രാജ്യത്ത് സെൻസസ് നടപടികൾ ആരംഭിച്ചതിനു ശേഷമുള്ള പതിനാറാമത്തെ സെൻസസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയിരിക്കുന്നു. ഇതോടൊപ്പം ജാതി സെൻസസും നടക്കും. 93 വർഷങ്ങൾക്കു ശേഷമാണ് രാജ്യത്ത് ജാതി സെൻസസ് നടക്കുന്നത്. രണ്ടു ഘട്ടങ്ങളായാവും സെൻസസ് നടക്കുക. ആദ്യ ഘട്ടത്തിൽ വീടുകളുടെ വിവരങ്ങൾ, ആസ്‌തികൾ, സൗകര്യങ്ങൾ എന്നിവ ശേഖരിക്കും. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുക. ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, സാമ്പത്തികവും സാംസ്‌കാരികവും സാമൂഹികവുമായ വിവരങ്ങൾ എന്നിവ രണ്ടാം ഘട്ടത്തിൽ ശേഖരിക്കും. ലഡാക്ക്, ജമ്മു കാശ്‌മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ അവിടത്തെ മഞ്ഞുകാലാവസ്ഥ പരിഗണിച്ച് അടുത്ത വർഷം ഒക്ടോബർ ഒന്നു മുതലാകും സെൻസസ് ആരംഭിക്കുക. മറ്റിടങ്ങളിൽ 2027 മാർച്ച് ഒന്നിനാണ് സെൻസസ് നടപടികൾ തുടങ്ങുക.
പത്തുവർഷം കൂടുമ്പോൾ സെൻസസ് നടക്കേണ്ടതാണെങ്കിലും കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 2021-ലെ സെൻസസ് കേന്ദ്രം മാറ്റിവയ്ക്കുകയായിരുന്നു. പഴയ കാലത്ത് ജനസംഖ്യാ കണക്കെടുപ്പും രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലായിരുന്നു. കാരണം, സമൂഹത്തിൽ പിന്നാക്കം നിന്നിരുന്നവർക്കും ന്യൂനപക്ഷക്കാർക്കും അവർ എത്ര പേരുണ്ടെങ്കിലും സർക്കാർ ജോലിയൊന്നും കിട്ടാൻ പോകുന്നില്ലായിരുന്നു. ഭാവിയിൽ ഒരു ജോലി കിട്ടുന്നതിനുള്ള സാദ്ധ്യതയ്ക്ക് വഴിതുറക്കുന്ന വിദ്യാഭ്യാസം പോലും അവർക്ക് നിഷേധിക്കപ്പെട്ടിരുന്നു. ഇന്ന് അതല്ല സ്ഥിതി. സമൂഹത്തിലെ ന്യൂനപക്ഷങ്ങൾക്കും ദളിത് വിഭാഗങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കുമെല്ലാം അവരുടെ ജനസംഖ്യയുടെയും പിന്നാക്കാവസ്ഥയുടെയും പശ്ചാത്തലത്തിൽ സർക്കാർ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം ലഭിക്കുന്നുണ്ട്. മുന്നാക്ക സമുദായങ്ങൾക്കും പത്തു ശതമാനം സാമ്പത്തിക സംവരണം കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
ആ നിലയിൽ നോക്കുമ്പോൾ നേരത്തേ സംവരണം എന്ന നടപടിയെ ശക്തിയുക്തം എതിർത്തവർ പോലും ഇപ്പോൾ അതിന്റെ ഗുണഭോക്താക്കളായി മാറിയിരിക്കുന്നു. അതിനാൽ ഒരു വിഭാഗവും യഥാർത്ഥത്തിൽ ജാതി സെൻസസിനെ എതിർക്കേണ്ട കാര്യമുള്ളതല്ല. ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കാനുള്ള ശ്രമമാണിതെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നതിൽ ഒരർത്ഥവുമില്ല. ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ രാവും പകലും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സംഗതിയാണത്. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതു പോലും ജാതി നോക്കിയാണ്. പക്ഷേ ഇതൊക്കെയാണെങ്കിലും രാജ്യത്തിന് പ്രകൃതിക്ഷോഭം, യുദ്ധം, മറ്റ് ദുരന്തങ്ങൾ, വലിയ നേട്ടങ്ങൾ തുടങ്ങിയവ ഉണ്ടാകുമ്പോൾ ജാതി, മത ഭേദമെന്യേ ജനങ്ങൾ ഒന്നിച്ചു നിൽക്കാറുണ്ടെന്നത് ഇത്തരം ഘട്ടങ്ങളിൽ ഇന്ത്യ അനുഭവിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. ന്യൂനപക്ഷങ്ങൾക്കും ദളിത് വിഭാഗങ്ങൾക്കും സെൻസസിൽ അവരുടെ ജാതി കൃത്യമായി രേഖപ്പെടുത്താറുണ്ട്. അതിനാൽ അവരുടെ എണ്ണം സംബന്ധിച്ച് ആ വിഭാഗങ്ങൾക്ക് കൃത്യതയുണ്ട്.
ഈഴവർ ഉൾപ്പെടെയുള്ള മറ്റ് പിന്നാക്ക ജാതിക്കാരുടെ അവസ്ഥ അങ്ങനെയല്ല. രാജ്യത്ത് എത്ര ഈഴവർ ഉണ്ടെന്നതിന് ശാസ്ത്രീയമായ രേഖ ഹാജരാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടാൽ 93 വർഷം മുമ്പുള്ള രേഖയേ നൽകാനാവൂ. അതിൽ നിന്ന് ജനസംഖ്യ എത്രമാത്രം കൂടിയിട്ടുണ്ടാവും! അതനുസരിച്ച് അവകാശങ്ങളിലും ആനുപാതികമായ വർദ്ധന ഉണ്ടാകേണ്ടതല്ലേ? ജാതി സെൻസസ് ഇത്തരം അവകാശങ്ങൾക്ക് അടിസ്ഥാനമാക്കാവുന്ന ശാസ്‌ത്രീയ രേഖയായി മാറുമെന്ന് പ്രതീക്ഷിക്കാം. സമൂഹത്തിൽ പലരും ജാതി സെൻസസിനെ എതിർക്കുന്നുണ്ട്. ഈഴവ വിഭാഗം അവരുടെ കുരുക്കിൽപ്പെട്ട് ഇതിനെതിരെ വിവരങ്ങൾ വെളിപ്പെടുത്താതെയുള്ള നിലപാടുകളൊന്നും സെൻസസിൽ സ്വീകരിക്കരുത്. അത് അവനവന്റെ മക്കൾക്കു തന്നെ ഭാവിയിൽ പാര പണിയുന്നതിന് തുല്യമായിരിക്കും. അതുപോലെ തന്നെ, നമ്മൾ നൽകുന്ന വിവരം കൃത്യമായി രേഖപ്പെടുത്തിയോ എന്നതും, അങ്ങനെയല്ലെങ്കിൽ അത് തിരുത്താനുമുള്ള അവസരങ്ങളും സർക്കാർ ഒരുക്കേണ്ടതാണ്. ജാതി സെൻസസ് നടപടി അട്ടിമറിക്കപ്പെടാതിരിക്കാൻ ഇതെല്ലാം ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |