SignIn
Kerala Kaumudi Online
Sunday, 11 January 2026 9.06 PM IST

പഠനഭാരം കുറയ്ക്കുന്ന പരിഷ്കാരങ്ങൾ

Increase Font Size Decrease Font Size Print Page
s

വിദ്യാഭ്യാസം എന്നാൽ പാഠപുസ്തക വിജ്ഞാനമാണ് എന്ന സങ്കല്പം മാറിയിട്ട് കുറെക്കാലമായി. ആത്മവിശ്വാസത്തോടെയും ശുഭചിന്തയോടെയും ധീരമായി ജീവിതത്തെ നേരിട്ട് വിജയം വരിക്കാനുള്ള പ്രായോഗിക പാഠങ്ങളാണ് കലാലയ വിദ്യാഭ്യാസത്തിൽ നിന്ന് അവശ്യം നേടേണ്ടത് എന്ന തിരിച്ചറിവ് കുറേപ്പെർക്കെങ്കിലും കൈവരികയും ചെയ്തിട്ടുണ്ട്. എന്നിട്ടും,​ ഇപ്പോഴും ഒരു പരീക്ഷാത്തോൽവിയിലോ,​ അദ്ധ്യാപകന്റെ ശാസനയിലോ മനംനൊന്ത് ജീവനൊടുക്കുന്ന കുട്ടികളെക്കുറിച്ചുള്ള വാർത്തകൾ അസാധാരണമല്ലാതായിരിക്കുന്നു. സ്കൂളും ട്യൂഷനും പരീക്ഷയും മത്സരവും മാത്രമായി കുട്ടികളുടെ ജീവിതം ഒതുങ്ങിപ്പോകുന്ന അപകടകരമായ ദുരവസ്ഥയ്ക്ക് കുട്ടികളല്ല,​ മാതാപിതാക്കൾ തന്നെയാണ് പ്രധാന കാരണക്കാർ എന്നതാണ് ഏറ്റവും വിചിത്രം!

സ്വന്തം കുഞ്ഞ് മിടുക്കനും ഒന്നാമനും ആകണമെന്ന ചിന്തയിൽ തെറ്റൊന്നുമില്ലെങ്കിലും,​ അതിന്റെ പേരിൽ കുട്ടിയുടെ ജീവിതത്തെ പാഠപുസ്തകങ്ങളിൽ മാത്രമായി അടച്ചുവയ്ക്കാനുള്ള അവകാശം അവന്റെയോ അവളുടെയോ അച്ഛനും അമ്മയ്ക്കും പോലുമില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടേ മതിയാവൂ. ക്ളാസ് മുറികൾ മാത്രമല്ല,​ സ്കൂൾ മൈതാനവും,​ വീടിനടുത്തെ അമ്പലപ്പറമ്പും,​ പുഴക്കരയിലെ സൗഹൃദക്കൂട്ടവും,​ പന്തുകളിയും,​ മരംകയറ്റവും എല്ലാം കൂടി ചേർന്നതാണ് പഠനകാലം. സ്കൂളിനും വീടിനും പുറത്തെ ഇത്തരം കൂട്ടായ്മകളിൽ നിന്നാണ് വ്യക്തി എന്ന നിലയിൽ ഒരു കുട്ടിയിൽ ആത്മവിശ്വാസം,​ സഹനശേഷി,​ അതിജീവിക്കുവാനുള്ള ധൈര്യം,​ പങ്കുവയ്ക്കൽ,​ സഹാനുഭൂതി,​ കരുണ,​ സഹജീവി സ്നേഹം തുടങ്ങിയ മാനുഷിക വികാരങ്ങളും ശേഷികളും ഉരുവംകൊള്ളുന്നതും,​ അവനെ ഒരു സാമൂഹ്യജീവിയാക്കി പരിവർത്തനം ചെയ്യുന്നതും. ഇത്തരം വൈകാരിക പാഠങ്ങളോ വികാര പ്രസരണമോ ഒന്നുമല്ല പാഠപുസ്തക വിഷയമെന്ന് മനസിലാക്കണം.

ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടുള്ള ഒരു പരിഷ്കാരത്തിന് ഒരുങ്ങുകയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കരിക്കുലം കമ്മിറ്റി. പാഠപുസ്തകങ്ങളും നോട്ട്ബുക്കുകളും ദിവസവും വീട്ടിലേക്ക് കൊണ്ടുപോകാൻ അനുവദിക്കാതെ,​ അവ ക്ളാസ് മുറികളിൽത്തന്നെ സൂക്ഷിക്കാൻ സൗകര്യമൊരുക്കുന്നതാണ് ഈ പരിഷ്കാരം. ടെക്സ്റ്റ് ബുക്കും നോട്ടുമില്ലാതെ വീട്ടിൽ വന്നാൽ കുട്ടികൾ എന്തു ചെയ്യുമെന്നൊരു വേവലാതി സ്വാഭാവികമായും മാതാപിതാക്കൾക്ക് ഉണ്ടാകും. അതിനുള്ള മറുപടിയാണ് ആദ്യമേ പറഞ്ഞത്. സ്കൂളും ട്യൂഷനും ജിംനേഷ്യവും ഡാൻസ് ക്ളാസുമൊക്കെ കഴിഞ്ഞ് വീട്ടിലെത്തുന്ന കുട്ടികൾ പിന്നെയും പുസ്തകങ്ങൾക്കു മുന്നിൽ ഇരിക്കണോ?​ ഉദ്യോഗസ്ഥലത്തെ മാനസിക സമ്മർദ്ദത്തെക്കുറിച്ച് വീട്ടിൽവന്ന് പങ്കാളിയോട് പരിഭവം പറയുന്നവർ,​ സ്വന്തം കുട്ടികളുടെ പഠനഭാരത്തെക്കുറിച്ചും മാനസിക സമ്മർദ്ദത്തെക്കുറിച്ചും ഓർക്കാത്തത് എന്തുകൊണ്ടാണ്?​ അവരുടെ നല്ലതിനു വേണ്ടിയല്ലേ എന്നാവും മറുചോദ്യം. എങ്കിൽ ഉത്തരം മറ്റൊരു ചോദ്യമാണ്: മക്കൾ ആരോഗ്യവും ആത്മവിശ്വാസവമുള്ള മനുഷ്യജീവികൾ കൂടിയായിരിക്കണ്ടേ?​

സ്കൂൾ വിദ്യാർത്ഥികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു പോലും കാരണമാകുന്ന സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചനയും ചർച്ചകളും തുടരുന്നതേയുള്ളൂ. ഒരു വിഷയത്തിലെ ടെക്സ്റ്റ് ബുക്ക് തന്നെ പല വാല്യങ്ങളായി പ്രസിദ്ധീകരിക്കുക,​ ഒരേ നോട്ട്ബുക്കിൽ വിവിധ വിഷയങ്ങളുടെ നോട്ടുകൾ എഴുതുന്ന രീതി ഏർപ്പെടുത്തുക എന്നിവയൊക്കെയാണ് ഇതിനായി ചർച്ചയിലുള്ളത്. ഈ മാറ്റങ്ങളും,​ പാഠപുസ്തകങ്ങൾ ക്ളാസ് മുറികളിൽത്തന്നെ സൂക്ഷിക്കാൻ സൗകര്യം ഒരുക്കുന്നതും ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ അടുത്ത അദ്ധ്യയന വർഷംമുതൽ നടപ്പാക്കാനാണ് നീക്കം. കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നതിനും,​ അവർക്ക് മാനസികോല്ലാസത്തിനും വിശ്രമത്തിനും കൂടി സമയം അനുവദിക്കുന്നതുമായ ഏത് പരിഷ്കാരവും പിന്തുണയ്ക്കപ്പെടേണ്ടതാണ്. പരിഷ്കാരങ്ങൾ അവരെ ഉഴപ്പന്മാരാക്കുകയല്ല,​ മറിച്ച് ഊർജ്ജസ്വലരും,​ നല്ല ചിന്തയും മാനുഷിക മൂല്യങ്ങളുമുള്ള നല്ല മനുഷ്യരും,​ ധൈര്യശാലികളുമാക്കി മാറ്റുകയേ ചെയ്യൂ എന്ന് ആദ്യം തിരിച്ചറിയേണ്ടത് അച്ഛനമ്മമാരാണ്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.