോർ വാഹന വകുപ്പും രജിസ്ട്രേഷൻ വകുപ്പും റവന്യൂ വകുപ്പും കുടിശിക പിരിവിൽ ഏറെ പിന്നിൽ നില്‌ക്കുകയാണ്.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേന്ദ്ര സർക്കാർ നയങ്ങളാണെന്നു നിരന്തരം കുറ്റപ്പെടുത്തുമ്പോഴും പിരിക്കേണ്ട പണം ഖജനാവിലെത്തിക്കുന്നതിൽ കാണിക്കുന്ന ഉപേക്ഷയ്ക്ക് എന്തു സമാധാനം പറയും. നികുതികളും പാട്ടങ്ങളും പിരിച്ചെടുക്കുന്നതിൽ പലവിധ സമ്മർദ്ദങ്ങളും താത്‌പര്യങ്ങളും വരുന്നതാണ് വിലങ്ങുതടിയാകുന്നത്. സി.എ.ജി റിപ്പോർട്ട് പൊതുരേഖയാകുമ്പോൾ കുറഞ്ഞ ദിവസങ്ങളിൽ അത് ചർച്ചാവിഷയമാകും. പിന്നീട് എല്ലാം മറക്കും. വൻ സംഖ്യകൾ കുടിശിക വരുത്തിയവർ രാഷ്ട്രീയ സമ്മർദ്ദത്തിലൂടെയോ കോടതി വഴിയോ സാവകാശം നേടും. വർഷങ്ങളായി ഇത്തരത്തിൽ ഒഴിഞ്ഞുമാറുന്നവർ അനവധിയാണ്. എല്ലാ കാര്യങ്ങളിലുമെന്നപോലെ നികുതി കൃത്യമായി നൽകാറുള്ളതു സാധാരണക്കാരാണ്. വീട്ടുകരവും ഭൂമിക്കരവും മറ്റ് ഫീസുകളുമൊക്കെ കൃത്യമായി അടച്ചില്ലെങ്കിൽ നോട്ടീസ് വരും. എന്നാൽ എത്ര നോട്ടീസുകൾ ലഭിച്ചാലും വമ്പന്മാർക്കു കൂസലുണ്ടാവണമെന്നില്ല. രാഷ്ട്രീയക്കാർക്കെല്ലാം ഇവരെ വേണമെന്നതിനാൽ കണ്ണടയ്ക്കാനും തയ്യാറാകും. അല്ലെങ്കിൽത്തന്നെ സി.എ.ജിയെ ആർക്കാണു പേടി?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |