സായുധ കലാപങ്ങൾ വഴി അധികാരം പിടിച്ചെടുക്കാമെന്നത് കാലഹരണപ്പെട്ട സിദ്ധാന്തമാണ്. പതിറ്റാണ്ടുകളായി വിവിധ സംസ്ഥാനങ്ങളിൽ പല മേൽവിലാസങ്ങളിലുള്ള തീവ്രവാദികൾ വ്യവസ്ഥാപിതമായ ഭരണകൂടങ്ങളെ അട്ടിമറിക്കാനുള്ള സായുധ പോരാട്ടങ്ങളിലേർപ്പെട്ടുവരികയാണ്. ഭൂരിപക്ഷം പ്രദേശങ്ങളിലും തീവ്രവാദികളെ വേരോടെ പിഴുതെറിയാൻ സുരക്ഷാസേനയ്ക്കു കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഛത്തീസ്‌ഗഢ്, മഹാരാഷ്ട്ര, ആന്ധ്ര, ബീഹാറിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലൊക്കെ തീവ്രവാദ ഗ്രൂപ്പുകൾ ഇപ്പോഴും സജീവമാണ്. കേരളത്തിൽപ്പോലും മലനിരകളിൽ മാവോയിസ്റ്റ് ഗ്രൂപ്പ് സാന്നിദ്ധ്യം പ്രകടമാണ്. ഇടയ്ക്കിടെ എന്തിനെന്നില്ലാതെ അവർ സുരക്ഷാസേനാംഗങ്ങളുമായി ഏറ്റുമുട്ടാറുമുണ്ട്.
രാജ്യത്ത് ഇപ്പോൾ നക്‌സലുകൾ ഏറ്റവുമധികം സജീവമായ ഛത്തീസ്‌ഗഢിൽ വെള്ളിയാഴ്ച സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 28 നക്‌സലുകളാണ് കൊല്ലപ്പെട്ടത്. രണ്ടു ഗ്രാമങ്ങളിൽ നക്‌സൽ സാന്നിദ്ധ്യം അറിഞ്ഞ് അവരെ നേരിടാനെത്തിയ സുരക്ഷാസേനയെ നക്‌സലുകൾ നേരിടുകയായിരുന്നു എന്നാണു വിവരം. സ്വാഭാവികമായും മാവോവാദികൾക്കു തന്നെയാണ് ഏറെ നാശമുണ്ടായത്. ഇരു ഭാഗക്കാരും തമ്മിലുള്ള വെടിവയ്പ് മണിക്കൂറുകളോളം നീണ്ടു. ഓപ്പറേഷനുശേഷം നക്സലുകളുടെ ഒളിത്താവളങ്ങളിൽ നിന്ന് അത്യാധുനിക വെടിയായുധങ്ങൾ ഉൾപ്പെടെ ഒട്ടേറെ ആയുധങ്ങളും പിടിച്ചെടുത്തു. സ്ഥിരം മാവോവാദികളുടെ വിഹാരകേന്ദ്രങ്ങളാണ് ബസ്തർ മേഖലയിലെ ഏഴു ജില്ലകൾ. ഈ വർഷം ഇതുവരെ 220 മാവോവാദികളാണ് സേനയുമായുണ്ടായ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്. ഒപ്പം 21 സുരക്ഷാസേനാംഗങ്ങളും അൻപതിലേറെ സിവിലിയൻമാരും തീവ്രവാദികളുടെ ആയുധത്തിനിരയായി. കഴിഞ്ഞ പതിനഞ്ചു വർഷത്തെ കണക്കെടുത്താൽ 4550 മാവോയിസ്റ്റുകളും 2689 സുരക്ഷാ സൈനികരും ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ കണക്ക്. രാജ്യത്തിന് മാവോവാദികളുടെ ഭീഷണി എത്രമാത്രം ഗുരുതര സ്വഭാവത്തിലുള്ളതാണെന്നു ബോദ്ധ്യമാകുന്ന കണക്കുകളാണിത്.
രാജ്യത്തെവിടെയും മാവോയിസ്റ്റുകൾ ഉൾപ്പെടെ എല്ലാ ജനുസ്സിലുമുള്ള തീവ്രവാദി ഗ്രൂപ്പുകളെ നേരിടാൻ കേന്ദ്രം വർഷങ്ങളായി വലിയ തോതിൽ പണം ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനൊപ്പം തന്നെ സായുധ ഗ്രൂപ്പുകൾക്ക്
വിദേശ ശക്തികളിൽ നിന്ന് ഇതുപോലെ ഫണ്ട് ലഭിക്കുന്നുണ്ടെന്നുള്ളത് രഹസ്യമൊന്നുമല്ല. തലതിരിഞ്ഞ വിധ്വംസക ശക്തികൾക്ക് ആയുധങ്ങളും ഫണ്ടും നൽകി രാജ്യത്തെ വ്യവസ്ഥാപിത സംവിധാനങ്ങളെ അട്ടിമറിക്കുക എന്ന ഗൂഢ പദ്ധതികളാണ് ശത്രുക്കൾ ഇതുപോലുള്ള തീവ്രവാദ സംഘടനകൾ വഴി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒരു ഭരണകൂടത്തിനും വിദൂരമായിപ്പോലും അംഗീകരിക്കാനാവാത്തതാണിത്. നക്‌സലിസം തുടങ്ങിവച്ച ബംഗാളിൽ എന്നേ ഈ പ്രസ്ഥാനം ജീവനറ്റതാണ്. പിന്നീടാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും അതു പടർന്നത്. വന - ഗോത്ര മേഖലകളിൽ പാവങ്ങളെ മുൻനിറുത്തി വിപ്ളവം സൃഷ്ടിക്കാനൊരുങ്ങിയവർ എങ്ങുമെങ്ങും ചെന്നെത്താതെ കാലിടറിവീഴുന്നതും രാജ്യം കണ്ടു.
അടുത്ത മാർച്ചോടുകൂടി ഛത്തീസ്‌ഗഢിനെ പൂർണമായും മാവോവാദികളിൽ നിന്നു മോചിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം സ്മരണീയമാണ്. ഇതിനുവേണ്ടി സമീപ ജില്ലകളിൽ നിന്ന് കൂടുതൽ സുരക്ഷാസേനാംഗങ്ങളെ ഛത്തീസ്‌ഗഢിലേക്ക് നിയോഗിച്ചിരുന്നു. വ്യാപകമായ തിരച്ചിലുകൾ ആരംഭിച്ചതോടെയാണ് ഏറ്റുമുട്ടലുകൾ പതിവായത്. ഇപ്പോൾ നടക്കുന്ന മാവോ വിരുദ്ധവേട്ട കൊണ്ടുമാത്രം പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാകുമെന്നു കരുതാനാവില്ല. തീവ്രവാദം തലപൊക്കുന്നതിനും തീവ്രവാദികൾ അതിലേക്കു കടന്നുവരുന്നതിനും പിന്നിൽ ചില കാരണങ്ങൾ കാണും. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ശക്തികളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കാൻ ഗൂഢശക്തികൾ എവിടെയും കാണും. വികസനം ഇനിയും കടന്നുചെന്നിട്ടില്ലാത്ത കോണുകളിലാണ് വിധ്വംസക ശക്തികൾ വളരാറുള്ളത്. വികസന പ്രവർത്തനങ്ങൾക്കായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇറക്കുന്ന ഭീമമായ ഫണ്ട് ഇടനിലക്കാരുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും കൈകളിലേക്കു പോയതാണ് രാജ്യത്തെവിടെയും വന - ഗോത്ര മേഖലകളിൽ തീവ്രവാദികൾക്കു കടന്നുവരാൻ വഴിയൊരുക്കിയത്. അടുത്ത കാലത്തായി ഇതിനൊക്കെ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. വികസനത്തിന്റെ സത്‌ഫലങ്ങൾ താഴെ തട്ടിലുള്ളവരിൽക്കൂടി എത്തുമ്പോഴാണ് രാജ്യത്ത് ശാന്തിയും സമാധാനവും കളിയാടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |