ശബരിമലയിൽ ഈ വർഷത്തെ മണ്ഡല - മകരവിളക്കു തീർത്ഥാടനവേളയിൽ ഓൺലൈൻ ബുക്കിംഗിലൂടെ മാത്രം ഭക്തരെ സന്നിധാനത്തേക്കു കടത്തിവിട്ടാൽ മതിയെന്നു തീരുമാനിച്ചിരിക്കുകയാണ്. ഈ സംവിധാനം ഉപയോഗപ്പെടുത്താതെയെത്തുന്ന തീർത്ഥാടകരെ മടക്കി അയയ്ക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ശനിയാഴ്ച നടന്ന ശബരിമല അവലോകന യോഗത്തിലാണ് ഓൺലൈൻ സംവിധാനത്തെ മാത്രം ആശ്രയിച്ചാൽ മതിയെന്ന തീരുമാനമെടുത്തത്. കുറെക്കാലമായി ഓൺലൈൻ സംവിധാനം പ്രാബല്യത്തിലുണ്ടെങ്കിലും അതില്ലാതെ എത്തുന്നവർക്കു കൂടി ദർശന സൗകര്യം നൽകാറുണ്ട്. ശബരിമല പോലുള്ള ഒരു മഹാക്ഷേത്രത്തിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഭക്തർ എത്തുന്നതിനാൽ അതികർക്കശമായ ദർശന നിയന്ത്രണം അപ്രായോഗികവുമാണ്.
ഓൺലൈൻ സംവിധാനത്തിലൂടെ കടത്തിവിടുന്നവർക്കൊപ്പം, നിശ്ചിത ശതമാനം ബുക്ക് ചെയ്യാതെ എത്തുന്നവരെക്കൂടി ദർശനത്തിന് അനുവദിക്കുന്നതുകൊണ്ട് വലിയ ചേതമൊന്നും ഉണ്ടാകാൻ പോകുന്നില്ല. ക്യൂ സംവിധാനം അതനുസരിച്ച് ക്രമപ്പെടുത്തിയാൽ മതിയാകും. സംസ്ഥാനത്തിനു പുറത്തുള്ള മഹാക്ഷേത്രങ്ങളിൽ വിവിധ ക്യൂ സംവിധാനങ്ങളിലൂടെയാണ് തിരക്ക് മാതൃകാപരമായി നിയന്ത്രിക്കുന്നത്. ക്യൂവിൽ മണിക്കൂറുകൾ കാത്തുനിന്നാകും പലരും ദർശന സൗഭാഗ്യം നേടുന്നത്. തിരുപ്പതി, സുവർണക്ഷേത്രം ഉൾപ്പെടെയുള്ള വലിയ ക്ഷേത്രങ്ങളിലെ ആൾക്കൂട്ട നിയന്ത്രണത്തിനുള്ള സംവിധാനങ്ങൾ മാതൃകാപരമാണ്. എന്തുകൊണ്ടാണ് നമുക്ക് ഇതിനൊന്നും കഴിയാതെ പോകുന്നതെന്ന് ആലോചിക്കണം. തീർത്ഥാടകരുടെ എണ്ണം വെട്ടിക്കുറച്ച് പ്രശ്നത്തിനു പരിഹാരം കാണേണ്ടിവരുന്നത് നല്ല മാതൃകകൾ സ്വീകരിക്കാനുള്ള മടികൊണ്ടോ കഴിവുകേടുകൊണ്ടോ ആണ്.
ശബരിമലയിൽ മണ്ഡല - മകരവിളക്കുകാലത്തിന്റെ അവസാന നാളുകളിൽ അനുഭവപ്പെടുന്ന അഭൂതപൂർവമായ തിക്കിനും തിരക്കിനും പരിഹാരം ഉണ്ടാവുക തന്നെ വേണം. പത്തും പതിനഞ്ചും മണിക്കൂറുകൾ ഭക്തർ വരിനിൽക്കേണ്ടിവരുന്ന ദയനീയാവസ്ഥ സങ്കല്പിച്ചു നോക്കൂ. പ്രായമേറിയവരും കുട്ടികളും കാണും കൂട്ടത്തിൽ. എത്രയൊക്കെ മുൻകരുതലുകൾ എടുത്തിട്ടും വലിയൊരു വിഭാഗം ഭക്തർ നിരാശയോടെയാണ് ഓരോ വർഷവും മടങ്ങാറുള്ളത്. സംസ്ഥാനത്ത് ശബരിമല പോലുള്ള ക്ഷേത്രങ്ങൾ ദേവസ്വം ബോർഡിന്റെ പൂർണ നിയന്ത്രണത്തിലുള്ളതാണെന്നാണ് വയ്പ്പ്. എന്നാൽ അവിടെ സ്വതന്ത്രമായാണ് കാര്യനിർവഹണം എന്നു പറയാനാവില്ല. സർക്കാരിന്റെയും കോടതിയുടെയുമൊക്കെ ഒട്ടേറെ നിയന്ത്രണങ്ങൾക്കു വിധേയമാണ് അവിടത്തെ ഭരണം. തീർത്ഥാടനകാലത്ത് എത്രപേർക്ക് ദർശനം അനുവദിക്കണമെന്ന വിഷയത്തിൽപ്പോലും സ്വതന്ത്ര തീരുമാനമെടുക്കാനാവുന്നില്ല.
മറ്റൊരു മതവിഭാഗത്തിന്റെയും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ഇതുപോലുള്ള ഇടപെടലുണ്ടാകാറില്ല. ഇവിടെ ദേവസ്വം ബോർഡ് പലപ്പോഴും ആജ്ഞാനുവർത്തികളായി മാറുന്നു. തിരക്കു നിയന്ത്രിക്കാൻ പ്രതിദിനം 80,000 പേർക്ക് ദർശനം എന്ന പരിധി കല്പിച്ച് തീർത്ഥാടനകാലത്തെ വരവേൽക്കാനൊരുങ്ങുന്നവർ ഈ തീരുമാനം സൃഷ്ടിക്കാനിടയുള്ള പ്രശ്നങ്ങൾ അറിയാനിരിക്കുന്നതേയുള്ളൂ. നാനാവഴികളിലൂടെയും എത്തുന്ന ഭക്തരെ അവസാന നിമിഷം ബുക്കിംഗില്ല എന്ന പേരിൽ മാറ്റിനിറുത്താൻ തുനിഞ്ഞാലുണ്ടാകാവുന്ന പൊല്ലാപ്പുകളെക്കുറിച്ച് അറിയാത്തവരല്ല അധികൃതർ. ഓൺലൈൻ സൗകര്യത്തിനൊപ്പം, നിശ്ചിത ശതമാനം സ്പോട്ട് ബുക്കിംഗ് വഴി എത്തുന്നവർക്കും ദർശനത്തിന് അവസരം നൽകുന്ന കാര്യം ആലോചിക്കണം. ഏറെ കഷ്ടപ്പാടുകൾ സഹിച്ച് രാജ്യത്തിന്റെ നാനാകോണുകളിൽ നിന്നെത്തുന്ന തീർത്ഥാടകരെ തിരിച്ചയയ്ക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഊഴവും കാത്ത് വഴികളിലും ക്യൂവിലും ദീർഘസമയം കഴിയേണ്ടിവരുന്നവർക്ക് അത്യാവശ്യം വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ കൂടി ദേവസ്വം അധികൃതർ തയ്യാറാകണം. പാർക്കിംഗ് കേന്ദ്രങ്ങളും കൂടുതൽ തുറക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |