SignIn
Kerala Kaumudi Online
Friday, 26 April 2024 10.59 PM IST

ഉയരാതിരിക്കട്ടെ പുതിയ രക്തസാക്ഷി മണ്ഡപങ്ങൾ

-dheeraj

ഇടുക്കി ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിൽ ഏഴാം സെമസ്റ്റർ വിദ്യാർത്ഥി ധീരജ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടയിൽ കുത്തേറ്റു മരിച്ച സംഭവം ഇതല്ല കലാലയ രാഷ്ട്രീയം എന്ന് ഒരിക്കൽക്കൂടി സമൂഹത്തെക്കൊണ്ട് ഉറക്കെ പറയിക്കുന്നു. കമ്പ്യൂട്ടർ എൻജിനിയറായി ഭാവിജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുകയും അതിനുള്ള അവസാന പടവിൽ കാലെടുത്തുവയ്ക്കുകയും ചെയ്ത ആ ഇരുപത്തൊന്നുകാരൻ തീർത്തും അപ്രതീക്ഷിതമായാണ് ഒരു കത്തിമുനയിൽ അവസാനിച്ചത്. എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനും കോളേജ് യൂണിറ്റ് അംഗവുമായിരുന്ന ധീരജിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കിയ അക്രമി യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് പദവി വഹിക്കുന്ന നിഖിൽ പൈലിയാണെന്നാണ് ദൃക്‌സാക്ഷി മൊഴികൾ. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇയാളുടെ ബന്ധുവായ വിദ്യാർത്ഥിയും ഉണ്ടായിരുന്നു. ബന്ധുവിന്റെ സംരക്ഷകനും സഹായിയുമായി എത്തിയതാകാം ഇയാൾ. എന്തായാലും വോട്ടെടുപ്പിന്റെ ആദ്യഘട്ടം പൂർത്തിയായി പുറത്തുവന്ന ധീരജിനെയും കൂട്ടുകാരെയും നേരിടാൻ കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രവർത്തകർ കോളേജ് ഗേറ്റിൽ ഉണ്ടായിരുന്നുവെന്നാണ് മനസിലാകുന്നത്. തുടർന്നുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ധീരജിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ രണ്ടു സതീർത്ഥ്യർക്കും കുത്തേറ്റിരുന്നു. ആശുപത്രിയിലുള്ള അവരുടെ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതി നിഖിൽ പൈലി ഉൾപ്പെടെ അരഡസൻ പേർ പൊലീസ് പിടിയിലായിട്ടുണ്ട്.

അഹിംസ ആദർശമായി കൊണ്ടുനടക്കുന്ന കോൺഗ്രസിന്റെ യുവജന വിഭാഗം നേതാവായ വ്യക്തിയാണ് സംഭവത്തിൽ പ്രതിസ്ഥാനത്തുള്ളതെന്ന് അറിയുന്നത് അത്യന്തം ഖേദകരമാണെന്നു മാത്രമല്ല പുതുതലമുറയുടെ കൈകളിൽ പ്രസ്ഥാനത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് വലിയ ആശങ്കയുമുണ്ടാക്കുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളോടനുബന്ധിച്ച് തർക്കങ്ങളും സംഘർഷവും ഏറ്റുമുട്ടലുകളുമൊക്കെ സർവസാധാരണമാണ്. അത് എതിരാളിയുടെ ജീവനെടുക്കുന്നിടം വരെ വളർന്നു വലുതാകുന്നത് അപൂർവമാണ്. ഇടുക്കി എൻജിനിയറിംഗ് കോളേജിൽ അതിനുതക്ക സംഘർഷമോ പ്രകോപനങ്ങളോ ഉണ്ടായിരുന്നതായി പറഞ്ഞുകേട്ടില്ല. വാക്കേറ്റത്തിൽ തുടങ്ങി വാക്കേറ്റത്തിൽത്തന്നെ വിരാമമാകേണ്ടിയിരുന്ന ഒരു സന്ദർഭം ജീവനെടുക്കുന്നിടം വരെ മൂർച്ഛിക്കാനിടവന്നത് അഹിംസാ പാത വെടിഞ്ഞ് കോൺഗ്രസിലെ പുതുതലമുറയും അക്രമരാഷ്ട്രീയത്തെ പുണരാൻ മുന്നോട്ടുവരുന്നു എന്നതിന്റെ സൂചന തന്നെയാണ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ വിദ്യാർത്ഥിയല്ലാത്ത ഒരാൾ അവിടെ കത്തിയുമായി എത്തണമെങ്കിൽ തീർച്ചയായും അതിനു പിന്നിൽ സദുദ്ദേശ്യമായിരിക്കില്ലെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ.

സുദീർഘമായ അടച്ചിടലിനുശേഷം സംസ്ഥാനത്ത് കലാലയങ്ങൾ തുറന്ന് പഠനം പുനരാരംഭിച്ചിട്ട് അധിക ദിവസങ്ങളായില്ല. അതിനിടയിൽ സംഘർഷം തടയാൻ കോളേജുകൾ വീണ്ടും അടച്ചിടേണ്ട സ്ഥിതി വരുന്നത് വിദ്യാർത്ഥി സമൂഹത്തിനാകെ ദോഷകരമാണ്. ഇടുക്കി സംഭവത്തെത്തുടർന്ന് എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംസ്ഥാനത്ത് പലയിടങ്ങളിലും അക്രമങ്ങൾക്കും ആക്രമണങ്ങൾക്കും മുതിർന്നത് ഇടുക്കി സംഭവം പോലെ തന്നെ അപലപനീയമാണ്. എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐക്കാരുടെ ആക്രമണത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ പതിനൊന്ന് കെ.എസ്.യു പ്രവർത്തകർക്കു പരിക്കേറ്റിരുന്നു. മലപ്പുറത്തും ഡി.വൈ.എഫ്.ഐ - കോൺഗ്രസ് പ്രവർത്തകർക്കിടയിൽ സംഘർഷമുണ്ടായി. മുതിർന്ന നേതാക്കൾ സമയോചിതമായി ഇടപെട്ടതിനാൽ അക്രമങ്ങളിലേക്കു തിരിഞ്ഞില്ലെന്നു മാത്രം.

എന്തിന്റെ പേരിലായാലും ഒരു വിദ്യാർത്ഥി കൊല്ലപ്പെടുന്നതു കാണാൻ ഉത്തരവാദിത്തബോധമുള്ള ഒരു രാഷ്ട്രീയക്കാരനും ആഗ്രഹിക്കില്ല. ഭാവിയിൽ വീടിനും നാടിനും ഒരുപോലെ തുണയാകേണ്ടവനെ കുത്തിമലർത്തുന്ന കാപാല രാഷ്ട്രീയത്തിനു കുടപിടിക്കാൻ മനുഷ്യഹൃദയമുള്ള ആരും മുന്നോട്ടുവരികയുമില്ല. മൂന്നുവർഷം മുൻപ് ഇടുക്കിക്കാരനായ അഭിമന്യു എന്ന വിദ്യാർത്ഥി എറണാകുളം മഹാരാജാസ് കോളേജിന്റെ പടിക്കൽവച്ച് വധിക്കപ്പെട്ടപ്പോഴും മലയാളി മനസുകൾ തീവ്രമായി വേദനിച്ചിരുന്നു. ഇടുക്കി എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയായ ധീരജിന് ഓർക്കാപ്പുറത്തുണ്ടായ ദുരനുഭവത്തിൽ ഖേദിക്കാത്തവരായി ആരുമുണ്ടാകില്ല. അത്യധികം ശോഭനമായ ഭാവിയുള്ള യുവാവായിരുന്നു ധീരജ്.

പല കാര്യങ്ങളിലുമെന്നപോലെ പൊലീസ് കുറച്ചുകൂടി കരുതലും ജാഗ്രതയും കാണിച്ചിരുന്നെങ്കിൽ നിർഭാഗ്യകരമായ ഈ ദുരന്ത സംഭവം തടയാൻ കഴിയുമായിരുന്നെന്നു തീർച്ചയാണ്. യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതു നിമിഷവും സംഘർഷം പ്രതീക്ഷിക്കാവുന്നതാണ്. പൊലീസ് സാന്നിദ്ധ്യം ശക്തമാണെങ്കിൽ സംഘർഷസ്ഥിതി തടയാനും കഴിയും. പുറത്തുനിന്നെത്തുന്നവരുടെ സാന്നിദ്ധ്യം കോളേജിൽ അനുവദിക്കരുതാത്തതാണ്. യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർ കോളേജ് ഗേറ്റിനു പുറത്തുവച്ചാണ് ധീരജിനെയും കൂട്ടരെയും നേരിട്ടത്. അതിനുള്ള സാഹചര്യം പൊലീസ് ഒഴിവാക്കേണ്ടതായിരുന്നു. വിഷയത്തിൽ പൊലീസിന്റെ ഭാഗത്തുണ്ടായ നിഷ്‌ക്രിയത്വം പതിവുപോലെ വിമർശനവിധേയമായിക്കഴിഞ്ഞു. കുത്തേറ്റുകിടന്ന ധീരജിനെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനും പൊലീസിനു കഴിഞ്ഞില്ലെന്നത് വീഴ്ചതന്നെയാണ്. പ്രകോപനപരമായ പ്രസ്താവനകളിൽ നിന്ന് പാർട്ടി നേതൃത്വങ്ങൾ ഒഴിഞ്ഞുനില്‌ക്കേണ്ട സന്ദർഭമാണിത്. നിർഭാഗ്യകരമായ ഈ സംഭവം കൂടുതൽ മുറിവുണ്ടാക്കുന്ന തലത്തിലേക്ക് വളരാതിരിക്കാനുള്ള വിവേകമാണ് നേതാക്കളിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്. എരിതീയിൽ എണ്ണയൊഴിക്കാൻ ശ്രമിക്കുന്നത് കൂടുതൽ ആപത്തുകൾ വരുത്തുകയേയുള്ളൂ.

രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം കാമ്പസുകൾ സക്രിയമായാൽ കുട്ടികൾക്കിടയിൽ കൂടുതൽ ദൃഢമായ സ്നേഹബന്ധങ്ങൾ ഉൗട്ടിയുറയ്‌ക്കുമെന്നതിൽ സംശയമില്ല. വിദ്വേഷവും കാലുഷ്യവും വളർത്തുന്ന അന്തരീക്ഷത്തിൽ നിന്ന് കലാലയങ്ങളെ മോചിപ്പിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്കും വലിയ ഉത്തരവാദിത്തമുണ്ട്. ഭാവി നേതാക്കളെ വളർത്തിയെടുക്കാനുള്ള ഉപകരണശാലയായി കാമ്പസുകളെ കാണുന്നതുകൊണ്ടാണ് എല്ലാം രാഷ്ട്രീയ കണ്ണാടിയിലൂടെ മാത്രം കാണാൻ കുട്ടികൾ പ്രേരിതരാകുന്നത്. സർഗാത്മകത വളരേണ്ട കാമ്പസുകളെ മരുഭൂമിയാക്കി മാറ്റാതിരിക്കാൻ കുട്ടികളുടെ ഭാവിയിൽ താത്‌പര്യമുള്ള എല്ലാവരും ശ്രദ്ധിക്കുകതന്നെ വേണം. പുതുതായി രക്തസാക്ഷി മണ്ഡപങ്ങൾ ഉയരാതിരിക്കാനാകണം രാഷ്ട്രീയ നേതൃത്വങ്ങൾ ശ്രമിക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAMPUS POLITICS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.